Big stories

ട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി സര്‍ക്കാരിന്റേത് കൊടും അനാസ്ഥ

2011-12ല്‍ അന്നത്തെ റെയില്‍വേ മന്ത്രിയായിരുന്ന മമതാ ബാനര്‍ജിയുടെ കാലത്താണ് 'ട്രെയിന്‍ കൊളിഷന്‍ എവോയ്ഡ്‌നസ് സിസ്റ്റം അഥവാ ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കല്‍ സംവിധാനം-ടിസിഎഎസ് സംവിധാനം വികസിപ്പിച്ചെടുത്തത്. ബിജെപി നിയന്ത്രണത്തിലുള്ള മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍, മറ്റു പല പദ്ധതികളുടെയും പോലെ പേരുമാറ്റി കവച്ച് എന്ന് പുനര്‍നാമകരണം ചെയ്തു. എന്നാല്‍, 2019 വരെ നിര്‍ണായകമായ റെയില്‍ സുരക്ഷാ സാങ്കേതികവിദ്യ വിന്യസിക്കുന്നതില്‍ ഒരു പുരോഗതിയും ഉണ്ടായില്ല.

ട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി സര്‍ക്കാരിന്റേത്   കൊടും അനാസ്ഥ
X
ന്യൂഡല്‍ഹി: ഒഡിഷ ദുരന്തത്തില്‍ നാട് വിറങ്ങലിച്ചുനില്‍ക്കുന്നതിനിടെ ട്രെയിനുകള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാനുള്ള പദ്ധതി നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരും റെയില്‍വേയും കാട്ടിയ അനാസ്ഥ ചര്‍ച്ചയാവുന്നു. ട്രെയിനുകളില്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടാവുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ 10 വര്‍ഷം മുമ്പേ പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെട്ടിരുന്നെങ്കിലും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി ഒമ്പത് വര്‍ഷമായിട്ടും ഇതില്‍ യാതൊരു പുരോഗതിയും കൈവരിച്ചിട്ടില്ല. രാജ്യത്തെ തന്നെ റെയില്‍വേയുടെ റൂട്ട് ദൈര്‍ഘ്യത്തിലെ വെറും രണ്ട് ശതമാനത്തില്‍ മാത്രമാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്.

വന്‍തോതില്‍ വരുമാനം ലഭിക്കുന്ന റെയില്‍വേ യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയാണ് മോദി സര്‍ക്കാര്‍ കാണിച്ചതെന്ന് ഇതില്‍നിന്നു വ്യക്തമാവും.

ഇന്ത്യന്‍ റെയില്‍വേയുടെ ആകെ റൂട്ട് ദൈര്‍ഘ്യം 68,043 കിലോമീറ്ററാണ്. ഇതില്‍ 1,445 കിലോമീറ്ററില്‍ മാത്രമാണ് കവച് എന്ന ആന്റി കൊളിഷന്‍ സിസ്റ്റം സ്ഥാപിച്ചിട്ടുള്ളത്. മൊത്തം റെയില്‍വേ റൂട്ടുകളുടെ രണ്ടു ശതമാനം മാത്രം. അതായത് ഇന്ത്യന്‍ റെയില്‍വേയുടെ ഏകദേശം 98ശതമാനത്തിലും കൂട്ടിയിടി വിരുദ്ധ ഉപകരണങ്ങളോ സംവിധാനങ്ങളോ സ്ഥാപിച്ചിട്ടില്ല. അതേസമയം തന്നെയാണ് അതിവേഗ ട്രെയിനുകളെന്നു പറഞ്ഞ് വന്ദേഭാരതിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി പ്രവര്‍ത്തകരും കൊട്ടിഘോഷിക്കുന്നത്. വന്ദേഭാരത് ഉള്‍പ്പെടെയുള്ള പുതിയ അതിവേഗ ട്രെയിനുകളിലും ആന്റി കൊളിഷന്‍ സാങ്കേതിക വിദ്യയില്ല എന്നത് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാക്കുമെന്ന ആശങ്ക ശക്തമാക്കിയിട്ടുണ്ട്.

