Sub Lead

ഹലാല്‍ സ്റ്റിക്കറിന്റെ പേരില്‍ അതിക്രമം; മുഖ്യ പ്രതിക്കെതിരേ നടപടിയെടുക്കാതെ ഇന്‍ഡസ് മോട്ടോഴ്‌സ്

ബിസിനസ് കാര്യങ്ങളില്‍നിന്നു താല്‍ക്കാലികമായി മാറ്റിനിര്‍ത്താന്‍ വാക്കാലുള്ള നിര്‍ദേശമാണ് മാനേജ്‌മെന്റ് ഭാഗത്തുനിന്നു ലഭിച്ചിട്ടുള്ളതെന്നും സസ്‌പെന്റ് ചെയ്‌തെന്ന ഉത്തരവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും മലബാര്‍ റീജ്യനണല്‍ മാനേജര്‍ ജിതേഷ് തേജസിനോട് പറഞ്ഞു.

ഹലാല്‍ സ്റ്റിക്കറിന്റെ പേരില്‍ അതിക്രമം;   മുഖ്യ പ്രതിക്കെതിരേ നടപടിയെടുക്കാതെ ഇന്‍ഡസ് മോട്ടോഴ്‌സ്
X

കോഴിക്കോട്: ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് കോഴിക്കോട് പേരാമ്പ്രയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ കയറി ആക്രമണം നടത്തിയ സംഭവത്തിലെ മുഖ്യപ്രതി ആര്‍എസ്എസുകാരനും മേപ്പയ്യൂര്‍ സ്വദേശിയുമായ പ്രസൂണിനെതിരേ നടപടിയെടുക്കാന്‍ തയ്യാറാവാതെ ഇന്‍ഡസ് മോട്ടോഴ്‌സ്.

ബിസിനസ് കാര്യങ്ങളില്‍നിന്നു താല്‍ക്കാലികമായി മാറ്റിനിര്‍ത്താന്‍ വാക്കാലുള്ള നിര്‍ദേശമാണ് മാനേജ്‌മെന്റ് ഭാഗത്തുനിന്നു ലഭിച്ചിട്ടുള്ളതെന്നും സസ്‌പെന്റ് ചെയ്‌തെന്ന ഉത്തരവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും മലബാര്‍ റീജ്യനണല്‍ മാനേജര്‍ ജിതേഷ് തേജസിനോട് പറഞ്ഞു.

പോലിസ് അറസ്റ്റ് ചെയ്ത പ്രസൂണ്‍ കമ്പനിയുടെ കുറ്റിയാടി ബ്രാഞ്ച് മാനജേര്‍ (ടെറിറ്റോറിയല്‍ ഹെഡ്) ആണ്. അതേസമയം, ഇയാളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപോര്‍ ചെയ്യുന്നുണ്ട്.

സംഭവം അന്വേഷിച്ച് വരികയാണെന്ന് ഇന്‍ഡസ് മോട്ടോഴ്‌സ് നിയമ വിഭാഗം മേധാവി ദീപ തേജസിനോട് പറഞ്ഞു. ഇയാള്‍ ഒരു ക്രിമിനല്‍ കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഇന്‍ഡസ് മോട്ടോഴ്‌സിന്റെ ചട്ട പ്രകാരം അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയാണ് ആദ്യ നടപടി. അതിനായുള്ള നീക്കങ്ങള്‍ നടത്തി വരികയാണെന്നും തുടര്‍ന്ന് കമ്പനിയുടെ അന്വേഷണ ശേഷവും പിന്നീടുള്ള പോലിസ് കോടതി നടപടിയും കണക്കിലെടുത്ത് അന്തിമ തീരുമാനം പിന്നീടെടുക്കുമെന്നും അവര്‍ അറിയിച്ചു.

ആക്രമണക്കേസിലെ മുഖ്യപ്രതിയാണ് മേപ്പയൂര്‍ മഠത്തുംഭാഗം സ്വദേശി പ്രണവ് ഹൗസില്‍ പ്രസൂണ്‍ നാരായണന്‍. ഇയാളെ ഇന്നലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ട രണ്ടാം പ്രതിയായ ഹരികൃഷ്ണന്‍ ഒളിവിലാണെന്നാണ് പോലിസ് പറയുന്നത്.

പ്രതികള്‍ക്കെതിരെ ഐപിസി 308 (വധശ്രമം), 341 (തടഞ്ഞുവയ്ക്കല്‍), 323 (ദേഹോപദ്രവം ഏല്‍പ്പിക്കല്‍), 324 (അപകടകരമായ ആയുധങ്ങളോ മാര്‍ഗങ്ങളോ ഉപയോഗിച്ച് മുറിവേല്‍പ്പിക്കല്‍) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പേരാമ്പ്ര പോലിസ് കേസെടുത്തത്. എന്നാല്‍, ആളുകള്‍ക്കിടയില്‍ വിദ്വേഷം ജനിപ്പിച്ച് ലഹള ഉണ്ടാക്കാനെന്ന ഉദ്ദേശത്തോടെയാണ് അതിക്രമം നടത്തിയതെന്ന് എഫ്‌ഐആറില്‍ ഉണ്ടായിട്ടും പ്രതികള്‍ക്കെതിരെ കലാപശ്രമ വകുപ്പ് ചുമത്താത്തത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. കൂടാതെ, കേസ് രണ്ടു പേരിലൊതുക്കി തീര്‍ക്കാനുള്ള പോലിസ് ശ്രമത്തിനെതിരേയും ശക്തമായ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

ഇന്നലെ വൈകീട്ടോടെയാണ് പേരാമ്പ്രയിലെ ബാദുഷ ഹൈപ്പര്‍മാര്‍ക്കറ്റിലാണ് ആക്രമണമുണ്ടായത്. നാലു പേരടങ്ങുന്ന സംഘമെത്തി ഹലാല്‍ സ്റ്റിക്കറുള്ള ബീഫുണ്ടോയെന്ന് ചോദിച്ചു. ഇവിടെ ബീഫ് സൂക്ഷിച്ചിരുന്ന ഫ്രീസറിനു മുകളില്‍ ഹലാല്‍ സ്റ്റിക്കര്‍ പതിച്ചിരുന്നു. ഉണ്ടെന്നു പറഞ്ഞപ്പോള്‍ ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ജീവനക്കാരെ മര്‍ദിക്കുകയായിരുന്നു. അക്രമികള്‍ വാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് സൂപ്പര്‍മാര്‍ക്കറ്റിലെത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

Next Story

RELATED STORIES

Share it