സുപ്രിംകോടതി ജീവനക്കാരന് കൊവിഡ്; രണ്ട് രജിസ്ട്രാര്‍മാര്‍ വീട്ടില്‍ നിരീക്ഷണത്തില്‍
ഇയാള്‍ ആരുമായൊക്കെ സമ്പര്‍ക്കം പുലര്‍ത്തിയെന്ന് കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ന്യൂഡല്‍ഹി: സുപ്രിംകോടതിയിലെ ജീവനക്കാരന് കൊവിഡ്-19 സ്ഥിരീകരിച്ചു. ജീവനക്കാരന്‍ കഴിഞ്ഞയാഴ്ച രണ്ടുപ്രാവശ്യം കോടതിയിലെത്തിയിരുന്നു. ഇയാള്‍ ആരുമായൊക്കെ സമ്പര്‍ക്കം പുലര്‍ത്തിയെന്ന് കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ജീവനക്കാരന്റെ കൊവിഡ് പരിശോധനാഫലം പോസിറ്റീവായ സാഹചര്യത്തില്‍ അടുത്തിടപഴകിയെന്ന് സംശയിക്കുന്ന കോടതിയിലെ രണ്ട് രജിസ്ട്രാര്‍മാരോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
ഒരുമാസത്തിലേറെയായി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് സുപ്രിംകോടതിയുടെ പ്രവര്‍ത്തനം നടന്നുവരുന്നത്. അതിനിടയിലാണ് ആദ്യത്തെ കൊവിഡ് കേസ് സുപ്രിംകോടതിയില്‍ റിപോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ മൂന്നുദിവസമായി ജീവനക്കാരന് പനിയുണ്ടായിരുന്നു. തിങ്കളാഴ്ച പരിശോധനാഫലം പുറത്തുവന്നപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ഡല്‍ഹി കോടതിയിലെ ഒരുദ്യോഗസ്ഥന്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇവിടത്തെ അഡീഷനല്‍ സെഷന്‍സ് ജഡ്ജി കൊവിഡ് ചികില്‍സയിലാണ്.