- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'മൗലാ അലി' വിളിക്കൊപ്പം ഉയരുന്ന ഇരുതലമൂര്‍ച്ചയുള്ള കഠാര
നൈസാമുമാരുടെ കുതിരക്കുളമ്പടികളാല് പുളകിതമായ ഹൈദരാബാദിയന്‍ തെരുവുകളിലെ ഷിയാ വിഭാഗക്കാരുടെ മുഹറം ഘോഷയാത്രയെ അനുസ്മരിക്കുകയാണ് ലേഖകന്‍
യാസര്‍ അമീന്
ചുറ്റും, രക്തത്തില്‍ പനിനീര് കലര്‍ന്ന മനംമടുപ്പിക്കുന്ന ഗന്ധം. ചോരയും വെള്ളവും കലര്‍ന്ന് ചുവന്ന ജലം ചാലിട്ടൊഴുകുന്നു. കറുപ്പണിഞ്ഞ ആള്‍ക്കൂട്ടം. കയ്യില്‍ കഠാര, മുള്ളും ബ്ലൈഡും ഘടിപ്പിച്ച ഇരുമ്പ്ചങ്ങല. സ്വയം മുറിവേല്പ്പിക്കുമ്പോള് ചീറ്റുന്ന രക്തത്തോടൊപ്പം 'മൗലാ അലീ' വിളികളും കണ്ഠത്തില് നിന്ന് ഉതിരുന്നു. രണ്ട് വയസ്സ് പ്രായമുള്ള കുഞ്ഞിന്റെ നെറ്റിയില്‍ ഇരുതലമൂര്‍ച്ചയുള്ള കഠാരകൊണ്ട് വരച്ചു, ഗോപിക്കുറിപോലെ രക്തം പൊടിഞ്ഞു. എന്തോ അനുഗ്രഹം കിട്ടിയപോലെ ആ കുട്ടിയുടെ മാതാവ് അവനെ വാരിപ്പുണരുന്നു. ഞാനിപ്പോള്‍ നില്‍ക്കുന്നത് ഹൈദരാബാദ് ഓള്‍ഡ് സിറ്റിയിലെ മുഹറം ഘോഷയാത്ര നടക്കുന്ന വഴിവക്കിലാണ്. ഹൈദരാബാദ് വന്നത് മുതല്‍, ഗോല്‍കൊണ്ട കോട്ട പോലെ ഹുസൈന് സാഗര്‍ തടാകത്തിലെ ബുദ്ധ പ്രതിമപോലെ കാണാനും അറിയാനും ആഗ്രഹം തോന്നിയ ഒന്നാണ് മുഹറം മാസം നടക്കുന്ന ഈ 'ആഘോഷം'. ചെറിയ സംഘങ്ങളാണ് ഇപ്പോള്‍ മുന്നിലൂടെ കടന്നുപോവുന്നത്. ദബീര്‍പുര ഫ്ളൈ ഓവറിന് താഴെയുള്ള ബീബി കാ അലാവ എന്ന സ്ഥലത്ത് നിന്നാണ് ഘോഷയാത്ര ആരംഭിക്കുക. അങ്ങോട്ട് നടന്നു. കടകളൊന്നും തുറന്നിട്ടില്ല. ചുറ്റും കെട്ടിയ കോളാമ്പി മൈക്കിലൂടെ ഉച്ചത്തില്‍ കരഞ്ഞുകൊണ്ട് ആരോ പാടുന്നുണ്ട്. ഗല്ലികള്‍ക്ക് ഇരുവശമുള്ള വീട്ടുകാരെല്ലാം വരുന്നവരെ വിവിധ പാനിയങ്ങളും പലഹാരങ്ങളുമായി വരവേല്‍ക്കുന്നു. ഇടുങ്ങിയ എളുപ്പവഴിയിലൂടെ ബീബി കാ അലാവയിലെത്തി. ഘോഷയാത്ര തുടങ്ങനായി. ചോരയുടെ രൂക്ഷഗന്ധം സഹിക്കാവുന്നതിലും അപ്പുറമാണ്. ചന്ദ്രകലയും നക്ഷത്രവും തൂക്കിയ നെറ്റിപ്പട്ടംകെട്ടി ആന പുറത്തിറങ്ങി. കറുപ്പ് കുര്‍ത്തയണിഞ്ഞ മൂന്ന്പേര്‍ 'ബീബി കാ ആലം' കൈയിലേന്തി ആനപ്പുറത്തുണ്ട്. പിന്നാലെ അര്‍ദ്ധ നഗ്നരായ ആയിരങ്ങള്‍, കയ്യില്‍ കഠാരയും മുള്ച്ചങ്ങലകളും. യാ അലി എന്ന് ആര്‍ത്തുവിളിച്ച് ചങ്ങലകൊണ്ട് പുറത്ത് ആഞ്ഞടിക്കുന്നു. കുട്ടികളും വൃദ്ധരും യുവാക്കളും ഉണ്ട് ഈ കൂട്ടത്തില്‍. ചോരയുടെ മണം കളയാന്‍ വേണ്ടി പനിനീര് സ്പ്രേ ചെയ്യുന്നുണ്ട്. ആംബുലന്‍സുകളും മൈബൈല്‍ ക്ലിനിക്കുകളും റാലിയുടെ ഭാഗമാണ്. രക്തം വാര്‍ന്നും ക്ഷീണിച്ചും വീഴുന്നവര്‍ക്ക് ഉടനടി അടിയന്തര സഹായം നല്കുന്നു. കുതിരകളും ഒട്ടകങ്ങളും ഉണ്ട്. കുതിരകളുടെ പുറത്ത് പ്രതീകാത്മകമായി കുത്തിവെച്ച അമ്പുകളില്‍ നിന്ന് ചോരയൊലിക്കുന്നു.
