- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യയുടെ ഗ്രാന്‍ഡ് കന്യോന് മുന്നില്‍
ഇന്ത്യയുടെ ഗ്രാന്‍ഡ് കന്യോന്‍ എന്ന വിളിപ്പേര് വരാന്‍ കാരണമായ സുന്ദരമായ പെന്നാര്‍ നദിയുടെ അടുത്തേക്കാണ് നടക്കുന്നത്. പാറകള്‍ക്ക് മുകളിലൂടെ ചാടിക്കടന്ന് മനസ്സില്‍ പതിച്ച ആ കാഴ്ച നഗ്‌ന നേത്രങ്ങള്‍ കൊണ്ട് കണ്ടു. ആ കാഴ്ച ജീവിതത്തില്‍ വച്ച് കണ്ടിട്ടുള്ളതില്‍ അതിമനോഹരമായതായിരുന്നു.
എഴുത്തും ചിത്രങ്ങളും അല്‍ത്താഫ് ഹുസ്
അന്തിമയക്കത്തില്‍ സ്‌ക്രീനില്‍ തോണ്ടിയിരിക്കുമ്പോഴാണ് ആദ്യമായി ഗണ്ടിക്കോട്ടയുടെ ചിത്രം കണ്ണില്‍ പെടുന്നത്. കണ്ണിനെയും മനസ്സിനെയും ഒരുപോലെ വീഴ്ത്തിയ ചിത്രത്തെ കുറിച്ചായി പിന്നെ അന്വേഷണം. ഗൂഗിളിലും മറ്റു ഓണ്‍ലൈന്‍ മാധ്യമങ്ങളിലും തേരാപാരാ അന്വേഷിച്ചു. ഒടുവില്‍ സ്ഥലം കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ഒരു കുഗ്രാമത്തിലാണ് ഗണ്ടിക്കോട്ട സ്ഥിതി ചെയ്യുന്നത്. പിന്നെ അവിടേക്കെത്താനുള്ള അന്വേഷണത്തിലായി. മുമ്പ് പോയവരോടൊക്കെ ചോദിച്ചു വളരെ കുറച്ചാളുകളെ പോയതായിട്ട് കണ്ടുള്ളൂ. അവരുടെ സംസാരത്തില്‍ നിന്ന് എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് ഊഹിച്ചെടുത്തു. അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ 50 കിലോമീറ്റര്‍ ദൂരത്തിലാണ് ഉള്ളത്. അവിടെ നിന്ന് ഓട്ടോയും ബസ്സും ശരണമാക്കാമെന്ന് പ്ലാനില്‍ എഴുതിച്ചേര്‍ത്തു. പ്ലാനിങ് എല്ലാം സുഹൃത്തിന്റെ കഴിവില്‍ പെട്ടെന്നായി. പിന്നെ യാത്രയ്ക്കുള്ള ലീവൊപ്പിക്കല്‍. എനിക്കാദ്യം തന്നെ ലീവ് ഞാന്‍ സെറ്റാക്കിയെടുത്തിരുന്നു. സുഹൃത്തിന്റെ കൂടി ലീവ് ഒത്തു വന്നപ്പോള്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് വണ്ടി കയറാന്‍ തീരുമാനിച്ചു. പ്ലാനിങ് അത്ര പെര്‍ഫെക്ട് അല്ലെങ്കിലും, എങ്ങനെയെങ്കിലും ഒടുവില്‍ ഗണ്ടിക്കോട്ട കണ്ടിട്ടേ മടങ്ങൂ എന്ന ദൃഢനിശ്ചയം രണ്ടാളുടേയും ഉള്ളിലുണ്ടായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടില്‍ നിന്നിറങ്ങി. 3.15ന്റെ ട്രെയിനിന് വാണിയമ്പലത്തു നിന്നും വാടാനാംകുര്‍ശ്ശിയിലേക്ക് ടിക്കറ്റെടുത്തു. ട്രെയിന്‍ യാത്രയ്ക്ക് തുടക്കം കുറിച്ചു. തിരക്ക് ഇല്ലായിരുന്നു. വാടാനാംകുര്‍ശിയില്‍ നിന്ന് ഒറ്റപ്പാലം റെയില്‍വേ സ്‌റ്റേഷന്‍ ലക്ഷ്യമാക്കി തിരക്കുപിടിച്ച ബസ്സില്‍ കയറിപ്പറ്റി. ഒറ്റപ്പാലം ബസ്റ്റാന്റില്‍ ബസ്സിറങ്ങി റെയില്‍വേ സ്‌റ്റേഷനിലേക്ക് ഒറ്റനടത്തം നടന്നു. സ്‌റ്റേഷനില്‍ നിന്ന് 'എരാകുണ്ട്‌ലയിലേക്ക് 'ടിക്കെറ്റെടുത്തു. എരാകുണ്ട്‌ല എന്ന പേര് വന്‍ കോമഡിയുണ്ടാക്കി.ആദ്യം ടിക്കറ്റ് കീറി തന്ന ചേട്ടന്‍ തന്നെ പേര് കേട്ട് ചിരിച്ചു. തുടര്‍ന്നങ്ങോട്ട് പലരും ചിരിക്കുകയുണ്ടായി.
