Sub Lead

ഇന്ന് മലപ്പുറത്തും കോഴിക്കോട്ടും പരിപാടികള്‍; കനത്ത പോലിസ് കാവലില്‍ മുഖ്യമന്ത്രി

ഇന്ന് മലപ്പുറത്തും കോഴിക്കോട്ടും പരിപാടികള്‍; കനത്ത പോലിസ് കാവലില്‍ മുഖ്യമന്ത്രി
X

മലപ്പുറം: പ്രതിഷേധ സാധ്യത കണക്കിലെടുത്ത്, ഇന്നും കനത്ത പോലിസ് കാവലിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്തും കോഴിക്കോട്ടും പൊതുപരിപാടികളില്‍ കര്‍ശന നിയന്ത്രണം തുടരാനാണ് തീരുമാനം. പങ്കെടുക്കുന്നവര്‍ ഒരുമണിക്കൂര്‍ മുമ്പ് എത്തണം. പൊന്നാനി തീരദേശ റോഡ് അടച്ചിടും.

കനത്ത പോലിസ് സുരക്ഷയില്‍ മലപ്പുറത്ത് മുഖ്യമന്ത്രിക്ക് ഇന്ന് രണ്ടു പരിപാടികളാണുളളത്. 10 മണിക്ക് തവനൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ഉദ്ഘാടനമാണ് ആദ്യത്തെ പരിപാടി. വേദിക്ക് സമീപത്തേക്ക് യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഉദ്ഘാടനവേദിയിലേക്ക് ഒന്‍പത് മണിക്ക് ശേഷം പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. ഒന്‍പത് മണിക്ക് ശേഷം കുറ്റിപ്പുറം പൊന്നാനി റോഡ് അടച്ച് ബദല്‍ ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് പോലിസ് അറിയിച്ചു.

തവനൂരിലെ പരിപാടിയില്‍ മന്ത്രി മുഹമ്മദ് റിയാസ്, കെടി ജലീല്‍ എംഎല്‍എ തുടങ്ങിയവരും പങ്കെടുക്കും. തവനൂരിലെ പരിപാടിക്ക് ശേഷം പുത്തനത്താണിയില്‍ 11 മണിക്ക് ഇഎംഎസ് ദേശീയ സെമിനാര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അതിന് ശേഷം മുഖ്യമന്ത്രി കോഴിക്കോടേക്ക് പോകും. മൂന്ന് പരിപാടികളില്‍ പങ്കെടുക്കും.

ഇന്നലെയും കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്ക് പോലിസ് ഒരുക്കിയത്. കനത്ത പോലിസ് കാവലിലും നാടെങ്ങും പ്രതിഷേധം കത്തി. കൊച്ചിയിലെയും കോട്ടയത്തെയും പൊതുപരിപാടികള്‍ കഴിഞ്ഞ് തൃശ്ശൂരിലെ രാമനിലയം ഗസ്റ്റ് ഹൗസില്‍ എത്തിയ മുഖ്യമന്ത്രിക്കെതിരെ ഇവിടെയും പ്രതിഷേധമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ട് പോകാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിച്ച് സുരക്ഷയൊരുക്കി പോലിസ് സേന. പോലിസിന്റെ അസാധാരണ സുരക്ഷാ വലയത്തില്‍ പൊതുജനങ്ങള്‍ വലഞ്ഞു. കൈക്കുഞ്ഞുങ്ങളുമായി വന്ന അമ്മമാരെപ്പോലും തടഞ്ഞു. പത്ത് അകമ്പടി വാഹനങ്ങളോടെ നൂറു കണക്കിന് പോലീസുകാരുടെ വലയത്തില്‍ നീങ്ങിയിട്ടും മുഖ്യമന്ത്രിക്കെതിരെ നാലിടത്ത് കരിങ്കൊടി പ്രതിഷേധം ഉണ്ടായി.

Next Story

RELATED STORIES

Share it