Sub Lead

വാർഷിക പരീക്ഷയുടെ ചോദ്യപേപ്പറിൽ 'അച്ഛൻ'; അപൂർവ അവസരം ലഭിച്ചത് എഴാം ക്ലാസുകാരന്‍ ഹരിനന്ദന്

കതിവന്നൂര്‍ വീരന്‍ തെയ്യത്തിലുടെ പ്രശസ്തനായ തെയ്യം കലാകാരനാണ് വിനു പെരുവണ്ണാന്‍. അഭിമുഖത്തിന് ചോദ്യം തയ്യാറാക്കേണ്ട അഞ്ചാമത്തെ ചോദ്യത്തില്‍ ആദ്യത്തെ ചോദ്യം ആയിരുന്നു വിനു പെരുവണ്ണാന്‍റേത്.

വാർഷിക പരീക്ഷയുടെ ചോദ്യപേപ്പറിൽ അച്ഛൻ; അപൂർവ അവസരം ലഭിച്ചത് എഴാം ക്ലാസുകാരന്‍ ഹരിനന്ദന്
X

കണ്ണൂര്‍: എഴാം ക്ലാസുകാരന്‍ ഹരിനന്ദന് സ്കൂളിൽ മലയാളം വാര്‍ഷിക പരീക്ഷയായിരുന്നു. ചോദ്യപേപ്പർ കണ്ട ഹരിനന്ദൻ അത്ഭുതപ്പെട്ടു. ചോദ്യപേപ്പറിലെ ഒരു ചോദ്യം സ്വന്തം അച്ഛനെക്കുറിച്ച്‌. കണ്ണൂര്‍ കണ്ടോന്താര്‍ ഇടമന യുപി സ്കൂള്‍ വിദ്യാര്‍ഥി ഹരിനന്ദനാണ് അപൂര്‍വ്വമായ ഈ അവസരം ലഭിച്ചത്. ഹരിനന്ദന്‍റെ അച്ഛനും തെയ്യം കലാകാരനുമായ വിനു പെരുവണ്ണാനെ അഭിമുഖം ചെയ്യാന്‍ അഞ്ച് ചോദ്യങ്ങള്‍ തയ്യാറാക്കാനായിരുന്നു ചോദ്യം.


കതിവന്നൂര്‍ വീരന്‍ തെയ്യത്തിലുടെ പ്രശസ്തനായ തെയ്യം കലാകാരനാണ് വിനു പെരുവണ്ണാന്‍. അഭിമുഖത്തിന് ചോദ്യം തയ്യാറാക്കേണ്ട അഞ്ചാമത്തെ ചോദ്യത്തില്‍ ആദ്യത്തെ ചോദ്യം ആയിരുന്നു വിനു പെരുവണ്ണാന്‍റേത്. തെയ്യം കലാകാരനായ വിനു പെരുവണ്ണാന്‍ നിങ്ങളുടെ സ്കൂളില്‍ സ്കൂള്‍ വാര്‍ഷികത്തിന് മുഖ്യാതിഥിയായി എത്തിയാല്‍ അദ്ദേഹത്തോട് ചോദിക്കാവുന്ന അഞ്ച് ചോദ്യങ്ങള്‍ എന്തെല്ലാം എന്നതായിരുന്നു ചോദ്യം.


കേരളമെങ്ങും ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഇത് ഒരു സാധാരണ ചോദ്യം ആയിരുന്നെങ്കില്‍ ഹരിനന്ദന് ഇത് പുതിയൊരു അനുഭവമായി. ചോദ്യം കണ്ടപ്പോള്‍ തന്‍റെ കൂടെ പരീക്ഷയെഴുതിയ സഹപാഠികള്‍ ഉച്ചത്തില്‍ ബഹളം ഉണ്ടാക്കിയതായി ഹരിനന്ദന്‍ പറയുന്നു. വീട്ടില്‍ എത്തി ചോദ്യങ്ങള്‍ അച്ഛനോട് നേരിട്ട് ചോദിക്കാനും ഹരിനന്ദന്‍ സമയം കണ്ടെത്തിയെന്നതും ശ്രദ്ധേയമാണ്.


എഴുത്തുകാരനും ഡോക്യുമെന്ററി സംവിധായകനുമായ വി കെ അനിൽകുമാർ ഫേസ്ബുക്കിൽ കുറിച്ചത്....

