Sub Lead

ആധാര്‍ ദുരുപയോഗം ചെയ്താല്‍ ഒരുകോടിവരെ പിഴ; വിജ്ഞാപനമിറക്കി കേന്ദ്രസര്‍ക്കാര്‍

ആധാര്‍ വിവരങ്ങള്‍ ഹാക്ക് ചെയ്യുകയോ മറ്റൊരാളുടെ ബയോമെട്രിക് വിവരങ്ങള്‍ ചോര്‍ത്തുകയോ ചെയ്താല്‍ മൂന്നുവര്‍ഷം തടവും 10,000 രൂപ പിഴയും ഈടാക്കും. പിഴ അടയ്ക്കാത്തവരുടെ സ്വത്തു കണ്ടുകെട്ടാനും അതോറിറ്റിക്ക് അധികാരമുണ്ടാവും.

ആധാര്‍ ദുരുപയോഗം ചെയ്താല്‍ ഒരുകോടിവരെ പിഴ; വിജ്ഞാപനമിറക്കി കേന്ദ്രസര്‍ക്കാര്‍
X

ന്യൂഡല്‍ഹി: ആധാര്‍ ദുരുപയോഗം ചെയ്താല്‍ ഒരുകോടി രൂപവരെ പിഴ ഈടാക്കാന്‍ ആധാര്‍ അതോറിറ്റിക്ക് (യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ) അധികാരം നല്‍കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം.

ആധാര്‍ വിവരങ്ങള്‍ ഹാക്ക് ചെയ്യുകയോ മറ്റൊരാളുടെ ബയോമെട്രിക് വിവരങ്ങള്‍ ചോര്‍ത്തുകയോ ചെയ്താല്‍ മൂന്നുവര്‍ഷം തടവും 10,000 രൂപ പിഴയും ഈടാക്കും. പിഴ അടയ്ക്കാത്തവരുടെ സ്വത്തു കണ്ടുകെട്ടാനും അതോറിറ്റിക്ക് അധികാരമുണ്ടാവും.

ആധാര്‍ നിയമലംഘനങ്ങളില്‍ നടപടിയെടുക്കാനും പരാതി പരിഹാരത്തിനും കേന്ദ്ര സര്‍ക്കാരിലെ ജോയന്റ് സെക്രട്ടറി തസ്തികയിലുള്ള ഉദ്യോഗസ്ഥനെയും അതോറിറ്റിക്ക് നിയമിക്കാം. 2019ല്‍ പാര്‍ലമെന്റ് പാസാക്കിയ ആധാര്‍ നിയമത്തിന് അനുസൃതമായാണ് ഐടി മന്ത്രാലയം ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തത്.

പരാതിപരിഹാര ഉദ്യോഗസ്ഥന് 10 വര്‍ഷത്തെ സര്‍വീസ് വേണം. നിയമം, മാനേജ്‌മെന്റ്, ഐടി, വാണിജ്യം എന്നീ വിഷയങ്ങളിലൊന്നില്‍ മൂന്നുവര്‍ഷത്തെ വിദഗ്ധപരിചയം ഉണ്ടാവണം. ഇവര്‍ക്കുമുന്നില്‍ ആര്‍ക്കെങ്കിലും എതിരേ പരാതി എത്തിയാല്‍ ഓഫിസര്‍ക്ക് വിളിച്ചുവരുത്താനും പിഴ ചുമത്താനുമുള്ള അധികാരമുണ്ട്. ഒരുകോടി രൂപ വരെ പിഴചുമത്താം. മുന്നോടിയായി കാരണംകാണിക്കല്‍ നോട്ടിസ് നല്‍കണം. വിശദീകരിക്കാനും എതിര്‍ക്കാനുമുള്ള അവസരവും അനുവദിക്കണം. ആരോപണവിധേയര്‍ക്ക് നിയമനടപടിക്കെതിരേ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കാം.

ഏറക്കുറെ എല്ലാ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമായതിന്റെ തുടര്‍ച്ചയായി ദുരുപയോഗവും വര്‍ധിച്ചതായാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതോടെയാണ് ചട്ടങ്ങള്‍ കര്‍ശനമാക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്.

Next Story

RELATED STORIES

Share it