ജീവിതത്തില്‍ ഒരുപാട് അനുഭവങ്ങള്‍ സമ്മാനിച്ച ട്രെയിന്‍ യാത്രയുടെ തുടക്കം കുറിക്കുകയാണ്. ട്രെയിനില്‍ കുഴപ്പമില്ലാത്ത തിരക്കുണ്ടായിരുന്നു. പക്ഷേ, ഞങ്ങള്‍ അഡ്ജസ്റ്റ് ചെയ്ത് ഒരു സീറ്റിലിരുന്നു. പുറം കാഴ്ചകളും കണ്ട് മറ്റു യാത്രക്കാരുടെ ശബ്ദകോലാഹങ്ങള്‍ക്കിടയിലും ഉള്ളില്‍ ഇന്ത്യയുടെ ഗ്രാന്‍ഡ് കന്യോന്റെ ചിത്രം മാത്രമായിരുന്നു. സൂര്യന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ മയക്കം തുടങ്ങിയപ്പോള്‍ ട്രെയിനില്‍ ഞങ്ങള്‍ പുതിയ ഒരു അനുഭവലോകം ആസ്വദിച്ചു തുടങ്ങിയിരുന്നു.
കേരളത്തിന് പുറത്തേക്കുള്ള ട്രെയിന്‍ യാത്ര വല്ലാത്ത ഒരു അനുഭൂതിയാണ്. പല ഭാഷ സംസാരിക്കുന്ന പല വേഷത്തിലും പല സംസ്‌കാരങ്ങളിലും ഉള്ളവര്‍. എല്ലാവരും പരസ്പരം അറിയുന്ന ഭാഷകള്‍ ഉപയോഗിച്ച് സംസാരിക്കുന്നു. നാനാത്വത്തിലെ ഏകത്വം മനസിലാക്കാന്‍ ഒരു ട്രെയിന്‍ യാത്രയ്ക്ക് കഴിയും. ഈ യാത്രകളില്‍ ഒരുപാട് അല്‍പ്പായുസുള്ള സൗഹൃദങ്ങളും ഉണ്ടാവും. യാത്രയ്ക്കിടെ രണ്ട് മലയാളി സുഹൃത്തുക്കളെ പരിചയപ്പെട്ടു. തൃശൂരുകാരായിരുന്നു, കോയമ്പത്തൂരില്‍ ഡിപ്ലോമ ചെയ്യുകയാണ്. ഞങ്ങളുടെ യാത്രവിവരം ചോദിച്ചറിഞ്ഞപ്പോള്‍ അവര്‍ രണ്ടാളും ചിരിച്ചു. നിങ്ങക്ക് വല്ല ഭ്രാന്തുമുണ്ടോയെന്ന് അവര്‍ പറയാതെ പറഞ്ഞു.'യാത്ര തന്നെ ഒരു ഭ്രാന്താണെന്ന് ഞാനും പറയാതെ പറഞ്ഞു. പിന്നെ രണ്ട് ആന്ത്രക്കാരായ, ശബരിമലയില്‍ നിന്നും തിരിച്ചു വരുന്ന സ്വാമിമാരെ പരിചയപ്പെട്ടു. അറിയാവുന്ന ഭാഷയില്‍ ഞങ്ങള്‍ സംസാരിച്ചു. ട്രെയിനില്‍ സ്വാമിമാരല്ലാതെ മറ്റൊരാളെ കൂടി പരിചയപ്പെട്ടിരുന്നു. ഒരു തെലുങ്കന്‍. അയാളും 'എരകുണ്ട്‌ലാ' സ്‌റ്റേഷനിലേക്കാണെന്ന് പറഞ്ഞു. കേരളത്തില്‍ നിന്ന് ഗണ്ടിക്കോട്ട കാണാന്‍ വന്ന ഞങ്ങളെ അദ്ദേഹം കൗതുകത്തോടെ നോക്കി. പിന്നെ തെലുങ്കില്‍ എന്തൊക്കെയോ സ്വാമിമാരുമായി പറഞ്ഞുകൊണ്ടിരുന്നു. സംസാരത്തിനിടക്ക് അവര്‍ ചിരിക്കും അപ്പൊ ഞങ്ങളും ചെറുതായിട്ട് പുഞ്ചിരിക്കും.
