Sub Lead

സോഷ്യല്‍ മീഡിയ കേസ്: സി എ റഊഫിന്റെ ഹരജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

സോഷ്യല്‍ മീഡിയ കേസ്: സി എ റഊഫിന്റെ ഹരജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി
X

കോഴിക്കോട്: എഡിജിപി വിജയ് സാഖറയെ വിമര്‍ശിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ സംസ്ഥാനത്തെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ കേസെടുത്ത നടപടിക്കെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി സി എ റഊഫ് ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹരജിയില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.

ആര്‍എസ്എസ് നേതാവ് കൊല്ലപ്പെട്ട കേസില്‍ കസ്റ്റഡിയില്‍ എടുത്ത മുസ്‌ലിം യുവാവിനെക്കൊണ്ട് ജയ്ശ്രീറാം വിളിപ്പിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യം പുറത്തുവിടാന്‍ എഡിജിപി വിജയ്‌സാഖറയെ വെല്ലുവിളിച്ച പോസ്റ്റിനെതിരായാണ് സംസ്ഥാനത്തെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ സി എ റഊഫിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാന്റെ കൊലപാതകത്തിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്റിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചോറ്റാനിക്കര, എടത്തല, അങ്കമാലി, പട്ടാമ്പി, ആലുവ എന്നീ സ്‌റ്റേഷനുകളിലാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 153 പ്രകാരം കേസെടുത്തിട്ടുള്ളത്.

ഒരേ കുറ്റത്തിന് ഒന്നിലധികം കേസ് രജിസ്റ്റര്‍ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ഒരേ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഒന്നിലധികം കേസ് വിവിധ സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മാത്രമല്ല, വിവിധ പോലിസ് സ്‌റ്റേഷനില്‍ നിന്നും കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന ഭീഷണിയും പോലിസിന്റെ ഭാഗത്തുനിന്നും ഉള്ളതായും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. സെക്ഷന്‍ 153 വകുപ്പില്‍ പറയുന്ന പ്രകാരമുള്ള യാതൊരുവിധ പ്രകോപനമോ, സ്പര്‍ദ്ധക്കുള്ള ആഹ്വാനമോ കേസിന് ആസ്പദമായ തന്റെ ഫേസ്ബുക്ക് പോസ്റ്റിലില്ല. എന്നിട്ടും സംസ്ഥാനത്തെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുക വഴി തന്നെ വേട്ടയാടാനും വ്യക്തിഹത്യ നടത്താനുമാണ് പോലിസ് നീക്കമെന്നും ഹരജിയില്‍ പറയുന്നുണ്ട്.

ഹരജി ഫയലില്‍ സ്വീകരിച്ച കോടതി സര്‍ക്കാരിനോടും പോലിസിനോടും വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. ആര്‍എസ്എസിന്റെ കലാപാഹ്വാനങ്ങളെയും അതിനെതിരെ കേസെടുക്കാത്ത പോലിസ് നടപടിയേയും വിമര്‍ശിച്ചതിന് സംസ്ഥാനത്തെ വിവിധ സ്‌റ്റേഷനുകളില്‍ 153, 153 എ വകുപ്പുകള്‍ പ്രകാരം നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഘപരിവാറിനെതിരായ വിമര്‍ശനങ്ങളെ നിശ്ശബ്ദമാക്കാനാണ് ഇത്തരം നീക്കം പോലിസ് നടത്തുന്നതെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.

Next Story

RELATED STORIES

Share it