Thejas Weekly

അവരുടെ ശൈശവം നാം കവര്‍ന്നെടുക്കണോ?

കുഞ്ഞുനാളുകളില്‍ കുട്ടികളുടെ വളര്‍ച്ച ശ്രദ്ധിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നത് ഒരു കൗതുകമാണ്. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കുട്ടി അവരുടെതായ രീതിയില്‍ കര്‍മനിരതരാവുന്നതു കാണാം. നടക്കുന്നതും സംസാരിക്കുന്നതും അങ്ങനെ പലതും. എന്നാല്‍, ഇതൊന്നും അവരെ നിര്‍ബന്ധിച്ചു പഠിപ്പിക്കുന്നില്ല.

അവരുടെ ശൈശവം നാം കവര്‍ന്നെടുക്കണോ?
X

കുഞ്ഞുനാളുകളില്‍ കുട്ടികളുടെ വളര്‍ച്ച ശ്രദ്ധിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നത് ഒരു കൗതുകമാണ്. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കുട്ടി അവരുടെതായ രീതിയില്‍ കര്‍മനിരതരാവുന്നതു കാണാം. നടക്കുന്നതും സംസാരിക്കുന്നതും അങ്ങനെ പലതും. എന്നാല്‍, ഇതൊന്നും അവരെ നിര്‍ബന്ധിച്ചു പഠിപ്പിക്കുന്നില്ല. സ്വയം ആര്‍ജിച്ചെടുക്കുകയും തന്റെ ആവശ്യമനുസരിച്ചു കുട്ടി സ്വാംശീകരിക്കുകയുമാണ് ചെയ്യുന്നത്. തന്റെ ചുറ്റുപാടില്‍നിന്നു തനിക്കു ലഭിക്കേണ്ട കാര്യങ്ങളെ സ്വയം വികസിപ്പിക്കുന്നതും വളര്‍ന്നുവരുന്നതുമാണ്. കുട്ടികളുടെ വളര്‍ച്ചയെ സംബന്ധിച്ച് 17 വയസ്സുവരെയുള്ള കാലങ്ങള്‍ കുട്ടിയുടെ വളര്‍ച്ചയുടെ നാഴികക്കല്ലായി മനശ്ശാസ്ത്ര വിദഗ്ധര്‍ കണക്കാക്കുന്നു.

നാഴികക്കല്ലുകള്‍

വളര്‍ന്നുവരുന്തോറും കുട്ടികളില്‍ കാണുന്ന സ്വഭാവങ്ങളോ കഴിവുകളോ ആണ് വികസന നാഴികക്കല്ലുകള്‍. നിരങ്ങുക, നടക്കുക, സംസാരിക്കുക എന്നിവയൊക്കെ വ്യത്യസ്ത പ്രായത്തിലുള്ള നാഴികക്കല്ലുകളാണ്. ഓരോ ഘട്ടത്തിലേക്കും കുട്ടിയെത്തുന്ന ഒരു സാധാരണ ശ്രേണിയുണ്ട്. ഉദാഹരണത്തിന്, ചില കുട്ടികള്‍ എട്ടു മാസം മുമ്പുതന്നെ നടത്തം ആരംഭിക്കാം.

വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കുട്ടിക്ക് തന്റെ കഴിവുകള്‍ പരിപോഷിപ്പിക്കുന്ന ചുറ്റുപാടാണ് ഉണ്ടാവേണ്ടത്. അത്തരം, ചുറ്റുപാടില്‍ കുട്ടികള്‍ക്കു വേഗം വളര്‍ച്ച പ്രാപിക്കാന്‍ സാധിക്കും. കുട്ടി കഴിവുകള്‍ ആദ്യഘട്ടത്തില്‍ അതിവേഗം ആര്‍ജിക്കും. അവയെ തടസ്സപ്പെടുത്തുന്ന വല്ലതും രക്ഷിതാവില്‍നിന്ന് ഉണ്ടാവുമ്പോള്‍ ചെറിയതരത്തില്‍ അസ്വസ്ഥതകള്‍ക്കും പ്രതിഷേധത്തിനും ഇടയായേക്കാം.

