Big stories

ഗിന്നസ് സത്താര്‍ ആദൂരിന്റെ കുഞ്ഞു പുസ്തകങ്ങളുടെ സൗജന്യ വിതരണത്തിന് ഒന്നര പതിറ്റാണ്ട്

ഗിന്നസ് സത്താര്‍ ആദൂരിന്റെ കുഞ്ഞു പുസ്തകങ്ങളുടെ സൗജന്യ വിതരണത്തിന് ഒന്നര പതിറ്റാണ്ട്
X

വായനയെ പ്രോത്സാഹിപ്പിക്കുന്നതനുവേണ്ടി, ചെറിയ കഥകളും കവിതകളും രചിച്ച് ചെറുവിരലിന്റെ അത്ര പോലും വലുപ്പമില്ലാത്ത എന്നാല്‍ നഗ്‌നനേത്രങ്ങള്‍ കൊണ്ട് വായിക്കുവാന്‍ ഒരു പ്രയാസവുമില്ലാത്ത തരത്തില്‍ കുഞ്ഞു പുസ്തകങ്ങളിലാക്കി ഒരു രൂപ പോലും വാങ്ങിക്കാതെ ഗിന്നസ് സത്താര്‍ ആദൂര്‍ സൗജന്യമായി നല്‍കിവരുവാന്‍ തുടങ്ങിയിട്ട് പതിനഞ്ചു വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്.

ഒന്നര പതിറ്റാണ്ട് പിന്നിടുന്ന വേളയില്‍ ഈ ശ്രേണിയിലെ അഞ്ചാമത്തെ സമാഹാരമായ 81 ഹൈക്കു കഥകള്‍ മൂന്നര സെന്റീമീറ്റര്‍ നീളവും രണ്ടര സെന്റീമീറ്റര്‍ വീതിയും മൂന്നു ഗ്രാം തൂക്കവും മാത്രമുള്ള ഒരു അ4 ഷീറ്റ് കൊണ്ട് ഒരു പുസ്തകം എന്ന തരത്തില്‍ തയ്യാറാക്കി ആദ്യപതിപ്പ് തന്നെ 4000 കോപ്പികളുമായി പ്രസിദ്ധീകരിച്ചിരിക്കുകയാണ് സത്താര്‍. ഈ പുസ്തകത്തിന്റെയും സെറ്റിങ്ങും പ്രിന്റിങ്ങും കുന്നംകുളം പവര്‍ ഓഫ്സെറ്റ് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.ജൂണ്‍ 20 ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ശ്രീ സച്ചിദാനന്ദന് ആദ്യ കോപ്പി സമ്മാനിച്ചുകൊണ്ട് അക്കാദമിയില്‍ വെച്ച് സത്താര്‍ പുസ്തക വിതരണത്തിന് തുടക്കം കുറിക്കും. വായന മരിക്കുന്നു എന്ന് ആശങ്കപ്പെട്ടിരുന്ന 2008 വായന ദിനത്തിലാണ് സത്താര്‍ ആദൂര്‍ നാല് സെന്റീമീറ്റര്‍ വലുപ്പം മാത്രമുളള ഒന്നര എ ഫോര്‍ ഷീറ്റ് കൊണ്ട് തയ്യാറാക്കിയ 104 പേജുകളുള്ള മിനിയേച്ചര്‍ പുസ്തകത്തില്‍ 101 കഥകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് എസ്.എം. എസ് 101 കഥകള്‍ എന്ന കൗതുകകരമായ സമാഹാരം പ്രസിദ്ധീകരിച്ച് സൗജന്യമായ വിതരണം ആരംഭിച്ചത്.

മിനിയേച്ചര്‍ ബുക്‌സ് എന്ന കേട്ട് കേള്‍വി മാത്രമുണ്ടായിരുന്ന വായനാ സമൂഹത്തിനുമുന്നില്‍ അവതരിപ്പിക്കപ്പെട്ട ആദ്യത്തെ കുഞ്ഞു പുസ്തകം വായനക്കാര്‍ ഏറ്റെടുത്തതിനെ തുടര്‍ന്ന് 2009 ല്‍ പുസ്തകത്തിന്റെ നീളം ഒന്നുകൂടി കുറച്ച് രണ്ടര സെന്റീമീറ്ററാക്കി ഒരു എ ഫോര്‍ ഷീറ്റ് കൊണ്ട് 101 കവിതകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള കവിതാ സമാഹാരം പ്രസിദ്ധീകരിക്കുകയും 2010 ല്‍ ഒരു എ ഫോര്‍ ഷീറ്റ് കൊണ്ട് രണ്ട് പുസ്തകം എന്ന തരത്തില്‍ ഇംഗ്ലീഷിലുള്ള കഥകളും കവിതകളും ഉള്‍പ്പെടുത്തി കൊണ്ടുള്ള ഒന്നര സെന്റീമീറ്റര്‍ മാത്രം വലുപ്പമുള്ള ഫിഫ്റ്റി ഫിഫ്റ്റിയും പുറത്തിക്കി.മൂന്നുവര്‍ഷം പിന്നിടുമ്പോഴേക്കും ആയിരക്കണക്കിന് കോപ്പികള്‍ വായനക്കാരിലേക്ക് എത്തിയതിനെ തുടര്‍ന്ന് 2011 ഇല്‍ ലിംക്ക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് സത്താറിനെ തേടിയെ ത്തി.

