Sub Lead

സംസ്ഥാന ബജറ്റ് പുകമറ സൃഷ്ടിക്കല്‍; സംസ്ഥാനത്തിന്റെ ധനസ്ഥിതി പരിഗണിച്ചില്ല-മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

സംസ്ഥാന ബജറ്റ് പുകമറ സൃഷ്ടിക്കല്‍; സംസ്ഥാനത്തിന്റെ ധനസ്ഥിതി പരിഗണിച്ചില്ല-മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
X

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഗുരുതര സാമ്പത്തിക പ്രതിസന്ധി മറച്ചുവച്ച് വലിയ പ്രഖ്യാപനങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന കേരളാ ബജറ്റ് ഒരു പുകമറ സൃഷ്ടിക്കലാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. അധികാരത്തിലെത്തിയാല്‍ റബറിന് 250 രൂപ താങ്ങുവില നിശ്ചയിക്കുമെന്ന് വാഗ്ദാനം ചെയ്തവര്‍ ഇപ്പോള്‍ 10 രൂപ മാത്രം വര്‍ധിപ്പിച്ച് കര്‍ഷകരെ ആക്ഷേപിച്ചിരിക്കുകയാണ്. അനിയന്ത്രിതമായ വിലക്കയറ്റം മൂലം പൊറുതിമുട്ടുമ്പോഴും ആനുപാതികമായി ക്ഷേമപെന്‍ഷനുകളില്‍ വര്‍ധനവില്ല. കുടിശ്ശിക നല്‍കുമെന്നു പറയുന്നതല്ലാതെ എപ്പോള്‍ കൊടുത്തുവീട്ടുമെന്ന് പോലും വ്യക്തമാക്കുന്നില്ല. തീരദേശ മേഖലയെ ബജറ്റ് പാടേ അവഗണിച്ചു. സാമൂഹിക നീതിയോട് പുറംതിരിഞ്ഞുനില്‍ക്കുന്ന ബജറ്റാണിത്. അടിസ്ഥാന ഭൂരിപക്ഷത്തിന് സാമൂഹിക നീതി ഉറപ്പാക്കുന്നതും ദീര്‍ഘവീക്ഷണത്തോടെയുമുള്ള പദ്ധതികളൊന്നുമില്ല.

പിന്നാക്കവിഭാഗ വിരുദ്ധ നിലപാട് തുറന്നുകാണിക്കുന്നതാണ് ബജറ്റ്. ഗവേഷക രംഗത്ത് എസ് സി/എസ്ടി വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് രണ്ടു വര്‍ഷത്തോളമായി മുടങ്ങിക്കിടക്കുകയാണ്. അതുപോലെ സ്‌റ്റൈപ്പന്റും ലംപ്‌സം ഗ്രാന്റും വിതരണം ചെയ്തിട്ട് രണ്ടു വര്‍ഷമാവുന്നു. ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ്പുകളുടെ അവസ്ഥയും ഇതുതന്നെയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ നല്‍കുന്ന പോസ്റ്റ് മെട്രിക് വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് കേരള സര്‍ക്കാര്‍ മാത്രമാണ് മുടക്കം വരുത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ചൊന്നും ബജറ്റില്‍ പരാമര്‍ശിക്കാത്തത് വഞ്ചനയാണ്. പദ്ധതികള്‍ നടപ്പാക്കുന്നതിന് അധിക വിഭവ സമാഹരണം നടത്തുന്നതു സംബന്ധിച്ച് ബജറ്റില്‍ വേണ്ടത്ര നിര്‍ദേശങ്ങളില്ല. നടപ്പുസാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ കേവലം ഒന്നര മാസം മാത്രം ബാക്കിനില്‍ക്കേ പദ്ധതി ചെലവിന്റെ 55.24 ശതമാനം മാത്രമാണ് നാളിതുവരെ ചെലവഴിക്കാനായത് എന്നത് സര്‍ക്കാരിന്റെ പിടിപ്പുകേട് വ്യക്തമാക്കുന്നു.

വിദ്യാഭ്യാസ, വ്യവസായ മേഖലയിലുള്‍പ്പെടെ സ്വകാര്യ മേഖലയ്ക്ക് കടന്നുകയറാന്‍ അവസരമൊരുക്കുന്ന ബജറ്റ് ഇടതുമുന്നണിയുടെ നയംമാറ്റം കൂടുതല്‍ പ്രകടമാക്കുകയാണ്. വൈദ്യുതി തീരുവ വര്‍ധിപ്പിക്കാനുള്ള തീരുമാനം നിരക്ക് വര്‍ധനയ്ക്കിടയാക്കും. കോടതി വ്യവഹാരങ്ങള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനം സാധാരണക്കാരുടെ നേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതാണ്. വയനാട് പാക്കേജ്, ഇടുക്കി പാക്കേജ് തുടങ്ങിയവയ്ക്ക് കഴിഞ്ഞ തവണ പ്രഖ്യാപിച്ച തുകയില്‍ നാമമാത്രമായ തുകപോലും ചെലവഴിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ പുതിയ ബജറ്റില്‍ വീണ്ടും പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുകയാണ്. ചുരുക്കത്തില്‍ സംസ്ഥാനത്തിന്റെ ധനസ്ഥിതി പരിഗണിക്കാതെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രചാരണ തന്ത്രമായി ബജറ്റ് പ്രഖ്യാപനം മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it