2022 മാര്‍ച്ച് 23നാണ് ഭാരത് കാ കവച്ച് എന്നു പറഞ്ഞ് തദ്ദേശീയ ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ സംവിധാനം വികസിപ്പിച്ച് ഇന്ത്യയിലെ ട്രെയിന്‍ പ്രവര്‍ത്തനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ് നടത്തിയതായി റെയില്‍വേ മന്ത്രാലയം പ്രഖ്യാപിച്ചത്. റിസര്‍ച്ച് ഡിസൈന്‍സ് ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ ആര്‍ഡിഎസ്ഒ മൂന്ന് ഇന്ത്യന്‍ വെണ്ടര്‍മാരുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത കവചിനെ ഇന്ത്യന്‍ റെയില്‍വേയുടെ ദേശീയ എടിപി സംവിധാനമായി അംഗീകരിക്കുകയും ചെയ്തു. ഇടതൂര്‍ന്ന മൂടല്‍മഞ്ഞ് പോലെയുള്ള പ്രതികൂല കാലാവസ്ഥയില്‍ ട്രെയിന്‍ ഓപറേഷനുകള്‍ക്ക് സഹായകരമാവുന്നതാണ് പദ്ധതി. അപകടമുണ്ടാക്കുന്ന സിഗ്‌നല്‍ പാസിങ് കൈമാറാനും അമിത വേഗത ഒഴിവാക്കാനും ലോക്കോേ പൈലറ്റുമാരെ സഹായിക്കുന്ന വിധത്തിലാണ് കവച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആവശ്യമുള്ളപ്പോള്‍ ബ്രേക്ക് സ്വയമേവ പ്രയോഗിക്കുന്നതിലൂടെ, ട്രെയിനിന്റെ വേഗത കുറയാനും നിയന്ത്രണം ഉറപ്പാക്കാനും കഴിയും. ഇതുവഴി അപകടം കുറയ്ക്കാനാവും. ഓട്ടോമാറ്റിക് ബ്രേക്ക് ആപ്ലിക്കേഷന്‍, മൂടല്‍മഞ്ഞുള്ള സാഹചര്യങ്ങളിലും മികച്ച വേഗതയിലും മെച്ചപ്പെട്ട ദൃശ്യപരതയ്ക്കായി കാബിനില്‍ ലൈന്‍ സൈഡ് സിഗ്‌നല്‍ ഡിസ്‌പ്ലേ, തുടര്‍ച്ചയായ അപ്‌ഡേഷന്‍, ഓട്ടോമാറ്റിക് വിസിലിംഗ് എന്നിവയാണ് കവച്ചിന്റെ പ്രധാന സവിശേഷതകള്‍. ലെവല്‍ ക്രോസിംഗുകളില്‍, നേരിട്ടുള്ള ലോക്കോടുലോകോ ആശയവിനിമയത്തിലൂടെ കൂട്ടിയിടി ഒഴിവാക്കല്‍, അടിയന്തര സാഹചര്യങ്ങളില്‍ ട്രെയിനുകളെ നിയന്ത്രിക്കാന്‍ ഒരു എസ്ഒഎസ് ഫീച്ചര്‍ എന്നിവയുമുണ്ട്. സൗത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ ലിംഗംപള്ളി-വികാരാബാദ്-വാഡി, വികാരാബാദ്-ബീദാര്‍ സെക്ഷനുകളില്‍ 250 കിലോമീറ്റര്‍ ദൂരത്തില്‍ കവചിന്റെ പരീക്ഷണം നടത്തി. വിജയകരമായ പരീക്ഷത്തിനു ശേഷമാണ് അംഗീകാരം നല്‍കിയത്. കവച്ച് വികസനത്തിന് 16.88 കോടി രൂപയായിരുന്നു ചെലവ്. ന്യൂഡല്‍ഹി-ഹൗറ, ന്യൂഡല്‍ഹി-മുംബൈ സെക്ഷനുകളില്‍ 2024 മാര്‍ച്ചില്‍ കവച്ച് പദ്ധതി പൂര്‍ത്തീകരിക്കുമെന്നും അറിയിച്ചിരുന്നു.

ഇന്ത്യയുടെ റെയില്‍വേ ചരിത്രത്തില്‍ തന്നെ ഏറ്റവും വിനാശകരമായ ട്രെയിന്‍ ദുരന്തങ്ങളിലൊന്നായ ഒഡീഷ ദുരന്തത്തിനു ശേഷം കവച് വാര്‍ത്തകളില്‍ വീണ്ടും ഇടം നേടുകയാണ്. കവച് പദ്ധതി സ്ഥാപിച്ചിരുന്നെങ്കില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച് മുന്നൂറോളം പേര്‍ മരണപ്പെടുകയും ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം ഒഴിവാക്കാമായിരുന്നുവെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

Next Story

RELATED STORIES

Share it