Literature

ആതിരയുടെ സ്വപ്‌നങ്ങള്‍, കവിതയും

ഇവള്‍ ആതിര. വിവാഹവസ്ത്രങ്ങളണിഞ്ഞ്, കതിര്‍മണ്ഡപത്തില്‍ വരന്റെ കൈപിടിച്ച് അഗ്നിക്കു ചുറ്റും വലംവച്ച് പുതുജീവിതത്തിലേക്കു കാലെടുത്തുവയ്‌ക്കേണ്ടവളായിരുന്നു അവള്‍. ആ സന്തോഷത്തിലേക്ക് മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ, നടുക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നത്.

ആതിരയുടെ സ്വപ്‌നങ്ങള്‍, കവിതയും
X

അമ്മാര്‍ കിഴുപറമ്പ്

ഇവള്‍ ആതിര. വിവാഹവസ്ത്രങ്ങളണിഞ്ഞ്, കതിര്‍മണ്ഡപത്തില്‍ വരന്റെ കൈപിടിച്ച് അഗ്നിക്കു ചുറ്റും വലംവച്ച് പുതുജീവിതത്തിലേക്കു കാലെടുത്തുവയ്‌ക്കേണ്ടവളായിരുന്നു അവള്‍. ആ സന്തോഷത്തിലേക്ക് മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ, നടുക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നത്. വിവാഹത്തലേന്ന് പിതാവ് മകളെ ദുരഭിമാനത്തിന്റെ പേരില്‍ കുത്തിക്കൊന്നു. മലപ്പുറം കിഴുപറമ്പ് കുറ്റൂളി പാലത്തിങ്ങല്‍ രാജനാണ് മകളെ കൊലപ്പെടുത്തിയത്.

ജീവിതത്തെ നന്മകൊണ്ടും സ്‌നേഹം കൊണ്ടും അടയാളപ്പെടുത്തിയ, മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കാന്‍ കൊതിച്ച ആതിരയെ കുറിച്ച് അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും അയല്‍വാസികള്‍ക്കും പറയാനുള്ളത് നല്ലതു മാത്രം. പത്താംതരത്തിനു ശേഷം ജനസേവനത്തിലധിഷ്ഠിതമായ തൊഴില്‍ കണ്ടെത്തണമെന്നായിരുന്നു മോഹം. പ്ലസ്ടുവിനു ശേഷം ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സിനു ചേര്‍ന്ന് മോഹം സഫലമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നു പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ആതിര, ഡയാലിസിസ് സെന്ററുകളില്‍ സേവനം തിരഞ്ഞെടുത്തു. മരുന്നിനപ്പുറത്തു സ്‌നേഹം കൊണ്ട് പരിചരണം നല്‍കുന്ന ആതിരയുടെ മിടുക്ക് കൂട്ടുകാരികള്‍ ഇന്നും ഓര്‍ക്കുന്നു.

ഒരിക്കല്‍ അവിടെ ചികില്‍സയ്‌ക്കെത്തിയ കൊയിലാണ്ടി സ്വദേശി ബ്രിജേഷിന്റെ അമ്മയെ അവള്‍ ഇഷ്ടത്തോടെ പരിചരിച്ചു. പിറക്കാതെ പോയ മകളുടെ സ്‌നേഹം ആതിരയിലൂടെ അനുഭവിച്ചറിഞ്ഞ ആ അമ്മ തന്റെ കാലശേഷം മകനു കൂട്ടായി ഇതുപോലൊരു പെണ്‍കുട്ടി വേണമെന്ന് ആഗ്രഹിച്ചു. മകനോടത് പറയുകയും ചെയ്തു. അമ്മയുടെ വാക്കുകള്‍ ബ്രിജേഷ് എന്ന പട്ടാളക്കാരന്റെ മനസ്സില്‍ കിടന്നു വേരും ഇലകളും മുളച്ചു. അമ്മയേയും കൊണ്ട് ഡയാലിസിസ് സെന്ററില്‍ എത്തുമ്പോഴൊക്കെ ആതിരയെ കണ്ടു. അറിഞ്ഞോ അറിയാതെയോ അവര്‍ തമ്മില്‍ ഇഷ്ടമായി.

