- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അല്‍ ഫിത്‌റ: മാതൃക ഈജിപ്ഷ്യന്‍ പഠന രീതി
കേരളത്തില്‍ ഇസ്‌ലാമിക് പ്രീ സ്‌കൂള്‍ എന്ന ആശയം കൊണ്ടുവന്നത് അല്‍ ഫിത്‌റ ആണ്. 2002 മുതല്‍ ഈജിപ്തിലെ കെയ്‌റോയില്‍ തുടങ്ങിയ നൂറുല്‍ ബയാന്‍ പ്രീ പ്രൈമറി സ്‌കൂളുകളുടെ പഠനരീതി പിന്തുടര്‍ന്നാണ് 2012ല്‍ കോഴിക്കോട് കേന്ദ്രമായി അല്‍ ഫിത്‌റ ഇസ്‌ലാമിക് പ്രീ സ്‌കൂള്‍ തുടങ്ങിയത്. 1972 മുതല്‍ കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്‍ജുമന്‍ തഅ്‌ലീമുല്‍ ഖുര്‍ആനു കീഴിലുള്ള സ്ഥാപനമാണ് അല്‍ ഫിത്‌റ ഇസ്‌ലാമിക് പ്രീ സ്‌കൂള്‍. അല്‍ ഫിത്‌റ മാതൃകയാക്കിയാണ് ഇസ്‌ലാമിക് പ്രീ സ്‌കൂള്‍ കൂടുതല്‍ വ്യാപിച്ചത്. വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന സ്ഥാപനമാണ് അന്‍ജുമന്‍ തഅ്‌ലീമുല്‍ ഖുര്‍ആന്‍. ഏഴു വയസ്സു മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികളാണ് ഇവിടത്തെ പഠിതാക്കള്‍. താമസ സൗകര്യത്തോടെയുള്ള പഠനരീതിയാണ് അന്‍ജുമനില്‍ നല്‍കുന്നത്. ഇവിടെ കുട്ടികളുടെ എണ്ണം കുറഞ്ഞുവന്നതോടെയാണ് ചെറുപ്രായത്തില്‍ തന്നെ മത ഭൗതിക പഠന സൗകര്യം നല്‍കുന്ന സ്ഥാപനത്തെക്കുറിച്ചു ചിന്തിച്ചതെന്ന് അന്‍ജുമന്‍ തഅ്‌ലീമുല്‍ ഖുര്‍ആന്‍ സെക്രട്ടറി മുഹമ്മദ് യൂനുസ് 'തേജസി'നോടു പറഞ്ഞു. സംഘടനാ വേര്‍തിരിവുകളില്ലാതെ, എല്ലാവര്‍ക്കും പഠന സൗകര്യം നല്‍കുന്ന സ്ഥാപനമാണ് അന്‍ജുമന്‍ തഅ്‌ലീമുല്‍ ഖുര്‍ആന്‍. അല്‍ ഫിത്‌റയും അതേ രീതിയില്‍ തന്നെയാണ് തുടങ്ങിയത്.
2011ല്‍ മുഹമ്മദ് യൂനുസും പണ്ഡിതനായ സഈദ് ഫാറൂഖിയും ഈജിപ്ത് സന്ദര്‍ശിച്ചാണ് നൂറുല്‍ ബയാനിലെ പഠനരീതികള്‍ മനസ്സിലാക്കിയത്. ഇസ്‌ലാമിക് പ്രീ സ്‌കൂള്‍ എന്ന ആശയം ആരംഭിച്ചതു യമനിലാണ്. ഒന്നോ രണ്ടോ വര്‍ഷത്തിന്റെ ഇടവേളയില്‍ കുഞ്ഞുങ്ങള്‍ ജനിക്കുന്ന യമനി കുടുംബങ്ങളില്‍ ചെറിയ കുട്ടികളുടെ പരിചരണവും ഖുര്‍ആന്‍ പഠനവും ഒന്നിച്ചു കൊണ്ടുപോവുന്നതിന് ആരംഭിച്ചതാണ് ഇസ്‌ലാമിക് പ്രീ സ്‌കൂള്‍ പഠനരീതി. വളരെ ചെറുപ്പത്തിലുള്ള ഖുര്‍ആന്‍ പഠനരീതിക്കു പ്രചാരമേറിയതോടെ ഈജിപ്തിലേക്കും ഇത്തരം പഠനരീതി വ്യാപിച്ചു. ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്‌റോവില്‍ ആദ്യത്തെ ഇസ്‌ലാമിക് പ്രീ സ്‌കൂളായ നൂറുല്‍ ബയാന്‍ ആരംഭിച്ചത് അങ്ങനെയാണ്. മൂന്നു മുതല്‍ ആറു വയസ്സു വരെയുള്ള കുട്ടികള്‍ക്കു വേണ്ടി മാത്രമാണ് നൂറുല്‍ ബയാന്‍ പ്രീ സ്‌കൂള്‍. ആറു വയസ്സിനു ശേഷം സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്നാണ് ഈജിപ്തിലെ നിയമം. അല്‍ അസ്ഹര്‍ സര്‍വകലാശാലയ്ക്കു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പിന്നീടുള്ള പഠനം. എല്ലാ അറബ് രാജ്യങ്ങളിലും, ചൈന, ഇന്തോനീസ്യ, സുഡാന്‍, മലേസ്യ, അമേരിക്ക, ഫ്രാന്‍സ് എന്നിവിടങ്ങളിലും നൂറുല്‍ ബയാന്റെ രീതിയിലുള്ള സ്ഥാപനങ്ങളുണ്ട്. തിരിച്ചു നാട്ടിലെത്തിയ മുഹമ്മദ് യൂനുസും സഈദ് ഫാറൂഖിയും 2012ല്‍ അല്‍ ഫിത്‌റ എന്ന ബ്രാന്റ് നെയിം രജിസ്റ്റര്‍ ചെയ്തു കോഴിക്കോട് ഇസ്‌ലാമിക് പ്രീ സ്‌കൂള്‍ ആരംഭിച്ചു.
