Sub Lead

സിറിയന്‍ സൈന്യം പുനസംഘടിപ്പിച്ചു; ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്ക് മൂന്നു റാങ്ക്

സിറിയന്‍ സൈന്യം പുനസംഘടിപ്പിച്ചു; ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്ക് മൂന്നു റാങ്ക്
X

ദമസ്‌കസ്: സിറിയയിലെ ഇടക്കാല സര്‍ക്കാര്‍ ദേശീയ സൈന്യം പുനസംഘടിപ്പിച്ചു. അമ്പത് പുതിയ പദവികള്‍ അനുവദിച്ചതില്‍ മൂന്നെണ്ണം ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്ക് നല്‍കി. ബ്രിഗേഡിയര്‍ ജനറല്‍, കേണല്‍ പദവികളാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്. തുര്‍ക്കിസ്താന്‍ ഇസ്‌ലാമിക് പാര്‍ട്ടി(ടിഐപി) നേതാവ് സാഹിദ് എന്നറിയപ്പെടുന്ന അബ്ദുല്‍ അസീസ് ദാവൂദ് ഖുദബെര്‍ദിക്ക് ബ്രിഗേഡിയര്‍ ജനറല്‍ സ്ഥാനം ലഭിച്ചു. മാവ്‌ലാന്‍ താര്‍സൗന്‍ അബ്ദുസമദ്, അബ്ദുല്‍ സലാം യാസീന്‍ അഹമ്മദ് എന്നിവര്‍ക്ക് കേണല്‍ പദവിയും ലഭിച്ചു.

തുര്‍ക്കി പൗരനായ ഉമര്‍ മുഹമ്മദ് ജഫ്താഷിക്കും ജോര്‍ദാന്‍ പൗരനായ അബ്ദുല്‍ റഹ്മാന്‍ ഹുസൈന്‍ അല്‍ ഖാതിബിനും ബ്രിഗേഡിയര്‍ ജനറല്‍ പദവി ലഭിച്ചു. അല്‍ബേനിയക്കാരനായ അബു അല്‍ബാനിയെ കേണലാക്കി. ഈജിപ്തുകാരനായ ആല മുഹമ്മദ് അബ്ദുല്‍ ബാഖിക്കും പ്രത്യേകപദവി നല്‍കിയിട്ടുണ്ട്.

തുര്‍ക്കി, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും പദവികള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 13 വര്‍ഷമായി സിറിയയില്‍ നടന്ന ആഭ്യന്തരയുദ്ധത്തില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പേര്‍ പങ്കെടുത്തുവെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. പലരും സിറിയയില്‍ നിലവിലുണ്ടായിരുന്ന വിമത സൈന്യങ്ങളിലും ചിലര്‍ അല്‍ നുസ്‌റയിലും ഐഎസ്സിലുമെല്ലാം ചേര്‍ന്നു. അഞ്ച് വര്‍ഷത്തില്‍ അധികം സിറിയയില്‍ ജീവിച്ച വിദേശികള്‍ക്ക് പൗരത്വം നല്‍കുമെന്ന് ഹയാത് താഹിര്‍ അല്‍ ശാം നേതാവ് അബൂ മുഹമ്മദ് അല് ജൂലാനി നേരത്തെ പറഞ്ഞിരുന്നു.

1997ല്‍ ഹസന്‍ മാഷം എന്നയാള്‍ പാകിസ്താനില്‍ രൂപീകരിച്ച ഈസ്റ്റ് തുര്‍ക്കിസ്താന്‍ ഇസ്‌ലാമിക് മൂവ്‌മെന്റ് (ഇടിഐഎം) എന്ന സംഘടനയാണ് പിന്നീട് ടിഐപിയായി മാറിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.


ഹസന്‍ മാഷം

2002ല്‍ യുഎസ് സര്‍ക്കാര്‍ ഈ സംഘടനയെ ആഗോളതീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചു. ചൈനയിലെ ക്‌സിന്‍ജിയാങ് പ്രവിശ്യക്കാരനാണ് ഹസന്‍ മാഷം. തുര്‍ക്കി, ഖസാഖ്സ്ഥാന്‍, കിര്‍ഗ്സ്ഥാന്‍, ഉസ്‌ബെക്സ്ഥാന്‍, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളുടെ ചില പ്രദേശങ്ങളും ക്‌സിന്‍ജിയാങ് പ്രവശ്യയും ചേര്‍ത്ത് ഈസ്റ്റ് തുര്‍ക്കിസ്ഥാന്‍ എന്ന രാജ്യം രൂപീകരിക്കണമെന്നാണ് ടിഐപിയുടെ നിലപാട്. 2003ല്‍ അഫ്ഗാന്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ ഹസന്‍ മാഷം കൊല്ലപ്പെട്ടു. പിന്നീട് സംഘടനയെ നയിച്ച അബ്ദുല്‍ ഹഖ് 2010ല്‍ കൊല്ലപ്പെട്ടു.

Next Story

RELATED STORIES

Share it