Big stories

രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു

രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
X
ന്യൂഡല്‍ഹി: രാമനവമി ആഘോഷത്തിന്റെ മറവില്‍ ഹിന്ദുത്വര്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടത്തുന്നത് പച്ചയായ കലാപനീക്കങ്ങള്‍. മിക്കയിടത്തും സമാനരീതിയിലാണ് ആക്രമണമെന്നത് ആസൂത്രിതമാണെന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ്. അതിനിടെ, മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ കിരാഡ്പുരയില്‍ പോലിസ് വെടിവയ്പില്‍ പരിക്കറ്റേയാള്‍ മരണപ്പെട്ടു. സംഘര്‍ഷം നിയന്ത്രിക്കാന്‍ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിചാര്‍ജ്ജ് നടത്തുകയും ചെയ്തിട്ടും പിന്തിരിഞ്ഞില്ലെന്നു പറഞ്ഞ് പോലിസ് നടത്തിയ വെടിവയ്പില്‍ പരിക്കേറ്റയാളാണ് വ്യാഴാഴ്ച അര്‍ധ രാത്രിയോടെ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഈയിടെ സമ്പാജി നഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട ഔറംഗബാദിലാണ് ഇന്നലെ വൈകീട്ടോടെ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്. പരിസരത്തെ രാമ ക്ഷേത്രത്തില്‍ രാമനവമി ആഘോഷിക്കാനെത്തിയവരും ഇതുവഴി ബൈക്കിലെത്തിയ സംഘവും തമ്മിലെ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മുസ് ലിം ഭൂരിപക്ഷ മേഖലയില്‍ രാമനവമി ആഘോഷത്തിന്റെ ഭാഗമായി പള്ളിക്കുമുന്നില്‍ ഉച്ചത്തില്‍ പാട്ട് വയ്ക്കുകയും അസഭ്യം പറയുകയും ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തില്‍ 17 പോലിസുകാര്‍ക്കും നിരവധി പ്രദേശവാസികള്‍ക്കും പരിക്കേറ്റിരുന്നു. പോലിസിന്റെത് ഉള്‍പ്പെടെ 14 ഓളം വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ

ഔറംഗാബാദ് എംപിയും മജ്‌ലിസെ ഇത്തിഹാദുല്‍ മുസ് ലിമീന്‍ നേതാവുമായ ഇംതിയാസ് ജലീലിനും പരിക്കേറ്റിരുന്നു. സംഭവത്തില്‍ 500 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ രാമനവമി ആഘോഷത്തോടനുബന്ധിച്ച് കല്ലേറും തീവെപ്പും നടക്കുകയും വര്‍ഗീയ സംഘര്‍ഷത്തിന് കാരണമാക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ വര്‍ഗീയ കലാപത്തിന് സാക്ഷ്യം വഹിച്ച വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാംഗീര്‍പുരി മേഖലയില്‍ രാമനവമി ഘോഷയാത്ര നടത്താന്‍ ഡല്‍ഹി പോലിസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും വിലക്ക് ലംഘിച്ച് ആയിരത്തോളം പേരാണ് കാവി പതാകയുമേന്തി റാലി നടത്തിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇവിടുത്തെ പാര്‍ക്കില്‍ റമദാന്‍ മാസമായിട്ടും വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് പോലിസ് അനുമതി നിഷേധിച്ചിരുന്നു. നിരോധന ഉത്തരവുകള്‍ ലംഘിച്ച് നടത്തി ഘോഷയാത്ര പോലിസ് തടയുകയായിരുന്നു. പോലിസിനെതിരേ പ്രതിഷേധിച്ച് പാര്‍ക്കില്‍ വിഗ്രഹം സ്ഥാപിക്കുകയും പൂജ നടത്തുകയും ചെയ്‌തെങ്കിലും സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഗുജറാത്തിലെ വഡോദരയില്‍ മുസ് ലിം പള്ളിക്കു നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. എന്നാല്‍, പോലിസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മുസ് ലിംകളെ വീടുകളില്‍ നിന്ന് ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. നോമ്പുതുറ സമയത്ത് വാതില്‍ തകര്‍ത്തെത്തിയ പോലിസ് സംഘം പുരുഷന്‍മാരെ പിടിച്ചുകൊണ്ടുപോയതായി വഡോദര നിവാസികള്‍ പറഞ്ഞു. ഇഫ്താറിനും തറാവീഹ് നമസ്‌കാരത്തിനും ശേഷമാണ് പോലിസ് വീടുകളിലെത്തി കസ്റ്റഡിയിലെടുത്തത്. നോമ്പുതുറ വിഭവങ്ങളടക്കം നശിപ്പിച്ചതായും ആക്ഷേപമുണ്ട്. 25ലേറെ പേരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. അതേസമയം, പശ്ചിമ ബംഗാളിലെ ഹൗറയിലും സമാനരീതിയിലാണ് സംഘര്‍ഷമുണ്ടാക്കിയത്. വാളുകളും ഹോക്കി സ്റ്റിക്കുകളും മറ്റുമേന്തിയ ഷോഘയാത്രക്കാര്‍ പള്ളിക്കു മുന്നിലെത്തിയപ്പോള്‍ സംഘര്‍ഷമുണ്ടാക്കുകയായിരുന്നു. നിരവധി വാഹനങ്ങള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവിടെ 36 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കലാപം തടയാന്‍ പ്രത്യേക സേനയെ വിന്യസിച്ചിട്ടുണ്ട്. കാജിപരയിലും നിരവധി വാഹനങ്ങള്‍ക്ക് ഘോഷയാത്രക്കാര്‍ തീയിട്ടിരുന്നു.