ഹിന്ദു തിയ്യ സമുദായത്തില്‍പ്പെട്ട ആതിരയുടെ പ്രിയപ്പെട്ടവനായി മാറിയ ബ്രിജേഷ് ദലിത് സമുദായക്കാരനാണെന്നോ അതുകൊണ്ട് തന്നെ വിവാഹജീവിതത്തില്‍ വലിയ അസ്വാരസ്യങ്ങള്‍ ഉണ്ടാവുമെന്നോ ആതിര കരുതിയിരുന്നില്ല. വീട്ടില്‍ അച്ഛനൊഴികെ ആര്‍ക്കും പ്രശ്‌നമുണ്ടായിരുന്നില്ല. എന്നാലും അച്ഛന്റെ മനസ്സില്‍ ജാതിചിന്ത ഇത്ര ശക്തമാവുമെന്ന് ആതിരയോ മറ്റു കുടുംബക്കാരോ കരുതിയുമില്ല. പ്രശ്‌നം രൂക്ഷമായപ്പോള്‍ നിയമപാലകര്‍ ഇടപെട്ടു.

പോലിസ് നിര്‍ദേശിച്ചതുപ്രകാരം മകളെ വിവാഹദിവസം അമ്പലത്തില്‍ കൊണ്ടാക്കി കൊടുക്കുക എന്ന ഉത്തരവാദിത്തം ഏറ്റെടുത്ത് രാജന്‍ വീട്ടിലേക്കു തിരിച്ചെത്തിയപ്പോള്‍ മഞ്ഞുരുക്കം പൂര്‍ണമായെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, വിവാഹത്തലേന്ന് വൈകുന്നേരം മകളുടെ ജീവിതത്തിലേക്കു കഠാര കുത്തിയിറക്കി ആ അച്ഛന്‍ കൊലപാതകിയാവുമ്പോള്‍ സ്‌നേഹത്തിനുമേല്‍ ജാതിചിന്ത വന്‍മതില്‍ കെട്ടിയ കാഴ്ചയാണ് കേരളം കണ്ടത്. മകള്‍ താഴ്ന്ന സമുദായക്കാരനായ ഒരാള്‍ക്കൊപ്പം പടിയിറങ്ങിപ്പോവുന്നതിലെ മനോവിഷമമാണ് കൊലപാതകത്തിനു പിന്നിലെന്നു അച്ഛന്‍ തുറന്നുപറഞ്ഞു. മകളുടെ ജീവനെടുക്കാന്‍ അച്ഛന്റെ കൈകള്‍ക്കു ശക്തിപകര്‍ന്നത് ജാതിചിന്തയാണെന്നു ബോധ്യപ്പെട്ടിട്ടും കേരളീയ പ്രബുദ്ധതയ്ക്ക് ഇതൊരു വേദനയായി തോന്നിയില്ല എന്നതും സത്യം.

ആകുലതകളുടെ കവിത

ഹൈസ്‌കൂള്‍ കാലഘട്ടം മുതല്‍ ആതിര കവിതയും ലേഖനവും കഥകളും എഴുതാറുണ്ട്. തന്റെ മനസ്സില്‍ നിറയുന്ന ആകുലതകളാണ് മുഖ്യപ്രമേയം. നീറുന്ന നിരവധി നോവുകളുടെ കലവറയാണ് സ്ത്രീജീവിതമെന്നാണ് ആതിരയുടെ വിലയിരുത്തല്‍. മനുഷ്യ ജീവിതത്തിന്റെ നിസ്സഹായതയും ഉള്ളുരുക്കങ്ങളും അവള്‍ അക്ഷരങ്ങളില്‍ പകര്‍ത്തിവച്ചു. മനുഷ്യസ്‌നേഹം കൊതിച്ച ഒരു പെണ്‍കുട്ടിയുടെ വാക്കുകള്‍ എന്ന നിലയ്ക്ക് ആ അക്ഷരങ്ങളെ നമുക്ക് വിലയിരുത്താം. സ്‌കൂള്‍ സുവനീറിനുവേണ്ടി എം എന്‍ കാരശ്ശേരിയെ അഭിമുഖം നടത്തിയ ആതിരയുടെ ചോദ്യങ്ങളില്‍ തെളിയുന്നതും ഇത്തരം ചിന്തകള്‍ തന്നെ.

