Emedia

'കേരളം ഭീകര സംഘടനയുടെ റിക്രൂട്ടിങ് ലക്ഷ്യം'; ബെഹ്‌റയുടെ കാലത്തെ ആര്‍എസ്എസ് ഭീകരത എണ്ണിപ്പറഞ്ഞ് പി കെ അബ്ദുര്‍റബ്ബ്

കേരളം ഭീകര സംഘടനയുടെ റിക്രൂട്ടിങ് ലക്ഷ്യമായി മാറുന്നു എന്ന ബെഹ്‌റയുടെ പരാമര്‍ശത്തിനുള്ള പ്രതികരണമായി ഫേസ് ബുക്കിലെഴുതിയ കുറിപ്പിലാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തു നടന്ന സംഘപരിവാര്‍ അതിക്രമങ്ങള്‍ അബ്ദുര്‍റബ്ബ് വിവരിക്കുന്നത്.

കേരളം ഭീകര സംഘടനയുടെ റിക്രൂട്ടിങ് ലക്ഷ്യം;  ബെഹ്‌റയുടെ കാലത്തെ ആര്‍എസ്എസ് ഭീകരത   എണ്ണിപ്പറഞ്ഞ് പി കെ അബ്ദുര്‍റബ്ബ്
X

കോഴിക്കോട്: ലോക്‌നാഥ് ബഹ്‌റ ഡിജിപിയായ ശേഷം കേരളത്തില്‍ അരങ്ങേറിയ ആര്‍എസ്എസ് ഭീകരത എണ്ണിപ്പറഞ്ഞ് മുന്‍ മന്ത്രി പികെ അബ്ദുര്‍റബ്ബ്. കേരളം ഭീകര സംഘടനയുടെ റിക്രൂട്ടിങ് ലക്ഷ്യമായി മാറുന്നു എന്ന ബെഹ്‌റയുടെ പരാമര്‍ശത്തിനുള്ള പ്രതികരണമായി ഫേസ് ബുക്കിലെഴുതിയ കുറിപ്പിലാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തു നടന്ന സംഘപരിവാര്‍ അതിക്രമങ്ങള്‍ അബ്ദുര്‍റബ്ബ് വിവരിക്കുന്നത്.

കാസര്‍ഗോഡ് റിയാസ് മൗലവി വധം, കൊടിഞ്ഞി ഫൈസല്‍ വധം. പ്രമാദമായ രണ്ട് കൊലപാതകക്കേസുകളിലും പ്രതികള്‍ ആര്‍എസ്എസുകാരായിരുന്നു. കാസര്‍ഗോഡ് തന്നെ പിഞ്ചു ബാലന്റെ കഴുത്തറത്തു കൊന്നതിലും പ്രതികള്‍ അവര്‍ തന്നെ. കള്ളനോട്ട് കേസിലും, കുഴല്‍പ്പണക്കേസിലും പ്രതികള്‍ ആര്‍എസ്എസുകാരും ആര്‍എസ്എസുമായി ബന്ധമുള്ളവരുമായിരുന്നു. ബോംബ് നിര്‍മാണം, കള്ളത്തോക്ക് നിര്‍മാണം, തുടങ്ങിയ തീവ്രവാദ-രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ വ്യാപകമായി പിടിക്കപ്പെട്ടതും ആര്‍എസ്എസുകാരായിരുന്നു. പോലീസ് സ്‌റ്റേഷന് ബോംബെറിഞ്ഞതിനും മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിലും കുറ്റക്കാര്‍ ആര്‍എസ്എസ്സുകാരാണ്.

മലപ്പുറത്ത് ക്ഷേത്രത്തില്‍ കയറി വിഗ്രഹങ്ങളെ മലിനമാക്കിയതിന് പിടികൂടപ്പെട്ടതും ആര്‍എസ്എസ്സു കാരനാണ്. പാര്‍ട്ടി സെക്രട്ടറിയായിരിക്കെ കൊടിയേരി ബാലകൃഷ്ണന്റെ വേദിക്കരികിലേക്ക് ബോംബെറിഞ്ഞതും ആര്‍എസ്എസ്സുകാരായിരുന്നു.

ശശികല ടീച്ചറും, ഡോ. എന്‍ ഗോപാലകൃഷ്ണനുമടക്കം കേരളത്തില്‍ വര്‍ഗ്ഗീയ വിദ്വേഷം പ്രസംഗിച്ചു നടക്കുന്നവരൊക്കെയും ആര്‍എസ്എസ്സുകാരാണ്. ഹിന്ദു മുസ്ലിം കലാപം ഉണ്ടാക്കാന്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചത് കുമ്മനം രാജശേഖരനാണ്. സ്വാമി സാന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതും ആര്‍എസ്എസ്സുകാരാണ്. മിന്നല്‍ മുരളി സിനിമക്കു വേണ്ടി സെറ്റ് ഇട്ട പള്ളി പോലും പൊളിച്ചത് ഹിന്ദുത്വ ഭീകരവാദികളാണ്.