ഇസ്ലാമിക ചരിത്രത്തിലെ കറുത്ത അദ്ധ്യായമായ കര്‍ബലയുടെ അനുസ്മരണമാണ് ഈ കൂറ്റന്‍ റാലിയുടെ സത്ത. മുഹമ്മദ് നബിയുടെ പൗത്രന് ഹുസൈന് ബിന്‍ അലിയോട് യസീദ് ബിന്‍ മുആവിയ ചെയ്ത കൊടുംചതിയുടെ വേദനയാണ് സ്വയം മുറിപ്പെടുത്തികൊണ്ട് ഈ ഷിയാ ജനക്കൂട്ടം പങ്കിടുന്നത്. ഡല്‍ഹി, ലഖ്നൗ, ഹൈദരാബാദ് തുടങ്ങിയ പ്രധാന ഷിയാ കേന്ദ്രങ്ങളിലാണ് ഇത്രയും വിപുലമായി വിലാപയാത്ര നടക്കാറുള്ളത്. ബീബി കാ ആലം ഹൈദരാബാദിലെത്തുന്നത് ഖുത്തുബ്ഷായി സുല്‍ത്താനേറ്റിന്റെ കാലത്താണ്. ഗോല്‍കൊണ്ട കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന ഷിയാ സുല്‍ത്താനേറ്റ് ആയിരുന്നു ഖുത്തുബ്ഷായി. ആനപ്പുറത്ത് എഴുന്നള്ളിക്കുന്ന 'ബീബി കാ ആലം' ഒരു തിരുശേഷിപ്പ് ആണ്. കൃത്യമായി പറഞ്ഞാല്‍ ഒരു പലക കഷ്ണം. നബിയുടെ പുത്രിയും നാലാം ഖലീഫ അലിയുടെ പത്നിയുമായ ഫാത്തിമയുടെ മയ്യിത്ത് ശുചീകരിച്ചത് ഈ മരപ്പലകയില്‍ വെച്ചാണ് എന്നാണ് ചരിത്രം. ഖുത്തുബ്ഷായി സുല്‍ത്താനേറ്റിലെ ഏഴാമത്തെ ഭരണാധികാരി അബ്ദുല്ല ഖുത്തുബ്ഷായി ആണ് ഇത് കര്‍ബലയില്‍ നിന്ന് ഹൈദരാബാദിലെ ഗോല്‍കൊണ്ടയില്‍ എത്തിക്കുന്നത്. അന്ന് മുതല്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക ആഘോഷമായിമാറി മുഹറം മാസത്തിലെ ഈ റാലി. പിന്നീട് നൈസാമുമാരും ഇത് തുടര്‍ന്നു.
റാലിനീങ്ങിക്കൊണ്ടിരിക്കുകയാണ്. പച്ചമുറിവില് ചങ്ങല ആഴ്ന്നിറങ്ങുന്പോള് ആളുകള്‍ 'ഇബ്നു അസ്സഹ്റ വ വൈലാ' എന്ന് ചൊല്ലുന്നുണ്ട്. സഹ്റയുടെ പുത്രാ നിനക്ക് വിട എന്നാണ് ഇതിന്റെ അര്‍ഥം. റാലിയുടെ മുന്നിലും പിന്നിലും കുതിരകളുമായി പോലീസ് അകമ്പടിയുണ്ട്. അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ച് വൈകുന്നേരത്തോടെ ചാര്‍മിനാറിനടുത്തുള്ള അസാ ഖാനെ സെഹ്റയിലാണ് ഘോഷയാത്ര അവസാനിക്കുക. റാലി ചാര്‍മിനാര്‍ എത്തിയപ്പോഴേക്കും പതിനായിരങ്ങള്‍ അണിനിരന്നിരുന്നു. തിരക്കുകാരണം സംഗമ സ്ഥലത്തേക്ക് എനിക്ക് എത്താന്‍ കഴിഞ്ഞില്ല. ചാര്‍മിനാറിന്റെ ഓരത്ത് നിന്ന് വിലാപയാത്ര നീങ്ങുന്നതും നോക്കി നിന്നു. ഇബ്നു അസ്സഹ്റ വ വൈലാ വിളികള്‍ നേര്‍ത്തുവന്നു. ചുവന്ന വെള്ളത്തില്‍ ചാര്‍മിനാറിന്റെ പ്രതിബിംബം കനത്തു നിന്നു. തിരികെ യാത്രയില്‍ ബസ്സിലിരിക്കുമ്പോള്‍ പനിനീരും രക്തവും കലര്‍ന്ന രൂക്ഷഗന്ധമായിരുന്നു മനസ്സിനും ശരീരത്തിനും.
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMT