- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉരുള്‍ പൊട്ടിയിടത്തെ രക്ഷാ പ്രവര്‍ത്തനം; മുരളി തുമ്മാരുകുടി എഴുതുന്നു
ഏറ്റവും വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങുക എന്നതല്ല, ഏറ്റവും സുരക്ഷിതമായി പ്ലാന്‍ ചെയ്തു പ്രവര്‍ത്തനം നടത്തുക എന്നതാണ് ശരിയായ കാര്യം. ഇക്കാര്യം നാട്ടുകാരെയും ബന്ധുക്കളെയും പറഞ്ഞു മനസ്സിലാക്കുക എളുപ്പമല്ലെങ്കിലും ശ്രമിക്കേണ്ടതാണ്.
കോഴിക്കോട്: നാടെങ്ങും വിറങ്ങലിച്ചുപോയ പ്രളയക്കെടുതിയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പ്രശസ്ത പരിസ്ഥിതി വിദഗ്ധന്‍ മുരളി തുമ്മാരുകുടി വിശദീകരിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുപ്രധാന നിര്‍ദേശങ്ങള്‍ അദ്ദേഹം പങ്കുവയ്ക്കുന്നത്.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഉരുള്‍പൊട്ടിയിടത്തെ രക്ഷാ പ്രവര്‍ത്തനം..
ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തമ്മില്‍ സാങ്കേതികമായ ചില മാറ്റങ്ങള്‍ ഉണ്ട്. പ്രായോഗികമായി രണ്ടിലും സംഭവിക്കുന്നത് മണ്ണും കല്ലും വെള്ളവും ഒക്കെക്കൂടി താഴേക്ക് ഊര്‍ന്ന് വരികയോ ഒഴുകി വരികയോ ആണ്. അതിന്റെ രീതിയിലും രക്ഷാപ്രവര്‍ത്തനത്തിലും പ്രതിരോധത്തിലുമുള്ള സാമ്യം കാരണം തല്‍ക്കാലം ഈ വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഉരുള്‍പൊട്ടല്‍ എന്ന് പറയാം. ഈ വര്‍ഷം കൂടുതല്‍ മരണം സംഭവിച്ചത് ഉരുള്‍പൊട്ടലിലാണെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. ഇത് മറ്റു സ്ഥലങ്ങളില്‍ നിന്നുള്ള അനുഭവങ്ങള്‍ നോക്കുമ്പോള്‍ സമാനമാണ്. ഉരുള്‍ പൊട്ടലിന്റെയോ മണ്ണിടിച്ചിലിന്റെയോ പാതയില്‍ പെട്ടാല്‍ ജീവിച്ചിരിക്കാനുള്ള സാധ്യത കുറവാണ് കാരണം:
1. പ്രളയം പോലെ പതുക്കെയല്ല, ഉരുള്‍പൊട്ടല്‍ സംഭവിക്കുന്നത്. വൃഷ്ടിപ്രദേശത്ത് മഴ പെയ്താല്‍ ഓരോ തവണയും പുഴയില്‍ വെള്ളം ഉയരുമെന്നത് കൃത്യമായ ശാസ്ത്രം ആകുമ്പോള്‍ കുന്നിന്‍ മുകളില്‍ മഴ പെയ്താല്‍ കുന്നിടിഞ്ഞു വരുമെന്നത് അത്ര സ്വാഭാവികമല്ല. അതുകൊണ്ടു തന്നെ മുന്നറിയിപ്പുകള്‍ നല്‍കുക എളുപ്പമല്ല. ഇതാണ് ഉരുള്‍പൊട്ടലില്‍ ഏറെ ആളുകള്‍ മരിക്കാന്‍ കാരണം. തലമുറകളായി ഒരേ കുന്നിന്റെ താഴെ താമസിക്കുന്നവരായിരിക്കും, വര്‍ഷങ്ങളോളം മഴക്കാലത്ത് ഒരു കുഴപ്പവും ഇല്ലാതിരുന്ന മലയും ആയിരിക്കും. അതുകൊണ്ട് ഓരോ മഴക്കാലത്തും അവര്‍ അവിടെ നിന്നും മാറി താമസിക്കില്ല. പക്ഷേ, ചില വര്‍ഷങ്ങളില്‍ ഒന്നില്‍ കൂടുതല്‍ സാഹചര്യങ്ങള്‍ ഒരുമിച്ചു വരുമ്പോള്‍ കുന്നിടിഞ്ഞു താഴേക്ക് വരും, ആളുകള്‍ അടിപ്പെടുകയും ചെയ്യും.
