Sub Lead

പുതുവര്‍ഷാഘോഷം; ഗസയ്ക്കു വേണ്ടി തെരുവിലിറങ്ങി ലോകരാജ്യങ്ങള്‍

പുതുവര്‍ഷാഘോഷം; ഗസയ്ക്കു വേണ്ടി തെരുവിലിറങ്ങി ലോകരാജ്യങ്ങള്‍
X

വാഷിങ്ടണ്‍: ലോകം പുതുവര്‍ഷത്തിലേക്ക് കടന്നപ്പോള്‍ ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയ്‌ക്കെതിരേ തെരുവുലിറങ്ങി പതിനായിരങ്ങള്‍. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ളവരാണ് പുതുവര്‍ഷാഘോഷത്തിനിടെ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ലണ്ടന്‍ ആസ്ഥാനമായുള്ള കൗണ്ട്ഡൗണ്‍ 2 സീസ്ഫയര്‍ പുതുവര്‍ഷാഘോഷം വെടിനിര്‍ത്തലിനു വേണ്ടിയുള്ള ആഹ്വാനമാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് കാംപയിനും നടത്തിയിരുന്നു. അമേരിക്ക, ദക്ഷിണാഫ്രിക്ക, ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ്, തുര്‍ക്കി, മലേഷ്യ, ആസ്‌ട്രേലിയ, ടാന്‍സാനിയ, മെക്‌സിക്കോ, ജര്‍മനി പല രാജ്യങ്ങളിലും പുതുവല്‍സരാഘോഷത്തിനെത്തിയവരാണ് ഗസയില്‍ വെടിനിര്‍ത്തലിനു വേണ്ടി നിലകൊണ്ടത്.

ഒക്ടോബര്‍ ഏഴുമുതല്‍ ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരേ ലോകമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. ഐക്യരാഷ്ട്രസംഘടനയിലും വെടിനിര്‍ത്തല്‍ ആവശ്യം നിരന്തരം ഉയര്‍ന്നെങ്കിലും ഇസ്രായേല്‍ കൂട്ടക്കുരുതി നിര്‍ത്താന്‍ തയ്യാറായിട്ടില്ല. ഇതിനിടെയാണ് പുതുവല്‍സരാഘോഷത്തില്‍ ലോകം മുഴുകുമ്പോള്‍ ആഗോളതലത്തില്‍ തന്നെ ഗസയ്ക്കു വേണ്ടി ശബ്ദമുയര്‍ന്നത്. ആഗോളതലത്തില്‍ തന്നെയുള്ള ഫലസ്തീന്‍ അനുകൂല മനുഷ്യാവകാശ സംഘടനകള്‍ പുതുവര്‍ഷ രാവില്‍ ഗസയിലെ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് റാലികള്‍ നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം സ്വിറ്റ്‌സര്‍ലന്‍ഡ്, തുര്‍ക്കി, മലേഷ്യ, ഓസ്‌ട്രേലിയ, ടാന്‍സാനിയ, മെക്‌സിക്കോ, ജര്‍മനി തുടങ്ങി ലോകത്തിന്റെ പല ഭാഗങ്ങളിലുമാണ് ഇസ്രായേലിന്റെ യുദ്ധക്കൊതിക്കെതിരേ പ്രതിഷേധമുയര്‍ന്നത്. ഇംഗ്ലണ്ടിലെ ലണ്ടന്‍, ലെയ്‌സസ്റ്റര്‍, മാഞ്ചസ്റ്റര്‍, വെയില്‍സിലെ കാര്‍ഡിഫ്, സ്‌കോട്ട്‌ലന്റിലെ എഡിന്‍ബര്‍ഗ്, ബെല്‍ജിയം, ഇറ്റലിയിലെ മിലാന്‍, ഡെന്‍മാര്‍ക്ക്, സ്വിറ്റ്‌സര്‍ലണ്ടിലെ സൂറിച്ച്, സ്‌പെയിനിലെ മാഡ്രിഡ്, ഹംഗറിയിലെ ബുഡാപെസ്റ്റ്, സ്വീഡനിലെ സ്റ്റോക്ക്‌ഹോം, സ്‌കോട്ട്‌ലാന്റ്, ഖത്തര്‍, ഗ്രാനഡ, ഫ്രാന്‍സിലെ മാര്‍സീലി, സ്ട്രാസ്ബര്‍ഗ്, തുര്‍ക്കിയിലെ ഇസ്താന്‍ബുള്‍, റഷ്യയുടെ വിവിധ ഭാഗങ്ങള്‍, ഇറാഖ്, ഈജ്പിത്, ന്യൂയോര്‍ക്ക്, പാകിസ്താന്‍, ടുനീഷ്യ, അഫ്ഗാനിസ്താന്‍, മാലിദ്വീപ്, ടോക്ക്യോ, അമ്മാന്‍, ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത, മലേഷ്യ തുടങ്ങി പല രാജ്യങ്ങളിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയാണ് കാംപയിനില്‍ പങ്കാളികളായത്. 30ലേറെ രാജ്യങ്ങളില്‍ വെടിനിര്‍ത്തല്‍ ആഹ്വാനം ചെയ്തുള്ള പുതുവര്‍ഷറാലി നടന്നതായി സംഘാടകരും അറിയിച്ചു. ഓരോ സ്ഥലത്തെയും പരിപാടികള്‍ കൗണ്ട് ഡൗണ്‍ റ്റു സീസ്ഫയര്‍ എന്ന വിവിധ സാമൂഹിക മാധ്യമ പേജുകളിലൂടെ തല്‍സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു. 2024ല്‍ പ്രവേശിക്കുമ്പോള്‍ ഗസയില്‍ പൂര്‍ണമായ വെടിനിര്‍ത്തല്‍ എന്ന ഞങ്ങളുടെ പുതുവല്‍സര പ്രമേയം പൂര്‍ത്തീകരിക്കപ്പെടുന്ന വര്‍ഷമാവുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

