Football

യൂറോയില്‍ തീപ്പാറും; ഇറ്റലിക്ക് സ്പാനിഷ് പരീക്ഷണം; ഇംഗ്ലണ്ടിന് വെല്ലുവിളിയാവാന്‍ ഡെന്‍മാര്‍ക്ക്

യൂറോയില്‍ തീപ്പാറും; ഇറ്റലിക്ക് സ്പാനിഷ് പരീക്ഷണം; ഇംഗ്ലണ്ടിന് വെല്ലുവിളിയാവാന്‍ ഡെന്‍മാര്‍ക്ക്
X

ബെര്‍ലിന്‍: യൂറോ കപ്പില്‍ ഇന്ന് ആവേശം അലതല്ലും. മരണ ഗ്രൂപ്പില്‍ ഇന്ന് നിലവിലെ ചാംപ്യന്മാരായ ഇറ്റലി സ്‌പെയിനിനെതിരെ. ആദ്യ കളി ജയിച്ചുനില്‍ക്കുന്ന ഇരു ടീമുകള്‍ക്കും ഗ്രൂപ്പില്‍ മേല്‍ക്കൈയുറപ്പിക്കാന്‍ ഇന്ന് ജയം അനിവാര്യം. ബുണ്ടസ് ലിഗ ക്ലബായ ഷാല്‍ക്കെയുടെ ഹോം ഗ്രൗണ്ടായ ഗെല്‍സെന്‍കിര്‍ച്ചെനിലാണ് പോരാട്ടം.

ആദ്യ മല്‍സരത്തില്‍ 23ാം സെക്കന്‍ഡില്‍ വീണ ഗോളില്‍ പിറകിലായ ശേഷം രണ്ടുവട്ടം തിരിച്ചടിച്ചായിരുന്നു അല്‍ബേനിയക്കെതിരെ അസൂറികള്‍ കളി ജയിച്ചതെങ്കില്‍ ഖത്തര്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ക്രോട്ടുകളെ കാല്‍ ഡസന്‍ ഗോളുകള്‍ക്കായിരുന്നു സ്‌പെയിന്‍ മുക്കിയത്. കഴിഞ്ഞ യൂറോയില്‍ ഇരു ടീമും സെമി ഫൈനലില്‍ നേരിട്ടപ്പോള്‍ പെനാല്‍റ്റി ജയിച്ചാണ് ഇറ്റലി കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. ഫൈനലിലും പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ഇറ്റാലിയന്‍ കിരീടമുത്തം.

ജിയാന്‍ലൂക്ക മന്‍സീനി, ബ്രയാന്‍ ക്രിസ്റ്റന്റെ എന്നിവരെ ആദ്യ ഇലവനില്‍ ഇറക്കിയാകും ഇറ്റലി കരുത്തുകൂട്ടുകയെങ്കില്‍ യുവരക്തത്തിന്റെ കരുത്തില്‍ അനായാസ ജയമാണ് സ്പാനിഷ് സംഘം ലക്ഷ്യമിടുന്നത്. ലാമിന്‍ യമാല്‍ എന്ന കൗമാരക്കാരനുള്‍പ്പെടെ ഓരോരുത്തരും അപകടം വിതക്കാന്‍ ശേഷിയുള്ളവരാണ്.


2020 യൂറോ കപ്പിലെ സെമി ഫൈനല്‍ തനിയാവര്‍ത്തനമായി ഇംഗ്ലണ്ടും ഡെന്‍മാര്‍ക്കും ഗ്രൂപ്പ് സിയില്‍ ഏറ്റുമുട്ടുന്നു. ആദ്യ കളി ജയിച്ചാണ് ഇംഗ്ലീഷ് സംഘമെത്തുന്നതെങ്കില്‍ സ്ലൊവീനിയക്കെതിരെ സമനില സമ്മതിച്ച ക്ഷീണം തീര്‍ക്കലാണ് ക്രിസ്റ്റ്യന്‍ എറിക്‌സണിനും സംഘത്തിനും ലക്ഷ്യം. ഡെന്മാര്‍ക്കിന് അടുത്ത കളി കരുത്തരായ സെര്‍ബിയക്കെതിരെയായതിനാല്‍ ഇന്ന് ജയത്തില്‍ കുറഞ്ഞതൊന്നും ടീമിന് മതിയാകില്ല.

ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ക്രിസ്റ്റല്‍ പാലസ്, ബ്രെന്റ്‌ഫോര്‍ഡ് തുടങ്ങിയവയില്‍ ഒന്നിച്ച് പന്തുതട്ടുന്നവരാണ് ഇന്ന് മുഖാമുഖം വരുന്നവരില്‍ പലരുമെന്ന സവിശേഷതയുമുണ്ട്. ഇന്ന് മറ്റൊരു കളിയില്‍ ഗ്രൂപ്പിലെ മറ്റു ടീമുകളായ സെര്‍ബിയയും സ്ലൊവീനിയയും ഏറ്റുമുട്ടും. ഇന്ന് ജയിക്കാനായാല്‍ ഇംഗ്ലണ്ട് ഗ്രൂപ്പില്‍ ഒന്നാമന്മാരായി പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കും.






Next Story

RELATED STORIES

Share it