Sub Lead

അംബേദ്കറിന് സവർണ വേഷം : പുസ്തക കവർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധമാർച്ച്

അംബേദ്കറെ സവർണ വേഷത്തിൽ അവതരിപ്പിച്ചതിനെതിരേ വ്യാപക വിമർശനമാണ് ദലിത് അവകാശ പ്രവർത്തകരിൽ നിന്നുയരുന്നത്

അംബേദ്കറിന് സവർണ വേഷം : പുസ്തക കവർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധമാർച്ച്
X

കോഴിക്കോട്: ഭരണഘടനാ ശിൽപിയും ദലിത് അവകാശ പോരാട്ടങ്ങളുടെ നായകനുമായ ഡോ. ബി ആർ അംബേദ്കറിനെ സവർണ വേഷത്തിൽ അവതരിപ്പിച്ചുള്ള പുസ്തക കവർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദലിത് കൂട്ടായ്മ നേതാക്കൾ അറിയിച്ചു. ഹൈക്കോടതി ജങ്ഷനിൽ നിന്ന് എറണാകുളം ഡിസി ബുക്സിലേക്കാണ് പ്രതിഷേധ മാർച്ച്.

ഉണ്ണി ആറിൻറെ 'മലയാളി മെമ്മോറിയൽ' കഥാസമാഹാരത്തിന് സൈനുൽ ആബിദ് ഒരുക്കിയ കവർ ചിത്രമാണ് വിവാദമായത്. പാരമ്പര്യ വേഷം ധരിച്ചല്ല അംബേദ്ക്കർ ജീവിച്ചത്. എന്നാൽ, പുസ്തകത്തിൽ കേരളത്തിന്റെ കസവ് കരയുള്ള മുണ്ടും മേൽശീലയുമണിഞ്ഞ് ചാരുകസേരയിലിരിക്കുന്ന അംബേദ്കറിനെയാണ് മുഖചിത്രത്തിൽ കാണിക്കുന്നത്.

കെ അംബുജാക്ഷൻ, എം ഗീതാനന്ദൻ, അഡ്വ: സജി കെ ചേരമൻ, രമേഷ് നന്മണ്ട, ശ്രീരാമൻ കൊയ്യോൻ, കെ കെ ജിൻഷു, അഡ്വ. സുനിൽ സി കുട്ടപ്പൻ, പി വി സജിവ് കുമാർ, പി കെ വേണു, കെ ഐ ഹരി, വി എസ് രാധാകൃഷ്ണൻ, പി പി സന്തോഷ്, സി എസ് മുരളി ശങ്കർ തുടങ്ങിയവർ പ്രതിഷേധ പരിപാടിയിൽ സംസാരിക്കും.

അംബേദ്കർ നിലകൊണ്ട ആശയങ്ങൾക്ക് വിപരീതമാണ് മുഖചിത്രമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. അംബേദ്കറിന് അടുത്തു തന്നെ ഒരു കിണ്ടിയും ചുവരിൽ കോട്ടിട്ട ഗാന്ധിയുടെ ചിത്രവും ഉണ്ട്. പുസ്തകത്തിൻറെ വിൽപനക്കായി മനപൂർവം വിവാദം സൃഷ്ടിക്കാനാണ് ഇത്തരമൊരു കവർ ഒരുക്കിയതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. സണ്ണി എം കപിക്കാട് ഉൾപ്പെടെയുള്ള ദലിത് ചിന്തകരും സാംസ്കാരിക പ്രവർത്തകരും കവറിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

അംബേദ്കറെ സവർണ വേഷത്തിൽ അവതരിപ്പിച്ചതിനെതിരേ വ്യാപക വിമർശനമാണ് ദലിത് അവകാശ പ്രവർത്തകരിൽ നിന്നുയരുന്നത്. കേരള ദലിത് മഹാസഭാ നേതാവ് സി എസ് മുരളി ശങ്കറാണ് ഈ കാംപയിന് തുടക്കമിട്ടത്. പിന്നാലെ ദലിത് നേതാക്കൾ വിഷയത്തിലിടപെട്ട് കഥാസമാഹാരത്തിന്റെ കവർ ചിത്രം തിരുത്താൻ ആവശ്യപ്പെട്ട് രം​ഗത്തെത്തുകയായിരുന്നു.

ദലിതരുടെ ജീവിതാനുഭവങ്ങളെ സ്വീകരിക്കുകയും സൂക്ഷ്മമായ അർത്ഥത്തിൽ അവയെ നിരാകരിക്കുകയോ അപഹസിക്കുകയോ ചെയ്യുന്ന ആഖ്യാന യുക്തിക്കാണ് ഉണ്ണി ആറിന്റെ കഥ പ്രാമുഖ്യം നൽകുന്നതെന്ന് ഒ കെ സന്തോഷ് അഭിപ്രായപ്പെട്ടു. വിസർജ്യങ്ങളും ഒടിയൻമാരും കുറ്റവാളികളുമായി ചിത്രീകരിച്ചുകൊണ്ട് ദലിതരെ അപരങ്ങളും ആധുനികപൂർവ സമുദായങ്ങളുമാക്കുന്ന വരേണ്യ യുക്തിയാണ് ഇവിടെ മേൽക്കൈ നേടുന്നതെന്നും ഉണ്ണി ആറിന്റെ കഥ അതിന്റെ മാതൃകയായി സ്വീകരിച്ചുവെന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Next Story

RELATED STORIES

Share it