വികാസ് ദുബെയെ യുപിയിലേക്ക് കൊണ്ടുവന്ന കാറിലുണ്ടായിരുന്ന പോലിസുകാരന് കൊവിഡ്
ശനിയാഴ്ച രാത്രിയോടെയാണ് പോലിസുകാരന് കൊവിഡ് സ്ഥിരീകരിച്ചതിന്റെ ഫലം വന്നത്. ഇദ്ദേഹം കാണ്‍പൂരിലെ ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി (ജിഎസ്വിഎം) മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
ഭോപാല്‍: കാണ്‍പൂരില്‍ പോലിസുകാരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയായ ഗുണ്ടാത്തലവന്‍ വികാസ് ദുബെയെ മധ്യപ്രദേശിലെ ഉജ്ജയിനിയില്‍നിന്ന് ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുവന്ന സംഘത്തിലുണ്ടായിരുന്ന പോലിസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ദുബെയെ കൊണ്ടുവന്ന കാറില്‍ സഞ്ചരിച്ച ഉത്തര്‍പ്രദേശ് പോലിസ് കോണ്‍സ്റ്റബിളിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ശനിയാഴ്ച രാത്രിയോടെയാണ് പോലിസുകാരന് കൊവിഡ് സ്ഥിരീകരിച്ചതിന്റെ ഫലം വന്നത്. ഇദ്ദേഹം കാണ്‍പൂരിലെ ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി (ജിഎസ്വിഎം) മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ഈ കാറിലുണ്ടായിരുന്ന മറ്റ് നാല് പോലിസുകാരുടെയും ഫലം നെഗറ്റീവാണെന്ന് ജിഎസ്വിഎം പ്രിന്‍സിപ്പാള്‍ ഡോ. ആര്‍ ബി കമല്‍ പറഞ്ഞു. പോലിസുകാരനെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഉത്തര്‍പ്രദേശ് പോലിസ് ദുബെയെ വെടിവച്ചുകൊന്നത്. വാഹനം മറിഞ്ഞതിനെത്തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ദുബെയെ ഏറ്റുമുട്ടലില്‍ വെടിവച്ചുകൊല്ലുകയായിരുന്നുവെന്നാണ് പോലിസിന്റെ വാദം. സംഭവത്തില്‍ കൊവിഡ് സ്ഥിരീകരിച്ച പോലിസുകാരന് പരിക്കേല്‍ക്കുകയും ചെയ്തു.