Kasaragod

ചട്ടഞ്ചാലിലെ ഓക്‌സിജന്‍ പ്ലാന്റിന്റെ ശിലാസ്ഥാപനം മന്ത്രി എം വി ഗോവിന്ദന്‍ നിര്‍വഹിച്ചു

ചട്ടഞ്ചാലിലെ ഓക്‌സിജന്‍ പ്ലാന്റിന്റെ ശിലാസ്ഥാപനം മന്ത്രി എം വി ഗോവിന്ദന്‍ നിര്‍വഹിച്ചു
X

ചട്ടഞ്ചാലിലെ ഓക്‌സിജന്‍ പ്ലാന്റിന്റെ ശിലാസ്ഥാപനം മന്ത്രി എം വി ഗോവിന്ദന്‍ ഓണ്‍ലൈനില്‍ നിര്‍വഹിക്കുന്നു




കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത പദ്ധതിയായി കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഓക്‌സിജന്‍ പ്ലാന്റിന്റെ ശിലാസ്ഥാപനം മന്ത്രി എം വി ഗോവിന്ദന്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. ശിലാഫലകം അനാച്ഛാദനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ നിര്‍വഹിച്ചു. പൊതുമേഖലയില്‍ സ്ഥാപിക്കുന്ന കാസര്‍കോട് ഓക്‌സിജന്‍ പ്ലാന്റിന്റെ നിര്‍മാണചുമതല കൊച്ചി ആസ്ഥാനമായ കെയര്‍ സിസ്റ്റംസിനാണ്. ഇ ടെണ്ടര്‍ വഴി ലഭിച്ച മൂന്ന് അപേക്ഷകളില്‍ നിന്നാണ് കെയര്‍ സിസ്റ്റംസിനെ തിരഞ്ഞെടുത്തത്. 1.87 കോടി രൂപ ചെലവില്‍ 80 ദിവസത്തിനകം പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും. പദ്ധതിയുടെ 20 ശതമാനം തുക മുന്‍കൂറായി നല്‍കും. 50 ശതമാനം തുക പ്ലാന്റ് സ്ഥാപിക്കുമ്പോഴും ബാക്കിയുള്ള 30 ശതമാനം തുക നിര്‍മാണ പൂര്‍ത്തീകരണ സമയത്തും നല്‍കും.

കേരളത്തിന്റെ പുറത്ത് വിവിധ ഭാഗങ്ങളില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിച്ച ഏജന്‍സിയാണ് കെയര്‍ സിസ്റ്റംസ്. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും ജില്ലാ ഭരണകൂടത്തിന്റെയും കൂട്ടായ്മയിലാണ് ഓക്‌സിജന്‍ പ്ലാന്റ് പദ്ധതി നടപ്പാക്കുന്നത്. ചട്ടഞ്ചാലിലുള്ള വ്യവസായ പാര്‍ക്കിലെ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള 50 സെന്റ് സ്ഥലത്താണ് പ്ലാന്റ് സ്ഥാപിക്കുക. സമീപഭാവിയില്‍ ഉണ്ടായേക്കാവുന്ന ഓക്‌സിജന്‍ പ്രതിസന്ധി മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലയില്‍ തന്നെ ഒരു ഓക്‌സിജന്‍ പ്ലാന്റ് എന്ന ആശയം ജില്ലാ ഭരണ നേതൃത്വം മുന്നോട്ടുവച്ചത്. ഇതിനായി ഭൂമിക്ക് പുറമെ 50 ലക്ഷം രൂപയും ജില്ല പഞ്ചായത്ത് നല്‍കും. ജില്ലയിലെ മുഴുവന്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും പദ്ധതിക്കായി തുക വകയിരുത്തിയിട്ടുണ്ട്. ദിവസം 200 സിലിണ്ടര്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്ന പ്ലാന്റ് ആണ് ചട്ടഞ്ചാലില്‍ വരുന്നത്. പ്ലാന്റിന്റെ സിവില്‍ പ്രവൃത്തികള്‍ നിര്‍മിതി കേന്ദ്രം നടപ്പാക്കും. ജില്ലാ വ്യവസായ കേന്ദ്രം മാനേജരാണ് പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥന്‍. ഭാവിയില്‍ വ്യാവസായികാവശ്യങ്ങള്‍ക്ക് കൂടി ഉപയോഗപ്പെടുത്താന്‍ പറ്റുന്ന തരത്തിലാണ് പ്ലാന്റ് നിര്‍മിക്കുന്നത്.

Minister MV Govindan lays foundation stone of Oxygen Plant at Chattanchal

Next Story

RELATED STORIES

Share it