നിയമസഭാ തിരഞ്ഞെടുപ്പ് തിരക്കിനിടയില്‍ രാഹുല്‍ മുങ്ങിയത് എങ്ങോട്ട്?
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബാങ്കോക്കിലേക്കു പോയതായുള്ള റിപോര്‍ട്ടുകള്‍ ഏറെ വിവാദമായിരുന്നു. എന്നാല്‍ രാഹുല്‍, പോയത് ബാങ്കോക്കിലേക്കല്ലെന്ന റിപോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയം ചൂട്പിടിച്ച് നില്‍ക്കവേ മുങ്ങുന്ന ഏര്‍പ്പാട് രാഹുല്‍ ഗാന്ധി തുടരുന്നു. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബാങ്കോക്കിലേക്കു പോയതായുള്ള റിപോര്‍ട്ടുകള്‍ ഏറെ വിവാദമായിരുന്നു. എന്നാല്‍ രാഹുല്‍, പോയത് ബാങ്കോക്കിലേക്കല്ലെന്ന റിപോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
രാഹുല്‍ പോയിരിക്കുന്നത് കംബോഡിയയിലേക്കാണെന്ന റിപോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത് 'ദ ഹിന്ദു'വാണ്. ഇതുവരെ ഈ വാര്‍ത്ത നിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കളാരും രംഗത്തെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം രാഹുല്‍ ബാങ്കോങ്കിലേക്കു പോയെന്ന റിപോര്‍ട്ട് വന്നതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി ഇതിനെതിരെ രംഗത്തെത്തിയിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ പൊതുജീവിതവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും തിരഞ്ഞെടുപ്പ് നടക്കുന്ന രണ്ടു സംസ്ഥാനങ്ങളിലും രാഹുല്‍ പ്രചാരണം നടത്തുമെന്നും സിങ്വി ട്വീറ്റ് ചെയ്തിരുന്നു. പ്രചാരണത്തിനായി അധികം വൈകാതെ അദ്ദേഹം എത്തുമെന്നും സിങ്‌വി അറിയിച്ചിരുന്നു.
നാലുദിവസത്തെ സന്ദര്‍ശനത്തിനാണു രാഹുല്‍ കംബോഡിയയിലേക്കു പോയതെന്നാണ് ഹിന്ദുവിന്റെ റിപോര്‍ട്ടില്‍ പറയുന്നത്. അവിടെ നടക്കുന്ന ഒരു മെഡിറ്റേഷന്‍ ക്യാംപില്‍ പങ്കെടുക്കാനാണു യാത്രയെന്നും റിപോര്‍ട്ടിലുണ്ട്.
ഈ മാസം 21നാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പും ഈ മാസം നടക്കും. മഹാരാഷ്ട്രയിലും ഹരിയാനയിലും കോണ്‍ഗ്രസില്‍ വന്‍ ഭിന്നത ഉടലെടുത്തു നില്‍ക്കവെയാണ് രാഹുലിന്റെ വിദേശ സന്ദര്‍ശനം.
രാഹുലിന്റെ മുങ്ങലിനെക്കുറിച്ച് രണ്ടു തരത്തിലുള്ള വ്യാഖ്യാനങ്ങളാണു പുറത്തുവരുന്നത്. ആദ്യത്തേത് രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പരാജയം ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട് എന്നതാണ്. പാര്‍ട്ടിയുടെ പരാജയം തന്റെ തലയിലേക്കു വരാന്‍ നിലവില്‍ രാഹുല്‍ ആഗ്രഹിക്കുന്നില്ല. രണ്ടാമതായി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പരാജയത്തിന് ഉത്തരവാദികളാവുകയും അത് ഏറ്റെടുത്ത് അവര്‍ രാജിവയ്ക്കുകയും വേണമെന്ന് രാഹുല്‍ കരുതുന്നു.
ആഗസ്ത് 10ന് സോണിയാ ഗാന്ധി കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റായതിന് ശേഷം നിരവധി യുവനേതാക്കള്‍ വൃദ്ധനേതൃത്വത്തിനെതിരേ പരസ്യമായി രംഗത്തെത്തിയിരുന്നു. ഹരിയാന മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വര്‍, മുംബൈയിലെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സഞ്ജയ് നിരുപം, മുന്‍ ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍, ത്രിപുര മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രദ്യോത് ദേവ് ബര്‍മന്‍, പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദു തുടങ്ങിയവര്‍ ഈ രീതിയില്‍ മുതിര്‍ന്ന നേതൃത്വവുമായി ഉടക്കി പാര്‍ട്ടി വിടുകയോ മാറിനില്‍ക്കുകയോ ചെയ്യുന്നവരാണ്. രാഹുല്‍ ഗാന്ധി ഒന്നര പതിറ്റാണ്ടിനിടെ വളര്‍ത്തിക്കൊണ്ടുവന്ന യുവനേതൃത്വത്തെ ഇല്ലായ്മ ചെയ്യാന്‍ പാര്‍ട്ടിയില്‍ ഗുഢാലോചന നടക്കുന്നുണ്ടെന്നാണ് കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ച് അശോക് തന്‍വര്‍ സോണിയക്കു കത്തെഴുതിയത്.