2. സാധാരണഗതിയില്‍ ഉരുള്‍ പൊട്ടലിന്റെ വീഡിയോ ചിത്രങ്ങള്‍ ലഭ്യമാവാറില്ല, പക്ഷേ, ലഭ്യമായ അപൂര്‍വ്വം വീഡിയോകള്‍ കണ്ടല്‍ അറിയാം എത്ര ഭീതിതമായ വേഗത്തിലാണ് അത് സംഭവിക്കുന്നതെന്ന്. അതില്‍ നിന്നും ഓടിരക്ഷപ്പെടുക എളുപ്പമല്ല. രാത്രിയിലാണെങ്കില്‍ നമ്മള്‍ അറിയുക കൂടി ഇല്ലല്ലോ.
4. മണ്ണും വെള്ളവും ചിലപ്പോള്‍ കല്ലും കൂടിയാണ് കുത്തിയൊഴുകി വരുന്നത്. അതിനകത്ത് പെട്ടാല്‍ നമ്മള്‍ മരിക്കുന്നതിന് മുമ്പ് തന്നെ നമുക്ക് നന്നായി പരിക്കുപറ്റും. വെള്ളത്തില്‍ പെടുന്നവര്‍ക്ക് നീന്തി രക്ഷപ്പെടാനുള്ള ഒരു സാധ്യതയെങ്കിലും ഉണ്ട്. മണ്ണൊലിപ്പില്‍ പെടുന്നവര്‍ക്ക് അതിനുള്ള ആരോഗ്യമോ ബോധമോ പലപ്പോഴും ഉണ്ടാവില്ല.
5. ഉരുള്‍ പൊട്ടലിലും മണ്ണിടിച്ചിലും പെടുന്ന ഭൂരിഭാഗം പേരും വേഗം തന്നെ മരിച്ചിരിക്കും, ഇനി അഥവാ ഏതെങ്കിലും പറയുടെയോ ഭിത്തിയുടെയോ മറവില്‍ ജീവനോടെ ഉണ്ടെങ്കിലും ബോധം മറഞ്ഞിരിക്കാനാണ് കൂടുതല്‍ സാധ്യത. ഇത്തരം സാഹചര്യങ്ങള്‍ അപൂര്‍വമാണ്.
ഇപ്പറഞ്ഞ കാര്യങ്ങളാല്‍ ഉരുള്‍ പൊട്ടലിന്റെയും മണ്ണൊലിപ്പിന്റെയും സാഹചര്യത്തില്‍ നമുക്ക് ചെയ്യാന്‍ പറ്റുന്നത് രക്ഷാ പ്രവര്‍ത്തനത്തില്‍(റെസ്‌ക്യൂ) ഉപരി വീണ്ടെടുക്കല്‍(റിക്കവറി) ആണ്. ഇത് മനസ്സിലാക്കി വേണം ഉരുള്‍ പൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും സാഹചര്യത്തില്‍ നമ്മള്‍ ഇടപെടാന്‍. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ താഴെ പറയുന്നു.
1. ഉരുള്‍ പൊട്ടിയ പ്രദേശത്ത് ആളുകള്‍ ജീവനോടെ ബാക്കി ഉണ്ടാവാനുള്ള സാധ്യത ഏറ്റവും കുറവാണെന്ന് പറഞ്ഞല്ലോ. അതുകൊണ്ട് തന്നെ ഏറ്റവും വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങുക എന്നതല്ല, ഏറ്റവും സുരക്ഷിതമായി പ്ലാന്‍ ചെയ്തു പ്രവര്‍ത്തനം നടത്തുക എന്നതാണ് ശരിയായ കാര്യം. ഇക്കാര്യം നാട്ടുകാരെയും ബന്ധുക്കളെയും പറഞ്ഞു മനസ്സിലാക്കുക എളുപ്പമല്ലെങ്കിലും ശ്രമിക്കേണ്ടതാണ്.
2. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായ പ്രദേശം ഏറെ അസ്ഥിരമായിരിക്കുമെന്നതിനാല്‍ അവിടെ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ഇക്കാര്യം മനസ്സിലാക്കി വേണം വീണ്ടെടുക്കല്‍ പ്രവര്‍ത്തനം തുടങ്ങാന്‍. രാത്രിയിലോ കനത്ത മഴ പെയ്തുകൊണ്ടിരിക്കുമ്പോഴോ വീണ്ടെടുക്കല്‍ പ്രവര്‍ത്തനം നടത്തുന്നത് എല്ലാവരുടെയും അപകട സാധ്യത വര്‍ധിപ്പിക്കുകയാണ്. ആളുകളുടെ സമ്മര്‍ദ്ദം ഉണ്ടാവുമെങ്കിലും അത് ചെയ്യാതിരിക്കുന്നതാണ് ശരിയായ രീതി.