സമയം 10 മണിയോടടുത്തു ഉറക്കം പതിയെ കളി തുടങ്ങി. അപൂര്‍ണമാവാത്ത തീവണ്ടിയുറക്കം. ഇരുന്നു കൊണ്ടുള്ള ഉറക്കം വല്ലാത്ത ഒരു സംഭവമാണ്. ഏറ്റവും കൗതുകം തോന്നിച്ച ഒന്ന് ഹിന്ദിക്കാരും തമിഴരും ഫുള്‍ സെറ്റപ്പിലാണ് രാത്രി ട്രെയിനില്‍ യാത്ര ചെയ്യുന്നത് എന്നുള്ളതാണ്. ബര്‍ത്തില്‍ കമ്പിളിയിട്ട് പൂനക്കാരന്‍ ഉറങ്ങുന്നത് കൊതിയോടെ നോക്കിയിരുന്നു. താഴെ കിട്ടിയ ഇടങ്ങളിലെല്ലാം തമിഴരും ഹിന്ദിക്കാരും ചുരുണ്ടുകൂടി പുതച്ച് കിടന്നു. പലപ്പോയും ചായ.. ചായേ... കാപ്പി... കാപ്പി... എന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. രാത്രി കഴിക്കാനായി വാങ്ങിയ ബ്രഡും ജാമും തിരക്കിനിടയില്‍ കഴിക്കാന്‍ കഴിഞ്ഞില്ല. അത്താഴ പട്ടിണി തന്നെ. ഇടയ്ക്ക് ചായകളില്‍ ആശ്വാസം കണ്ടെത്തേണ്ടി വന്നു. ഇടയ്ക്ക് ഉണര്‍ന്നും ഇടയ്ക്ക് ഉറങ്ങിയും നേരം വെളുപ്പിച്ചു.
രണ്ട് സ്വാമിമാരും കടപ്പ സ്‌റ്റേഷനില്‍ വണക്കം പറഞ്ഞ് ഇറങ്ങി. പുലര്‍ച്ചെ 8 മണിയോടെ എരകുണ്ട്‌ല സ്‌റ്റേഷനില്‍ വണ്ടിയിറങ്ങി. ബ്രഷ് ചെയ്യാനുള്ള സമയം കിട്ടിയില്ല. അല്ല തന്നില്ല. ട്രെയിനില്‍ നിന്ന് പരിചയപ്പെട്ട ചേട്ടന്‍ ഞങ്ങളെ സ്‌റ്റേഷനില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയി. ധൃതിയില്‍ ഞങ്ങള്‍ അയാളെ പിന്തുടര്‍ന്നു. അയാള്‍ പാതി ഇംഗ്ലീഷിലും ഹിന്ദിയിലും തെലുങ്കിലും തമിഴിലുമായി ഗണ്ഡിക്കോട്ട എത്തിച്ചേരാനുള്ള മാര്‍ഗം പറഞ്ഞു തന്നു. ആ ചേട്ടനോട് ഒന്നു പേര് പോലും ചോദിച്ചിട്ടില്ല. ആകെ സംസാരിച്ചത് ഞങ്ങള്‍ എവിടെ നിന്ന് വരുന്നു? എവിടെ പോവുന്നു എന്ന് മാത്രമാണ്. ഞങ്ങള്‍ അയാളോട് ഒരു സഹായവും ചോദിച്ചിട്ടില്ല എന്നിട്ടും അയാള്‍ ഞങ്ങളെ സഹായിച്ചു. സ്‌റ്റേഷന് പുറത്ത് നിന്ന് ഒരു വണ്ടിയില്‍ ഞങ്ങളെ പ്രോദത്തൂര്‍ക്ക് കയറ്റി യാത്രയാക്കി. കൂടെ ഇത് ഷെയര്‍ ടാക്‌സിയാണെന്നും 20 രൂപ മാത്രം കൊടുത്താല്‍ മതിയെന്നും പറഞ്ഞു തന്നു. ഒപ്പം ഡ്രൈവര്‍ക്ക് ഞങ്ങളെ ബസ് കിട്ടുന്ന സ്ഥലത്ത് തന്നെ ഇറക്കണമെന്നും പറഞ്ഞു കൊടുത്തു. അവര്‍ പരസ്പരം സ്വാമി എന്നാണ് അഭിസംബോധന ചെയ്യുന്നത്. ഞങ്ങളെ സഹായിച്ച തെലുങ്കന് ഒരു കൈയ്യും അതില്‍ ഒരു നന്ദിയും കൂടെ ഒരു പുഞ്ചിരിയും നല്‍കി. ആകെ ആര്‍ക്കും വാരിക്കോരി കൊടുക്കാനുള്ളത് ഈ പുഞ്ചിരി മാത്രമേയുള്ളൂ.