കളിയിലൂടെ കാര്യങ്ങള്‍

കളിയാണ് കുട്ടികള്‍ ഏറ്റവും ആസ്വദിക്കുന്നത്. വളര്‍ച്ചയുടെ ഘട്ടത്തില്‍ വിവിധ തരത്തിലുള്ള കഴിവുകള്‍ കളിയിലൂടെ നേടുന്നു. പ്രശ്‌നപരിഹാരം ക്രിയാത്മകത, റിസ്‌ക് എടുക്കാനുള്ള കഴിവ് തുടങ്ങിയവ. കുട്ടികള്‍ക്കു കളിക്കാന്‍ ധാരാളം സമയവും സ്ഥലവും ആവശ്യമാണ്.



കുട്ടികളുടെ കൂടെ കളിക്കുമ്പോള്‍ ചെറുത്/വലുത്, നീണ്ടത്/കുറിയത്, അകലെ/അടുത്ത്, തുറന്ന്/അടച്ച് എന്നിങ്ങനെയുള്ള ആശയങ്ങളെക്കുറിച്ചു ധാരണയുണ്ടാക്കുക. കഥകള്‍ പറഞ്ഞുകൊടുക്കുക, കൈകൊണ്ടു ചെയ്യാവുന്ന പ്രവര്‍ത്തനങ്ങള്‍ ശീലിപ്പിക്കുന്നതിനു വേണ്ടി ചെറിയ വസ്ത്രങ്ങള്‍ നല്‍കി അവ മുറിക്കുന്നതു പഠിപ്പിക്കുക. ചെറിയ യാത്രകള്‍ ചെയ്യുക, മൃഗശാല, ലൈബ്രറി, അക്വേറിയം എന്നിവ കാണുന്നതും കൗതുകമായിരിക്കും. ഇതിലൂടെയൊക്കെ കുട്ടി നേടുന്ന മാനസിക വളര്‍ച്ച വളരെ വലുതാണ്. കുഞ്ഞിനെ ചോദ്യം ചോദിക്കാന്‍ പ്രേരിപ്പിക്കുകയും സത്യസന്ധമായ മറുപടികള്‍ നല്‍കുകയും വേണം.

കളിയെ നേരംപോക്കായി കാണരുത്. അവന്റെ അറിവ് ആര്‍ജിച്ചെടുക്കാന്‍ വേണ്ടിയുള്ള ജീവിതത്തിനാവശ്യമായ മൂല്യങ്ങളും മനോഭാവങ്ങളും കളിയിലൂടെ സ്വായത്തമാക്കുന്നു. വ്യക്തിത്വ രൂപീകരണത്തിന്റെ മാര്‍ഗം കൂടിയാണിത്.

ശൈശവ പ്രകൃതിയെ അറിയുക

കുട്ടികളുടെ മാനസിക പ്രകൃതി പഠിച്ചവര്‍ക്കു മാത്രമേ അവരെ കൈകാര്യം ചെയ്യാന്‍ സാധിക്കുകയുള്ളൂ. ശിശുപ്രകൃതം നിശ്ചിതമല്ല. എന്നാല്‍, അത് അറിയുകയെന്നതാണു രക്ഷിതാവിന്റെ കര്‍ത്തവ്യം. തന്റെ കുഞ്ഞിനെ നിരീക്ഷിക്കുകയും ഇടപെടുകയും ചെയ്യുമ്പോള്‍ അതു മനസ്സിലാക്കാന്‍ സാധിക്കും. അവര്‍ ആഗ്രഹിക്കുന്നതെന്താണ്, എന്താണ് ചിന്തിക്കുന്നത്, ഇഷ്ടങ്ങള്‍ എന്നിവ അറിയണം. ഒരിക്കലും അടങ്ങിയിരിക്കാന്‍ കഴിയാത്ത പ്രകൃതമാണ് കുഞ്ഞുങ്ങളുടേത്. കുട്ടി നിരന്തരം ഓടിയും ചാടിയും കളിച്ചും ഉന്മേഷവാന്മാരായിരിക്കും.

