Big stories

രാജ്യത്ത് 24 മണിക്കൂറിനിടെ 95,735 കൊവിഡ് രോഗികള്‍; മരണം 75,000 കടന്നു

ഇതുവരെ 34.71 ലക്ഷം പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 9.19 ലക്ഷം പേര്‍ ചികിത്സയിലുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് 24 മണിക്കൂറിനിടെ 95,735 കൊവിഡ് രോഗികള്‍;  മരണം 75,000 കടന്നു
X

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 95,735 പേര്‍ക്ക്. ഇതോടെ ആകെ രോഗബാധിതര്‍ 44.65 ലക്ഷമായി. ഇന്നലെ മാത്രം 1,172 പേര്‍ മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണം 75,000 പിന്നിട്ടു. 75,062 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഇതുവരെ 34.71 ലക്ഷം പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 9.19 ലക്ഷം പേര്‍ ചികിത്സയിലുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന രോഗബാധയില്‍ ലോകത്ത് ഇന്ത്യയാണ് മിക്ക ദിവസങ്ങളിലും മുന്നിലുളളത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ അമേരിക്ക കഴിഞ്ഞാല്‍ രണ്ടാമതും ഇന്ത്യയുണ്ട്.

രാജ്യത്ത് മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട്, ഡല്‍ഹി എന്നി സംസ്ഥാനങ്ങളാണ് രോഗബാധയില്‍ മുന്നിലുളളത്. ഇതില്‍ മഹാരാഷ്ട്രയില്‍ 20,000ത്തിലേറെ പേര്‍ക്കും ആന്ധ്രയില്‍ 10,000ത്തിലേറെ പേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പിടിയിലായ മഹാരാഷ്ട്രയില്‍ 23,816 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 325 പേര്‍ മരിച്ചു. ആകെ രോഗബാധിതര്‍ 9.67 ലക്ഷമായി ഉയര്‍ന്നു. ഇതില്‍ 6.86 ലക്ഷം പേരും രോഗമുക്തി നേടി. നിലവില്‍ 2.52 ലക്ഷം പേര്‍ മാത്രമാണ് ചികിത്സയിലുളളത്.

ഡല്‍ഹിയില്‍ 4,039 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 20 പേര്‍ മരിച്ചു. 2,623 പേര്‍ രോഗമുക്തി നേടി. രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം ഉണ്ടായതിന് ശേഷം ഇത് ആദ്യമായാണ് രോഗബാധിതരുടെ എണ്ണം 4,000 കടക്കുന്നത്. നേരത്തെ ജൂണ്‍ 23ന് റിപ്പോര്‍ട്ട് ചെയ്ത 3,947 ആയിരുന്നു ഇതുവരെയുളള ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധ. ഇതോടെ ഡല്‍ഹിയില്‍ ആകെ രോഗബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. ഇതില്‍ 1.72 ലക്ഷം പേരും രോഗമുക്തി നേടി. 4,638 പേര്‍ ഇതുവരെ മരിച്ചു. നിലവില്‍ 23,773 പേര്‍ മാത്രമാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുളള രോഗബാധിതര്‍.

ആന്ധ്രാപ്രദേശില്‍ ഇന്നലെയും കൊവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നു. 10,418 പേര്‍ കൂടി പോസിറ്റീവ് ആയതോടെ ആകെ രോഗബാധിതര്‍ 5.27 ലക്ഷമായി ഉയര്‍ന്നു. ഇതില്‍ 4.25 ലക്ഷം ആളുകളും രോഗമുക്തി നേടി. നിലവില്‍ 97,271 പേര്‍ മാത്രമാണ് ചികിത്സയിലുളളത്. കൊവിഡിനെ തുടര്‍ന്ന് ആന്ധ്രയില്‍ ഇതുവരെ 4,634 പേരാണ് മരിച്ചത്. കേരളത്തിന്റെ സമീപ സംസ്ഥാനമായ കര്‍ണാടകയില്‍ ഇന്നലെ 9,540 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 128 പേര്‍ മരിച്ചു. ഇതോടെ ആകെ രോഗബാധിതര്‍ 4.21 ലക്ഷമായി. ഇതില്‍ 3.15 ലക്ഷം പേരും രോഗമുക്തി നേടി.

അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഇന്നലെ 5,584 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 78 പേര്‍ മരിച്ചു. 6,516 പേര്‍ രോഗമുക്തി നേടി. ഇതുവരെ 4.80 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച തമിഴ്‌നാട്ടില്‍ 4.23 ലക്ഷം ആളുകളും രോഗമുക്തി നേടിയെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. 8,090 പേര്‍ക്കാണ് കൊവിഡിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ജീവന്‍ നഷ്ടമായത്. ഉത്തര്‍പ്രദേശില്‍ 6,711, ബംഗാളില്‍ 3,107, ഹരിയാന 2,294 എന്നിങ്ങനെയാണ് ഇന്നലത്തെ രോഗബാധിതരുടെ എണ്ണം.

Next Story

RELATED STORIES

Share it