സോഷ്യല്‍ മീഡിയയില്‍ പരസ്യമായി ആയുധ പ്രദര്‍ശനം നടത്തി വധഭീഷണി പോസ്റ്റിട്ടവരും ആര്‍എസ്എസ്സുകാരാണ്. രാജ്യദ്രോഹക്കുറ്റമായിട്ടും സ്വര്‍ണ്ണക്കടത്തിലും 400 കോടിയുടെ കുഴല്‍പ്പണ ഇടപാടിലും ആരോപണ വിധേയരായവര്‍ പലരും ആര്‍എസ്എസ്സുകാരാണ്. കേരളത്തിലെ തെരെഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്ന ആരോപണങ്ങളുയര്‍ന്നിട്ടും, എംഎസ്എഫ് നേതാവിന്റെ പരാതിയില്‍ കോടതി കേസെടുക്കാന്‍ ആവശ്യപ്പെട്ട ശേഷവും കെ സുരേന്ദ്രനും ആര്‍എസ്എസ് നേതാക്കളും ഈ കേരളത്തിലും സുരക്ഷിതരാണ്. ആര്‍എസ്എസ് പ്രതിക്കൂട്ടിലാക്കപ്പെടുന്ന പല കേസുകളിലും അവര്‍ മാനസിക രോഗികളാണെന്ന പേരില്‍ രക്ഷപ്പെടുന്ന സ്ഥിതിയും ഈ കേരളത്തിലുണ്ട്.

വര്‍ഗീയ വിദ്വേഷം നിരന്തരം വമിപ്പിച്ചിട്ടും, നോട്ടുകെട്ടുകളെറിഞ്ഞിട്ടും, തലകുത്തി മറിഞ്ഞിട്ടും കേരളത്തില്‍ ക്ലച്ച് പിടിക്കാതെ വട്ടപ്പൂജ്യമാണ് ബിജെപി. ഈ കേരളത്തില്‍ ഐ.എസിന്റെ സ്ലീപ്പിംഗ് സെല്ലുകളുണ്ടെന്ന ഡിജിപി ബെഹ്‌റയുടെ പുതിയ കണ്ടെത്തല്‍ വിഷയ ദാരിദ്ര്യം നേരിടുന്ന കേരള ബിജെപിയെ സഹായിക്കാനാണ്. കസേരയൊഴിഞ്ഞു പോകുന്ന നേരത്ത് ബിജെപിയെ സഹായിക്കുന്നതൊരു തെറ്റൊന്നുമല്ല, പക്ഷെ, ഇത് കേരളമാണ്, ബിജെപിയില്‍

ചേക്കേറി കഴിഞ്ഞാല്‍ ഏത് മെട്രോമാനെയും നാലും കൂട്ടി വലിച്ചെറിയുന്ന പ്രബുദ്ധ കേരളം. ഇല്ലാക്കഥകള്‍ കൊണ്ടൊന്നും ഈ നാടിനെ നിങ്ങള്‍ക്ക് വെട്ടിമുറിക്കാനാവില്ല, കീഴ്‌പ്പെടുത്താനുമാവില്ല. ഇന്ത്യയിലെ മറ്റൊരിടത്തും ഇല്ലാത്തത്ര ശാന്തിയും സമാധാനവുമുള്ള നാടാണ് ഈ കൊച്ചു കേരളം. ഈ കേരളത്തിന്റെ ഇടനെഞ്ചിലേക്ക് കനല്‍ കോരിയിട്ടാണ് ഒരു ഡിജിപി പടിയിറങ്ങിപ്പോകുന്നത്. കേരളത്തിലെ മുസ്ലിം ന്യൂനപക്ഷങ്ങളെ മൊത്തം ഇതര മതവിശ്വാസികള്‍ സംശയത്തിന്റെ കണ്ണോടെ കാണുന്ന സാഹചര്യം ഈയടുത്ത കാലത്തായി കേരളത്തില്‍ സംജാതമായിട്ടുമുണ്ട്.

നിഴലിനോടുള്ള ഈ യുദ്ധം നമുക്ക് നിര്‍ത്താം, ബെഹ്‌റ പറഞ്ഞ കാര്യങ്ങളില്‍ കഴമ്പുണ്ടോ, പരിശോധിക്കണം. ആ സ്ലീപ്പിംഗ് സെല്ലുകള്‍ ആരുടേതാണ്, അത് മുസ്ലിം തീവ്രവാദ സംഘങ്ങളുടേതാണെങ്കിലും, ഹിന്ദുത്വ തീവ്രവാദ സംഘങ്ങളുടേതാണെങ്കിലും നമുക്കൊരുമിച്ച് ചെറുത്തു തോല്‍പ്പിക്കാം.

ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി തുടര്‍ ഭരണത്തിന്റെ ഹാങ്ങ് ഓവര്‍ വിട്ടുണര്‍ന്ന് ഇക്കാര്യത്തില്‍ ഇനിയെങ്കിലും പ്രതികരിക്കുമെന്ന് കരുതുന്നു.



Next Story

RELATED STORIES

Share it