വീട്ടിലെ സാഹചര്യം

ഏറ്റവും സുരക്ഷിതത്വവും സ്‌നേഹവും കൈമാറുന്ന ഇടങ്ങളാണ് കുട്ടികള്‍ക്കു വീട്. മാതാപിതാക്കളുടെ സാമീപ്യം കുട്ടികള്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മാതൃകകളായി മാതാപിതാക്കള്‍ കുട്ടിയുടെ ആദ്യ വ്യക്തിത്വം രൂപപ്പെടുത്തുന്നതില്‍ ശക്തമായി ഇടപെടുന്നു. അവരുടെ ഓരോ സമയത്തുമുള്ള പെരുമാറ്റവും കുട്ടിയെ സ്വാധീനിക്കും. സ്‌നേഹത്തോടെയുള്ള ഇടപെടല്‍ കുട്ടിക്ക് വ്യക്തിത്വ രൂപീകരണവും ആത്മവിശ്വാസവും വര്‍ധിപ്പിക്കും.

യാത്രയാക്കപ്പെടുന്ന ബാല്യം

ഔപചാരിക വിദ്യാഭ്യാസത്തിന് ആഗോളാടിസ്ഥാനത്തില്‍ ഭൂരിപക്ഷ രാജ്യങ്ങളിലും നിജപ്പെടുത്തിയിരിക്കുന്ന പ്രായം ആറു വയസ്സാണ്. ചില രാജ്യങ്ങളില്‍ അഞ്ചു വയസ്സ്.

ആറു വയസ്സു വരെയുള്ള പ്രായം കുഞ്ഞിന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. കുഞ്ഞിന്റെ വളര്‍ച്ചാ ഘട്ടമാണത്. നിരവധി കഴിവുകള്‍ ആര്‍ജിച്ചെടുക്കുന്ന പ്രായം. മൂന്നര വയസ്സ് മുതലുള്ള കുട്ടികളെ പലതരത്തിലുള്ള വിദ്യാഭ്യാസ രീതികള്‍ ആവിഷ്‌കരിച്ചുകൊണ്ടു പഠനത്തിന്റെ പേരില്‍ രക്ഷിതാക്കളില്‍നിന്ന് അകറ്റിനിര്‍ത്തുന്ന പ്രവണത പുനപ്പരിശോധിക്കപ്പെടണം. സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത് ആറു വയസ്സാണ് എന്നിരിക്കെ, ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ വളരെയേറെ പ്രയാസപ്പെടുത്തുന്നു.



കുട്ടി ജീവിതത്തില്‍ മുന്നോട്ടുപോവാന്‍ ആവശ്യമായ തയ്യാറെടുപ്പു നടത്തുന്നത് വീട്ടില്‍നിന്നാണ്. സ്‌നേഹവും കരുതലും നല്‍കുന്ന അന്തരീക്ഷത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന കുട്ടിയെ പഠനപ്രവര്‍ത്തനത്തിലേക്കു നേരത്തേ അയക്കുന്നത് ഭാരം ചുമപ്പിക്കലാണ്. സ്വയംപ്രേരിതമായ പഠനമാണു നടക്കേണ്ടത്. സ്വതന്ത്രവും നിര്‍ഭയത്വവുമായ അന്തരീക്ഷത്തിലാണ് ഇതു നടക്കുക. പാഠ്യവിഷയങ്ങളിലെ താല്‍പ്പര്യമുണര്‍ത്തിക്കൊണ്ടേ പഠനം സാധിക്കുകയുള്ളൂ. അതു പഠിക്കാനുള്ള താല്‍പ്പര്യം കുട്ടികള്‍ക്കുണ്ടാവുകയും വേണം.

