Theatre

നാടക പ്രവര്‍ത്തകന്‍ മധുമാഷ് അന്തരിച്ചു

നാടക പ്രവര്‍ത്തകന്‍ മധുമാഷ് അന്തരിച്ചു
X

കോഴിക്കോട്: പ്രമുഖ നാടക, സാംസ്‌കാരിക പ്രവര്‍ത്തകന്‍ മധുമാഷ് (കെ കെ മധുസൂദനന്‍ 73) അന്തരിച്ചു. കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖ ബാധിതനായി ചികില്‍സയിലായിരുന്നു. നൂറുകണക്കിന് വേദികളില്‍ അവതരിപ്പിക്കപ്പെട്ട അമ്മ നാടകത്തിന്റെ രചയിതാവും സംവിധായകനുമാണ്. അമ്മ, ഇന്ത്യ 1947, പടയണി, കലിഗുല, ക്രൈം, സുനന്ദ, കറുത്ത വാര്‍ത്ത തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന നാടകങ്ങള്‍. ഷട്ടര്‍, ലീല, സംഘഗാനം തുടങ്ങിയ മലയാളം സിനിമകളിലും അഭിനയിച്ചു.

തുഞ്ചന്‍ പുരസ്‌കാരം ഉള്‍പ്പെടെ നേടിയിട്ടുണ്ട്. 1948 ഒക്ടോബര്‍ 12ന് കൊല്ലരുകണ്ടി ചന്തുവിന്റെയും നാരായണിയുടെയും മകനായി അത്താണിക്കലിലാണ് ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കോഴിക്കോട് ട്രെയ്‌നിങ് കോളജില്‍നിന്ന് അധ്യാപക പരിശീലനം പൂര്‍ത്തിയാക്കി. അക്കാലത്ത് നക്‌സല്‍ പ്രസ്ഥാനവുമായി അടുത്ത അദ്ദേഹം അതിന്റെ പ്രവര്‍ത്തകനായി. വയനാട്ടിലെ കൈനാട്ടി എല്‍പി സ്‌കൂളില്‍ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഈ സമയം നക്‌സല്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജയിലിലായി. പല സമയങ്ങളിലായി രണ്ടുവര്‍ഷത്തോളം ജയില്‍വാസം അനുഭവിച്ചു.

പിന്നീട് കേസില്‍ വിട്ടയച്ച ശേഷം ബേപ്പൂര്‍ ഗവ.എല്‍പി സ്‌കൂളില്‍ അധ്യാപകനായി. കുറ്റിച്ചിറ ഗവ.എല്‍പി, കെയിലാണ്ടി ഗവ.മാപ്പിള സ്‌കൂള്‍, കുറ്റിച്ചിറ ഗവ.ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. 2004ല്‍ കുറ്റിയാടിക്കടുത്ത് ചെറുകുന്ന് ഗവ.യുപി സ്‌കൂള്‍ പ്രധാനാധ്യാപകനായി വിരമിച്ചു. എടക്കാട് ആണ് താമസം. ഭാര്യ: കെ തങ്കം. മക്കള്‍: വിധുരാജ് (ഫോട്ടോ ഗ്രാഫര്‍, മലയാള മനോരമ), അഭിനയ രാജ് (എഎന്‍എസ് മീഡിയ കൊച്ചി). മരുമക്കള്‍: വിധു രാജ് (ജില്ലാ സഹകരണ ആശുപത്രി), പി സുദര്‍ഷിണ.

Next Story

RELATED STORIES

Share it