ആന്ധ്രയുടെ ഗ്രാമഭംഗി ആസ്വദിച്ച് ഗ്രാമങ്ങളിലൂടെ പ്രോദത്തൂര്‍ ലക്ഷ്യമാക്കി സ്വാമി വണ്ടിയോടിച്ചു. ഉണര്‍ന്നു വരുന്ന ഗ്രാമങ്ങളില്‍ കോടമഞ്ഞിന്റെ ചെറിയ കുസൃതി കാണാമായിരുന്നു. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന കൃഷിയിടങ്ങള്‍ അതിനിട്ക്ക് പടര്‍ന്ന് പന്തലിച്ച മരങ്ങളും കണ്ണിന് ഹരിതഭംഗിയുള്ള ദൃശ്യങ്ങള്‍ സമ്മാനിച്ചു.ഇവിടെയുള്ള വീടുകളെല്ലാം പെട്ടിക്കൂട് പോലെയാണ്. അധികവും ഉയരം കുറഞ്ഞതും വളരെ ചെറുതും. പ്രധാനമായും കാലിവളര്‍ത്തലും കൃഷിയും തന്നെയാണ് ഉപജീവന മാര്‍ഗം. കുട്ടികള്‍ നീളം കൂടിയ ബാഗുകളുമായി നടന്നും സൈക്കിളിലും റോഡരികിലൂടെ നടന്നുപോവുന്നു. വറ്റിയ പല നദികളും കണ്ടു. അവിടെ നിന്നെല്ലാം പലരും ഉപജീവനത്തിനായി കാളവണ്ടിയില്‍ മണലും നിറച്ച് നഗരം ലക്ഷ്യമാക്കി നീങ്ങുന്ന കാഴ്ചയും കാണാനിടയായി. പതിയെ ഗ്രാമീണത വിട്ട് നഗരത്തോട് അടുത്തു തുടങ്ങി. അല്‍പം തിരക്കുണ്ട്. ട്രാഫിക് റൂള്‍സിന് പുല്ലും വിലയാണ് കല്‍പിക്കുന്നത്. പലരും അതെന്തെന്ന് പോലും അറിയാത്തവരാണ്. വിദേശ രാജ്യങ്ങളില്‍ കാണുന്ന പോലെ ഇടതുവശത്തുകൂടെ മാത്രമാണ് ഓവര്‍ടേക്ക് ചെയ്യുന്നത്. പതിയെ നഗരത്തിലേക്ക് കടന്നു.
ബൈക്കുകളേക്കാള്‍ കൂടുതല്‍ സൈക്കിളും കാളവണ്ടികളുമാണ് കണ്ടത്. വൃത്തിയുടെ കാര്യത്തില്‍ ഡി ഗ്രേഡ് നല്‍കും. ചിലയിടങ്ങളിലെ വൃത്തികെട്ട നാറ്റം സഹിച്ചേ തീരൂ. ഉണര്‍ന്നു തുടങ്ങിയ നഗരത്തില്‍ ബസ് കിട്ടുന്ന ഇടത്ത് സ്വാമി വണ്ടി നിര്‍ത്തി തന്നു. അടുത്ത് കണ്ട എപിഎസ്ആര്‍ടിസി ബസ് ചൂണ്ടി കാണിച്ചു തന്നു. റോഡ് ക്രോസ് ചെയ്ത് ബസ്സിന്റെ അരികിലെത്തി. ബോര്‍ഡ് മുഴുവന്‍ തെലുങ്കാണ്. ഇംഗ്ലീഷ് എവിടെയും കാണാനില്ല. സ്വന്തം ഭാഷയോടുള്ള തെലുങ്കരുടെ ഇഷ്ടം എവിടെയും കാണാമായിരുന്നു. അറിയാവുന്ന ഭാഷയില്‍ കണ്ടക്ടറോട് 'ജമ്മലമഗുഡു' വിലേക്കുള്ള ബസ്സാണോ ഇതെന്ന് ചോദിച്ചു. കണ്ടക്ടര്‍ കയറാനായി പറഞ്ഞു. ഞങ്ങള്‍ കയറി. ഊട്ടി ബസ് പോലെ വൃത്തിയില്ലാത്ത ബസ്സല്ല. നല്ല വൃത്തിയുണ്ട്. ഒരു ടൗണ്‍ ടു ടൗണ്‍ ബസ്സായിരുന്നു അത്. പ്രോദത്തൂര്‍ നിന്ന് എടുത്താല്‍ അടുത്ത സ്‌റ്റോപ്പ് ജമ്മലമഗുഡുവാണ്. നഗരത്തിരക്കില്‍ നിന്ന് പച്ച വിരിച്ചു നില്‍ക്കുന്ന വയലേലകളും കടന്ന് ഗ്രാമങ്ങള്‍ മുറിച്ച് വീണ്ടും ഒരു നഗരത്തിലേക്ക് എത്തി. ജമ്മലമഗുഡുവില്‍ ബസ്സിറങ്ങി അടുത്ത് കണ്ട മൊബൈല്‍ ഷോപ്പില്‍ ഗണ്ടിക്കോട്ടയിലേക്കുള്ള ബസ് എവിടെ നിന്നും കിട്ടുമെന്ന് ചോദിച്ചു. 9.30ന് ബസ്സുണ്ടെന്നും അത് കിട്ടുന്ന സ്ഥലവും പറഞ്ഞു തന്നു.