അനുഭവങ്ങള്‍

കാര്‍ഷിക നഴ്‌സറികള്‍ നാം കണ്ടിട്ടില്ലേ? അളവില്‍ വെള്ളവും വളവും നല്ല ഫലഭൂയിഷ്ടമായ മണ്ണും ചേര്‍ന്ന അന്തരീക്ഷത്തില്‍ ചെടികള്‍ നല്ല രീതിയില്‍ വളരുന്നു. നമ്മുടെ കുട്ടികളും ഇത്തരത്തിലുള്ള സാഹചര്യത്തിലൂടെയാണ് കടന്നുപോവേണ്ടത്. ഒരു സ്‌പോഞ്ച് പോലെ എല്ലാം വലിച്ചെടുക്കുന്ന പ്രകൃതമാണ് കുഞ്ഞുങ്ങളുടേത്.

വേര്‍പിരിയല്‍ ഭീതി (Seperation anxitey)

അഞ്ചോ ആറോ വയസ്സിലോ മാതാപിതാക്കളില്‍നിന്നു മാറിനില്‍ക്കാന്‍ പാകപ്പെടുന്ന കുട്ടികള്‍ (ഒന്നാം ക്ലാസില്‍/എല്‍.കെ.ജിയിലേക്ക് പോവുമ്പോള്‍), ജനിച്ചു മൂന്നര വര്‍ഷംകൊണ്ട് അനുഭവിക്കേണ്ടി വരുകയാണ്. വളരെ ചെറുപ്പത്തിലേയുള്ള ഇത്തരം മുറിവുകള്‍ പിന്നീട് പല പ്രശ്‌നങ്ങള്‍ക്കും കാരണമാവും. മനശ്ശാസ്ത്ര വിദഗ്ധന്മാര്‍ പറയുന്നത്, കുട്ടിയെ ആദ്യ സ്‌കൂള്‍ദിനത്തിനു സജ്ജമാക്കാന്‍, അതിനു മുന്നെ കുട്ടിയെ ഒരു ദിവസമെങ്കിലും ബന്ധുവിന്റെ വീട്ടില്‍ നിര്‍ത്തുക, സ്‌കൂള്‍ പരിചയപ്പെടുത്തുക, ആവശ്യമായ ധാരണകള്‍ നല്‍കുക എന്നിവ ശ്രദ്ധിക്കണമെന്നാണ്.

രക്ഷിതാവും കുട്ടിയും

'സ്‌കൂളുള്ളതിനാല്‍ രക്ഷപ്പെട്ടു, കുട്ടിയെ നോക്കേണ്ടല്ലോ' എന്ന് ഒരു രക്ഷിതാവ് പറഞ്ഞത് ഓര്‍ക്കുകയാണ്. അത്രയും മണിക്കൂര്‍ കുട്ടിയെ സ്‌കൂളില്‍ അയക്കുന്നതിലൂടെ കുട്ടിയെ പരിപാലിക്കുന്നതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാമല്ലോ. എന്നാല്‍, സ്വന്തം കുഞ്ഞിനെ പഠനകേന്ദ്രത്തിലയക്കുന്നതിലൂടെ രക്ഷിതാവിന്റെ ഉത്തരവാദിത്തം പൂര്‍ണമായി കഴിയുന്നുണ്ടോ? സങ്കീര്‍ണമായ ഒരു കൂട്ടുകെട്ടാണ് പഠന കേന്ദ്രങ്ങളിലെ ജീവിതം. അധ്യാപകരുടെ പെരുമാറ്റം, സഹജീവികളുടെ പെരുമാറ്റം സൗഹാര്‍ദത്തോടെയാണോ വിദ്വേഷത്തോടെയാണോ, സന്തോഷകരമായ അന്തരീക്ഷമാണോ ഉള്ളത് എന്നിങ്ങനെ പലതും പരിഗണിക്കാതെയാണ് കുട്ടികളെ ഇത്തരം കേന്ദ്രങ്ങളിലാക്കി രക്ഷിതാക്കള്‍ നിര്‍വൃതിയടയുന്നത്.

