- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാര്‍ത്താ മരുഭൂമികള്‍ ഉണ്ടാവുന്നത്
അമേരിക്കയിലെ നഗര-ഗ്രാമീണ പത്രങ്ങളില്‍ 20 ശതമാനം (1800 എണ്ണം) 1984നു ശേഷം ഇല്ലാതായിട്ടുണ്ട്. വേറെ നൂറുകണക്കിനു പത്രങ്ങള്‍ ഫലത്തില്‍ ഇല്ലാതാവുകയും അവയുടെ പ്രേതങ്ങള്‍ എന്നപോലെ ദുര്‍ബല എഡിഷനുകള്‍ പരിമിതമായ നിലയില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നു.
എന്‍ പി രാജേന്ദ്രന്‍
വെള്ളപ്പൊക്കം ഒരു നാള്‍ ഓര്‍ക്കാപ്പുറത്ത് ഉണ്ടാവുകയും നാളുകള്‍ക്കകം ഇല്ലാതാവുകയും ചെയ്യുന്ന പ്രതിഭാസമാണ്. കുറേ നാശനഷ്ടങ്ങളും കഷ്ടതകളും അത് അവശേഷിപ്പിക്കുമെങ്കിലും അവയെ മറികടക്കാന്‍ മനുഷ്യര്‍ക്കു കഴിയും. അതിജീവിക്കാന്‍ കഴിയും. എന്നാല്‍, പ്രകൃതിയിലായാലും ജീവിതത്തിലായാലും ക്രമാനുഗതമായി ഉയരുന്ന പല പ്രതിഭാസങ്ങളും നാം അറിയാതെ നമ്മെ പാടേ ഗ്രസിക്കുകയും നിലവിലുള്ള സാമ്പത്തിക-സാമൂഹിക വ്യവസ്ഥകളെ തകര്‍ത്തെറിയുകയും ചെയ്യും. നന്മയിലേക്കും സന്തോഷത്തിലേക്കും സമത്വത്തിലേക്കും ഐക്യത്തിലേക്കും അടി വച്ച് മുന്നേറുന്ന ഒരു ജീവിയാണ് മനുഷ്യന്‍ എന്നതിന് എന്തെങ്കിലും തെളിവുണ്ടോ?
മഹത്തരം എന്നു കരുതപ്പെടുന്ന മതം ഉള്‍പ്പെടെയുള്ള മനുഷ്യ നിര്‍മിതികള്‍ തന്നെ മനുഷ്യരാശിയെ സമ്പൂര്‍ണ നാശത്തിലേക്കു നയിക്കില്ലെന്നും ഉറപ്പിച്ചു പറയാനാവില്ല. അപ്പോള്‍ പിന്നെ ജനാധിപത്യമോ ജനാധിപത്യത്തിന്റെ നെടുംതൂണുകളെന്നു പറയപ്പെടുന്ന ജുഡീഷ്യറിയോ ഫോര്‍ത്ത് എസ്‌റ്റേറ്റോ എല്ലാ മാറ്റങ്ങളെയും അതിജീവിച്ച് എക്കാലവും നിലനില്‍ക്കുമെന്ന് എന്താണ് ഉറപ്പ്? അല്ലെങ്കില്‍, എന്തിനു വേണ്ടി അവ നിലനില്‍ക്കണം?
വാര്‍ത്താ മരുഭൂമി എന്നൊരു പ്രയോഗം അടുത്ത കാലത്ത് കേട്ടുതുടങ്ങിയിട്ടുണ്ട്. മരുഭൂമിയില്‍ വെള്ളം ഇല്ലാത്തതുപോലെ ഈ മരുഭൂമിയില്‍ വാര്‍ത്തകള്‍ ഉണ്ടാകുന്നില്ല. അവിടെ എന്തു നടന്നാലും അതു വാര്‍ത്തയാകുന്നില്ല. അവിടെ പത്രങ്ങളില്ല, ലേഖകന്മാരില്ല, വാര്‍ത്താ ചാനലുകളുമില്ല. ഇത് ഏതെങ്കിലും ആഫ്രിക്കന്‍ വനപ്രദേശങ്ങളിലല്ല സംഭവിക്കുന്നത്. വികസനത്തിന്റെയും പുരോഗതിയുടെയും ശാസ്ത്രവളര്‍ച്ചയുടെയുമെല്ലാം അവസാന വാെക്കന്നു കരുതുന്ന അമേരിക്കയിലാണ് ഇതു സംഭവിക്കുന്നത്. അമേരിക്കയില്‍ 1300 പ്രദേശങ്ങള്‍ ഇത്തരം വാര്‍ത്താ മരുഭൂമികളായി രൂപാന്തരപ്പെട്ടിരിക്കുന്നു എന്ന് യൂനിവേഴ്‌സിറ്റി ഓഫ് സൗത്ത് കാരലൈനയുടെ സ്‌കൂള്‍ ഓഫ് മീഡിയ ആന്റ് ജേണലിസം നടത്തിയ പഠനത്തിലെ കണ്ടെത്തലുകളെക്കുറിച്ച് ലോകപ്രസിദ്ധമായ പോയിന്റര്‍ ഇന്‍സ്റ്റിറ്റിയൂട്ട് വെബ് മാഗസിന്‍ എഴുതുന്നു.
