Sub Lead

മാനസിക സമ്മര്‍ദ്ദം ബിസിനസിനെ പിന്നോട്ടടുപ്പിക്കുന്നുണ്ടോ? ജീവിതത്തിലും ജോലിയിലും മുന്നേറാന്‍ ചില വഴികളിതാ

യഥാര്‍ത്ഥമോ അയഥാര്‍ത്ഥമോ ആയ ഭീഷണികളോടുള്ള മനസ്സിന്റേയും ശരീരത്തിന്റേയും പ്രതികരണങ്ങളാണ് മാനസിക സമ്മര്‍ദ്ദമെന്ന് പൊതുവേ വിളിക്കപ്പെടുന്നത്.

മാനസിക സമ്മര്‍ദ്ദം ബിസിനസിനെ പിന്നോട്ടടുപ്പിക്കുന്നുണ്ടോ? ജീവിതത്തിലും ജോലിയിലും മുന്നേറാന്‍ ചില വഴികളിതാ
X

വിപണിയിലെ കിട മല്‍സരത്തിനൊപ്പം കൊവിഡ് മഹാമാരിയുമെത്തിയതോടെ കടുത്ത സമ്മര്‍ദ്ദംമൂലം ജീവിതക്രമം തന്നെ താളം തെറ്റിയവരാണ് നമ്മില്‍ പലരും. യഥാര്‍ത്ഥമോ അയഥാര്‍ത്ഥമോ ആയ ഭീഷണികളോടുള്ള മനസ്സിന്റേയും ശരീരത്തിന്റേയും പ്രതികരണങ്ങളാണ് മാനസിക സമ്മര്‍ദ്ദമെന്ന് പൊതുവേ വിളിക്കപ്പെടുന്നത്.

മാനസിക സമ്മര്‍ദ്ദത്തിന്റെ മൂല കാരണങ്ങളെ ഒരാളുടെ വ്യക്തിത്വത്തിലെ പോരായ്മകള്‍, പുറംലോകത്തുനിന്നുള്ള പ്രശ്‌നങ്ങള്‍ എന്നീ രണ്ടു വിഭാഗമായി തിരിക്കാവുന്നതാണ്. മനസ്സിനെയോ ശരീരത്തെയോ ബാധിക്കുന്ന പ്രധാനരോഗങ്ങളുടെ എണ്‍പതു ശതമാനത്തിനും പിന്നില്‍ മാനസിക സമ്മര്‍ദ്ദത്തിന് അതിയായ പങ്കുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മൈഗ്രേന്‍, വിഷാദരോഗം, രക്തസമ്മര്‍ദ്ദം, മുഖക്കുരു, ഹൃദ്രോഗം, ഉറക്കമില്ലായ്മ, നെഞ്ചെരിച്ചില്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം കാരണമാവാറുണ്ട്.

മാനസിക സമ്മര്‍ദ്ദത്തെ എങ്ങനെ കീഴടക്കാം?

