Sub Lead

സ്ത്രീകളുടെ ആര്‍ജ്ജവമുള്ള പ്രതിരോധം ഫാഷിസ്റ്റുകളെ ഭയപ്പെടുത്തും: ലുബ്‌നാ സിറാജ്

ശ്രദ്ധേയമായി നാഷനല്‍ വിമന്‍സ് ഫ്രണ്ട് കേരള വനിതാ സമ്മേളനം

സ്ത്രീകളുടെ ആര്‍ജ്ജവമുള്ള പ്രതിരോധം ഫാഷിസ്റ്റുകളെ ഭയപ്പെടുത്തും: ലുബ്‌നാ സിറാജ്
X

കോഴിക്കോട്: സ്ത്രീകളുടെ ആര്‍ജ്ജവമുള്ള പ്രതിരോധം ഫാഷിസ്റ്റുകളെ ഭയപ്പെടുത്തുക തന്നെ ചെയ്യുമെന്നും ഫാഷിസത്തിനെതിരേ മൗനമല്ല, മൂര്‍ച്ചയുള്ള ശബ്ദമാണ് വേണ്ടതെന്നും നാഷനല്‍ വിമന്‍സ് ഫ്രണ്ട് ദേശീയ ഉപാധ്യക്ഷ ലുബ്‌നാ സിറാജ് പറഞ്ഞു. 'ഫാഷിസ്റ്റ് കാലത്തെ സ്ത്രീ പ്രതിരോധം' എന്ന പ്രമേയത്തില്‍ നാഷനല്‍ വിമന്‍സ് ഫ്രണ്ട് കേരള സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഓണ്‍ലൈന്‍ വനിതാ സമ്മേളന ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മതത്തിന്റെ പേരില്‍ രാജ്യത്തെ പൗരന്‍മാരെ വിഭജിക്കുന്ന ഫാഷിസ്റ്റുകള്‍ ഏറ്റവും ഭയപ്പെടുന്നത് സ്ത്രീശബ്ദത്തെയാണെന്ന് സമീപകാല സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഗൗരി ലങ്കേഷ്, ഷെഹ് ലാ റഷീദ്, സഫൂറ സര്‍ഗര്‍ എന്നിവര്‍ക്കെതിരായ നടപടികള്‍ ഇതാണ് തെളിയിക്കുന്നത്. ഭരണഘടന ഉറപ്പുനല്‍കുന്ന സംസാരിക്കാനും അഭിപ്രായം പറയാനുമുള്ള അവകാശത്തെ പോലും അവര്‍ ഇല്ലായ്മ ചെയ്യുകയാണ്. കരുത്തുറ്റ ശബ്ദങ്ങളെ അടിച്ചമര്‍ത്തി ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ അതിനെയെല്ലാം അതിജയിക്കാന്‍ സ്ത്രീശബ്ദങ്ങള്‍ക്ക് കഴിയുമെന്നും ലുബ്‌നാ സിറാജ് പറഞ്ഞു.

എന്‍ഡബ്ല്യുഎഫ് സംസ്ഥാന പ്രസിഡന്റ് എം ഹബീബ അധ്യക്ഷത വഹിച്ചു. പശ്ചിമഘട്ട ഏകോപന സമിതി ചെയര്‍പേഴ്‌സണ്‍ ബല്‍ക്കീസ് ബാനു, ദലിത് ആക്റ്റിവിസ്റ്റ് മൃദുലാ ദേവി, സാമൂഹിക പ്രവര്‍ത്തക ജെ ദേവിക, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സമിതിയംഗം കെ ലസിത, ജെഎന്‍യു വിദ്യാര്‍ത്ഥി ഫര്‍ഹാന ആഷിക്, കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് സെബാ ഷെറിന്‍, ആക്റ്റിവിസ്റ്റ് ഗൗരി, ഫാത്തിമാ ബത്തൂല്‍ എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു. എന്‍ഡബ്ല്യുഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ഷാഹിന, വൈസ് പ്രസിഡന്റ് എ കെ കവിത, സെക്രട്ടറി കെ ഷരീഫ, ഖജാഞ്ചി പി കെ റംല, സംസ്ഥാന കമ്മിറ്റിയംഗം ഷമീന സംബന്ധിച്ചു.

സ്ത്രീധന പീഡനകേസുകളില്‍ പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തുക, മുസ്‌ലിം സ്ത്രീകള്‍ക്കെതിരേ സൈബര്‍ ആക്രമണം നടത്തിയ സംഘപരിവാര്‍ ക്രിമിനലുകള്‍ക്ക് കര്‍ശന ശിക്ഷനല്‍കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനകളും കൊലപാതകങ്ങളും ആത്മഹത്യകളും വര്‍ധിച്ചു വരുന്നത് ആശങ്കാജനകമാണെന്നും വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍പോലും ഇത്തരം ക്രൂരതകള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നത് അതീവ ഗുരുതരമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. സ്ത്രീധന പീഡനവിരുദ്ധനിയമങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെങ്കിലും നിയമത്തിന്റെ പഴുതിലൂടെ പ്രതികള്‍ രക്ഷപ്പെടുന്നു. ഇത്തരം കേസുകളില്‍ പ്രതികള്‍ എത്ര ഉന്നതരായാലും അവര്‍ക്കെതിരേ കര്‍ശന ശിക്ഷ നടപ്പാക്കി സ്ത്രീ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത കാണിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. ഫാഷിസ്റ്റുകള്‍ക്ക് യാതൊരുവിധ മാനുഷിക മൂല്യങ്ങളും ധാര്‍മികതയും കാത്തുസൂക്ഷിക്കാന്‍ കഴിയില്ലെന്നതിന്റെ മികച്ച ഉദാഹരണങ്ങളിലൊന്നാണ് സുള്ളി ഡീല്‍സ് എന്നും ഫാഷിസ്റ്റ് സൈബര്‍ കുറ്റവാളികള്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

Women's ardent resistance will intimidate fascists: Lubna Siraj




Next Story

RELATED STORIES

Share it