Flash News

വ്യാജ എയര്‍ ടിക്കറ്റ് നല്‍കി 90 ലക്ഷം തട്ടിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

വ്യാജ എയര്‍ ടിക്കറ്റ് നല്‍കി 90 ലക്ഷം തട്ടിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
X


ചാവക്കാട്: ഖത്തര്‍ മലയാളികള്‍ക്ക് വ്യാജ എയര്‍ ടിക്കറ്റ് നല്‍കി ചാവക്കാട് സ്വദേശികളില്‍ നിന്നും 90 ലക്ഷം തട്ടിയ അഞ്ചംഗ സംഘത്തില്‍പ്പെട്ട ഒരാളെ ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ചെരുപുഴ അരിയിരുത്തി അലവേലില്‍ ഷമീം മുഹമ്മദി(28)നേയാണ് സിഐ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ എ വി രാധാകൃഷ്ണന്‍, എഎസ്‌ഐമാരായ അനില്‍മാത്യു, സാബുരാജ് എന്നിവരുള്‍പ്പെട്ട പോലിസ് സംഘം അറസ്റ്റ് ചെയ്തത്. ചാവക്കാട് പാലയൂര്‍ സ്വദേശികളായ ഷിയാസ്, ജാഫര്‍ സാദിക്ക്, ഷംസാദ് എന്നിവരുടെ പരാതിയെ തുടര്‍ന്നാണ് പോലിസ് പ്രതിയെ പിടികൂടിയത്.
2017 നവംബര്‍ മുതല്‍ കണ്ണൂരുള്ള സംഘം വഴിയാണ് ചാവക്കാട് സ്വദേശികളായ പരാതിക്കാരായ യുവാക്കള്‍ ആവശ്യക്കാര്‍ക്ക് എയര്‍ ടിക്കറ്റുകള്‍ വാങ്ങി നല്‍കിയിരുന്നത്. ടിക്കറ്റുകള്‍ അയച്ചു കൊടുക്കുമ്പോള്‍ പണം കണ്ണൂരുള്ള ഈ സംഘത്തിന്റെ എക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയായിരുന്നു പതിവ്. എന്നാല്‍, കഴിഞ്ഞ പെരുന്നാള്‍ സമയത്ത് ആറ് കുടുംബങ്ങള്‍ക്ക് ഖത്തറില്‍ നിന്നും നാട്ടിലേക്ക് വരുന്നതിനായി നല്‍കിയ എയര്‍ ടിക്കറ്റുകള്‍ വ്യാജമെന്ന് കണ്ടെത്തി. കുടുംബങ്ങള്‍ക്ക് നാട്ടിലേക്ക് വരാനും കഴിഞ്ഞില്ല. ഇതോടേയാണ് കണ്ണൂരിലുള്ള സംഘത്തിന്റെ തട്ടിപ്പ് പുറത്തായത്. ഇന്റര്‍നെറ്റ് കഫേയും ട്രാവല്‍ ഏജന്‍സിയുമുള്ള സംഘം വിമാന കമ്പനിയുടെ എയര്‍ ടിക്കറ്റ് സ്വയം നിര്‍മ്മിച്ചു നല്‍കുകയായിരുന്നുവത്രേ. ടിക്കറ്റ് ലഭിച്ചപ്പോള്‍ പാലയൂര്‍ സ്വദേശികള്‍ തട്ടിപ്പു സംഘത്തിന്റെ എക്കൗണ്ടിലേക്ക് പണം നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പരാതി നല്‍കിയത്. സംഘത്തില്‍ ഇയാളുടെ സഹോദരനും ഭാര്യയുമടക്കം നാലു പേര്‍ കൂടി പിടിയിലാവാനുണ്ടെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it