സമയം 9 മണി ആയി. അത്താഴപട്ടിണി മൂലം വിശപ്പ് ബ്രേക്ക് ഫാസ്റ്റിന് വേണ്ടിയുള്ള മുറവിളി കൂട്ടി. അടുത്ത കണ്ട ഒരു കടയില്‍ കയറി. പൊറോട്ടയും ചപ്പാത്തിയുമാണ് കഴിക്കാനുള്ളത് കൂടെ ചിക്കന്‍ കറിയും. ഞങ്ങള്‍ ചപ്പാത്തി ഓര്‍ഡര്‍ നല്‍കി. കിട്ടിയത് പൊറോട്ടയും.അവരുടെ ചപ്പാത്തി അതാണ്. പ്ലേറ്റില്‍ രണ്ട് ചപ്പാത്തിയും രണ്ട് അടിപൊളി വടയും അല്‍പം കറിയും കുറച്ച് ഉള്ളിയും. ഒറ്റ ഇരുപ്പില്‍ ചപ്പാത്തി അകത്താക്കി. ഉള്ളിയുടെ സാന്നിധ്യം എന്തിനാണെന്ന് മനസിലായില്ല. കൈയ്യും കഴുകി കുപ്പിയില്‍ വെള്ളവും നിറച്ച് കടക്കാരനോട് ഗണ്ടികോട്ടയിലേക്കുള്ള ബസ് വിവരം ചോദിച്ചു. ബസ് പോയെന്ന മറുപടിയാണ് ഞങ്ങള്‍ക്ക് കിട്ടിയത്. പണി പാളിയോന്ന് ചെറുതായിട്ട് സംശയിച്ചു.ഗൂഗിളില്‍ നോക്കിയപ്പോള്‍ 15 കിലോമീറ്ററുണ്ട്. ഞങ്ങളുടെ മുഖത്തെ വൈഷമ്യം കണ്ടിട്ടാവണം കടക്കാരന്‍ 200 രൂപ കൊടുത്താല്‍ ഓട്ടോ കിട്ടുമെന്ന് പറഞ്ഞു. അത് കേട്ടപ്പോള്‍ സംഗതി കരുതിയ ബജറ്റില്‍ നിന്നും കൈവിട്ടു പോകുമോ എന്ന് തോന്നിപ്പോയി. ഓട്ടോക്കാരനോട് വിലപേശിയെങ്കിലും നടന്നില്ല. തിരിച്ച് ഇങ്ങോട്ടുള്ള വണ്ടിയെ കുറിച്ച് ചോദിച്ചപ്പോള്‍ മൂന്ന് മണിക്ക് ബസ് ഉണ്ടെന്ന് പറഞ്ഞു. ഓട്ടോയാണെങ്കില്‍ 2സൈഡ് 500 രൂപ വരുമെന്ന് പറഞ്ഞു. ആകെ കിളി പോയി. എന്തായാലും ഓട്ടോക്ക് പോവാന്‍ തീരുമാനിച്ചു. വീണ്ടും മറ്റൊരു വിജനമായ റോഡിലൂടെ ഓട്ടോ നീങ്ങി.
രണ്ട് സൈഡിലും ആള്‍ പൊക്കത്തിലുള്ള മരങ്ങള്‍ മാത്രം മുന്നിലും പിന്നിലും നീണ്ട് കിടക്കുന്ന റോഡും മാത്രം. കൂടാതെ കനത്ത വെയിലും. തിരിച്ചു നടക്കാമെന്ന ഞങ്ങളുടെ വ്യാമോഹം അതോടെ ഉപേക്ഷിച്ചു. ഗണ്ടിക്കോട്ടയുടെ കവാടത്തില്‍ ഞങ്ങളെ ഇറക്കി ഓട്ടോ പോയി. മുന്‍ഭാഗത്ത് നിന്ന് കണ്ടപ്പോള്‍ വല്യ സംഭവം അകത്തുണ്ടെന്ന് തോന്നിക്കുകയില്ല. ആന്ത്രാ ടൂറിസം വകുപ്പ് വല്ലാണ്ട് ശ്രദ്ധ കൊടുത്തില്ല എന്ന് തോന്നുന്നു. വല്യ ആളനക്കമൊന്നുമില്ല. യുനസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം പിടിച്ച ചരിത്ര സ്മാരകമാണ് ഗണ്ഡിക്കോട്ട. ഒരു മിനാരം കോട്ടയുടെ പ്രവേശന കവാടത്തിനടുത്തായി നില്‍ക്കുന്നുണ്ട്. ഏക്കറുകളോളം പടര്‍ന്ന് കടക്കുന്ന ഒരു സാമ്രാജ്യത്തിനകത്തേക്ക് ഞങ്ങള്‍ കടന്നു.ഇരുമ്പും മരവും ഉപയോഗിച്ച് തീര്‍ത്ത ശക്തമായ വലിയ കോട്ട വാതില്‍ ദ്രാവിച്ചു തുടങ്ങിയിട്ടുണ്ട്. കോട്ടയുടെ അകത്ത് നിന്ന് ഒന്ന് രണ്ട് കാളകള്‍ ഇറങ്ങി വന്നു. പിന്നാലെ കുറച്ച് ഗ്രാമീണരും. ഒരു ഐഡിയയും തന്നില്ല. കയറിച്ചെന്നപ്പോള്‍ കോട്ടക്ക് മുകളില്‍ കുറച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍. താഴെ ഒരു ചെറിയ പൂജ നടക്കുന്ന ചെറിയ അമ്പലമുണ്ട്. ഞങ്ങള്‍ കോട്ടയുടെ മതില്‍ കെട്ടുകള്‍ക്കുള്ളിലേക്ക് വലിയ കല്ല് കൊണ്ട് നിര്‍മിച്ച പാതയിലൂടെ നടന്നു.