Big stories

പാലത്തായി: അന്വേഷണം അട്ടിമറിക്കാന്‍ ഡിജിപിയും കൂട്ടുനിന്നതായി ആക്ഷേപം -ഐജി ശ്രീജിത്തിന് അന്വേഷണ ചുമതല നല്‍കിയത് മാനദണ്ഡങ്ങള്‍ മറികടന്ന്

ലോക്‌നാഥ് ബഹ്‌റ ഡിജിപിയായതു മുതല്‍ ആര്‍എസ്എസ് താല്‍പര്യങ്ങളാണ് കേരള പോലിസില്‍ സംരക്ഷിക്കപ്പെടുന്നതെന്ന ആക്ഷേപങ്ങള്‍ക്ക് അടിവരയിടുന്നതാണ് പാലത്തായി കേസ് അധ്യായവും.

പാലത്തായി: അന്വേഷണം അട്ടിമറിക്കാന്‍ ഡിജിപിയും കൂട്ടുനിന്നതായി ആക്ഷേപം  -ഐജി ശ്രീജിത്തിന് അന്വേഷണ ചുമതല നല്‍കിയത് മാനദണ്ഡങ്ങള്‍ മറികടന്ന്
X

-പിസി അബ്ദുല്ല

കോഴിക്കോട്: പാലത്തായി ബാലികാ പീഡനക്കേസ് അട്ടിമറിയുമായി ബന്ധപ്പെട്ട് ഡിജിപി ലോക്‌നാഥ് ബഹ്‌റക്കെതിരെയും ആരോപണം. വഴിവിട്ട നീക്കത്തിലൂടെ മാനദണ്ഡങ്ങള്‍ മറികടന്നാണ് ഐജി ശ്രീജിത്തിന് പാലത്തായി കേസന്വേഷണച്ചുമതല ഡിജിപി നേരിട്ടു നല്‍കിയതെന്നാണ് വ്യക്തമാവുന്നത്. ബിജെപി നേതാവായ പ്രതിയെ രക്ഷിക്കാന്‍ പോലിസ് തലത്തില്‍ തുടക്കം മുതലേ ആസൂത്രിത ഇടപെടലുകള്‍ അരങ്ങേറിയെന്ന ആരോപണങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതും പാലത്തായി വിവാദത്തിന് പുതിയ മാനം നല്‍കുന്നതുമാണ് ഒടുവില്‍ പുറത്തു വരുന്ന വിവരങ്ങള്‍.

ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന് ചുമതലപ്പെട്ട അധികാര, അന്വേഷണപരിധി സൗത്ത് സോണ്‍ ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ കേസന്വേഷണമാണ് അദ്ദേഹത്തിന്റെ പരിധിയില്‍ വരിക. സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെതിരായ കേസിലടക്കം എസ് ശ്രീജിത് മേല്‍നോട്ടം വഹിച്ചത് തെക്കന്‍ മേഖലാ ഐജി എന്ന നിലയിലാണ്.

ഇ ജെ ജയരാജ് ആണ് പാലത്തായി ബാലികാ പീഡനക്കേസ് ഉള്‍ക്കൊള്ളുന്ന വടക്കന്‍ മേഖലാ ക്രൈംംബ്രാഞ്ച് ഐജി. നിലവിലുള്ള ക്രൈംബ്രാഞ്ച് ഐജിമാരില്‍ സീനിയറായ ഇ ജെ ജയരാജിനെ മറികടന്നാണ് പാലത്തായി കേസില്‍ എസ് ശ്രീജിത്തിന് പാലത്തായി കേസ് അന്വേഷണച്ചുമതല നല്‍കിയത്. കീഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധമായി ക്രൈംബ്രാഞ്ച് എഡിജിപിയോട് പോലും ആലോചിക്കാതെ ശ്രീജിത്തിനെ ലോക്‌നാഥ് ബഹ്‌റ നേരിട്ട് നിയോഗിക്കുകയായിരുന്നുവത്രെ.

തിരുവനന്തപുരം മേഖലയുടെ ചുമതലയിരുന്നുകൊണ്ടു തന്നെയാണ് ഐജി എസ് ശ്രീജിത് പാലത്തായി കേസില്‍ ഇടപെട്ടത്.

കോളിളക്കം സൃഷ്ടിച്ച അങ്കമാലി പീഡനക്കേസടക്കം പാലത്തായി കേസിന് സമാനമായ സംഭവങ്ങളിലെല്ലാം വനിതാ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കായിരുന്നു അന്വേഷണച്ചുമതല. എന്നാല്‍, പാനൂര്‍ പോലിസിനെതിരായ കടുത്ത ബഹുജന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പാലത്തായി കേസ് െ്രെകംബ്രാഞ്ചിന് കൈമാറാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായപ്പോള്‍ ഐജി ശ്രീജിത്തിനെ തിടുക്കപ്പെട്ട് ചുമതല ഏല്‍പിക്കുകയായിരുന്നു.

ഐജി ശ്രീജിത്ത് പാലത്തായി കേസ് അട്ടിമറിച്ചതിനെതിരെ എംപിമാരും എംഎല്‍എമാരും വിവിധ തുറകളിലെ പ്രമുഖരും നല്‍കിയ പരാതികളില്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ ഇപ്പോഴും മൗനത്തിലാണ്. ഇതിന് പിന്നാലെയാണ് കേസ് അട്ടിമറിയില്‍ ഡിജിപിയുടെ താല്‍പര്യങ്ങള്‍ കൂടി സംശയിക്കപ്പെടുന്ന വിവരങ്ങള്‍ പുറത്തു വരുന്നത്. ലോക്‌നാഥ് ബഹ്‌റ ഡിജിപിയായതു മുതല്‍ ആര്‍എസ്എസ് താല്‍പര്യങ്ങളാണ് കേരള പോലിസില്‍ സംരക്ഷിക്കപ്പെടുന്നതെന്ന ആക്ഷേപങ്ങള്‍ക്ക് അടിവരയിടുന്നതാണ് പാലത്തായി കേസ് അധ്യായവും.

Next Story

RELATED STORIES

Share it