അമേരിക്കയിലെ നഗര-ഗ്രാമീണ പത്രങ്ങളില്‍ 20 ശതമാനം (1800 എണ്ണം) 1984നു ശേഷം ഇല്ലാതായിട്ടുണ്ട്. വേറെ നൂറുകണക്കിനു പത്രങ്ങള്‍ ഫലത്തില്‍ ഇല്ലാതാവുകയും അവയുടെ പ്രേതങ്ങള്‍ എന്നപോലെ ദുര്‍ബല എഡിഷനുകള്‍ പരിമിതമായ നിലയില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നു. പകരം ഓണ്‍ലൈന്‍-ദൃശ്യമാധ്യമങ്ങള്‍ രംഗത്തുവരാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവ പല മേഖലകളിലും പച്ചപിടിക്കുന്നില്ല. ഇതിന്റെയെല്ലാം ഫലമായാണ് 1300 പ്രദേശങ്ങളില്‍ വാര്‍ത്താ മാധ്യമങ്ങള്‍ തന്നെ ഇല്ലെന്ന നില ഉണ്ടായത്.
പത്രം വായിക്കാതെ ഒരു ദിവസം തുടങ്ങാന്‍ കഴിയാത്ത കേരളീയര്‍ക്ക്, ലോകത്ത് എല്ലാവരും ഇങ്ങനെത്തന്നെയാണ് ജീവിക്കുന്നതെന്ന തോന്നല്‍ ഉണ്ടായേക്കാം. പക്ഷേ, അതല്ല അവസ്ഥ. വാര്‍ത്താ മരുഭൂമികള്‍ മനുഷ്യമനസ്സുകളിലും ഉണ്ടാകുന്നുണ്ട്. എന്തിനു വാര്‍ത്തകള്‍ അറിയണമെന്നു ചോദിക്കുന്ന ധാരാളം ആളുകള്‍ അഭ്യസ്തവിദ്യര്‍ക്കിടയിലുമുണ്ട് എന്നറിയുക. നാട്ടില്‍ നടക്കുന്ന രാഷ്ട്രീയ കാര്യങ്ങളില്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ടെന്നും കാര്യങ്ങള്‍ മനസ്സിലാക്കി വോട്ടവകാശം വിനിയോഗിക്കുക എന്നത് പൗരധര്‍മമാണെന്നും പത്രവായനയിലൂടെ മാത്രമേ അഭിപ്രായങ്ങള്‍ ഉണ്ടാകൂ എന്നും, ഈ അഭിപ്രായ രൂപീകരണമാണ് പൗരത്വത്തിന്റെ അടിസ്ഥാനം എന്നതുമാണ് ജനാധിപത്യത്തെ നിലനിര്‍ത്തുന്ന തത്ത്വം.
ഒരുകാലത്ത് പൗരന് ലോകകാര്യങ്ങളെക്കുറിച്ച് വലിയ അറിവോ അഭിപ്രായമോ ഉണ്ടായിരുന്നില്ല. നാട്ടിലെ അധികാരികളും വിദ്യാഭ്യാസമുള്ളവരും ജന്മിമാരുമൊക്കെ പറയുന്നതു തന്നെയായിരുന്നു സാധാരണക്കാരന്റെയും അഭിപ്രായം. വായിച്ചു മനസ്സിലാക്കാന്‍ വഴിയുണ്ടായിരുന്നില്ല. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഉണ്ടാകുന്നതിന് ഒരു വര്‍ഷം മുമ്പ് 1884ല്‍ ജനിച്ച മലയാള പത്രമായ കേരള പത്രികയുടെ സ്ഥാപകന്‍ ചെങ്കളത്ത് കുഞ്ഞിരാമ മേനോന്‍, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പത്രപ്രവര്‍ത്തനത്തെക്കുറിച്ച് രചിച്ച പുസ്തകത്തിന് എഴുതിയ അവതാരികയില്‍ പറയുന്നത്, തന്റെ ഏറ്റവും വലിയ സംഭാവന, പത്രത്തിലൂടെ താന്‍ ജനങ്ങള്‍ക്ക് അഭിപ്രായമുണ്ടാക്കി എന്നതാണ്. ഇതിന്റെ അര്‍ഥം ഒരുപക്ഷേ അന്നുള്ളവര്‍ മനസ്സിലാക്കിക്കാണില്ല.
