Sub Lead

ഋഷി ഗംഗയില്‍ ജലനിരപ്പ് വീണ്ടും ഉയരുന്നു; ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു

ഋഷി ഗംഗയില്‍ ജലനിരപ്പ് വീണ്ടും ഉയരുന്നു; ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു
X

ഡെറാഡൂണ്‍: മൂന്ന് ദിവസത്തിലേറെയായി ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയത്തെ തുടര്‍ന്നു കാണാതായവര്‍ക്കായി നടത്തിവന്ന തിരച്ചില്‍ നിര്‍ത്തിവച്ചു. ഋഷിഗംഗ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ തിരച്ചില്‍ താല്‍കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ടതായി അധികൃതര്‍ അറിയിച്ചു. രക്ഷാ പ്രവര്‍ത്തനത്തിനായി ഉപയോഗിച്ചുകൊണ്ടിരുന്ന വാഹനങ്ങളും യന്ത്രങ്ങളും അടിയന്തരമായി പ്രദേശത്ത് നിന്ന് മാറ്റികൊണ്ടിരിക്കുകയാണ്. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിയത്.

സൈന്യം ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകരും സുരക്ഷിത സ്ഥാനത്തേക്കു മാറി. എന്‍ടിപിസിയുടെ തപോവന്‍ വിഷ്ണുഗഡ് വൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തില്‍ 35 പേരെങ്കിലും ഇപ്പോഴും അകപ്പെട്ടുകിടക്കുന്നതായാണ് വിവരം. കഴിഞ്ഞ മൂന്നു ദിവസമായി ശ്രമിച്ചിട്ടും കവാടത്തില്‍നിന്ന് ആകെ 100 മീറ്ററോളം മുന്നേറാനേ കരസേനാംഗങ്ങള്‍ക്കു കഴിഞ്ഞിട്ടുള്ളൂ. അടിഞ്ഞുകൂടിയ സിമന്റും ചെളിയും നീക്കുക ഏറെ ശ്രമകരമാണ്. മണ്ണുമാന്തി യന്ത്രമുള്‍പെടെ ഉപയോഗിച്ചു രാപകലില്ലാതെ ശ്രമം തുടരുകയായിരുന്നു. ഡ്രോണ്‍ ഉപയോഗിച്ച് തുരങ്കത്തിനകത്തും ലേസര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ടണലിന് പുറത്തും നിരീക്ഷണം നടത്തുകയായിരുന്നു.

ഐ ടി ബി പി, കരസേന, ദുരന്തനിവാരണസേന എന്നിവരാണ് രക്ഷാപ്രവര്‍ത്തനം പ്രധാനമനായും നടത്തുന്നത്. വ്യോമസേനയുടെ ചിനൂക്ക്, എം ഐ 17 വിമാനങ്ങള്‍ എന്നിവ ഉപയോഗിച്ച് വ്യോമമാര്‍ഗവും തെരച്ചില്‍ നടത്തുകയും രക്ഷാപ്രവര്‍ത്തകര്‍ക്കായി ഉപകരണങ്ങള്‍ എത്തിച്ച് നല്‍കുകയും ചെയ്തിരുന്നു . പതിമൂന്ന് ഗ്രാമങ്ങള്‍ മേഖലയില്‍ ഇപ്പോഴും ഒറ്റപ്പെട്ടിരിക്കുകയാണ്. പാലം തകര്‍ന്നതോടെ കരമാര്‍ഗം സ്ഥലത്തെത്താന്‍ വഴിയില്ല. അതിനാല്‍ വ്യോമ മാര്‍ഗമാണ് ഭക്ഷ്യവസ്തുക്കളും കുടിവെളളവും എത്തിക്കുന്നത്. ദുരന്തത്തില്‍ 34 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. 172 പേരെയെങ്കിലും ഇനി കണ്ടെത്താനുണ്ട്.




Next Story

RELATED STORIES

Share it