Sub Lead

പ്രിയാ വര്‍ഗീസിന് അന്തിമവിധി തുടരാം; നിയമനത്തില്‍ പിഴവുണ്ടെന്ന നിരീക്ഷണവുമായി സുപ്രിംകോടതി

പ്രിയാ വര്‍ഗീസിന് അന്തിമവിധി തുടരാം; നിയമനത്തില്‍ പിഴവുണ്ടെന്ന നിരീക്ഷണവുമായി സുപ്രിംകോടതി
X

ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോഷ്യേറ്റ് പ്രഫസര്‍ തസ്തികയില്‍ പ്രിയാ വര്‍ഗീസിന് നിയമനം നല്‍കികൊണ്ടുള്ള തല്‍ സ്ഥിതി തുടരാമെന്ന് സുപ്രിംകോടതി. അന്തിമ വിധിവരെ പ്രിയാവര്‍ഗീസിന് തുടരാമെന്നും നിയമനം അന്തിമ ഉത്തരവിന് വിധേയമായിരിക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കി. പ്രിയാ വര്‍ഗീസിന്റെ നിയമനം ശരിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരേ യുജിസി സുപ്രിംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നിര്‍ദേശം. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, കെ വി വിശ്വനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. ഹൈക്കോടതി ഉത്തരവ് ശരിയാണോയെന്ന് വാക്കാല്‍ സംശയം സുപ്രിംകോടതി പ്രകടിപ്പിച്ചു. ഹൈക്കോടതി വിധിക്കെതിരെ യുജിസിയും നിയമന പട്ടികയിലുണ്ടായിരുന്ന ചങ്ങനാശ്ശേരി എസ്ബി കോളജ് മലയാളവിഭാഗം മേധാവി ഡോ. ജോസഫ് സ്‌കറിയയും നല്‍കിയ ഹരജികളില്‍ സുപ്രിംകോടതി നോട്ടിസ് അയച്ചു. മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ പ്രിയാ വര്‍ഗീസിന് ആറ് ആഴ്ചത്തെ സമയം കോടതി അനുവദിച്ചു. അധ്യാപന പരിചയവുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് വ്യക്തമാക്കിയ ശേഷം, ഹൈക്കോടതി വിധി ഒരു പരിധി വരെ തെറ്റാണെന്നും സുപ്രിം കോടതി വാക്കാല്‍ നിരീക്ഷിച്ചു. എന്നാല്‍ നിയമനത്തില്‍ തല്‍ക്കാലം ഇടപെടുന്നില്ലെന്നും അന്തിമ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും കോടതി അറിയിച്ചു. പ്രിയയുടെ നിയമനം ശരിവച്ച ഹൈക്കോടതി വിധി അടിയന്തിരമായി സ്‌റ്റേ ചെയ്യണമെന്നും യുജിസി ചട്ടത്തില്‍ നിഷ്‌കര്‍ഷിക്കുന്ന എട്ട് വര്‍ഷത്തെ അധ്യാപന പരിചയത്തില്‍ പഠനേതര ജോലികള്‍ കണക്കാക്കാന്‍ കഴിയില്ലെന്നും യുജിസി നല്‍കിയ അപ്പീലില്‍ ചൂണ്ടിക്കാട്ടി. ഇതോടെ 2018ലെ അസോഷ്യേറ്റ് പ്രഫസര്‍ നിയമനവുമായി ബന്ധപ്പെട്ട യുജിസി ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസക്തമാവുമെന്നും യുജിസി ചൂണ്ടിക്കാട്ടി. അതേസമയം, അസോഷ്യേറ്റ് പ്രഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യുജിസിയുടെ 2018ലെ റഗുലേഷന്‍ നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയം പ്രിയ വര്‍ഗീസിന് ഇല്ലെന്ന് നേരത്തെ കേരള ഹൈക്കോടതിയെ യുജിസി അറിയിച്ചിരുന്നു. എന്നാല്‍ ഈ വാദം തള്ളിക്കൊണ്ടാണ് പ്രിയാ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്. തുടര്‍ന്ന് നിയമന ഉത്തരവുമായി മുന്നോട്ടുപോവാന്‍ സര്‍വകലാശാലയ്ക്ക് നിയമോപദേശം ലഭിച്ചു. ജൂലൈ നാലിന് നിയമന ഉത്തരവ് ലഭിച്ചതിനെ തുടര്‍ന്ന് പ്രിയാ വര്‍ഗീസ് ജോലിയില്‍ പ്രവേശിക്കുയും ചെയ്തിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയുടെ നീലേശ്വരം പാലാത്തടത്തെ ഡോ. പി കെ രാജന്‍ സ്മാരക കാംപസില്‍ മലയാളം അസോഷ്യേറ്റ് പ്രഫസറായാണ് ഡോ. പ്രിയാ വര്‍ഗീസ് ചുമതലയേറ്റിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യയാണ് പ്രിയാ വര്‍ഗീസ് എന്നതിനാല്‍ വിഷയത്തില്‍ വന്‍ വാര്‍ത്താപ്രാധാന്യവും ലഭിച്ചിരുന്നു.

Next Story

RELATED STORIES

Share it