2012 ല്‍ ലോകത്തിലെ തന്നെ വായിക്കാന്‍ കഴിയുന്ന ഏറ്റവും ചെറിയ കവിത സമാഹാരമായ 66 ഭാഷാകവിതകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള 'വണ്‍' എന്ന അല്‍ഭുത പുസ്തകം രചിക്കുകയും അമേരിക്ക, ബ്രിട്ടന്‍, ഹോങ്കോങ് തുടങ്ങിയ വിവിധ രാജ്യങ്ങളുടെ ഉള്‍പ്പെടെ ഒരു ഡസനോളം റെക്കോര്‍ഡുകള്‍ നേടുകയും ചെയ്തു. ഒരു എ ഫോര്‍ ഷീറ്റ് കൊണ്ട് 68 പേജ് ഉള്ള 10 പുസ്തകം എന്ന തരത്തിലാണ് വണ്‍ പുറത്തിറക്കിയത്. 2013ല്‍ ബ്രിട്ടീഷ് റൈറ്റര്‍ ബ്രെയിന്‍ സ്‌കോട്ട് ലോകത്തെ അത്ഭുതപ്പെടുത്തിയ കവികളെയും കവിതാ സമാഹാരങ്ങളെയും പരിചയപ്പെടുത്തിയപ്പോള്‍ ഒന്നാം സ്ഥാനത്ത് വില്യം ഷേക്‌സ്പിയറും നാലാമതായി വ്യാസ മഹര്‍ഷിയും ഇടംപിടിച്ച ലിസ്റ്റില്‍ ഈ പുപുസ്തകത്തിലൂടെ സത്താര്‍ ആദൂര്‍ എട്ടാം സ്ഥാനം നേടി.പിന്നീട് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് നേടുക എന്നുള്ള ലക്ഷ്യത്തെ മുന്‍നിര്‍ത്തി ഒരു സെന്റീമീറ്ററിനും 5 സെന്റീമീറ്ററിനും ഇടയിലുള്ള വ്യത്യസ്തമായ 3137 മിനിയേച്ചര്‍ പുസ്തകങ്ങള്‍ രചിക്കുകയും 2016 ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിക്കുകയും ചെയ്തു.

ഗിന്നസ് നേട്ടം ലഭിച്ചിട്ടും സത്താര്‍ സൗജന്യമായ പുസ്തകവിതരണം തുടര്‍ന്നു പോരുകയും ഈ ശ്രേണിയിലെ നാലാമത്തെ സമാഹാരമായ മൂന്നര സെന്റീമീറ്റര്‍ നീളമുള്ള 93 കഥകളുടെ സമാഹാരമായ ആധാര്‍ മിനിക്കഥകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു . ആനുകാലികങ്ങളില്‍ പ്രസിദ്ധീകൃതമായ രചനകള്‍ മാത്രം ഉള്‍ക്കൊള്ളിച്ച് നഗ്‌ന നേത്രങ്ങള്‍ കൊണ്ട് വായിക്കുവാന്‍ സാധിക്കുന്ന തരത്തില്‍ പ്രസിദ്ധീകരിച്ച് 2008 ല്‍ തുടങ്ങിയ മിനിയേച്ചര്‍ പുസ്തകങ്ങളുടെ സൗജന്യ വിതരണം ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോള്‍ 25000 ത്തോളം കോപ്പികള്‍ വായനക്കാരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തിലാണ് വ്യക്തിഗത ഇനത്തില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയവരുടെ സംഘടനയായ ആഗ്രഹിന്റെ സംസ്ഥാന പ്രസിഡണ്ട് കൂടിയായ ഗിന്നസ് സത്താര്‍ ആദൂര്‍.

2008 ല്‍ ഉറുമ്പിനെ കേന്ദ്ര കഥാപാത്രമാക്കി 10 സെക്കന്‍ഡ് സമയ ദൈര്‍ഘ്യം മാത്രമുള്ള 'ദി മാന്‍' എന്ന സിനിമ സംവിധാനം ചെയ്തും 2019 ലോക സാക്ഷരതാ ദിനത്തില്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകൃതമായ ആയിരം രചനകളുടെ പ്രദര്‍ശനം കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചും സത്താര്‍ ഏവരെയും വിസ്മയിപ്പിച്ചിട്ടുണ്ട്. പുതിയ പുസ്തകമായ ഹൈക്കു കഥകള്‍ ലഭിക്കുന്നതിന് അഞ്ചു രൂപയുടെ സ്റ്റാമ്പ് പതിച്ച മടക്ക തപാല്‍ സഹിതം ഗിന്നസ് സത്താര്‍ ആദൂര്‍, വെള്ളറക്കാട് പോസ്റ്റ്, തൃശ്ശൂര്‍ജില്ല പിന്‍ : 680584 എന്ന വിലാസത്തിലാണ് എഴുത്തയക്കേണ്ടത് .




Next Story

RELATED STORIES

Share it