Ernakulam

കുസാറ്റ് ദുരന്തം: പോസ്റ്റ്‌മോര്‍ട്ടം തുടങ്ങി; ചികിത്സയില്‍ 38 പേര്‍; പൊതുദര്‍ശനത്തിന് വയ്ക്കും

നാലു പേരെയും മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്.

കുസാറ്റ് ദുരന്തം: പോസ്റ്റ്‌മോര്‍ട്ടം തുടങ്ങി; ചികിത്സയില്‍ 38 പേര്‍; പൊതുദര്‍ശനത്തിന് വയ്ക്കും
X

കൊച്ചി: കളമശ്ശേരിയിലെ കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കാമ്പസില്‍ (കുസാറ്റ്) ടെക്ക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. അതുല്‍ തമ്പി, ആന്‍ റുഫ്ത എന്നിവരുടെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിലും സാറാ തോമസ്, ആല്‍ബിന്‍ ജോസഫ് എന്നിവരുടെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലുമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്.

ശനിയാഴ്ച രാത്രിതന്നെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൊലീസ് പൂര്‍ത്തീകരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ പൂര്‍ത്തീകരിച്ച് വേഗത്തില്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാനാണ് തീരുമാനം. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ പത്തിന് കുസാറ്റ് കാമ്പസില്‍ പൊതുദര്‍ശനത്തിന് വെക്കും. അതേസമയം, കുസാറ്റിലെ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു നിര്‍ദേശം നല്‍കി. ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കുസാറ്റ് വി.സിക്കും രജിസ്ട്രാര്‍ക്കുമാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

മരിച്ചവരില്‍ മൂന്നുപേര്‍ വിദ്യാര്‍ഥികളാണ്. അതുല്‍ തമ്പി രണ്ടാംവര്‍ഷ സിവില്‍ വിദ്യാര്‍ഥിയും എറണാകുളം കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയില്‍ തമ്പിയുടെ മകനുമാണ്. രണ്ടാംവര്‍ഷ ഇലക്ട്രോണിക്‌സ് വിദ്യാര്‍ഥിനിയും പറവൂര്‍ ഗോതുരുത്ത് കുറുമ്പത്തുരുത്ത് കോണത്ത് റോയ് ജോര്‍ജുകുട്ടിയുടെ മകളുമാണ് ആന്‍ റിഫ്ത്ത (20). കോഴിക്കോട് താമരശ്ശേരി പുതുപ്പാടി മൈലേലംപാറ വയലപള്ളില്‍ തോമസ് സ്‌കറിയയുടെ മകള്‍ സാറ തോമസ് (19) രണ്ടാം വര്‍ഷ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയാണ്. ആല്‍ബിന്‍ ജോസഫ് പാലക്കാട് മുണ്ടൂര്‍ സ്വദേശിയാണ്. നാലു പേരെയും മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്.

സാറയുടെ സംസ്‌കാരം തിങ്കളാഴ്ച നടക്കും. രാവിലെ പത്തിന് ഈങ്ങാപ്പുഴ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെച്ചായിരിക്കും സംസ്‌കാരം. കുസാറ്റിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം താമരശ്ശേരിയിലെ കോരങ്ങാട്ടെ വീട്ടിലേക്ക് കൊണ്ടുവരും. 38 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. 36 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലാണ് ചികിത്സയിലുള്ളത്.

കിന്‍ഡര്‍ ആശുപത്രിയില്‍ 18 പേരെ ആയിരുന്നു ചികിത്സയിലുണ്ടായിരുന്നത്. ഇതില്‍ 16 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. രണ്ടുപേര്‍ മാത്രമാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.





Next Story

RELATED STORIES

Share it