ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധിച്ചതിനു പതിനഞ്ച് പ്രതിപക്ഷ എംപിമാരെ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസ്-9, സിപിഎം-2, ഡിഎംകെ-2, സിപിഐ-1 എന്നിങ്ങനെയാണ് സസ്‌പെന്റ് ചെയ്യപ്പെട്ട എംപിമാര്‍. കോണ്‍ഗ്രസ് എംപിമാരായ മാണിക്കം ടാഗോര്‍, എംഡി ജാവേദ്, വികെ ശ്രീകണ്ഠന്‍, ബെന്നി ബെഹനാന്‍, ഡിഎംകെ എംപിമാരായ കെ കനിമൊഴി, എസ്ആര്‍ പാര്‍ത്ഥിബന്‍, സിപിഎം എംപിമാരായ പി ആര്‍ നടരാജന്‍, എസ് വെങ്കിടേശന്‍, സിപിഐ എംപി കെ സുബ്ബരായന്‍ എന്നിവരാണ് സസ്‌പെന്‍ഷനിലായത്. ആദ്യം അഞ്ചുപേര്‍ക്കെതിരെയായിരുന്നു ലോക്‌സഭയില്‍ നടപടി. പിന്നീട് ഒമ്പത് പേരെ കൂടി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. വിന്റര്‍ സെഷന്‍ സമാപിക്കുന്ന ഡിസംബര്‍ 22 വരെയാണ് സസ്‌പെന്‍ഷന്‍. സുരക്ഷാ വീഴ്ചയെ ചൊല്ലിയുണ്ടായ ബഹളത്തിനിടെ രാജ്യസഭയില്‍ ചെയറിന് മുന്നിലെത്തി പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രിയനെയും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷനെ അതിഭയങ്കരമായ ജനാധിപത്യവിരുദ്ധ നടപടിയെന്ന് കോണ്‍ഗ്രസ് രാജ്യസഭാ എംപി കെസി വേണുഗോപാല്‍ വിശേഷിപ്പിച്ചു. 'ഇന്നലെ പാര്‍ലമെന്റിലെ ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ചയില്‍ സര്‍ക്കാരില്‍ നിന്ന് ഉത്തരം ആവശ്യപ്പെട്ടതിന് പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ഭയാനകവും ജനാധിപത്യവിരുദ്ധവുമായ നീക്കമാണിത്. ഒരു വശത്ത്, ഉത്തരവാദിത്തം ആവശ്യപ്പെട്ടതിന് എംപിമാരെ സസ്‌പെന്‍ഡ് ചെയ്യുന്നു. മറുവശത്ത് ഒരു നടപടിയുമില്ല. അക്രമികള്‍ക്ക് കടന്നുവരാന്‍ സൗകര്യമൊരുക്കിയത് ബിജെപി എംപിയാണ്. ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണ്. ബിജെപി സര്‍ക്കാര്‍ പാര്‍ലമെന്റിനെ റബ്ബര്‍ സ്റ്റാമ്പാക്കി ചുരുക്കി. ജനാധിപത്യ പ്രക്രിയയുടെ ഭാവം പോലും അവശേഷിക്കുന്നില്ലെന്നും എക്‌സില്‍ എഴുതി. സുരക്ഷ വീഴ്ചയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ വൈകീട്ട് മൂന്നുവരെ നിര്‍ത്തിവച്ചിരുന്നു. സഭയുടെ അന്തസിന് ചേരാത്തവിധം പ്രതിഷേധിച്ചെന്നതാണ് എംപിമാര്‍ക്കെതിരായ ആരോപണം.