Sub Lead

ആയിരങ്ങള്‍ ജയിലില്‍ കഴിയുന്നു, അര്‍നബിന് പ്രത്യേക പരിഗണന; വിവാദം പുകയുന്നു

തങ്ങളുടെ ഹര്‍ജി പരിഗണിക്കുന്നതും കാത്ത് ആയിരങ്ങള്‍ ജയിലില്‍ കിടക്കുമ്പോള്‍ ഗോസ്വാമിയുടെ ഹര്‍ജി തിരഞ്ഞുപിടിച്ച് ലിസ്റ്റ് ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ദവെ കത്തയച്ചത്.

ആയിരങ്ങള്‍ ജയിലില്‍ കഴിയുന്നു, അര്‍നബിന് പ്രത്യേക പരിഗണന; വിവാദം പുകയുന്നു
X

ന്യൂഡല്‍ഹി: ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ ജാമ്യ ഹര്‍ജി അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കുന്നതില്‍ വിമര്‍ശനവുമായി സുപ്രിം കോടതി ബാര്‍ അസോസിയേഷന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ദുഷ്യന്ത് ദവേ സുപ്രിംകോടതി സെക്രട്ടറി ജനറലിന് കത്ത് നല്‍കി.

തങ്ങളുടെ ഹര്‍ജി പരിഗണിക്കുന്നതും കാത്ത് ആയിരങ്ങള്‍ ജയിലില്‍ കിടക്കുമ്പോള്‍ ഗോസ്വാമിയുടെ ഹര്‍ജി തിരഞ്ഞുപിടിച്ച് ലിസ്റ്റ് ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ദവെ കത്തയച്ചത്.

അടിയന്തിരമായി ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചോ എന്ന് വ്യക്തമാക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസിന്റെ പ്രത്യേക നിര്‍ദേശമില്ലാതെ ഇത്തരത്തില്‍ അടിയന്തര ലിസ്റ്റിങ് ഉണ്ടാവാന്‍ പാടില്ലാത്തതാണ്. ഇനി സെക്രട്ടറി ജനറലോ രജിസ്ട്രാറോ ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടോയെന്നും ദവെ ആരാഞ്ഞു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റേയും ഇന്ദിര ബാനര്‍ജിയുടെ അവധിക്കാല ബെഞ്ച് ആണ് അര്‍ണബ് ഗോസാമിയുടെ ഹരജി പരിഗണിക്കുന്നത്. നവംബര്‍ നാല് മുതല്‍ പോലിസ് കസ്റ്റഡിയിലാണ് അര്‍ണബുള്ളത്.

കഴിഞ്ഞ എട്ടു മാസമായി ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഹര്‍ജി പരിഗണിക്കുന്നതും കാത്ത് ആയിരങ്ങളാണ് ജയിലില്‍ കഴിയുന്നത്. അവരുടെ ഹര്‍ജികള്‍ ആഴ്ചകളും മാസങ്ങളുമായി ലിസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ അര്‍ണബ് ഗോസ്വാമി എന്ന് ഹര്‍ജി നല്‍കിയാലും അത് ഉടന്‍ പരിഗണിക്കും. അസ്വസ്ഥതയുണ്ടാക്കുന്നതാണിതെന്നും ദവെ കത്തില്‍ ചൂണ്ടിക്കാട്ടി.

തനിക്ക് അര്‍ണബിനോട് വ്യക്തിപരമായ ദേഷ്യം ഒന്നുമില്ല. സുപ്രീം കോടതിയെ സമീപിക്കാനുള്ള അദ്ദേഹത്തിന്റെ അവകാശത്തില്‍ കൈ കടത്തുകയുമല്ല. മറ്റ് എല്ലാ പൗരന്മാരെയും പോലെ ഉന്നത കോടതിയില്‍നിന്ന് നീതികിട്ടാനുള്ള അവകാശം അദ്ദേഹത്തിനുമുണ്ട്. അടിയന്തിരമായി കേസ് പരിഗണിക്കുന്നു എന്നത് മാത്രമാണ് വിമര്‍ശിക്കപ്പെടേണ്ടത്. ആയിരക്കണക്കിന് പേര് ഈ മഹാമാരിക്കാലത്ത് നീതിതേടി ജയിലില്‍ കിടപ്പുണ്ട്. അവരുടെ കേസുകള്‍ ആഴ്ചകള്‍ക്ക് ശേഷമോ മാസങ്ങള്‍ക്ക് ശേഷമോ പരിഗണിക്കപ്പെടുമെന്നതിന് ഒരുറപ്പുമില്ല. എന്തുകൊണ്ടാണ് ഓരോ തവണയും അര്‍ണബ് കോടതിയെ സമീപിക്കുമ്പോള്‍ കേസുകള്‍ പെട്ടെന്ന് പരിഗണിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

കോടതിയുടെ അടിയന്തര ഇടപെടല്‍ ആവശ്യമുള്ള ഒട്ടേറെ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്യുന്നില്ല എന്ന ആക്ഷേപം അഭിഭാഷകര്‍ക്കിടയില്‍ വ്യാപകമാണ്. കംപ്യൂട്ടറൈസ്ഡ് സംവിധാനത്തില്‍ എങ്ങനെയാണ് ഇത്തരത്തില്‍ ഹര്‍ജികള്‍ ക്രമം വിട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നതെന്ന് ദവെ ചോദിച്ചു.

ഇടക്കാല ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതിയുടെ വിധിക്കെതിരെ അര്‍ണബ് ഇന്നലെയാണ് സുപ്രിം കോടതിയെ സമീപിച്ചത്. ഹര്‍ജി ഇന്നു പരിഗണിക്കും.

Next Story

RELATED STORIES

Share it