കോട്ടക്കകത്ത് ഒരു സ്‌കൂളും ഒരു ഗ്രാമവും ഒന്ന് രണ്ട് അമ്പലങ്ങളും പള്ളികളുമുണ്ട്. കോട്ടയുടെ കവാടം കടന്നു വന്നാല്‍ ചെറിയൊരു ചാര്‍മിനാര്‍ കാണാന്‍ കഴിയും. പിന്നെ ഒരു ജയിലാണ് കണ്ടത് അതിനകത്തേക്ക് ഞങ്ങള്‍ നടന്നു. ഉള്ളില്‍ നിരവധി സെല്ലുകളുണ്ട്. അതിലേറെ വവ്വാലും എലികളും. സംരക്ഷണത്തിന്റെയും പരിപാലനത്തിന്റെയും കാര്യത്തില്‍ ആന്ധ്രാ സര്‍ക്കാര്‍ തീരെ ശ്രദ്ധിക്കുന്നില്ല. ജയിലില്‍ നിന്നും പുറത്തിറങ്ങി അടുത്തത് ഒരു പള്ളിയായിരുന്നു. അതിന് മുന്നേ ഒരു മനോഹരമായി നിര്‍മിച്ച ഒരു കുളത്തിനരികിലേക്ക് നടന്നു. പള്ളിയുടെ അകത്ത് ചെറിയ തരത്തില്‍ ജോലികള്‍ നടക്കുന്നുണ്ട് മസ്ജിജിദിന് ചുറ്റും മുറ്റവും അതിന് ചേര്‍ന്ന് വരാന്തകളും കിളിമുറികളും ഉണ്ട്. അല്‍പം ഫോട്ടോ എടുക്കലും കഴിഞ്ഞ് അടുത്ത ലക്ഷ്യം നോക്കി നീങ്ങി.
ജോര്‍ജ് വ്യൂ പോയിന്റ്
ഇന്ത്യയുടെ ഗ്രാന്‍ഡ് കന്യോന്‍ എന്ന വിളിപ്പേര് വരാന്‍ കാരണമായ സുന്ദരമായ പെന്നാര്‍ നദിയുടെ അടുത്തേക്കാണ് നടക്കുന്നത്. പാറകള്‍ക്ക് മുകളിലൂടെ ചാടിക്കടന്ന് മനസ്സില്‍ പതിച്ച ആ കാഴ്ച നഗ്‌ന നേത്രങ്ങള്‍ കൊണ്ട് കണ്ടു. ആ കാഴ്ച ജീവിതത്തില്‍ വച്ച് കണ്ടിട്ടുള്ളതില്‍ അതിമനോഹരമായതായിരുന്നു. കാഴ്ചകളുടെ പരിധി നിര്‍ണയിച്ച് കോടമഞ്ഞ് കിടങ്ങിലും സമീപത്തും നിറഞ്ഞു നിന്നു. ആ കാഴ്ചയില്‍ ലയിച്ച് അല്‍പ നേരത്തിലധികം ഇരുന്നു. മനുഷ്യനിര്‍മിതമായ ആ കിടങ്ങിനിടയില്‍ കൂടി സുന്ദരിയായി പെന്നാര്‍ നദി കളകളമൊഴുകുന്നുണ്ട്. വലിയൊരു കിടങ്ങാണ്. ഈ കിടങ്ങ് മനുഷ്യ നിര്‍മിതമാണ് എന്നുള്ളതില്‍ സംശയം ജനിപ്പിച്ചു. കാരണം അതിന്റെ നിര്‍മാണ ശൈലി തന്നെ. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് യന്ത്രസാമഗ്രികളുടെ ഒരു സഹായവും ലഭ്യമല്ലാത്ത കാലത്ത് മനുഷ്യനെ കൊണ്ട് ഇതെങ്ങനെ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചു?!!!!!!!. അത്രയും വലിയ കിടങ്ങ് പറയും വെട്ടി ഉണ്ടാക്കാന്‍ കഴിഞ്ഞത് എന്തിന്റെയെങ്കിലും സഹായത്താലാണോ എന്നൊക്കെ ചിന്തിച്ചു. അധ്വാനം തന്നെയാവും എന്ന് ഒടുവില്‍ അനുമാനിച്ചു. കിടങ്ങിന് മറുഭാഗത്ത് ഒഴിഞ്ഞു വിശാലമായി കിടക്കുന്ന മേടുകളാണ്. മനുഷ്യവാസം കുറവുള്ള മേഖലയാണ്. പെന്നാറിനെ തടഞ്ഞു വെച്ച് നിര്‍മിച്ച അണക്കെട്ട് സമീപത്തെവിടെയോ ഉണ്ടെന്ന് അവിടെയുണ്ടായിരുന്ന ഒരു സ്വദേശിയോട് ചോദിച്ചു, അയാള്‍ ഞങ്ങളെ നിരാശപ്പെടുത്തി മറുപടി പറഞ്ഞു.
