Sub Lead

മോദി ജന്‍മദിനമാഘോഷിച്ചത് ആയിരങ്ങളെ വെള്ളത്തില്‍ മുക്കി: മേധാ പട്കര്‍

ചൊവ്വാഴ്ചയായിരുന്നു നരേന്ദ്രമോദിയുടെ 69ാം പിറന്നാള്‍. ഗുജറാത്തിലെ കേവാഡിയയിലെത്തി മോദി നര്‍മ്മദയില്‍ അര്‍ച്ചന നടത്തിയിരുന്നു. ഇതിനായി സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ പരമാവധി പരിധിയായ 138.68 മീറ്റര്‍ വരെ വെള്ളം നിറക്കുകയായിരുന്നു അധികൃതര്‍. മോദിയുടെ പിറന്നാളിനെ ധിക്കാര്‍ ദിവസ് ആയാണു ദുരിതബാധിതര്‍ കാണുന്നത്-മേധാ പട്കര്‍ പറഞ്ഞു.

മോദി ജന്‍മദിനമാഘോഷിച്ചത് ആയിരങ്ങളെ വെള്ളത്തില്‍ മുക്കി: മേധാ പട്കര്‍
X

ഭോപാല്‍: ആയിരങ്ങളെ വെള്ളത്തില്‍ മുക്കിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജന്‍മദിനാഘോഷിച്ചതെന്ന് നര്‍മദ ബച്ചാവോ ആന്ദോളന്‍ നേതാവും സാമൂഹ്യപ്രവര്‍ത്തകയുമായ മേധാ പട്കര്‍. മോദിയുടെ ജന്‍മദിനമാഘോഷിക്കുന്നതിനായി ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ ഡാം പരമാവധി നിരപ്പില്‍ നിറച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് മേധാ പട്കറുടെ പ്രസ്താവന.

2017 സപ്തംബറില്‍ മോദി ഉദ്ഘാടനം ചെയ്ത അണക്കെട്ടിലെ ജലനിരപ്പ് ആദ്യമായി 138.68 മീറ്ററായി ഉയര്‍ത്തിയത് മോദിയുടെ ജന്‍മദിനമായ ചൊവ്വാഴ്ചയാണ്. മോദിക്കായി ചെയ്ത നടപടി ആയിരക്കണക്കിനു മനുഷ്യരെ വെള്ളത്തില്‍ മുക്കിയെന്ന് മേധാ പട്കര്‍ കുറ്റപ്പെടുത്തി.

ഉല്‍സവം പോലെ ആഘോഷിച്ച മോദിയുടെ പിറന്നാളാഘോഷത്തിനു മുന്നോടിയായി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി ഉയര്‍ത്തി. ഇതോടെ ഡാമിന്റെ പരിസരത്തുള്ള ജനങ്ങള്‍ പുനരധിവാസത്തിനു കേഴുകയാണ്. ഗുജറാത്ത് സര്‍ക്കാര്‍ അണക്കെട്ടിലെ ജലനിരപ്പ് കൂട്ടിയതോടെ മധ്യപ്രദേശിലെ ധര്‍, ബര്‍വാനി, അലിരാജ്പുര്‍ ജില്ലകളിലെ 192 ഗ്രാമങ്ങളാണ് വെള്ളപ്പൊക്കത്താല്‍ ഒറ്റപ്പെട്ടത്. മോദിയുടെ പിറന്നാളിനെ ധിക്കാര്‍ ദിവസ് ആയാണു ദുരിതബാധിതര്‍ കാണുന്നത്-മേധാ പട്കര്‍ പറഞ്ഞു.

മോദിയുടെ 69ാം ജന്മദിനം ആഘോഷിക്കാനായി സര്‍ദാര്‍ സരോവര്‍ ഡാം പരമാവധി നിരപ്പില്‍ നിറച്ചെന്ന ആരോപണവുമായി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ബാല ബച്ചനടക്കമുള്ളവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഡാം മുങ്ങിയതിനെ തുടര്‍ന്നുണ്ടായ കെടുതിയുടെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇതിലൂടെ തകിടം മറിഞ്ഞെന്നും അദ്ദേഹം ആരോപിച്ചു.

ചൊവ്വാഴ്ചയായിരുന്നു നരേന്ദ്രമോദിയുടെ 69ാം പിറന്നാള്‍. ഗുജറാത്തിലെ കേവാഡിയയിലെത്തി മോദി നര്‍മ്മദയില്‍ അര്‍ച്ചന നടത്തിയിരുന്നു. ഇതിനായി സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ പരമാവധി പരിധിയായ 138.68 മീറ്റര്‍ വരെ വെള്ളം നിറച്ചെന്നാണ് ആരോപണം. കീഴ് വഴക്കം ലംഘിച്ചുള്ള അധികൃതരുടെ നടപടി 4 ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തകിടം മറിച്ചെന്നും ബാല ബച്ചന്‍ പറഞ്ഞു.

ഡാമിന് സമീപത്തുള്ളവരെ പുനരധിവസിപ്പിക്കുമെന്ന് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നടപടികളൊന്നുമുണ്ടായില്ലെന്നും ബാല ബച്ചന്‍ കുറ്റപ്പെടുത്തി.

ഇന്ത്യയിലെ ഏറ്റവും ഉയരമേറിയ അണക്കെട്ടും ലോകത്തിലെ രണ്ടാമത്തെ വലിയ അണക്കെട്ടുമാണു സര്‍ദാര്‍ സരോവര്‍. ഗുജറാത്തിലെ നര്‍മദ ജില്ലയിലെ കേവാദിയയില്‍ അര നൂറ്റാണ്ടു മുമ്പ് പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവാണ് അണക്കെട്ടിനു തറക്കല്ലിട്ടത്.

Next Story

RELATED STORIES

Share it