മാനസിക സമ്മര്‍ദ്ദത്തിലേക്കു നയിക്കുന്ന കാരണങ്ങളെ നിയന്ത്രിക്കുക, അല്ലെങ്കില്‍ ആ കാരണങ്ങളോടുള്ള നമ്മുടെ പ്രതികരണത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരിക എന്നിങ്ങനെ രണ്ടു രീതികളാണ് മാനസിക സമ്മര്‍ദ്ദത്തെ നേരിടാന്‍ ഉപയോഗിക്കാവുന്നത്. മാനസിക സമ്മര്‍ദ്ദത്തിനിടയാക്കുന്ന ഘടകങ്ങളെ തിരിച്ചറിഞ്ഞ് അവയെ കഴിയുന്നത്ര ഒഴിവാക്കുന്നത് ചില സാഹചര്യങ്ങളില്‍ ഫലപ്രദമാവാം. പക്ഷെ മിക്കവാറും സന്ദര്‍ഭങ്ങളില്‍ നമ്മുടെ ചിന്താരീതികളിലോ പെരുമാറ്റങ്ങളിലോ ജീവിതശൈലിയിലോ അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തി മാനസിക സമ്മര്‍ദ്ദത്തെ നേരിടുന്നതാവും കൂടുതല്‍ പ്രായോഗികം. ചിന്താരീതികളില്‍ വരുത്താവുന്ന മാറ്റങ്ങള്‍ പ്രതികൂലസാഹചര്യങ്ങളല്ല, മറിച്ച് അവയ്ക്കു നാം കൊടുക്കുന്ന അനാവശ്യ വ്യാഖ്യാനങ്ങളാണ് പലപ്പോഴും മാനസിക സമ്മര്‍ദ്ദത്തിനു കാരണമാകുന്നത്. മാത്രമല്ല, മാനസിക സമ്മര്‍ദ്ദമുള്ളപ്പോള്‍ നാം ചുറ്റുപാടുകളിലെ അപകടങ്ങളെ പൊലിപ്പിച്ചു കാണുകയും നമുക്കുള്ള കഴിവുകളെ വിലമതിക്കാതിരിക്കുകയും ചെയ്‌തേക്കാം. ഇത് മാനസിക സമ്മര്‍ദ്ദം കൂടുതല്‍ വഷളാവാന്‍ മാത്രമേ സഹായിക്കൂ. സമ്മര്‍ദ്ദത്തിലേക്കു നയിക്കുന്ന സാഹചര്യത്തെ ഒരു പുതിയ വീക്ഷണ കോണില്‍ നിന്ന് നോക്കി ക്കാണാന്‍ ശ്രമിക്കുന്നതും നല്ലതാണ്. ഉദാഹരണത്തിന് ഇപ്പോള്‍ കണ്മുന്നിലുള്ള ഭീകരമെന്നു തോന്നുന്ന ഒരു പ്രശ്‌നം കുറച്ചു മാസങ്ങള്‍ക്കോ വര്‍ഷങ്ങള്‍ക്കോ ശേഷമുള്ള നമ്മുടെ ജീവിതത്തെ ബാധിക്കാനേ പോകുന്നില്ലെന്ന തിരിച്ചറിവ് ആ പ്രശ്‌നത്തെകുറിച്ചോര്‍ത്ത് അമിതമായി വിഷമിക്കുന്നതില്‍ നിന്ന് നമ്മളെ പിന്തിരിപ്പിച്ചേക്കും.


സമ്മര്‍ദ്ദങ്ങളെ മറികടക്കാനുള്ള ചില വഴികളിതാ

1-കര്‍മനിരതനായിരിക്കുക

മാനസിക പരിമുറുക്കം മാറ്റാനുള്ള ഏറ്റവും നല്ല വഴി എപ്പോഴും നെഗറ്റീവ് ചിന്തകള്‍ക്ക് ഇടം ലഭിക്കാത്ത വിധം കര്‍മനിരതനാവുക എന്നതാണ്. എപ്പോഴും എന്തെങ്കിലും പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടുകൊണ്ടേയിരിക്കുക. പാട്ടുപാടാം, വ്യായാമം ചെയ്യാം, നൃത്തം ചെയ്യാം, പൂന്തോട്ടം നിര്‍മിക്കാം ഇങ്ങനെ ദിവസം മുഴുവന്‍ പ്രവര്‍ത്തനനിരതമായിരിക്കാന്‍ സഹായിക്കുന്ന ഒരു ദിനചര്യ ഉണ്ടാക്കിയെടുക്കുക.

2. കാര്യങ്ങളെ ശരിയാംവിധം ഗ്രഹിക്കുക

ചെറിയ ചില കാര്യങ്ങള്‍ ആണെങ്കിലും കാര്യങ്ങളെ ശരിയാംവിധം ഗ്രഹിക്കുക എന്നത് പ്രധാനമാണ്. ചെറിയ കാര്യങ്ങളും പഠിക്കുന്നതിലൂടെ സന്തോഷം കണ്ടെത്താം. നെഗറ്റീവ് വാര്‍ത്തകള്‍, പേടിപ്പെടുത്തുന്ന സിനിമകള്‍ എന്നിവ കണ്ട് മനസ്സ് ചഞ്ചലമാക്കുന്നതിന് പകരം ആ സമയം പുതിയൊരുകാര്യം പഠിക്കാം. അത് നൃത്തമോ പാട്ടോ പെയ്ന്റിംഗോ എന്തുമാകാം.

3. ഇടയ്‌ക്കൊരു ഇടവേള

ജോലിയിലും ജീവിതത്തിലും മാനസിക പിരിമുറുക്കം വരുമ്പോള്‍ പതിയെ ഏകാഗ്രമായി ശ്വാസോച്ഛ്വാസം ചെയ്യുക. അല്ലെങ്കില്‍ 10 മുതല്‍ ഒന്ന് വരെ പിന്നോട്ട് എണ്ണുക.