അതിനിടെ, പുതുവര്‍ഷം തുടങ്ങിയ ഉടനെ അര്‍ദ്ധരാത്രിയില്‍ ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ അയച്ചാണ് ഹമാസ് തിരിച്ചടിച്ചത്. ഗസയുടെ അതിര്‍ത്തി പ്രദേശങ്ങളിലും മധ്യ ഇസ്രായേലിലും റോക്കറ്റ് ആക്രമണമുണ്ടായി. തങ്ങളുടെ നിയന്ത്രണത്തിലായെന്ന് ഇസ്രായേല്‍ അവകാശപ്പെട്ട സ്ഥലത്തുനിന്നാണ് തുടര്‍ച്ചയായ റോക്കറ്റ് ആക്രമണമുണ്ടായതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഹമാസാണ് റോക്കറ്റ് ആക്രമം നടത്തിയതെന്നും ബന്ദികളെ നാട്ടിലേക്ക് തിരികെ കൊണ്ടുവരുന്നത് വരെ 'പുതുവത്സരാശംസകള്‍' ഇല്ലെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചു. രാത്രി 12 മണി കഴിഞ്ഞ ഉടനെ തന്നെ റോക്കറ്റ് ആക്രമണം നടത്തിയതായി ഹമാസ് ടെലിഗ്രാം ചാനലിലൂടെയും അറിയിച്ചിരുന്നു. സിവിലിയന്‍മാരെ കൊന്നൊടുക്കുന്നതിനെതിരേ ടെല്‍ അവീവിലും പ്രാന്തപ്രദേശങ്ങളിലും 'എം 90' റോക്കറ്റുകളാണ് ആക്രമണം നടത്തിയതെന്ന് അല്‍ഖസ്സാം ബ്രിഗേഡ് പ്രസ്താവനയില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it