ഈജിപ്തിലെ നൂറുല്‍ ബയാന്റെ അറബിക് സിലബസാണ് അല്‍ ഫിത്‌റയില്‍ ഉപയോഗിക്കുന്നത്. ഇതിനൊപ്പം ഇംഗ്ലീഷ് കൂടി അധികമായി ഉള്‍പ്പെടുത്തി. ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയുടെ സിലബസ് പ്രകാരമുള്ള പുസ്തകങ്ങളാണ് ഇംഗ്ലീഷിന് ഉപയോഗിക്കുന്നത്. ഇംഗ്ലീഷ് പുസ്തകങ്ങള്‍ ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി പ്രസില്‍ നിന്ന് അല്‍ ഫിത്‌റയ്ക്കു വേണ്ടി പ്രത്യേകം തയ്യാറാക്കിയാണ് നല്‍കുന്നത്. ഇംഗ്ലീഷ് അധ്യാപകരുടെ പരിശീലനവും ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റി പ്രസാണ് നല്‍കുന്നത്. നൂറുല്‍ ബയാന്റെ പഠന രീതിയാണ് അല്‍ ഫിത്‌റയിലും പിന്തുടരുന്നതെങ്കിലും അധ്യാപക-വിദ്യാര്‍ഥി അനുപാതത്തില്‍ മാറ്റം വരുത്തിയാണ് നടപ്പാക്കുന്നത്. 20 കുട്ടികള്‍ക്ക് രണ്ട് അധ്യാപകരും ഒരു ആയയും എന്ന രീതിയാണ് അല്‍ ഫിത്‌റ പിന്തുടരുന്നത്.
ആറു വയസ്സു വരെയാണ് അല്‍ ഫിത്‌റയിലെ പഠനം. പിന്നീട് മറ്റു സ്‌കൂളുകളില്‍ ചേരാം. കേരളത്തിലും ചെന്നൈ, കോയമ്പത്തൂര്‍, ബംഗളൂരു, ഖത്തര്‍, മസ്‌കത്ത് എന്നിവിടങ്ങളിലുമായി 160ല്‍പരം സ്‌കൂളുകള്‍ അല്‍ ഫിത്‌റയില്‍ അഫിലിയേഷന്‍ ചെയ്തിട്ടുണ്ട്. എല്ലാ സ്‌കൂളുകളും സ്വതന്ത്രമായാണു പ്രവര്‍ത്തനം. സിലബസ്, പുസ്തകങ്ങള്‍, അധ്യാപകരുടെ പരിശീലനം എന്നിവ കേന്ദ്രീകൃതമായി നടത്തും. ഫീസ് നിശ്ചയിക്കുന്നതും അധ്യാപകരുടെ ശമ്പളവുമെല്ലാം സ്‌കൂള്‍ നടത്തിപ്പുകാരുടെ ചുമതലയാണ്.
ലാഭകരമായ ബിസിനസ് എന്ന തരത്തിലല്ല അല്‍ ഫിത്‌റയുടെ നടത്തിപ്പെന്നു മുഹമ്മദ് യൂനുസ് വ്യക്തമാക്കി. അന്‍ജുമന്‍ തഅ്‌ലീമുല്‍ ഖുര്‍ആനിലേക്കു വിദ്യാര്‍ഥികളെ ലഭിക്കുന്നതിനു വേണ്ടിയാണ് ആദ്യം അല്‍ ഫിത്‌റ തുടങ്ങിയത്. പിന്നീട് പലരും ഇതിന്റെ പഠനരീതി കണ്ട് അഫിലിയേഷന്‍ എടുക്കാന്‍ താല്‍പ്പര്യപ്പെടുകയായിരുന്നു. അല്‍ ഫിത്‌റ 160 സ്‌കൂളുകളിലേക്കു വ്യാപിപ്പിച്ചതല്ല. പലരായി വന്നുതുടങ്ങിയതാണ്. സുന്നി, മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങളെല്ലാം അല്‍ ഫിത്‌റ നടത്തുന്നുണ്ട്.
