Thiruvananthapuram

സാന്ത്വന സ്പര്‍ശം അദാലത്ത് നാളെ നെയ്യാറ്റിന്‍കരയില്‍; കര്‍ശന കോവിഡ് ജാഗ്രത

അക്ഷയ സെന്ററില്‍നിന്നു ലഭിച്ച ഡോക്കറ്റ് നമ്പര്‍ കൈയില്‍ കരുതണം

സാന്ത്വന സ്പര്‍ശം അദാലത്ത് നാളെ നെയ്യാറ്റിന്‍കരയില്‍; കര്‍ശന കോവിഡ് ജാഗ്രത
X

തിരുവനന്തപുരം: സാന്ത്വന സ്പര്‍ശം അദാലത്തിന് തിരുവനന്തപുരം ജില്ലയില്‍ നാളെ (08) തുടക്കം. നെയ്യാറ്റിന്‍കര ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് നാളെ അദാലത്ത്. കാട്ടാക്കട, നെയ്യാറ്റിന്‍കര താലൂക്കുകളിലെ പരാതികളും അപേക്ഷകളുമാകും പരിഗണിക്കുക. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ജെ മേഴ്‌സിക്കുട്ടിയമ്മ, ഡോ. ടിഎം തോമസ് ഐസക് എന്നിവരുടെ നേതൃത്വത്തിലാണു ജില്ലയില്‍ അദാലത്ത് നടക്കുന്നത്.

രാവിലെ ഒമ്പതു മുതല്‍ 12.30 വരെ കാട്ടാക്കട താലൂക്കിലേയും ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ 5.30 വരെ നെയ്യാറ്റിന്‍കര താലൂക്കിലേയും പരാതികളും അപേക്ഷകളുമാകും പരിഗണിക്കുക. കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു സംഘടിപ്പിക്കുന്ന അദാലത്തില്‍ തിരക്ക് നിയന്ത്രിക്കാന്‍ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.

അദാലത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന മുഴുവന്‍ ആളുകളെയും വേദിയുടെ പ്രധാന കവാടത്തില്‍ ശരീര ഊഷ്മാവ് പരിശോധിച്ചാകും കടത്തിവിടുക. കൈകള്‍ സാനിറ്റൈസ് ചെയ്യും. അക്ഷയ സെന്ററുകളിലൂടെ അപേക്ഷ നല്‍കിയിട്ടുള്ളവര്‍ തങ്ങളുടെ പരാതിയുമായി ബന്ധപ്പെട്ട വകുപ്പിന്റെ സ്റ്റാളിലേക്കാണു ചെല്ലേണ്ടത്. അവിടെ ഡോക്കറ്റ് നമ്പര്‍ പറഞ്ഞാല്‍ അപേക്ഷയുടെ തീര്‍പ്പുമായി ബന്ധപ്പെട്ട രേഖ നല്‍കും. മന്ത്രിതലത്തില്‍ തീര്‍പ്പാക്കേണ്ട പരാതികള്‍ ഉണ്ടെങ്കില്‍ അത്തരം പരാതിക്കാരെ പ്രത്യേക ടോക്കണ്‍ നല്‍കി മന്ത്രിമാര്‍ ഇരിക്കുന്ന ഭാഗത്തേക്കു പോകാന്‍ അനുവദിക്കും.

ഈ മാസം ഒന്‍പതിന് ആറ്റിങ്ങല്‍ ബോയ്‌സ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അദാലത്ത് നടക്കുക.

രാവിലെ ഒമ്പതു മുതല്‍ 12.30 വരെ വര്‍ക്കല താലൂക്കിലേയും രണ്ടു മുതല്‍ 5.30 വരെ ചിറയിന്‍കീഴ് താലൂക്കിലേയും പരാതികളാകും അവിടെ പരിഗണിക്കുക. ഫെബ്രുവരി 11ന് തിരുവനന്തപുരം, നെടുമങ്ങാട് താലൂക്കുകളിലെ പരാതികള്‍ പരിശോധിക്കുന്നതിനായാണ് എസ്.എം.വി. സ്‌കൂളില്‍ അദാലത്ത് നടക്കുന്നത്. രാവിലെ ഒമ്പതു മുതല്‍ 12.30 വരെ നെടുമങ്ങാട് താലൂക്കിന്റെയും രണ്ടു മുതല്‍ 5.30വരെ തിരുവനന്തപുരം താലൂക്കിന്റെയും പരാതികള്‍ കേള്‍ക്കും.

കിടപ്പുരോഗികള്‍ നേരിട്ടെത്തേണ്ട

കിടപ്പു രോഗികള്‍, പാലിയേറ്റിവ് പരിചരണം ആവശ്യമുള്ളവര്‍, കുട്ടികള്‍ തുടങ്ങിയവര്‍ ഒരു കാരണവശാലും അദാലത്ത് നടക്കുന്ന സ്ഥലങ്ങളിലേക്ക് നേരിട്ടെത്തരുത്. പകരം ആവശ്യമായ രേഖകളുമായി പ്രതിനിധികളെ അയച്ചാല്‍ മതിയാകും. അദാലത്തിലെത്തുന്നവര്‍ക്ക് വൈദ്യസഹായം ആവശ്യമായി വന്നാല്‍ നല്‍കാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനായി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘവും ആംബുലന്‍സ് അടക്കമുള്ള സജ്ജീകരണങ്ങളുമുണ്ടാകും.

ഡോക്കറ്റ് നമ്പര്‍ നിര്‍ബന്ധം

അദാലത്തില്‍ പങ്കെടുക്കാനായി എത്തുന്ന മുഴുവന്‍ ആളുകളും അക്ഷയ സെന്ററുകളിലൂടെ പരാതി നല്‍കിയപ്പോള്‍ കിട്ടിയ ഡോക്കറ്റ് നമ്പര്‍ നിര്‍ബന്ധമായും കൊണ്ടുവരണമെന്നു ജില്ലാ കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. അദാലത്ത് വേദിയില്‍ ഒരുക്കിയിരിക്കുന്ന വകുപ്പുകളുടെ സ്റ്റാളില്‍ ഈ ഡോക്കറ്റ് ഐഡി നല്‍കിയാല്‍ പരാതിയിലെ നടപടി സംബന്ധിച്ച രേഖ ലഭിക്കുമെന്നും കലക്ടര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it