വ്യൂ പോയിന്റില്‍ അല്‍പ നേരം കണ്ണുകളടച്ച് പാറപ്പുറത്ത് കിടന്നു. ഇളം കാറ്റ് മന്ദം തലോടുമ്പോള്‍ അറിയാതെ മനസ് വീണ്ടും മന്ത്രിച്ചു '' ഇതിലും മനോഹരമായ കാഴ്ചകളും അനുഭൂതികളും ദൈവം ഭൂവില്‍ സൃഷ്ടിച്ചിട്ടുണ്ട് അതൊക്കെ ഈ ആയുസില്‍ ഒരു ചെറിയ ഭാഗമെങ്കിലും കാണണം'. അല്‍പ നേരത്തെ വിശ്രമത്തിന് ശേഷം ബ്രഡും ജാമും കഴിച്ചു. ബ്രഡ് ആകെ പൊടിഞ്ഞ് പൊടിയായി പോയി. ഇല്ലത് കൊണ്ട് ഓണം പോലെ എന്നു പറഞ്ഞത് പോലെ ആ പൊടി ബ്രഡില്‍ ജാമും പുരട്ടി ഉച്ചഭക്ഷണം അതിലൊതുക്കി. ചൂട് പതിയെ തനി രൂപം പുറത്തെടുത്തു തുടങ്ങിയപ്പോള്‍ വിടവാങ്ങലിന് നിര്‍ബന്ധിതരായി കൂടെ സമയവും മടക്കത്തിന് ആക്കം കൂട്ടി.
വ്യൂ പോയിന്റില്‍ നിന്ന് തിരച്ച് നടക്കുമ്പോഴും മനസ് അവിടം വിടാന്‍ മടി കാണിച്ചു.തിരിച്ച് നടന്നപ്പോള്‍ ഒരു വലിയ അമ്പലം കണ്ടു. അതിന്റെ മനോഹരിത കൊണ്ട് അതിന്റെ അടുത്തേക്ക് പൊരിവെയിലില്‍ നടന്നു.അവിടെ ചില ജോലികള്‍ നടക്കുന്നുണ്ട്. ക്ഷേത്രത്തിന്റെ ചുമരില്‍ കൊത്തിവച്ച ചിത്രങ്ങള്‍ പലതും മാഞ്ഞു തുടങ്ങിയിട്ടുണ്ട്. അതിന്റെ സംരക്ഷണത്തിന് വേണ്ടിയുള്ള മിനുക്കുപണികളാണ് പുറത്ത് നടക്കുന്നത്. ഞങ്ങള്‍ ഉള്ളിലേക്ക് കടന്നു. മസ്ജിദു പോലെ തന്നെ അമ്പലത്തിനു ചുറ്റും വരാന്തകളുണ്ട്. അമ്പലത്തിനകത്തും മിനുക്കു പണികള്‍ നടക്കുന്നുണ്ട്. മനോഹരമായ ചിത്രങ്ങള്‍ ഞങ്ങളില്‍ കൗതുകമുണര്‍ത്തി. ചുറ്റും നടന്നു കണ്ടതിന് ശേഷം തിരിച്ചു നടന്നു. ഒരായിരം ചോദ്യങ്ങളുമായി ആ സാമ്രാജ്യത്തില്‍ നിന്നും പുറത്ത് കടന്നു. ഈ കോട്ടക്കകത്തെ അമ്പലവും പള്ളിയും തന്നെ നമുക്ക് ചിന്തിക്കാനുള്ള വക നല്‍കുന്ന ഒന്നാണ്. പിന്നെ അതി മനോഹരമായ ഗ്രാന്‍ഡ് കന്യോനിന്റെയും ഈ കോട്ടയുടെയും നിര്‍മിതിയും അത്ഭുതവും അതിലേറെ ഗണ്ഡിക്കോട്ട ഫോര്‍ട്ടിനെയും അതിന്റെ ചരിത്രത്തെയും അറിയാനുള്ള ആകാംക്ഷയുണ്ടാക്കും.
