Views

മോഹന്‍ ഭാഗവതിന്റെ ഹിന്ദു രാഷ്ട്ര പ്രഖ്യാപനം രാജ്യത്തെ തകര്‍ക്കും: എം കെ ഫൈസി

ഇന്ത്യയെ ഇസ്‌ലാമിക രാഷ്ട്രമാക്കാന്‍ ഇവിടെയുള്ള മുസ്‌ലിംകള്‍ കോപ്പു കൂട്ടുന്നു എന്ന് നിരന്തരം ആരോപണമുന്നയിക്കുന്ന സംഘപരിവാരത്തിന്റെ തലവന്‍ തന്നെയാണ്, ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുമെന്ന് പരസ്യപ്രഖ്യാപനം നടത്തുന്നത്.

മോഹന്‍ ഭാഗവതിന്റെ ഹിന്ദു രാഷ്ട്ര പ്രഖ്യാപനം രാജ്യത്തെ തകര്‍ക്കും: എം കെ ഫൈസി
X

ആര്‍എസ്എസ് ആചാര്യന്‍ ഗോള്‍വാള്‍ക്കര്‍ വിഭാവനം ചെയ്ത ഹിന്ദുത്വരാഷ്ട്രത്തിന്റെ അര്‍ധ ഔദ്യോഗിക പ്രഖ്യാപനമായിരുന്നു മോഹന്‍ ഭാഗവതിന്റെ ഇത്തവണത്തെ വിജയദശമി സന്ദേശം. ഭരണഘടനാപരമായി മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയെ മതരാഷ്ട്രമാക്കുമെന്ന പ്രഖ്യാപനം ഭരണഘടനാ വിരുദ്ധവും നാനാത്വത്തില്‍ ഏകത്വമെന്ന രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവത്തെ തകര്‍ക്കുന്നതുമാണ്. സമാനമായ മറ്റൊരു പരാമര്‍ശമാണ് രാജ്യത്തെ ജനസംഖ്യാനുപാതത്തെക്കുറിച്ച് മോഹന്‍ഭാഗവതിന്റെ അഭിപ്രായപ്രകടനം.

എട്ട് വര്‍ഷം മുമ്പ് സംഘപരിവാരം കേന്ദ്രഭരണം ഏറ്റെടുത്തത് മുതല്‍, വികസനപരമായ എല്ലാ മേഖലകളിലും രാജ്യം താഴോട്ടേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയും അസമത്വവും വര്‍ധിച്ചുവരികയാണെന്നും ഇന്ത്യയില്‍ ദാരിദ്ര്യം രാക്ഷസരൂപം പൂണ്ട് നില്‍ക്കുകയാണെന്നുമാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ തന്നെ പറയുന്നത്. ഹൊസബലെ വെളിപ്പെടുത്തിയത് പ്രകാരം 20 കോടിയിലേറെ ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. 23 കോടിയിലധികം ആള്‍ക്കാര്‍ക്ക് ദിവസം 375 രൂപയ്ക്കു താഴെ മാത്രമാണ് വരുമാനം. നാലു കോടിയിലധികമാണ് തൊഴില്‍രഹിതര്‍. ലേബര്‍ ഫോഴ്‌സ് സര്‍വേ അനുസരിച്ച് 7.6 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. ഭൂരിഭാഗം മേഖലകളിലും ജനങ്ങള്‍ക്ക് നല്ല വെള്ളമോ പോഷകാഹാരങ്ങളോ ലഭിക്കുന്നില്ലെന്നും പറഞ്ഞ ഹൊസബലെ, ജനസംഖ്യയുടെ ഒരു ശതമാനം രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ അഞ്ചില്‍ ഒന്നും (20 ശതമാനം) കൈയടക്കി വയ്ക്കുന്നത് നല്ല സാഹചര്യമാണോ എന്നു കൂടി ചോദിക്കുകയുണ്ടായി.

ഹൊസബലെയുടെ വെളിപ്പെടുത്തലുകളില്‍ പുതിയതായി ഒന്നുമില്ല. രാജ്യത്തെ ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടികളും, സാമൂഹ്യ സാംസ്‌കാരിക സന്നദ്ധ സംഘങ്ങളും, മനുഷ്യാവകാശ പ്രവര്‍ത്തകരും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന വസ്തുതകള്‍ തന്നെയാണ് ഹൊസബലെ ആവര്‍ത്തിച്ചിട്ടുള്ളത്. എന്നാല്‍ ഈ യാഥാര്‍ഥ്യം വിളിച്ചു പറയുന്നവര്‍ രാജ്യനിന്ദ നടത്തുകയാണെന്നും, അവര്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നുമായിരുന്നു സംഘപരിവാര പ്രചാരണം.

