Kannur

അനാഥാലയ അന്തേവാസികള്‍ക്ക്, ആകാശംതൊട്ടൊരു സ്‌നേഹ സമ്മാനയാത്ര

അനാഥാലയ അന്തേവാസികള്‍ക്ക്, ആകാശംതൊട്ടൊരു സ്‌നേഹ സമ്മാനയാത്ര
X

കണ്ണൂര്‍: എല്ലാമൊരു സ്വപ്നം പോലെയായിരുന്നു. നിവര്‍ന്നിരുന്ന്, സീറ്റ് ബെല്‍റ്റ് മുറുക്കി, ഒറ്റപ്പറക്കല്‍. ആകാശത്തിന്റെ നെറുകയിലൂടെ, മേഘങ്ങള്‍ വകഞ്ഞു മാറ്റി, ഭൂമിയുടെ പച്ചപ്പ് കണ്ട്, ആകാശ നീലിമ തൊട്ട്, രുചികരമായ വിമാനഭക്ഷണം കഴിച്ച്, അപ്പൂപ്പന്‍ താടിപോലെ ഭാരമില്ലാതെ ഒരു മണിക്കൂറോളം. ഒരിക്കലും മറക്കില്ല കുട്ടികളീ ആകാശയാത്ര. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് അനാഥാലയത്തിലെ അന്തേവാസികളായ കുട്ടികള്‍ക്ക് വിമാനയാത്രയൊരുക്കിയത്. ഇന്‍ഡിഗോ എയര്‍ലൈന്‍സുമായി സഹകരിച്ചാണ് ജോയ് ഫ്‌ളൈറ്റ് എന്ന പേരിലുള്ള സൗജന്യയാത്ര സംഘടിപ്പിച്ചത്. കണ്ണൂര്‍ സാന്ത്വന ഭവന്‍, പാലോട്ടുപള്ളി നൂറുല്‍ ഇസ് ലാം സഭാ മഹല്ല് മുസ്‌ലിം ജമാഅത്ത്, ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോം, ശ്രീ സച്ചിതാനന്ദ ബാലമന്ദിരം എന്നിവിടങ്ങളിലെ 74ഓളം കുട്ടികള്‍ക്കാണ് സൗജന്യ ആകാശയാത്രയുടെ സൗഭാഗ്യം ലഭിച്ചത്.

കുട്ടികളുടെ ഇഷ്ടതാരവും പ്രശസ്ത മാന്ത്രികനുമായ ഗോപിനാഥ് മുതുകാടും അവര്‍ക്കൊപ്പം ചേര്‍ന്നിരുന്നു. വിമാനത്താവളത്തിന്റെ ആഘോഷ പരിപാടികളില്‍ ഏറ്റവും ഇഷ്ടം തോന്നിയ പരിപാടിയെന്നാണ് മുതുകാട് ജോയ് യാത്രയെ വിശേഷിപ്പിച്ചത്. കാസിനോ എയര്‍ കാറ്ററേഴ്‌സ് ആന്റ് ഫ്‌ളൈറ്റ് സര്‍വീസസാണ് കുട്ടികള്‍ക്കെല്ലാം വിമാനഭക്ഷണമൊരുക്കിയത്. ബിപിസിഎല്ലാവട്ടെ സ്‌നേഹയാത്രയ്ക്കു ഇന്ധനം നല്‍കി സഹകരിച്ചതു. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഫഌറ്റ് സൂപ്പര്‍വൈസര്‍ ക്യാപ്റ്റന്‍ പങ്കജ് കൊടിമേല, എയര്‍പോര്‍ട്ട് മാനേജര്‍ ചാള്‍സ് മാത്യു എന്നിവര്‍ യാത്രയ്ക്കു നേതൃത്വം നല്‍കി. എല്ലാവരും ഒത്തുചേര്‍ന്നപ്പോള്‍ അനാഥാലയത്തിലെ കുട്ടികളുടെ ചിരകാല അഭിലാഷമാണ് പൂവണിഞ്ഞത്.

'അവരുടെ കണ്ണുകളില്‍ തന്നെ ആ ആവേശവും കൗതുകവും പ്രകടമായിരുന്നു. അവരുടെ ഹൃദയങ്ങള്‍ ചിറകുവിരിച്ച് പറക്കുകയായിരുന്നു. സന്തോഷത്താല്‍ കുട്ടികളിങ്ങനെ വീര്‍പ്പുമുട്ടുന്നത് ഇതിനുമുമ്പ് കണ്ടിട്ടേയില്ലെന്നും ഇന്‍ഡിഗോ അധികൃതര്‍ സാക്ഷ്യപ്പെടുത്തി.




Next Story

RELATED STORIES

Share it