Sub Lead

നിങ്ങളുടെ ബോധ്യം ആര് പരിഗണിക്കുന്നു, ചെയ്യാനുള്ളത് അങ്ങ് ചെയ്യ്; വഖ്ഫ് വിഷയത്തില്‍ ലീഗിനെതിരേ ആഞ്ഞടിച്ച് പിണറായി

നിങ്ങളുടെ ബോധ്യം ആര് പരിഗണിക്കുന്നു, ചെയ്യാനുള്ളത് അങ്ങ് ചെയ്യ്; വഖ്ഫ് വിഷയത്തില്‍ ലീഗിനെതിരേ ആഞ്ഞടിച്ച് പിണറായി
X

കണ്ണൂര്‍: വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് എതിര്‍പ്പുയര്‍ത്തിയ മുസ്‌ലിം ലീഗിനെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്‌ലിംകളുടെ മുഴുവന്‍ അട്ടിപ്പേറവകാശവും പേറിക്കൊണ്ടാണോ മുസ്‌ലിം ലീഗ് നടക്കുന്നതെന്ന് പിണറായി ചോദിച്ചു. വഖ്ഫ് വിഷയത്തില്‍ മുസ്‌ലിം ലീഗിന്റെ ബോധ്യം ആര് പരിഗണിക്കുന്നു, ലീഗിന് എന്താണോ ചെയ്യാനുള്ളത് അത് ചെയ്തുകാണിക്ക്, ഞങ്ങള്‍ക്ക് അതൊരു പ്രശ്‌നമല്ല. നിങ്ങള്‍ ഇത്തരം വിതണ്ട വാദവുമായി മുന്നോട്ടുവന്നെന്ന് പറഞ്ഞ് ഞങ്ങള്‍ ഞങ്ങളുടെ നിലപാടില്‍നിന്ന് മാറുമെന്ന് ആരും കരുതേണ്ടെന്നും പിണറായി വ്യക്തമാക്കി.

സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്‍ പ്രതിനിധി സമ്മേനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പിണറായി വിജയന്‍ മുസ്‌ലിം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ചത്. വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മുസ്‌ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് ഇന്നലെ വഖഫ് സംരക്ഷണ റാലി സംഘടിപ്പിച്ചിരുന്നു. പൊതുസമ്മേളനത്തില്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം നടത്തിയ ലീഗ് നേതാക്കള്‍ക്ക് മറുപടി നല്‍കുകയായിരുന്നു പിണറായി.

വഖ്ഫ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതാണ്. വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിച്ചത് വഖഫ് ബോര്‍ഡ് ആണ്. അത് സര്‍ക്കാര്‍ അംഗീകരിച്ചു. ആ ചര്‍ച്ചയില്‍ ലീഗ് നേതാക്കളും പങ്കെടുത്തിരുന്നു. ഇപ്പോള്‍ ഉള്ള ആളുകളുടെ ജോലി സംരക്ഷിക്കണമെന്നത് മാത്രമായിരുന്നു അവരുടെ ആവശ്യം. മുസ്‌ലിം പ്രബലസംഘടനകളില്‍പ്പെട്ട ജിഫ്രി തങ്ങളുമായും കാന്തപുരവുമായും മറ്റ് സംഘടനകളുമായും ചര്‍ച്ച നടത്തി. അവര്‍ക്ക് കാര്യം ബോധ്യമായി. അവര്‍ക്ക് യാതൊരു ആശങ്കയുമില്ല. എന്നാല്‍, ലീഗിന് മാത്രം കാര്യം ബോധ്യമായില്ല. ലീഗിന്റെ ബോധ്യം ആര്‍ക്ക് വേണം. ബാക്കി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു പിടിവാശിയുമില്ല. ഇപ്പോള്‍ എന്തായാലും നിയമനം പിഎസ്‌സിക്ക് വിടാന്‍ തീരുമാനിച്ചിട്ടില്ല. എല്ലാവരുമായും കൂടിയാലോചിച്ച ശേഷമേ ബാക്കി കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോവൂ- മുഖ്യമന്ത്രി വ്യക്തമാക്കി. മുസ്‌ലിംകളുടെ മുഴുവന്‍ അട്ടിപ്പേറവകാശം ലീഗിനില്ല. ഞങ്ങളുടെ കൂടെയും മുസ്‌ലിം വിഭാഗക്കാരുണ്ട്. അവരെ കുറച്ചുകാണാന്‍ പറ്റുമോ. വര്‍ഗീയതയുടെ ഭാഗമായി മലപ്പുറത്തെ എടുത്താണല്ലോ സംഘപരിവാര്‍ ആക്രമിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് എല്‍ഡിഎഫിനുണ്ടായ വളര്‍ച്ച നോക്കൂ, ആ വോട്ടിങ് പാറ്റേണ്‍ നോക്കിയാല്‍ മനസ്സിലാവില്ലേ...? അതാണ് മാറ്റം. ഏതെങ്കിലും മതവിഭാഗത്തിന്റെ അട്ടിപ്പേറവകാശവുമായി വന്നാല്‍ അത് അംഗീകരിക്കാന്‍ തയ്യാറല്ലെന്നും പിണറായി തുറന്നടിച്ചു.

നിങ്ങള്‍ മത സംഘടനയാണോ രാഷ്ട്രീയ പാര്‍ട്ടിയാണോയെന്ന കാര്യത്തില്‍ ആദ്യം തീരുമാനിക്ക്. എന്നിട്ടാവാം ബാക്കി. വലിയ തോതില്‍ സര്‍ക്കാരിനെതിരേ ജനവികാരം തിരിച്ചുവിടാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പിണറായി കുറ്റപ്പെടുത്തി. മുസ്‌ലിം ലീഗും സമുദായ സംഘടനകളും തമ്മിലുള്ള ഐക്യം തകര്‍ക്കാന്‍ ആരുശ്രമിച്ചാലും നടക്കില്ലെന്നും സമസ്തയുടെ മുന്‍നേതാക്കള്‍ ലീഗിനോടൊപ്പം നിന്നാണ് പ്രവര്‍ത്തിച്ചതെന്നും ലീഗിന്റെ വഖഫ് സംരക്ഷണ റാലി ഉദ്ഘാടനം ചെയ്ത ശേഷം പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞിരുന്നു. സമുദായ ഐക്യത്തെ ലീഗ് കണ്ണിലെ കൃഷ്ണമണി പോലെ കാണുന്നു. ആ കട്ടില്‍ കണ്ട് ക്ലിഫ് ഹൗസിലടക്കം ആരും പനിച്ചുകിടക്കേണ്ടെന്നും സാദിഖലി തങ്ങള്‍ പരിഹസിച്ചു. ഇതിന് മറുപടിയായാണ് മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം ലീഗിനില്ലെന്ന് മുഖ്യമന്ത്രി തരിച്ചടിച്ചത്.

Next Story

RELATED STORIES

Share it