ചേന്ദമംഗല്ലൂരിലാണ് ജമാഅെത്ത ഇസ്‌ലാമി ആദ്യമായി അല്‍ ഫിത്‌റ ഇസ്‌ലാമിക് പ്രീ സ്‌കൂള്‍ ആരംഭിച്ചത്. പിന്നെ ഓമശ്ശേരിയിലും തുടങ്ങി. പിന്നീട് ഹെവന്‍സ് എന്നു പേരുമാറ്റി. അതേസമയം, അല്‍ ഫിത്‌റയുടെ പുസ്തകങ്ങള്‍ മാതൃകയാക്കി തന്നെയാണ് അവിടെ പഠിപ്പിക്കുന്നത്. പേരില്‍ മാത്രമാണ് മാറ്റം. അല്‍ ഫിത്‌റയില്‍ നിന്നാണ് അല്‍ ബിര്‍റ് സ്‌കൂളുകളുടെയും തുടക്കം. സുന്നി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് അല്‍ ഫിത്‌റ സ്‌കൂള്‍ അല്‍ ബിര്‍റ് എന്ന പേരിലാക്കി സുന്നി മാനേജ്‌മെന്റുകള്‍ നടത്താന്‍ തുടങ്ങിയത്. എങ്കിലും ചിലയിടങ്ങളില്‍ അല്‍ ഫിത്‌റ എന്ന പേരിലും സുന്നി മാനേജ്‌മെന്റിനു കീഴില്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അല്‍ ഫിത്‌റ കാണിച്ച വഴിയിലൂടെ തന്നെയാണ് ഹെവന്‍സ്, അല്‍ ബിര്‍റ് സ്‌കൂളുകളുടെ സഞ്ചാരം.
ഏതെങ്കിലും മതവിഭാഗത്തിനു കീഴിലല്ല അല്‍ ഫിത്‌റ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ അല്‍ ഫിത്‌റയ്ക്കു സാധിക്കുന്നുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് 160 സ്‌കൂളുകളിലേക്കു വ്യാപിക്കാനും ഇസ്‌ലാമിക് പ്രീ സ്‌കൂള്‍ എന്ന ആശയം വിജയകരമായി നടപ്പാക്കാനും അല്‍ ഫിത്‌റയ്ക്കു കഴിഞ്ഞത് പ്രത്യേക കള്ളികളിലൊതുങ്ങാതെ എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള ഹൃദയവിശാലത കൊണ്ടു തന്നെയാണ്.
ഹെവന്‍സ്
കേരള ജമാഅത്തെ ഇസ്‌ലാമിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് ഹെവന്‍സ് ഖുര്‍ആനിക് പ്രീ സ്‌കൂള്‍. ജമാഅത്തെ ഇസ്‌ലാമിയുടെ അഖിലേന്ത്യാ തലത്തിലുള്ള വിദ്യാഭ്യാസ നിയന്ത്രണ ഏജന്‍സിയായ ഇന്റഗ്രേറ്റഡ് എജ്യൂക്കേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്കു കീഴിലാണ് ഹെവന്‍സ് ഖുര്‍ആനിക് പ്രീ സ്‌കൂളിന്റെ പ്രവര്‍ത്തനം. വെബ്‌സൈറ്റിലുള്‍പ്പെടെ ഖുര്‍ആനിക് പ്രീ സ്‌കൂള്‍ എന്നാണ് പരിചയപ്പെടുത്തുന്നതെങ്കിലും ഹെവന്‍സ് പ്രീ സ്‌കൂള്‍ എന്നാണ് ഇപ്പോഴത്തെ പേരെന്ന് അധികൃതര്‍ പറയുന്നു. അല്‍ ഫിത്‌റ, അല്‍ ബിര്‍റ് പോലുള്ള ഖുര്‍ആനിക് പ്രീ സ്‌കൂളല്ല തങ്ങളുടേതെന്നും ഏറെ വ്യത്യസ്തകളുള്ള സ്ഥാപനമാണെന്നും അവര്‍ വ്യക്തമാക്കി.