തങ്ങളുടെ ആഗ്രഹാഭിലാഷങ്ങളുടെ നേടിയെടുപ്പിനായി കുട്ടികളെ ചെറുപ്രായത്തില്‍തന്നെ ഇത്തരത്തിലുള്ള നാലു ചുമരുകള്‍ക്കുള്ളില്‍ തള്ളിവിടണോ? അറിഞ്ഞു പഠിക്കുന്ന ഘട്ടത്തില്‍ മാത്രമേ അതു വിദ്യാഭ്യാസമാവുന്നുള്ളൂ എന്നു നാമറിയണം.

പ്രാഥമിക കര്‍മങ്ങള്‍ സ്വയം ചെയ്യാന്‍ പാകമാവാത്തവര്‍

മാതാപിതാക്കളുടെ സഹായത്തോടെ, കുട്ടികള്‍ പയ്യെപ്പയ്യെ പ്രാഥമികാവശ്യങ്ങള്‍ ശീലിച്ചുവരേണ്ട സമയമാണ് മൂന്നു മുതല്‍ അഞ്ചുവയസ്സു വരെ. ഈ പ്രായത്തില്‍ ഇത്തരം സ്ഥാപനങ്ങളില്‍ അയക്കപ്പെടുന്ന കൊച്ചുമക്കള്‍ക്ക് അക്കാര്യങ്ങള്‍ അന്യര്‍ ചെയ്തുകൊടുക്കുന്നത് പലപ്പോഴും അസ്വസ്ഥയുണ്ടാക്കും. ഇനി, കുട്ടി നാണംകെടുന്ന രീതിയില്‍ വല്ലതും സംഭവിച്ചാലോ അത് അവരിലുണ്ടാക്കുന്ന മാനസികപ്രയാസം ചെറുതല്ല.

എഴുതാന്‍ ആറു വയസ്സ്

കൈവിരല്‍കൊണ്ട് എഴുതാനുള്ള സ്വയംശേഷി ആറു വയസ്സാവുമ്പോഴാണ് കുട്ടികളില്‍ വളര്‍ന്നുവരുന്നത്. അതിനുമുമ്പ് നിര്‍ബന്ധിച്ചു പേന പിടിപ്പിക്കാന്‍ പാടില്ല; സ്വന്തം ഇഷ്ടപ്രകാരം ചിത്രം വരയ്ക്കുന്നതും കുത്തിവരയ്ക്കുന്നതുമല്ലാതെ. എന്നാല്‍, ഒരു ശാസനയിലൂടെയോ നിബന്ധനയിലൂടെയോ ചെയ്യാന്‍ പാടില്ല.

അതിരാവിലെ എഴുന്നേറ്റു കുളിച്ചു നല്ല യൂനിഫോമുമിട്ട് കുട്ടി പോവുന്നത് ഒരു ചന്തമുള്ള കാഴ്ചയാണ്. രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും നല്ല രസമുള്ള ഒരനുഭവം. എന്നാല്‍, കുട്ടിയുടെ പ്രതലത്തില്‍നിന്ന് ആലോചിച്ചു നോക്കൂ. അവര്‍ക്കതത്ര രസകരമാവണമെന്നില്ല. മാതാപിതാക്കളുടെ ചുറ്റുപാടില്‍ നിന്ന് ആര്‍ജിക്കാവുന്ന അറിവുകളിലൂടെ ആത്മവിശ്വാസം ഉണ്ടാക്കേണ്ടതിനു പകരം ഉല്‍ക്കണ്ഠയോടെ എന്താണ് പഠിക്കുന്നത് എന്നറിയാതെ അവരെ നാം ആട്ടമാടിക്കുകയാണ്. അതില്‍നിന്നുണ്ടാവുന്ന ആനന്ദം മാറ്റിവച്ചു കുട്ടിയുടെ മാനസികാവസ്ഥയിലൊന്നു ചിന്തിച്ചുനോക്കൂ.

ഈ ശൈശവ കാലത്തെ നേരത്തേ നാം യാത്രയാക്കണോ?

സി.കെ റാഷിദ് (പരിശീലകനും സെക്കോളജിക്കല്‍ കൗണ്‍സലറുമാണ്)

(തേജസ് വാരിക 2019 ആഗസ്ത് 2)

Next Story

RELATED STORIES

Share it