അഭിപ്രായത്തിന്റെയും വോട്ടവകാശത്തിന്റെ തന്നെയും പ്രയോജനം എെന്തന്ന ചിന്ത ഇന്നു വികസിത ലോകത്തുണ്ട്. വോട്ട് ചെയ്യുന്നവരുടെ എണ്ണം വികസിത രാജ്യത്തു വര്‍ധിക്കുകയല്ല, കുറയുകയാെണന്ന് ഇക്കാര്യം പഠിച്ചവര്‍ പറയുന്നുണ്ട്. ജനങ്ങള്‍ എത്രത്തോളം സംതൃപ്തരായി ജീവിക്കുന്നുവോ അത്രത്തോളം അവരുടെ രാഷ്ട്രീയ താല്‍പര്യം മങ്ങിപ്പോവുകയാണ്. ലോകെത്ത ഏറ്റവും ശാന്തമായ ജനസമൂഹങ്ങളുള്ള സ്വിറ്റ്‌സര്‍ലന്‍ഡ്, ജപ്പാന്‍, ഐസ്‌ലാന്‍ഡ്, ലക്‌സംബര്‍ഗ്, യുനൈറ്റഡ് സ്‌റ്റേറ്റ്‌സ്, അയര്‍ലന്‍ഡ് തുടങ്ങിയ ഒട്ടനവധി രാജ്യങ്ങളില്‍ വോട്ടു ചെയ്യുന്നവരുടെ ശതമാനം കുറയുകയാണ്. ഇത്തരം പല രാജ്യങ്ങളിലും വോട്ടിങ് നിര്‍ബന്ധമാക്കാന്‍ നിയമം ഉണ്ടാക്കേണ്ടിവന്നിട്ടുണ്ട്.
വളര്‍ന്നുവരുന്ന ഈ രാഷ്ട്രീയ നിസ്സംഗതയോടു ചേര്‍ന്നു വേണം സാമൂഹിക മാധ്യമ പ്രതിഭാസം പൊതുസമൂഹത്തില്‍ വരുത്തിയ മാറ്റത്തെക്കുറിച്ചു ചിന്തിക്കാന്‍. സ്ഥിതിവിവരക്കണക്കുകളൊന്നും പരിശോധിക്കാതെ അറിയാവുന്ന ഒരു കാര്യം, ലോകമെമ്പാടും അച്ചടിമാധ്യമങ്ങള്‍ പിറകോട്ടു പോകുന്നു എന്നാണ്. വന്‍കിട സ്ഥാപനങ്ങള്‍ പോലും നിലനില്‍ക്കാന്‍ കഴിയാതെ കഷ്ടപ്പെടുന്നു. സൗജന്യമായി ലഭിക്കുന്ന ഇ-പേപ്പറുകള്‍, മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന സാമൂഹിക മാധ്യമ പോസ്റ്റുകള്‍, വാര്‍ത്താക്കുറിപ്പുകള്‍ എന്നിവയെല്ലാം മത്സരിക്കുന്നത് അച്ചടിപത്രങ്ങളോടാണ്. ഇന്ത്യ മാത്രമാണ് പത്രപ്രചാരം വര്‍ധിക്കുന്ന ഏക രാജ്യമെന്ന് വികസിത ലോകം അദ്ഭുതത്തോടെ നോക്കിക്കാണുന്നുണ്ട്. അമേരിക്കയില്‍ എണ്‍പതോളം പത്രങ്ങള്‍ അടച്ചിടേണ്ടിവന്ന 2013-2017 കാലത്ത് ഇന്ത്യയിലെ പത്രങ്ങളുടെ എണ്ണം കൂടുകയായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ദിനപത്രങ്ങളുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍, ഇതുപോലും വളരെ ശോഭനമായ ഒരു നീണ്ട ഭാവിയുടെ സൂചനയല്ല നല്‍കുന്നത്.
