Editors Pick

പാവങ്ങളെ പിഴിയുന്ന കാനറാ ബാങ്ക്; എഴുതിത്തള്ളിയത് കുത്തകകളുടെ 8310 കോടിയുടെ വായ്പ

2002 ല്‍ വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്താണ് സര്‍ഫാസി നിയമം പാര്‍ലിമെന്റില്‍ പാസ്സാക്കുന്നത്. ആഗോളവല്‍കരണ സാമ്പത്തിക നയത്തിന്റെ വര്‍ത്തമാന കാലത്ത് ഇന്ത്യന്‍ ബാങ്കിംഗ് മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക, ധന വിപണിയിലെ കഴുത്തറപ്പന്‍ മത്സരങ്ങളില്‍ പിടിച്ചു നില്‍ക്കാനുള്ള ശേഷി ഉയര്‍ത്തുക എന്ന ലക്ഷ്യങ്ങള്‍ വെച്ചു കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നത്.

പാവങ്ങളെ പിഴിയുന്ന കാനറാ ബാങ്ക്; എഴുതിത്തള്ളിയത് കുത്തകകളുടെ 8310 കോടിയുടെ വായ്പ
X

തിരുവനന്തപുരം: അഞ്ച് ലക്ഷത്തിന് വേണ്ടി കുടുംബത്തെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കാനറ ബാങ്ക് ഒരുവര്‍ഷം എഴുതിത്തള്ളിയത് കുത്തകകളുടെ 8310 കോടി രൂപ. ബാങ്ക് അധികൃതരുടെ ഭീഷണി മൂലമാണ് നെയ്യാറ്റിന്‍കര മാരായമുട്ടത്ത് അമ്മക്കും മകള്‍ക്കും ജീവനൊടുക്കേണ്ടി വന്നത്. മകള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച അമ്മയും ചികില്‍സയിലിരിക്കേ മരണത്തിന് കീഴടങ്ങി. കാനറ ബാങ്കില്‍ നിന്നും വീട് വയ്ക്കാനായി വായ്പയെടുത്ത അഞ്ച് ലക്ഷം രൂപയുടെ പേരില്‍ ജപ്തി നടപടിയുണ്ടാകുമെന്ന ബാങ്ക് അധികൃതരുടെ ഭീഷണിയെ തുടര്‍ന്നാണ് ഇതിലേക്ക് ഇവരെ നയിച്ചത്.

കാനറാ ബാങ്കില്‍ നിന്നാണ് വൈഷ്ണവിയുടെ കുടുംബത്തിന് ഭീഷണിയുണ്ടായത്. സാധാരണക്കാര്‍ക്ക് നേരെ ഭീഷണി ഉയര്‍ത്തുന്ന ഇതേ ബാങ്ക് 2017-18 കാലയളവില്‍ മാത്രം എഴുതിത്തള്ളിയത് 8310 കോടി രൂപയാണ്. ബാങ്ക് ഉദ്യോഗസ്ഥരുടെ ഭീഷണിക്ക് പിറകില്‍ വലിയ മാഫിയകളുടെ പ്രവര്‍ത്തനമാണെന്ന് സംശയിക്കേണ്ടി വരും. എറണാകുളം ഇടപ്പള്ളിയിലെ പ്രീത ഷാജിയുടെ സമരം അത് വെളിച്ചത്ത് കൊണ്ടുവന്നതാണ്. ചില ബാങ്കുദ്യോഗസ്ഥരും അഭിഭാഷകരും വസ്തുവിന്റെ വില നിശ്ചയിക്കുന്ന വാല്യൂവര്‍മാരും റിക്കവറി ഏജന്റുമാരും റിയല്‍ എസ്‌റ്റേറ്റ് ലോബിയും ചേര്‍ന്നുള്ള മാഫിയ ഇപ്പോള്‍ നാട്ടില്‍ സജീവമാണെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.

വയനാട്ടിലും പാലക്കാടും ഇടുക്കിയിലും തൃശൂരിലും അടക്കം ഇരുപതോളം കര്‍ഷകരാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കടബാധ്യത മൂലം ആത്മഹത്യ ചെയ്തത്. കൊല്ലം ജില്ലയില്‍ നിരവധി ചെറുകിട കശുവണ്ടി വ്യവസായികള്‍ ആത്മഹത്യ ഭീഷണിയില്‍ നില്‍ക്കുകയാണ്. ഇന്ന് ആത്മഹത്യ ചെയ്യപ്പെട്ട വിദ്യാര്‍ത്ഥിനിയും കുടുംബവും ഈ അവസ്ഥയിലേക്ക് എത്തപ്പെട്ടത് നാടുവാഴിത്ത കാലത്തെ വട്ടിപ്പലിശക്കാരെ ഓര്‍മ്മപ്പെടുത്തുന്ന ബാങ്കിങ് രീതി തന്നെയാണ്. അതിന് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ധൈര്യം പകരുന്നത് സര്‍ഫാസി നിയമമാണ്.