സാഹിത്യവിഷയങ്ങളില്‍ ഇത്രയും താല്‍പര്യമുള്ള ഒരു കുട്ടിയെ കണ്ടിട്ടില്ലെന്നാണ് അധ്യാപകരുടെ സാക്ഷ്യം. കവി റഫീഖ് അഹമ്മദിന്റെ 'തോരാമഴ' എന്ന കവിതാസമാഹാരത്തെക്കുറിച്ച് ആതിര എഴുതിയ പഠനം ശ്രദ്ധേയമായിരുന്നു. 'തോരാമഴ' എന്ന കവിതാ സമാഹാരത്തില്‍ ആതിര കാണുന്നത് അല്ലെങ്കില്‍ ആതിരയെ സ്വാധീനിക്കുന്നത് സ്ത്രീ അനുഭവിക്കുന്ന പ്രയാസങ്ങള്‍ തന്നെ. ഉമ്മുകുല്‍സുവിന്റെ മരണത്തോടെ അനാഥയായ ഉമ്മ അവളുടെ ഖബറില്‍ മഴവെള്ളം പതിക്കുമെന്നു ഭയന്നു പുള്ളിക്കുടയുമായി ഖബറിടത്തിലേക്ക് ഓടുന്നതിനെ കുറിച്ചു പറയുമ്പോള്‍ ആതിര കാണുന്നതും മാതൃസ്‌നേഹത്തിന്റെ ആഴം തന്നെ. ദുഃഖപ്പൂതമടക്കം മുപ്പതോളം കവിതകളുള്ള ഈ സമാഹാരത്തെ തഴക്കം വന്ന നിരൂപകയെ പോലെ വിലയിരുത്തി, ആതിര.

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കിഴുപറമ്പ് ഹൈസ്‌കൂള്‍ പുറത്തിറക്കിയ സുവനീറിലൂടെയാണ് ആതിരയുടെ അക്ഷരങ്ങള്‍ വെളിച്ചം കാണുന്നത്. ആതിര എഴുതിയ 'അവള്‍' എന്ന കവിതയിലെ അവസാന വരികള്‍ ഇങ്ങനെ:

മുള്‍ച്ചെടികള്‍ നിറഞ്ഞ

വഴിയിലൂടെ

മരണത്തിന്റെ മടിത്തട്ടില്‍

മഞ്ഞുപോലുരുകുമ്പോഴും

അവള്‍ ഓര്‍ത്തത്

കുടുംബത്തെ മാത്രം-

അതെ, ഇഷ്ടപ്പെട്ടവന്റെ കൂടെ ജീവിതത്തിലേക്കു പടിയിറങ്ങിപ്പോവാമായിരുന്നിട്ടും അവള്‍ ഓര്‍ത്തതും കരുതല്‍ നല്‍കിയതും കുടുംബത്തിനു മാത്രം. കുടുംബത്തെയും മാതാപിതാക്കളെയും വേണ്ടെന്നു വച്ച് ഭാവി വരനൊപ്പം ആതിരയ്ക്കു ഇറങ്ങിപ്പോവാമായിരുന്നു. പക്ഷേ, ആതിര കാത്തിരുന്നു, കുടുംബത്തിന്റെ അനുഗ്രഹത്തിനു വേണ്ടി. അച്ഛനും അമ്മയും കൈപിടിച്ചു ഏല്‍പിക്കുന്ന ധന്യനിമിഷത്തിനു വേണ്ടി.




Next Story

RELATED STORIES

Share it