മുകളില്‍ സൂചിപ്പിച്ച തരത്തിലുള്ള ഗുരുതരമായ ഒരു ചുറ്റുപാടിലാണ് രാജ്യം നിലകൊള്ളുന്നത്. ഈ പറഞ്ഞ പ്രശ്‌നങ്ങള്‍ക്കൊന്നും ഒരു പരിഹാരവും നിര്‍ദേശിക്കാതെ, സംഘപരിവാരം അധികാരത്തില്‍ വന്നതിന് ശേഷം അനിയന്ത്രിതമായി വളര്‍ന്നു കൊണ്ടിരിക്കുന്ന മതപരമായ ധ്രുവീകരണം ശക്തിപ്പെടുത്താനുതാകുന്ന പരാമര്‍ശങ്ങളാണ് ഭാഗവതിന്റെ പ്രസംഗത്തിലുള്ളത്. 'മതാടിസ്ഥാനത്തിലുള്ള അസമത്വവും' 'നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളും' കാരണം രാജ്യത്തിന്റെ സ്വത്വരൂപം നഷ്ടപ്പെട്ടുപോകുമെന്നാണ് ഭാഗവത് പറയുന്നത്. നിലവിലുള്ള സ്ഥിതിവിവര കണക്കുകളനുസരിച്ച്, 86 ശതമാനമാണ് ഭൂരിപക്ഷ സമുദായത്തിന്റെ ജനസംഖ്യാനുപാതം. ഇതര സമുദായങ്ങളുടെ മൊത്തം അനുപാതം കേവലം 14 ശതമാനമാണ്. എന്നിട്ടും, ഇതരസമുദായങ്ങള്‍ അനിയന്ത്രിത പ്രജനനത്തിലൂടെയും, മതപരിവര്‍ത്തനത്തിലൂടെയും, അതിര്‍ത്തികടന്നുള്ള നുഴഞ്ഞു കയറ്റത്തിലൂടെയും മതപരമായ ജനസംഖ്യാ അസന്തുലിതത്വം സൃഷ്ടിക്കുന്നുവെന്നാണ് ഭാഗവത് കണ്ടെത്തിയിരിക്കുന്നത്.

ഇന്ത്യയെ ഇസ്‌ലാമിക രാഷ്ട്രമാക്കാന്‍ ഇവിടെയുള്ള മുസ്‌ലിംകള്‍ കോപ്പു കൂട്ടുന്നു എന്ന് നിരന്തരം ആരോപണമുന്നയിക്കുന്ന സംഘപരിവാരത്തിന്റെ തലവന്‍ തന്നെയാണ്, ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുമെന്ന് പരസ്യപ്രഖ്യാപനം നടത്തുന്നത്. ആര്‍എസ്എസ് സ്ഥാപിക്കാനുദ്ദേശിക്കുന്ന ഈ മതരാഷ്ട്രത്തില്‍, ഇതര മതസ്തര്‍ക്ക് പൗരാവകാശങ്ങള്‍ പോലുമുണ്ടാകില്ലെന്നും, അവര്‍ രണ്ടാംകിട പൗരന്മാരായി, ഭൂരിപക്ഷത്തിന്റെ ആജ്ഞാനുവര്‍ത്തികളായി ജീവിക്കണമെന്നുമാണ് ആര്‍എസ്എസ് ആചാര്യന്‍ എഴുതിവെച്ചിട്ടുള്ളത്.

ആര്‍എസ്എസിന്റെ കൈയിലാണ് കേന്ദ്രഭരണം കൈയാളുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ കടിഞ്ഞാണ്‍. അത്‌കൊണ്ട് തന്നെ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്ന ഭാഗവതിന്റെ പ്രസ്താവന ഗൗരവമായി ചര്‍ച ചെയ്യപ്പെടേണ്ടതുണ്ട്. ഇനിയുള്ള കാലത്തും ഇന്ത്യ ഒരു മതേതര രാഷ്ട്രമായി നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ജനസമൂഹം ഈ നീക്കത്തെ ഫലപ്രദമായി നേരിട്ട് പരാജയപ്പെടുത്താന്‍ മുന്നോട്ട് വരേണ്ടതുമുണ്ട്.

Next Story

RELATED STORIES

Share it