എന്താണ് ഈ സര്‍ഫാസി നിയമം?

2002 ല്‍ വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്താണ് സര്‍ഫാസി നിയമം പാര്‍ലിമെന്റില്‍ പാസ്സാക്കുന്നത്. സര്‍ഫാസി എന്നാല്‍ സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസെറ്റ്‌സ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റി ഇന്‍ട്രസ്റ്റ് ആക്റ്റ്. ആഗോളവല്‍കരണ സാമ്പത്തിക നയത്തിന്റെ വര്‍ത്തമാന കാലത്ത് ഇന്ത്യന്‍ ബാങ്കിംഗ് മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക, ധന വിപണിയിലെ കഴുത്തറപ്പന്‍ മത്സരങ്ങളില്‍ പിടിച്ചു നില്‍ക്കാനുള്ള ശേഷി ഉയര്‍ത്തുക എന്ന ലക്ഷ്യങ്ങള്‍ വെച്ചു കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നത്. എന്നാല്‍ ബാങ്കുകള്‍ക്ക് കിട്ടാനുള്ള കടം തിരിച്ചു പിടിക്കാന്‍ അമിതാധികാരങ്ങള്‍ നല്‍കുന്ന നിയമമാണ് സര്‍ഫാസി.

സര്‍ഫാസി നിയമത്തിന്റെ ഉദ്ദേശം തന്നെ എ. ആര്‍.സി. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനികളുടെ രൂപവത്കരണവും പ്രവര്‍ത്തനവുമാണ്. നിയമത്തിന്റെ ആദ്യത്തെ പന്ത്രണ്ട് വകുപ്പുകളില്‍ പത്തെണ്ണവും പ്രതിപാദിക്കുന്നത് എ.ആര്‍.സി.കളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ചാണ്. ബാങ്കുകളിലെ കിട്ടാക്കടങ്ങള്‍ ഏറ്റെടുക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും വേണ്ടിയാണ് എ.ആര്‍.സി.കള്‍ ഉദ്ദേശിക്കപ്പെടുന്നതെന്നാണ് നിയമം പറയുന്നത്. എന്നാല്‍, കുത്തക മൂലധനത്തിന് ലാഭകരമായ ഒരു വിപണി തുറന്നുകൊടുക്കുകയാണ് സര്‍ഫാസി നിയമം ചെയ്തിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ എ.ആര്‍.സി. റിലയന്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്.

എല്ലാക്കാലത്തേയും പോലെ നിയമങ്ങള്‍ വന്‍കിടക്കാര്‍ക്ക് ബാധകമല്ലാത്ത സ്ഥിതിവിശേഷം തന്നെയാണ് സര്‍ഫാസി നിയമത്തിലും സംഭവിച്ചതെന്ന് കഴിഞ്ഞ കാലങ്ങളിലെ ബാങ്കിങ് നടപടികള്‍ സാക്ഷ്യപ്പെടുത്തുന്നു. മോദിയുടെ കാലയളവില്‍ ഒരു വര്‍ഷം ശരാശരി 1.12 ലക്ഷം കോടി രൂപ കിട്ടാക്കടം എഴുതിത്തള്ളി. ഈ കടങ്ങള്‍ രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരുടെ വായ്പകളല്ല മറിച്ച് വന്‍കിട കോര്‍പ്പറേറ്റുകളുടേതാണ്. നീരവ് മോദിയും വിജയ് മല്യയുമെല്ലാം ഈ നിയമത്തിന് പുറത്ത് തന്നെയാണ് ഇന്ന്.

മോദി സർക്കാർ എഴുതിത്തള്ളിയ അതിസമ്പന്നരുടെ കടം

സാമ്പത്തികവര്‍ഷം

എഴുതിത്തള്ളിയ കടം

2016-17

1.08 ലക്ഷം കോടി രൂപ.

2017-18

1.62 ലക്ഷം കോടി രൂപ

2018-19

1.47 ലക്ഷം കോടി രൂപ

വൈഷ്ണവിയുടേതടക്കം ജപ്തി ഭീഷണിയില്‍ ആത്മഹത്യ ചെയ്യപ്പെട്ടവരുടെ മരണത്തിന് സംസ്ഥാന സര്‍ക്കാരും ഉത്തരവാദിയാണ്. തുടരെ തുടരെ നടന്ന കര്‍ഷക ആത്മഹത്യകള്‍ക്ക് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ കര്‍ഷക ആത്മഹത്യ നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. തുടര്‍ന്ന് പ്രക്ഷോഭങ്ങളുമായി മുന്നോട്ട് നീങ്ങുകയും ചെയ്തതോടെ സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിക്കാന്‍ ഇക്കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് മന്ത്രിസഭാ യോഗം എടുത്ത ഈ തീരുമാനം അട്ടിമറിക്കപ്പെട്ടു. ഇതിന്റെ ഉത്തരവ് ഇനിയും ഇറങ്ങിയിട്ടില്ല.

Next Story

RELATED STORIES

Share it