Sub Lead

ജനാധിപത്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം പൗരസമൂഹം ഏറ്റെടുക്കണം: കെ എച്ച് അബ്ദുള്‍ മജീദ് മൈസൂര്‍

ജനാധിപത്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം പൗരസമൂഹം ഏറ്റെടുക്കണം: കെ എച്ച് അബ്ദുള്‍ മജീദ് മൈസൂര്‍
X

പെരുമ്പാവൂര്‍: ജനാധിപത്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം പൗരസമൂഹം ഏറ്റെടുക്കണമെന്ന് എസ്ഡിപിഐ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ മജീദ് മൈസൂര്‍. രാജ്യത്തിന്റെ വീണ്ടെടുപ്പിന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയ്ക്ക് എറണാകുളം ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചണ്ഡിഗഡ് മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞത്, രാജ്യത്തെ മൂല്യവത്തായ ജനാധിപത്യ തത്വങ്ങള്‍ തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി എസ് ഡിപിഐയും രാജ്യത്തെ ജനങ്ങളോട് പറയുന്നത് ഇതു തന്നെയാണ്. ജനാധിപത്യം തകര്‍ക്കുന്നതില്‍ കഴിഞ്ഞ 10 വര്‍ഷമായി രാജ്യം ഭരിക്കുന്ന ബിജെപിയാണ് മുഖ്യപ്രതിയെങ്കിലും കോണ്‍ഗ്രസുള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ തുല്യപങ്കാളികളാണ്. മോദി ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല എന്നു മാത്രമല്ല, സര്‍വ മേഖലയിലും തകര്‍ച്ച മാത്രമാണുള്ളത്. ലോകസമാധാന സൂചിക, ലോക പട്ടിണി സൂചിക, ലോക ഇലക്ടറല്‍ ഡമോക്രസി സൂചിക, ലോക മനുഷ്യ വികസന സൂചിക, മാധ്യമ സ്വാതന്ത്ര്യസൂചിക, ലോക ജീവിത നിലവാര സൂചിക എന്നിവയിലെല്ലാം വളരെ പിന്നിലായപ്പോള്‍ അഴിമതി സൂചികയില്‍ മാത്രം മുന്നിലായിരിക്കുന്നു. ജനാധിപത്യത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച് രാജ്യത്തെ വീണ്ടെടുക്കാന്‍ പൗരസമൂഹം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടന്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത്, ജാഥാ വൈസ് ക്യാപ്ടന്‍ റോയ് അറയ്ക്കല്‍, സംസ്ഥാന ട്രഷറര്‍ അഡ്വ. എ കെ സലാഹുദ്ദീന്‍, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍, എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം വി എം ഫൈസല്‍, ജില്ല ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ്, ജില്ല സെക്രട്ടറി ബാബു മാത്യു സംസാരിച്ചു. ജാഥാ വൈസ് ക്യാപ്ടന്‍ തുളസീധരന്‍ പള്ളിക്കല്‍, പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, ജോണ്‍സണ്‍ കണ്ടച്ചിറ, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന, പെരുമ്പാവൂര്‍ നഗരസഭാ കൗണ്‍സിലര്‍ ഷമീന ഷാനവാസ്, എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങള്‍, ജില്ലാമണ്ഡലം ഭാരവാഹികള്‍ സംബന്ധിച്ചു.

വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കളമശ്ശേരിയില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ സ്വീകരണ കേന്ദ്രമായ പെരുമ്പാവൂരിലേക്ക് വരവേറ്റത്. ജാഥാ ക്യാപ്റ്റന്മാരെ തുറന്ന വാഹനത്തില്‍ വാഹന ജാഥയായി ആലുവ മാര്‍ക്കറ്റ്, ബാങ്ക് ജങ്ഷന്‍, പമ്പ് ജങ്ഷന്‍, ചൂണ്ടി, വാക്കുളം, പോഞ്ഞാശ്ശേരി വി പാലക്കാട്ട് താഴം എത്തി അവിടെനിന്ന് ബഹുജനറാലിയായാണ് സ്വീകരണ സമ്മേളന വേദിയായ പെരുമ്പാവൂര്‍ നഗരത്തിലേക്ക് ആനയിച്ചത്. ഭരണഘടന സംരക്ഷിക്കുക, ജാതി സെന്‍സസ് നടപ്പിലാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, രാഷ്ട്രീയ തടവുകാരെ നിരുപാധികം വിട്ടയയ്ക്കുക, ഫെഡറലിസം കാത്തുസൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജനമുന്നേറ്റ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. 14 ന് കാസര്‍കോട് ഉപ്പളയില്‍ നിന്നാരംഭിച്ച യാത്ര കണ്ണൂരും വയനാടും കോഴിക്കോടും മലപ്പുറവും പാലക്കാടും തൃശൂരും എറണാകുളവും പിന്നിട്ട് ശനിയാഴ്ച ഇടുക്കി ജില്ലയില്‍ പ്രവേശിക്കും. വൈകീട്ട് മൂന്നിന് രാമക്കല്‍മേട്ടില്‍ നിന്ന് വാഹനജാഥയായി ആരംഭിച്ച് നെടുംകണ്ടത്ത് സമാപിക്കും.

Next Story

RELATED STORIES

Share it