തിരിച്ച് കോട്ടയുടെ പുറത്ത് മടക്കയാത്രക്കായി വണ്ടി കാത്തിരുന്നു. 3 മണിക്കുള്ള ബസ്സിന് ഇനിയും 3 മണിക്കൂറിലേറെയുണ്ട്. ഒരു ഓട്ടോ അവിടെ നിര്‍ത്തിയിട്ടതായി കണ്ടു. പക്ഷേ ഓട്ടോ ചാര്‍ജ് ഓര്‍ത്ത് ഞങ്ങള്‍ കുമ്മനടിക്കാമെന്ന വ്യാമോഹത്തോടെ ഒരു മരത്തണലില്‍ ഇരുന്നു. കോട്ടയ്ക്കകത്ത് നിന്ന് കോട്ട കാണാന്‍ വന്ന നാലു യുവാക്കള്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു. അവര്‍ ഇംഗ്ലീഷില്‍ ഞങ്ങളുമായി സംസാരിച്ച് കൂടെ വരുന്നുണ്ടോ എന്ന് ചോദിച്ചു ഞങ്ങള്‍ അതെയെന്ന് മറുപടി നല്‍കി. അവര്‍ ഓട്ടോ ഡ്രൈവറുമായി വിലപേശി 300 രൂപ 200 രൂപയിലേക്കെത്തിച്ചു. അറിയാവുന്ന ഇംഗ്ലീഷില്‍ സംസാരിച്ചു കേരളത്തില്‍ നിന്ന് ഗണ്ടിക്കോട്ട കാണാന്‍ വേണ്ടി മാത്രം തീവണ്ടി കയറി വന്ന ഞങ്ങളെ കൗതുകത്തോടെ നോക്കി. യാത്രയ്ക്കുള്ള പ്രചോദനം ചോദിച്ചപ്പോള്‍ അറിയാവുന്ന ഇംഗ്ലീഷില്‍ എന്തൊക്കെയോ മറുപടി കൊടുത്തു. ജമ്മലമഗുഡുവില്‍ എത്തുന്നതു വരെ ഞങ്ങള്‍ സംസാരിച്ചു. രണ്ടു പേര്‍ക്കും കൂട്ടി 90 രൂപ ഷെയര്‍ നല്‍കി.ഒരു താങ്ക്‌സും ഹാന്റ് ഷെയ്ക്കില്‍ പകര്‍ന്ന് പ്രൊദത്തൂരിലേക്കുള്ള ബസ് പിടിച്ചു.
പ്രൊദത്തൂരില്‍ നിന്ന് യെരാഗുന്ത്‌ലയിലേക്ക് ബസ് കയറി. 2.50ന്റെ ട്രെയിനിന് ഷൊര്‍ണൂരിലേക്ക് വണ്ടി കയറി. ഒരു പാട് അനുഭവങ്ങള്‍ സമ്മാനിച്ച യാത്രയ്ക്ക് വിരാമമാവാനായി. മടക്കയാത്രയില്‍ അപ്പര്‍ ബര്‍ത്ത് കിട്ടിയതിനാല്‍ തലേ ദിവസത്തെ ഉറക്കത്തിന് അല്‍പം വഴിമാറിക്കൊടുത്തു. ഇടയ്ക്ക് വീണ്ടും ചായയുടെ മണം നാസികയില്‍ തുളച്ചതു കൊണ്ടാവും ഉറക്കത്തിന് രണ്ടു മണിയോടെ തല്‍ക്കാലിക വിരാമം കൊടുത്തു. പുലര്‍ച്ചെ ഷൊര്‍ണൂരിലെത്തുന്നത് വരെ മൊബൈലില്‍ തോണ്ടിയും അടുത്ത ബര്‍ത്തിലുണ്ടായിരുന്ന മലയാളിയോട് സൊറയും പറഞ്ഞിരുന്നു. ഷൊര്‍ണൂരില്‍ വണ്ടിയിറങ്ങി ഒരു ചായയും പാസാക്കി പാലക്കാടന്‍ പാസഞ്ചറിന് വേണ്ടി യാത്രാ ഓര്‍മകളും ചിത്രങ്ങളും നോക്കി റെയില്‍വേ ബെഞ്ചിലിരുന്നു...!
RELATED STORIES
വണ്ടിപ്പെരിയാറില്‍ മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കഴിച്ച യുവാവ് ...
21 Nov 2024 3:01 PM GMTമര്‍ദനമേറ്റ് യുവാവ് മരിച്ച സംഭവം; അയല്‍വാസികളായ മാതാവും മകനും...
14 Oct 2024 6:30 AM GMTഇടുക്കിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ച നിലയില്‍
9 Oct 2024 5:27 AM GMTയുവാവിന്റെ മൃതദേഹം കവുങ്ങില്‍ കെട്ടിയ നിലയില്‍; കൊലപാതകമെന്ന് നിഗമനം,...
5 Sep 2024 4:50 AM GMT8 ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; വിശദമായി അറിയാം
16 July 2024 3:48 PM GMTഓഫ് റോഡ് ട്രക്കിങ്; ഇടുക്കിയില്‍ 27 വാഹനങ്ങള്‍ മലമുകളില്‍ കുടുങ്ങി
13 July 2024 6:56 AM GMT