Web & Social

ഇന്ത്യയില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നതില്‍ ഫേസ്ബുക്കിന്റെ പങ്ക് അവഗണിച്ചു; മനുഷ്യാവകാശ റിപോര്‍ട്ട് തള്ളി വിസില്‍ബ്ലോവര്‍മാര്‍

ഇന്ത്യയില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നതില്‍ ഫേസ്ബുക്കിന്റെ പങ്ക് അവഗണിച്ചു; മനുഷ്യാവകാശ റിപോര്‍ട്ട് തള്ളി വിസില്‍ബ്ലോവര്‍മാര്‍
X

വാഷിങ്ടണ്‍: ഇന്ത്യയിലുടനീളം വിദ്വേഷവും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതില്‍ ഫേസ്ബുക്കിന്റെ പങ്കിനെ അവഗണിച്ചുകൊണ്ട് തയ്യാറാക്കിയ ഉടമസ്ഥ കമ്പനിയായ മെറ്റയുടെ മനുഷ്യാവകാശ റിപോര്‍ട്ടിനെ തള്ളി വിസില്‍ബ്ലോവര്‍മാരായി മാറിയ ഫേസ്ബുക്ക് ജീവനക്കാരായ ഫ്രാന്‍സെസ് ഹൗഗന്‍, സോഫി ഷാങ് എന്നിവര്‍ രംഗത്ത്. ഈ മാസം ആദ്യമാണ് മെറ്റയുടെ ആദ്യത്തെ ആഗോള മനുഷ്യാവകാശ ആഘാത വിലയിരുത്തല്‍ (എച്ച്ആര്‍ഐഎ) റിപോര്‍ട്ട് പുറത്തിറങ്ങിയത്.

ഇന്ത്യയില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നത് പരിഹരിക്കുന്നതില്‍ ഫേസ്ബുക്ക് പരാജയപ്പെട്ടെന്നും പ്രത്യേകിച്ച് ഇന്ത്യ ഭരിക്കുന്ന ബിജെപിയുടെ വിദ്വേഷത്തെ ചെറുക്കുന്നതിന് പകരം ലാഭത്തിനാണ് മുന്‍ഗണന നല്‍കിയതെന്നും ഇരുവരും ഒരു കോണ്‍ഗ്രസില്‍ സംസാരിക്കവെ കുറ്റപ്പെടുത്തി. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അതിനെതിരായ പ്രത്യാഘാതങ്ങള്‍ക്ക് പരിഹാരങ്ങള്‍ നല്‍കുന്നതിനും നടപടിയെടുത്തുവെന്ന മെറ്റയുടെ അവകാശവാദം ഫ്രാന്‍സെസ് ഹൗഗന്‍, സോഫി ഷാങ് തള്ളിക്കളഞ്ഞു. ഫേസ്ബുക്കിലെ മുന്‍ ഡാറ്റാ സയന്റിസ്റ്റാണ് ഹൗഗന്‍.

ഫേസ്ബുക്കിലെ പോസ്റ്റുകള്‍ സംബന്ധിച്ച് പരാതി അറിയിക്കുന്നതിന് മേല്‍നോട്ട ബോര്‍ഡ് തങ്ങള്‍ക്കുണ്ടെന്നാണ് ഫേസ്ബുക്ക് റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. അതനുസരിച്ച് പോസ്റ്റുകള്‍ നീക്കംചെയ്യുന്നത് സുതാര്യമായാണെന്നും റിപോര്‍ട്ട് പറയുന്നു. എന്നാല്‍, ഏത് ഭാഷകളില്‍ ഏത് ഉള്ളടക്ക മോഡറേഷന്‍ സിസ്റ്റങ്ങള്‍ നിലവിലുണ്ട്, ആ സിസ്റ്റങ്ങളുടെ പ്രകടനത്തെക്കുറിച്ചുള്ള അടിസ്ഥാന ഡാറ്റ പോലും അവര്‍ തങ്ങള്‍ക്ക് നല്‍കില്ല എന്നതാണ് യാഥാര്‍ഥ്യമെന്ന് വെര്‍ച്വല്‍ ബ്രീഫിങ്ങില്‍ ഹൗഗന്‍ പറഞ്ഞു.

ഉയര്‍ന്ന നിലവാരമുള്ള ഉള്ളടക്ക മോഡറേഷന്‍ സിസ്റ്റങ്ങളില്‍ ഫേസ്ബുക്ക് 'കുറച്ച് നിക്ഷേപം' നടത്തുകയും അവര്‍ക്കായി 'ഏറ്റവും കുറഞ്ഞ തുക വിനിയോഗിക്കുകയും ചെയ്യുന്നു. ആക്ടിവിസ്റ്റുകളുടെ ഉള്ളടക്കം നീക്കം ചെയ്യുന്നതിനാല്‍ ഈ സിസ്റ്റങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ സാംപിളുകള്‍ കാണാന്‍ പോലും അവര്‍ തങ്ങളെ അനുവദിക്കാറില്ല. ഫേസ്ബുക്കിന്റെ ഏറ്റവും സുരക്ഷിതമായ പതിപ്പ് കാണാന്‍ കഴിഞ്ഞത് അമേരിക്കയിലാണെന്ന് ഹൗഗന്‍ പറഞ്ഞു.