അറബിക്, ഇംഗ്ലീഷ്, മലയാള ഭാഷാ പഠനവും ഖുര്‍ആന്‍ പഠനവും ശാസ്ത്രപഠനവും ഉള്‍പ്പെടുന്നതാണ് ഹെവന്‍സ് സ്‌കൂളിലെ സിലബസ്. ഖുര്‍ആനിലെ 30 അധ്യായങ്ങള്‍ പരിചയപ്പെടാനും ചെറിയ അധ്യായങ്ങള്‍ പഠിക്കാനുമുള്ള പരിശീലനവും ഹെവന്‍സില്‍ നല്‍കുന്നുണ്ട്. വിദ്യാര്‍ഥികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിനു രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമുള്ള മൊബൈല്‍ പ്രോഗ്രാം സംവിധാനം ഹെവന്‍സ് ഉപയോഗപ്പെടുത്തുന്നുണ്ട്. മൂന്നു മുതല്‍ ആറു വയസ്സു വരെയുള്ളവരാണ് ഇവിടത്തെ പഠിതാക്കള്‍. 25ല്‍ താഴെ ഹെവന്‍സ് സ്‌കൂളുകളാണ് സംസ്ഥാനത്തുള്ളത്. അതിലധികവും മലബാര്‍ മേഖലയിലാണ്.
ചേന്ദമംഗല്ലൂരിലെ കെ.സി അബ്ദുല്ല മൗലവി ചാരിറ്റബിള്‍ ഫൗണ്ടേഷനു കീഴിലാണ് ആദ്യമായി ഹെവന്‍സ് പ്രീ സ്‌കൂള്‍ തുടങ്ങിയത്. മൂന്നു വര്‍ഷം അല്‍ ഫിത്‌റ സ്‌കൂളിന്റെ ശാഖയായി നടത്തിയ സ്ഥാപനം പിന്നീട് ഹെവന്‍സ് എന്നു പേര്‍ മാറ്റിയതോടെ അല്‍ ഫിത്‌റ അംഗീകാരം റദ്ദാക്കുകയായിരുന്നു. ഇപ്പോള്‍ ഹെവന്‍സ് എന്ന പേരിലാണെങ്കിലും അല്‍ ഫിത്‌റ പാഠപുസ്തകങ്ങളുടെ അതേ ഉള്ളടക്കമാണ് തുടരുന്നതെന്നും എന്നാല്‍, പാഠപുസ്തകങ്ങള്‍ വ്യത്യസ്തമാണെന്നും ചേന്ദമംഗല്ലൂര്‍ ഹെവന്‍സ് ഖുര്‍ആനിക് പ്രീ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.
അല്‍ ഫിത്‌റ, അല്‍ ബിര്‍റ് പോലെ ഖുര്‍ആനിക് പ്രീ സ്‌കൂള്‍ രംഗത്തു ശക്തമായ സാന്നിധ്യം സൃഷ്ടിക്കാന്‍ ഹെവന്‍സ് പ്രീ സ്‌കൂളിനു കഴിഞ്ഞിട്ടില്ല. പ്രത്യേക മുസ്‌ലിം വിഭാഗത്തിന്റേതല്ലാതെ പൊതുവായി പ്രവര്‍ത്തിക്കുന്ന അല്‍ ഫിത്‌റ പോലുള്ള സ്ഥാപനങ്ങള്‍ക്കു മികച്ച സ്വാധീനമുള്ള ഖുര്‍ആനിക് പ്രീ സ്‌കൂള്‍ മേഖലയില്‍, ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപനം എന്നതു മാത്രമാണ് ഹെവന്‍സിന്റെ പ്രത്യേകത.
RELATED STORIES
ഇംഗ്ലിഷ് പ്രീമിയര് ലീഗില് ലിവര്പൂളിന് ഞെട്ടല്; നോട്ടിങ്ഹാം...
15 Jan 2025 5:56 AM GMTദക്ഷിണകൊറിയന് ചരിത്രത്തില് ആദ്യം; പ്രസിഡന്റ് യൂണ് സുക് യോല്...
15 Jan 2025 5:46 AM GMTദക്ഷിണാഫ്രിക്കയില് അനധികൃത ഖനിക്കുള്ളില് നിര്ജലീകരണത്തെ തുടര്ന്ന്...
15 Jan 2025 5:38 AM GMTഒരു ആടിനെ കൂടി കൊന്നു; കടുവയെ പിടിക്കാനുള്ള ഊര്ജിത ശ്രമങ്ങള്...
15 Jan 2025 5:28 AM GMTഗുജറാത്തിലെ ഹസ്റത്ത് പഞ്ച് പീര് ദര്ഗ പൊളിച്ചു; കൃഷ്ണഭൂമിയില്...
15 Jan 2025 5:05 AM GMTബോബി ചെമ്മണ്ണൂര് ജയില് മോചിതനായി
15 Jan 2025 4:45 AM GMT