ഈയിടെ 'തത്സമയം' ദിനപത്രത്തില്‍ പ്രസിദ്ധപ്പെടുത്തിയ ഒരു അഭിമുഖത്തില്‍ കാരവന്‍ പത്രാധിപര്‍ വിനോദ് കെ ജോസ് ഒരു യാഥാര്‍ഥ്യം ചൂണ്ടിക്കാട്ടി: ''പല ഇംഗ്ലീഷ് പത്രങ്ങളുടെയും കോപ്പികള്‍ ഓരോ വര്‍ഷവും ഗണ്യമായ തോതില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാല്‍, ഇതു തുറന്നുപറയാന്‍ ആരും തയ്യാറല്ല. തുറന്നുപറഞ്ഞാല്‍ പരസ്യം നഷ്ടപ്പെടും. ഇപ്പോള്‍ തന്നെ പരസ്യങ്ങള്‍ വലിയ അളവില്‍ ഇന്റര്‍നെറ്റിലേക്കു വഴിമാറിയിരിക്കുന്നു. ഡല്‍ഹിയില്‍ ഞാന്‍ താമസിക്കുന്ന ഫ്ളാറ്റില്‍ ഇപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യയുടെ വരിക്കാരായി 20-25 പേരാണുള്ളത്. കഴിഞ്ഞ വര്‍ഷം 35ഓളം പേരുണ്ടായിരുന്നു. അതിനു മുമ്പത്തെ വര്‍ഷം 40നും മുകളിലായിരുന്നു. ഈ രഹസ്യം ഇന്നോ നാളെയോ പൊട്ടിത്തെറിക്കും.''
പ്രത്യക്ഷത്തില്‍ ലോകവ്യാപക പ്രവണതയെ വെല്ലുന്നു ഇന്ത്യന്‍ മാധ്യമങ്ങള്‍ എന്ന് അവകാശപ്പെടുമ്പോഴും തകര്‍ച്ചയുടെ ആദ്യ സൂചനകള്‍ ഇന്ത്യയിലും കാണപ്പെടുന്നുവെന്ന നിരീക്ഷണം ഇംഗ്ലീഷ് മാധ്യമരംഗത്തു പോലും നാം കേള്‍ക്കുകയാണ്. ഈ വീഴ്ചയെ മറികടക്കാന്‍ പല വിദ്യകളും മാധ്യമ നടത്തിപ്പുകാര്‍ പ്രയോഗിക്കുന്നുണ്ടെങ്കിലും ഒന്നും പ്രതീക്ഷ നല്‍കുന്നില്ല.
പരസ്യ വരുമാനത്തിലൂടെ സബ്‌സിഡൈസ് ചെയ്യപ്പെടുന്ന സ്ഥാപനങ്ങളാണ് പത്രങ്ങള്‍. സര്‍ക്കാര്‍ പരസ്യം ഇല്ലാതായാല്‍ തന്നെ പത്രം അടച്ചുപൂട്ടപ്പെടുന്ന അവസ്ഥ നിലനില്‍ക്കുന്ന സംസ്ഥാനത്ത് എന്ത് സ്വതന്ത്ര പത്രപ്രവര്‍ത്തനമാണ് സാധ്യമാവുക? എന്തു വിട്ടുവീഴ്ച ചെയ്തും പരസ്യം നേടുക എന്നത് പത്രങ്ങളുടെ പ്രഖ്യാപിത നയം തന്നെയാണ്. ഇതു മാധ്യമവിശ്വാസ്യതയെ തകര്‍ക്കുന്നുണ്ട്. വ്യവസായ സംരംഭങ്ങള്‍ക്ക് ഇന്നു പരസ്യം ചെയ്യാന്‍ പത്രം തന്നെ വേണമെന്നില്ല. നൂറുനൂറു പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ കൈവശമുള്ള മൊബൈല്‍ ഫോണുകള്‍ മികച്ച പരസ്യമാധ്യമമാണ് എന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. പുതിയവ അനുദിനം കണ്ടുപിടിക്കപ്പെടുന്നു. പത്രങ്ങള്‍ക്ക് പഴയ വരുമാനമാര്‍ഗങ്ങള്‍ പലതും നഷ്ടപ്പെട്ടിരിക്കുന്നു.