ബിജെപി നേതാവുമായി ബന്ധമുള്ള വ്യാജ അക്കൗണ്ടുകള്‍ പൂട്ടുന്നതില്‍ ഫേസ്ബുക്ക് പരാജയപ്പെട്ടെന്ന് വിസില്‍ബ്ലോവര്‍ സോഫി ഷാങ് അഭിപ്രായപ്പെട്ടു. അത്തരക്കാരുടെ മോശം പെരുമാറ്റത്തെ എതിര്‍ക്കാതെ തുടരാന്‍ ഫേസ്ബുക്ക് അനുവദിക്കുകയും സ്വേച്ഛാധിപത്യ സര്‍ക്കാരുകള്‍ക്ക് വന്‍തോതിലുള്ള സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.

അധികാരത്തിലുള്ളവരോട് ഫേസ്ബുക്ക് പക്ഷപാതം കാണിക്കുകയാണ്. ഇന്ത്യയില്‍ വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും നിയന്ത്രിക്കുന്നതില്‍ ഫേസ്ബുക്ക് വീഴ്ചവരുത്തുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഫേസ്ബുക്ക് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ തകര്‍ച്ചയിലേക്ക് നയിക്കുകയാണെങ്കില്‍, അത് അമേരിക്കയുമായുള്ള ബന്ധത്തെയും ആഗോളതലത്തില്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങളെയും വ്രണപ്പെടുത്തും- അവര്‍ പറഞ്ഞു.

ബിജെപിയുടെ പാര്‍ലമെന്റ് അംഗവുമായി ബന്ധമുള്ളതിനാല്‍ താന്‍ കണ്ടെത്തിയ ഇന്ത്യയിലെ വ്യാജ അക്കൗണ്ടുകള്‍ അടച്ചുപൂട്ടാന്‍ മെറ്റ വിസമ്മതിച്ചെന്ന് ഷാങ് പറഞ്ഞു. വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയിട്ടും തനിക്ക് ആരില്‍ നിന്നും അനുകൂല പ്രതികരണം ലഭിച്ചില്ല. അവര്‍ തന്നെ കല്ലെറിയുകയാണ് ചെയ്തത്. ബിജെപി എംപിയെ ഭയപ്പെട്ടതുകൊണ്ടാണ് വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതിന് ഫേസ്ബുക്കിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനമുണ്ടാവാതിരുന്നത്. ലോകത്തെ രക്ഷിക്കുന്നതിനോ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനോ അല്ല ഫേസ്ബുക്ക് ശ്രദ്ധിച്ചത്. അതിന്റെ ലാഭത്തെക്കുറിച്ച് മാത്രമാണ് അവര്‍ നോക്കിയതെന്ന് ഷാങ് കൂട്ടിച്ചേര്‍ത്തു.

ജെനോസൈഡ് വാച്ച്, വേള്‍ഡ് വിത്തൗട്ട് ജെനോസൈഡ്, ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍, ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്, ഇന്റര്‍നാഷനല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍, ജൂബിലി കാംപയിന്‍, 21വില്‍ബര്‍ഫോഴ്‌സ്, ദലിത് സോളിഡാരിറ്റി ഫോറം, ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ക്രിസ്റ്റ്യന്‍, ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക, ഇന്ത്യ സിവില്‍ വാച്ച് ഇന്റര്‍നാഷണല്‍, സെന്റര്‍ ഫോര്‍ പ്ലൂറലിസം, ഇന്റര്‍നാഷനല്‍ കമ്മീഷന്‍ ഫോര്‍ ദലിത് റൈറ്റ്‌സ്, അമേരിക്കന്‍ മുസ്‌ലിം ഇന്‍സ്റ്റിറ്റിയൂഷന്‍, സ്റ്റുഡന്റ്‌സ് എഗെയ്ന്‍സ്റ്റ് ഹിന്ദുത്വ ഐഡിയോളജി, ഇന്റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ പീസ് ആന്റ് ജസ്റ്റിസ്, ദി ഹ്യൂമനിസം പ്രോജക്ട്, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മുസ്‌ലിംസ് ഓഫ് അമേരിക്ക എന്നിവര്‍ ചേര്‍ന്നാണ് കോണ്‍ഗ്രസ് ബ്രീഫിങ് സംഘടിപ്പിച്ചത്.

ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഇംപാക്ട് അസസ്‌മെന്റ് (എച്ച്ആര്‍ഐഎ) റിപോര്‍ട്ട് ഫേസ്ബുക്ക് പുറത്തുവിടാന്‍ വൈകുന്നതിനെതിരേ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. 20 ഓളം ഓര്‍ഗനൈസേഷനുകളും വിസില്‍ബ്ലോവര്‍മാരായ ഫ്രാന്‍സെസ് ഹോഗന്‍, സോഫി ഷാങ്, മുന്‍ ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് ബ്രയാന്‍ ബോലാന്‍ഡ് എന്നിവരുള്‍പ്പെടെയുള്ളവരുടെ ഗ്രൂപ്പാണ് റിപോര്‍ട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിരുന്നത്.

Next Story

RELATED STORIES

Share it