Kollam

ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി ബംഗളൂരുവിലെന്ന് പോലിസ്

പെണ്‍കുട്ടിയുടെ കുടുംബത്തിന് പോലിസ് സംരക്ഷണം നല്‍കും. മുഖ്യപ്രതി റോഷന്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന്‍. തന്റെ മകനെ സംരക്ഷിക്കില്ലെന്നും കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കണമെന്നും പിതാവ് നവാസ്.

ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി ബംഗളൂരുവിലെന്ന് പോലിസ്
X
തട്ടിക്കൊണ്ടുപോകപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍

കൊല്ലം: ഓച്ചിറയില്‍ നിന്നും രാജസ്ഥാന്‍ സ്വദേശിയായ 13കാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായ ഓച്ചിറ സ്വദേശി റോഷന്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന്‍. പെണ്‍കുട്ടിയുമായി ഇയാള്‍ ബംഗളൂരുവിലേക്ക് കടന്നതായി പോലിസ് അറിയിച്ചു. ഇരുവരും എത്രയും വേഗം കസ്റ്റഡിയിലാവുമെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് പോലിസ് സംരക്ഷണം നല്‍കുമെന്നും പോലിസ് അറിയിച്ചു. തട്ടിക്കൊണ്ടുപോകാന്‍ സഹായിച്ചത് ഗുണ്ടാസംഘമാണ്. ഈ സംഘത്തിലുള്ള ക്രിമനല്‍ കേസ് പ്രതിക്കെതിരെ കാപ്പാ ചുമത്തും. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.

റോഷന്‍ ഉള്‍പ്പടെ നാലംഗ സംഘമാണ് പെണ്‍കുട്ടിയും മാതാപിതാക്കളും താമസിക്കുന്ന ഷെഡ്ഡില്‍ അതിക്രമിച്ചുകയറി മാതാപിതാക്കളെ മര്‍ദ്ദിച്ചശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് കാറില്‍ എറണാകുളത്തേക്കും അവിടെനിന്ന് ബംഗളൂരുവിലേക്കും പോവുകയായിരുന്നു. റോഷന്‍ ബംഗളൂരുവിലേക്ക് ട്രെയിന്‍ ടിക്കറ്റെടുത്തതിനുള്ള തെളിവ് പോലിസിന് ലഭിച്ചിട്ടുണ്ട്. കൂട്ടുപ്രതികള്‍ എറണാകുളം റെയില്‍വേ സ്റ്റേഷന്‍ വരെ അനുഗമിച്ചുവെന്നും പോലിസ് പറഞ്ഞു.

അതിനിടെ, സംഭവത്തില്‍ പ്രതികരണവുമായി റോഷന്റെ അച്ഛനും സിപിഐ ബ്രാഞ്ച് സെക്രട്ടറിയുമായ നവാസ് രംഗത്തുവന്നു. മകനെ സംരക്ഷിക്കില്ലെന്നും കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ചിലര്‍ ഇതിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. പെണ്‍കുട്ടിക്ക് 13 വയസ്സല്ല, 18 വയസ്സുണ്ട്. തന്റെ മകന് 19 വയസ്സായി. പെണ്‍കുട്ടിയുടെ പിതാവിന് പരിക്കേറ്റിട്ടില്ല. സംഭവദിവസം വൈകീട്ട് നാലുവരെ മകന്‍ വീട്ടിലുണ്ടായിരുന്നു. പെണ്‍കുട്ടി വിളിച്ചതിനു ശേഷമാണ് മകന്‍ പോയത്. തെറ്റു ചെയ്തവര്‍ക്കൊപ്പം നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓച്ചിറ- വലിയകുളങ്ങര പ്രദേശത്ത് വഴിയോരക്കച്ചവടക്കാരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന കുടുംബമാണിത്. ഒരുമാസമായി ഈ പ്രദേശത്ത് ഇവര്‍ കച്ചവടം നടത്തുകയാണ്. നാട്ടില്‍ത്തന്നെയുള്ള ചിലര്‍ ഉപദ്രവിക്കാറുണ്ടെന്ന് അച്ഛനമ്മമാര്‍ പോലിസിന് മൊഴി നല്‍കിയിരുന്നു. തിങ്കളാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. മുമ്പും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ ഇവര്‍ ശ്രമം നടത്തിയിരുന്നു. ഇന്നലെ രാവിലെ പോലിസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം ആരംഭിച്ചത്.

കൃത്യമായ ആസൂത്രണത്തോടെയാണ് സംഘം പെണ്‍കുട്ടിയെ തട്ടിയെടുത്തതെന്ന് പോലിസ് പറയുന്നു. അച്ഛനമ്മമാരെ മര്‍ദ്ദിച്ച് അവശരാക്കി വഴിയില്‍ത്തള്ളിയ ശേഷം നാലംഗസംഘം പെണ്‍കുട്ടിയുമായി കാറില്‍ എറണാകുളത്തേക്ക് പോയി. റോഷനേയും പെണ്‍കുട്ടിയേയും റെയില്‍വേ സ്റ്റേഷനിലാക്കിയ ശേഷം പുലര്‍ച്ചെ അഞ്ചിന് മൂന്നുപേര്‍ കൊല്ലത്തേക്ക് തിരിച്ചു. ഇന്നലെ രാവിലെ 9ന് പെണ്‍കുട്ടിയും റോഷനും ബംഗളൂരുവിലേക്ക് പോയി. കൊല്ലം എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇന്നലെ രാത്രി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കായംകുളത്ത് നിന്നാണ് കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

Next Story

RELATED STORIES

Share it