Sub Lead

ഹിന്ദുത്വ കുപ്രചാരണം പൊളിഞ്ഞു; ജയ്പൂരില്‍ പൂജാരിയെ കൊന്നകേസില്‍ രണ്ടുപേര്‍ പിടിയില്‍

ഹിന്ദുത്വ കുപ്രചാരണം പൊളിഞ്ഞു; ജയ്പൂരില്‍ പൂജാരിയെ കൊന്നകേസില്‍ രണ്ടുപേര്‍ പിടിയില്‍
X

ജയ്പൂര്‍: മധ്യപ്രദേശിലെ ജയ്പൂരിനടുത്തുള്ള ടോങ്ക് ജില്ലയിലെ ക്ഷേത്ര പൂജാരിയെ കൊലപ്പെടുത്തിയ കേസില്‍ നാലുമാസത്തിനു ശേഷം അറസ്റ്റില്‍.ഡിഗ്ഗിയിലെ ഭൂരിയ മഹാദേവ ക്ഷേത്രത്തില്‍ 75 കാരനായ പൂജാരി സിയറാം ദാസിനെ കൊലപ്പെടുത്തിയ കേസിലാണ് രാജ്പുര പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ജോധാറാം എന്ന ജോധ്യ എന്ന മുകേഷ്(26), ടോങ്ക് ജില്ലയിലെ ഭവാനിപുര സ്വദേശി ബാലു എന്ന ലംബാ ഹരി സിങ് എന്ന രാമാവതാര്‍(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്നുപേരെ കണ്ടെത്താന്‍ വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലിസ് അറിയിച്ചു. ഇതോടെ, ഹിന്ദുത്വരുടെ കുപ്രചാരണമാണ് പൊളിഞ്ഞത്. പൂജാരിയെ കൊലപ്പെടുത്തിയതിനു പിന്നാലെ വിദ്വേഷജനകമായ പ്രചാരണമാണ് ഹിന്ദുത്വര്‍ നടത്തിയിരുന്നത്.

500 ഓളം പേരെ ചോദ്യം ചെയ്തതിന് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ഇരുവരും സമ്മതിച്ചതായും നിലവില്‍ ഒളിവില്‍ കഴിയുന്ന മറ്റ് മൂന്ന് പേര്‍ക്കും പങ്കുണ്ടെന്ന് പറഞ്ഞതായും പോലിസ് പറഞ്ഞു. 2023 ആഗസ്ത് 29ന് രാത്രി ക്ഷേത്രത്തില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് പൂജാരിയായ സിയറാം ദാസ് കൊല്ലപ്പെട്ടത്. മോഷണം ആസൂത്രണം ചെയ്ത സംഘമാണ് കൊലപാതകം നടത്തിയതെന്ന് ടോങ്ക് എസ്പി രാജാ ഋഷി രാജ് വര്‍മ പറഞ്ഞു. മറ്റ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഉടന്‍ കസ്റ്റഡിയിലെടുക്കും. മോഷണ പ്രേരണയോടെയാണ് ഇവര്‍ ക്ഷേത്രത്തില്‍ പോയത്. പൂജാരി ഉണര്‍ന്ന് മോഷ്ടാക്കളെ തടയാന്‍ ശ്രമിച്ചപ്പോള്‍ കൊലപ്പെടുത്തി 45,000 രൂപയുമായി രക്ഷപ്പെട്ടതായും എസ്പി രാജാ ഋഷി രാജ് വര്‍മ കൂട്ടിച്ചേര്‍ത്തു. വിശുദ്ധ സിയറാം ദാസ് 40 വര്‍ഷത്തോളം ഡിഗ്ഗിയിലെ ഭൂരിയ മഹാദേവ ക്ഷേത്രത്തില്‍ പൂജാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പ്രതികള്‍ക്കെതിരെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളുണ്ട്. അജ്മീര്‍ ജില്ലയിലെ അരായ് മേഖലയില്‍ വച്ചാണ് ജോധ്യ എന്ന ജോധാറാമിനെ പിടികൂടിയത്. സവായ് മധോപൂര്‍ ജില്ലയിലെ ദൂനി, ബൗണ്‍ലി പോലിസ് സ്‌റ്റേഷനുകളില്‍ ജോധരാമിനെതിരേ കൊലക്കേസുകള്‍ നിലവിലുണ്ട്. പോലീസ് കസ്റ്റഡിയില്‍ നിന്ന് വീടുപൊളിച്ച് രക്ഷപ്പെട്ടതിനും കേസുണ്ട്. ബാലുവിനെ കഴിഞ്ഞ ദിവസം വൈകീട്ട് ഡിഗ്ഗി പോലിസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യാനെത്തിച്ചാണ് അറസ്റ്റ് ചെയ്തത്. മൂന്ന് ക്ഷേത്രങ്ങള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് രാമാവതാരം എന്ന ബാലുവിനും കേസുകളുണ്ട്. സിയറാം ദാസിന്റെ കൊലപാതകത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ വന്‍ പ്രതിഷേധം നടത്തുകയും കടകമ്പോളങ്ങള്‍ അടച്ചിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് കൊലയാളികളെ പിടികൂടാന്‍ പ്രത്യേക പോലിസ് സംഘം രൂപീകരിച്ചാണ് പ്രതികളെ പിടികൂടിയത്.

Next Story

RELATED STORIES

Share it