മാധ്യമവിശ്വാസ്യതയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന തകര്‍ച്ചയെയും നാം ഇതോടു ചേര്‍ത്തു വേണം കാണാന്‍. വിശ്വാസ്യത നശിപ്പിക്കുന്ന ഉള്ളടക്കം വര്‍ധിക്കുകയാണ്. വരുമാനം കൂട്ടാന്‍ മോശമായ ഉള്ളടക്കത്തോട് വിട്ടുവീഴ്ച ചെയ്യുന്നുണ്ട് പത്രങ്ങള്‍. ഒരു ഉപജീവനമാര്‍ഗം എന്ന നിലയിലോ സാമൂഹിക പ്രതിബദ്ധത പുലര്‍ത്തുന്ന ഒരു പ്രൊഫഷന്‍ എന്ന നിലയിലോ പത്രപ്രവര്‍ത്തനം ഇന്ന് ആകര്‍ഷകമോ, ആദരവു നല്‍കുന്ന ഒരു തൊഴിലോ അല്ലാതായിട്ടുണ്ട്. സേവന-വേതന കാര്യങ്ങളില്‍ കാല്‍നൂറ്റാണ്ടിനിടയില്‍ ഈ രംഗം അഗാധഗര്‍ത്തത്തിലേക്കു വീണുകഴിഞ്ഞു.
മാധ്യമപ്രവര്‍ത്തനം കാലത്തിന്റെ സമ്മര്‍ദങ്ങളെ അതിജീവിക്കുമോ എന്നതാണ് ചോദ്യം. എന്തെല്ലാം പ്രതീക്ഷകള്‍ പുലര്‍ത്തിയാലും, പല കാരണങ്ങളാല്‍ ഇന്ത്യയില്‍ മാത്രമായി ഒരു വ്യവസായത്തിനു നിലനില്‍ക്കുക അസാധ്യം തന്നെയാണ്. പത്രങ്ങള്‍ക്കു ബദലല്ലേ നവമാധ്യമങ്ങള്‍ എന്നു പ്രതീക്ഷാപൂര്‍വം ചോദിക്കുന്നവരുണ്ട്. ഭാവിയുടെ മാധ്യമം ഓണ്‍ലൈനാണ് എന്നു കരുതുന്നുണ്ട് പലരും. പക്ഷേ, അതിന്റെയും അതിജീവനം ഇനിയും വിജയിച്ചിട്ടില്ലാത്ത വാണിജ്യ മോഡലിനെ ആശ്രയിച്ചാണിരിക്കുന്നത്. സ്വന്തം ശേഷിയില്‍ നിലനില്‍ക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അത്യപൂര്‍വമാണ് ലോകത്തെവിടെയും. അമേരിക്കയില്‍ നിന്ന് ഈയിടെ പുറത്തുവന്ന റിപോര്‍ട്ട് വിരല്‍ ചൂണ്ടുന്നത് സാമൂഹിക മാധ്യമത്തിന്റെയും സ്വാധീനം കുറഞ്ഞുവരുന്നു എന്നാണ്. അപ്രവചനീയമാണ് ഭാവി.
(കെയുഡബ്ല്യൂജെ സമ്മേളനപ്പതിപ്പില്‍ നിന്ന്)
RELATED STORIES
വന് അപകടത്തില് നിന്ന് രക്ഷപ്പെട്ട് ഡേവിഡ് വാര്ണര്; ബിഗ് ബാഷ്...
10 Jan 2025 5:44 PM GMTഇന്ത്യയില്‍ ആഭ്യന്തര ക്രിക്കറ്റില് ഇറങ്ങില്ല; ഫോം വീണ്ടെടുക്കാന്...
10 Jan 2025 6:22 AM GMTഹിന്ദി ഔദ്യോഗിക ഭാഷ മാത്രം; നമ്മുടെ ദേശീയ ഭാഷയല്ല: ഇന്ത്യന്‍ താരം...
10 Jan 2025 5:32 AM GMTചാംപ്യന്സ് ട്രോഫി; പാകിസ്താനിലെ ഒരുക്കങ്ങള് പാതി വഴി; വേദി...
8 Jan 2025 12:40 PM GMTസിഡ്നി ടെസ്റ്റും കൈവിട്ടു; ബോര്ഡര് ഗാവസ്കര് ട്രോഫി...
5 Jan 2025 7:02 AM GMTസിഡ്നിയില് ഇന്ത്യക്ക് വന് തിരിച്ചടി; ബുംറയ്ക്ക് പരിക്ക്; ഓസിസ്...
4 Jan 2025 5:53 AM GMT