4. ചോദ്യങ്ങള്‍ ചോദിക്കുക

ടെന്‍ഷനോ ഭയമോ വരുമ്പോള്‍ നിങ്ങളോട് തന്നെ ചില ചോദ്യങ്ങള്‍ ചോദിക്കണം. ഇക്കാര്യം എന്റെ നിയന്ത്രണത്തില്‍ നില്‍ക്കുന്നതാണോ? മാനസികസമ്മര്‍ദ്ദത്തെ ഞാന്‍ മുമ്പ് എങ്ങനെയാണ് നേരിട്ടുകൊണ്ടിരുന്നത്? എങ്ങനെ എനിക്ക് എന്നെ പൊസിറ്റീവാക്കി നിലനിര്‍ത്താനാകും?

5. ഇടയ്ക്ക് മനസ്സു തുറക്കൂ

പലരും കോവിഡ് കാലത്ത് തുടങ്ങിയ കാര്യമാണ് ഓണ്‍ലൈനിലൂടെയുള്ള സൗഹൃദങ്ങളും സംസാരവും. നമുക്ക് നമ്മുടെ പ്രിയപ്പെട്ടവരുമായി ടെക്‌നോളജി ഉപയോഗിച്ച് കാണുകയും സംസാരിക്കുകയും ചെയ്യാം. തിരക്കുകൊണ്ടും മറ്റും നിങ്ങള്‍ ഏറെക്കാലം ബന്ധപ്പെടാതിരുന്ന ആരെയെങ്കിലും ഇന്ന് തന്നെ വിളിച്ച് ഒരു സര്‍പ്രൈസ് കൊടുക്കൂ.


ജീവിതശൈലിയില്‍ മാറ്റം വരുത്താം

1. പുകവലിയും മദ്യപാനവും മാനസികസമ്മര്‍ദ്ദത്തിന് താല്‍ക്കാലിക ആശ്വാസം നല്‍കിയേക്കാമെങ്കിലും ഈ ദുശ്ശീലങ്ങള്‍ കാലക്രമത്തില്‍ മാനസികസമ്മര്‍ദ്ദം വഷളാവാന്‍ മാത്രമേ ഉപകരിക്കൂ.

2. പതിവായ വ്യായാമം തലച്ചോറിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ദുശ്ചിന്തകളെ അകറ്റാനും ആത്മവിശ്വാസം വളര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.

3. വേണ്ടത്ര ഉറങ്ങുന്നത് മാനസികസമ്മര്‍ദ്ദം തടയുന്നതിന് വളരെ ഉപകാരപ്രദമാണ്.

4. ഏതു തിരക്കുകള്‍ക്കിടയിലും ഇഷ്ടവിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ കുറച്ചു സമയം മാറ്റിവെക്കുന്നത് മാനസികസമ്മര്‍ദ്ദം തടയാന്‍ സഹായിക്കും.

5. വിവിധ റിലാക്‌സേഷന്‍ വിദ്യകള്‍ക്കായി സമയം കണ്ടെത്തുന്നത് നല്ലതാണ്. പാട്ടുകള്‍ കേള്‍ക്കുക, കണ്ണുകളടച്ച് ദീര്‍ഘമായി ശ്വസിക്കുക, നമുക്ക് മനശ്ശാന്തി തരുന്ന സ്ഥലങ്ങളെ മനസ്സില്‍കാണുക, യോഗ ചെയ്യുക തുടങ്ങിയവ ക്ഷീണം അകറ്റാനും ഏകാഗ്രത വര്‍ദ്ധിക്കാനും നല്ല ഉറക്കം കിട്ടാനും ഉപകരിക്കും.

നിങ്ങള്‍ക്ക് മാനസികസമ്മര്‍ദ്ദമുണ്ടാക്കുന്നത് എന്തൊക്കെ ഘടകങ്ങളാണ് എന്നു തിരിച്ചറിയുകയും, എന്നിട്ട് അവയുടെ പരിഹാരത്തിന് മേല്‍പ്പറഞ്ഞ മാര്‍ഗ്ഗങ്ങളില്‍ ഏതാണ് ഏറ്റവും അനുയോജ്യമെന്നു മനസ്സിലാക്കി അവ നടപ്പിലാക്കുകയുമാണ് വേണ്ടത്.

ഈ വിദ്യകള്‍ ഉപയോഗിച്ചിട്ടും മാനസിക സമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങള്‍ വിട്ടുമാറുന്നില്ലെങ്കില്‍ വിദഗ്‌ദ്ധോപദേശം തേടാം.

Next Story

RELATED STORIES

Share it