തെലങ്കാനയില്‍ വിദ്വേഷപ്രാസംഗികനും ഈയിടെ ബിജെപിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെടുകയും ചെയ്ത ടി രാജാ സിങിന്റെ നേതൃത്വത്തില്‍ നടത്തിയ റാലിയില്‍ ഗാന്ധിഘാതകന്‍ ഗോഡ്‌സെയുടെ ചിത്രങ്ങള്‍ ഉയര്‍ത്തിയതായും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മുസ് ലിം വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ നിരവധി കേസുകളുള്ള രാജാസിങിനെതിരേ പോലിസ് കാര്യക്ഷമമായ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപത്തിനിടെയാണ് കലാപാഹ്വാനം ചെയ്തുള്ള രാമനവമി ഘോഷയാത്രയും നടത്തിയത്. മഹാരാഷ്ട്രയിലെ ഹാജി അബ്ദുര്‍റഹീം മലംഗ് ഷാ ദര്‍ഗയ്ക്കു മുന്നില്‍ കാവി പതാക വീശി പ്രകോപനമുണ്ടാക്കുമ്പോള്‍ പോലിസ് നോക്കിനില്‍ക്കുകയായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് രാജാ സിംഗ് നഗരത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിനിടെ ദര്‍ഗയില്‍ കാവി പതാക ഉയര്‍ത്താന്‍ ആഹ്വാനം ചെയ്തിരുന്നു. രാജസ്ഥാനില്‍ പള്ളിക്കു മുകളില്‍ കാവി പതാകയുയര്‍ത്തിയാണ് ഹിന്ദുത്വര്‍ ആഘോഷിച്ചത്. യുപിയെ മഥുര ജുമാമസ്ജിദ് കോംപൗണ്ടിനു മുകളില്‍ കയറി കാവിപ്പതാക പറത്തുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, പ്രതിയെ തിരിച്ചറിഞ്ഞതായും അന്വേഷണം നടക്കുന്നതായും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മഥുര പോലിസ് പറഞ്ഞു. മുംബൈയിലെ മലാദിലും മല്‍വാനിയിലും മുസ് ലിംപള്ളിക്കു മുന്നിലെത്തിയപ്പോള്‍ പ്രകോപനമുദ്രാവാക്യങ്ങള്‍ വിളിച്ചാണ് സംഘര്‍ഷത്തിനു ശ്രമിച്ചത്. ഒടുവില്‍ പോലിസ് ലാത്തിവീശിയാണ് ഹിന്ദുത്വരെ ഓടിച്ചത്. മല്‍വാനിയില്‍ 20 പേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹൈദരാബാദില്‍ ശോഭായാത്ര കടന്നുപോവുന്ന ഭാഗങ്ങളില്‍ സംഘര്‍ഷം ഭയന്ന് മുസ് ലിം പള്ളികളും ദര്‍ഗകളും തുണികൊണ്ട് മറയ്ക്കുകയായിരുന്നു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വര്‍ഷവും രാമനവമി-ഹനുമാന്‍ ജയന്തി ആഘോഷങ്ങളുടെ മറവില്‍ വ്യാപകമായി മുസ് ലിം പള്ളികളും മറ്റും ആക്രമിക്കപ്പെടുകയും പലയിടത്തും സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it