പ്രശസ്തനായ കണ്ടോന്താർ വിനു പെരുവണ്ണാൻ സ്കൂൾ വാർഷികത്തിന് മുഖ്യാതിഥിയായി വന്നാൽ.....

കണ്ടോന്താർ വിനു പെരുവണ്ണാൻ കേളൻ തെയ്യം കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലാണ്. ഇന്ന് വൈകുന്നേരം പയ്യന്നൂരിനടുത്ത് കവ്വായിയിൽ കതിവന്നൂർ വീരൻ തെയ്യമുണ്ട്. ഒരു തെയ്യക്കാരൻ്റെ ദിവസം അങ്ങിനെയാണ്.

ഒരു പക്ഷെ ഇന്ന് ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന അച്ഛൻ വിനു പെരുവണ്ണാനും മകൻ ഇന്ന് എഴാം ക്ലാസ്സിലെ മലയാളം പരീക്ഷ എഴുതിയ അദ്ദേഹത്തിൻ്റെ മകനും ആയിരിക്കും. ഇന്നത്തെ ഏഴാം ക്ലാസ്സ് മലയാളം ചോദ്യം അങ്ങനെയൊരു ചരിത്രമാണ്. സ്വന്തം അച്ഛനെ കുറിച്ചുള്ള ചോദ്യ ,ത്തിന് മകൻ ഉത്തരമെഴുതിയ ദിവസം.

പ്രസിദ്ധനായ കണ്ടോന്താർ വിനു പെരുവണ്ണാൻ സ്ക്കൂൾ വാർഷികത്തിന് മുഖ്യാതിഥിയായി എത്തുന്നു ഈ അവസരത്തിൽ അദ്ദേഹവുമായി ഒരഭിമുഖം നടത്താം. അതിനുതകുന്ന അഞ്ച് ചോദ്യങ്ങൾ തയ്യാറാക്കാം. ഇതാണ് പരീക്ഷക്ക് വന്ന ചോദ്യം.

തെയ്യത്തിൻ്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു സംഭവം. സാമൂഹികമായും സാംസ്കാരികമായും സാമ്പത്തികമായും മാറ്റി നിർത്തപ്പെട്ട തെയ്യക്കാരൻ പ്രശസ്തനാകുന്നുണ്ട്. പൊതുസമൂഹം അത് അംഗീകരിക്കുന്നുണ്ട്.

ഒരു വ്യക്തി എന്ന നിലയ്ക്കൊ കലാകാരൻ എന്ന നിലയ്ക്കൊ അനുഷ്ഠാന പരിസരത്തിന് പുറത്ത് തെയ്യക്കാരന് എന്ത് സാമൂഹ്യ പ്രസക്തിയാണുള്ളത്. എന്തായാലും ഏഴാം ക്ലാസ്സിലെ ചോദ്യാവലി തയ്യാറാക്കിയവർ ഒരു തെയ്യക്കാരനെ, കണ്ടോന്താർ വിനു പെരുവണ്ണാനെ പരിഗണിച്ചതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ട്.

സ്വന്തം അച്ഛനെ കുറിച്ചുള്ള ഉത്തരമെഴുതുമ്പോൾ പെരുവണ്ണാൻ്റെ മോൻ എത്ര സന്തോഷിച്ചിട്ടുണ്ടാകും. അച്ഛനെ പ്രതി അവന് എത്രമാത്രം അഭിമാനമുണ്ടാകും. വിനു പെരുവണ്ണാൻ്റെ ഭാര്യ പ്രീജയാണ് ചോദ്യം അയച്ചു തന്നത്. ഫോണിൽ വിളിച്ചപ്പോ അത്രയും സന്തോഷത്തിലായിരുന്നു.

പരീക്ഷ നടക്കുന്ന സ്കൂളാകെ ആ ഒരൊറ്റ ചോദ്യത്തിൻ്റെ ആഹ്ലാദത്തിലായിരുന്നു. വികാരഭരിതനായ പെരുവണ്ണാന് വാക്കുകൾ പുറത്തു വന്നില്ല. കണ്ടോന്താർ വിനു പെരുവണ്ണാനുമായി അങ്ങനെയൊരാത്മ ബന്ധമുണ്ട്.

Next Story

RELATED STORIES

Share it