3. മണ്ണടിച്ചിലും ഉരുള്‍പൊട്ടലും നടന്ന സ്ഥലം അസ്ഥിരമായതിനാല്‍ ഏറെ വാഹനങ്ങളും, പ്രത്യേകിച്ച് ജെസിബിയും ഹെവി വാഹനങ്ങളും എത്തിക്കുന്നത് അപകട സാധ്യത കൂട്ടുകയാണ്. ആളുകള്‍ മണ്ണില്‍ പുതഞ്ഞു ജീവനോടെ കിടക്കുന്നുണ്ടോ എന്ന് കണ്ടുപിടിക്കലാണ് ഏറ്റവും ആദ്യമായി ചെയ്യേണ്ടത്. അതിന് ഹെവി വാഹനങ്ങളല്ല, ശാസ്ത്രീയമായ ഉപകരണങ്ങളാണ് വേണ്ടത്.
4. ഏറ്റവും കുറച്ചാളുകള്‍, അതും പരിശീലനം ലഭിച്ചവര്‍ മാത്രമേ ആദ്യഘട്ടത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങാവൂ. മണ്ണിനടിയില്‍ ആളുകള്‍ ഉണ്ടോ എന്നറിയാനുള്ള ചെറിയ റഡാര്‍ ഉപകരണങ്ങള്‍, മണ്ണിനടിയില്‍ കിടക്കുന്ന ആള്‍ ജീവനോടെ ആണോ എന്ന് പരിശോധിക്കാന്‍ കഴിയുന്ന ഇന്‍ഫ്രാ റെഡ് ഉപകരണങ്ങള്‍, ചെറിയ ഒച്ച പോലും പിടിച്ചെടുക്കാന്‍ കഴിയുന്ന പ്രോബ് മൈക്രോഫോണ്‍, ദുരന്തമുള്ള പ്രദേശത്തേക്ക് പോകാതെ സുരക്ഷിതമായി നിന്ന് ആകാശ വീക്ഷണം നടത്താന്‍ പറ്റിയ ഡ്രോണുകള്‍ എന്നിങ്ങനെ അനവധി ആധുനിക സംവിധാനങ്ങള്‍ രക്ഷാ സംവിധാനത്തില്‍ ഉണ്ടാവണം.
5. ഫയര്‍ഫോഴ്‌സും നാട്ടുകാരും വീട്ടുകാരും ഒക്കെക്കൂടി ജെസിബിയും മറ്റു വാഹനങ്ങളുമായി കൂട്ടമായി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നത് പൂര്‍ണമായും ഒഴിവാക്കണം. ദുരന്ത പ്രദേശത്ത് ആളുകള്‍ കൂടുന്നത് അവരുടെ ദുരന്ത സാധ്യത കൂട്ടുന്നു എന്നത് കൂടാതെ അസ്ഥിരമായ പ്രദേശം കൂടുതല്‍ അസ്ഥിരമാക്കി കൂടുതല്‍ അപകടം വിളിച്ചുവരുത്താനുള്ള സാധ്യത കൂടിയുണ്ട്.
6. രക്ഷാപ്രവര്‍ത്തനത്തിനോ റിക്കവറി പ്രവര്‍ത്തനത്തിനോ ആയിരം കാഴ്ചക്കാരുടെ ഒരാവശ്യവും ഇല്ല എന്ന് പ്രത്യേകം പറയേണ്ടല്ലോ. മാധ്യമങ്ങളും ഏറ്റവും സുരക്ഷിതമായ സ്ഥലത്തു നിന്നും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതാണ് ശരി.
7. രക്ഷാ പ്രവര്‍ത്തനത്തിന്റെ സംയോജനവും പ്രഥമ ചികില്‍സയും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണവും മറ്റു പ്രാഥമിക സൗകര്യങ്ങളുമെല്ലാം ദുരന്ത പ്രദേശത്തു നിന്നും മാറി സുരക്ഷിതമായ ഒരു സ്ഥലത്ത് മാത്രമേ സെറ്റ് ചെയ്യാവൂ(ഓണ്‍ സൈറ്റ് കമാന്‍ഡ് ആന്റ് റെസ്‌ക്യൂ സെന്റര്‍). അവിടെ നിന്നും ദുരന്ത പ്രദേശത്തേക്ക് പോവുന്നത് പരിശീലനം ലഭിച്ച രക്ഷാപ്രവര്‍ത്തകര്‍ മാത്രമാവണം. അവരുടെ കൃത്യമായ എണ്ണം വേണം, ഒരു ബഡി സംവിധാനത്തില്‍ പ്രവര്‍ത്തിക്കുകയും വേണം(എപ്പോഴും രണ്ടുപേര്‍ ഒരു ടീം ആയി).
8. മണ്ണിടിച്ചില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നിടത്തേക്ക് വിഐപികള്‍ വരുന്ന സാഹചര്യം ഉണ്ടാവരുത്. അവര്‍ വന്നാല്‍ തന്നെ ദൂരെയുള്ള ഓണ്‍ സൈറ്റ് കമാന്‍ഡ് സെന്ററില്‍ നിന്ന് കാര്യങ്ങള്‍ അറിയാമല്ലോ.
9. ദുരന്തന്തില്‍ അകപ്പെട്ടവരുടെ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും ദുരന്തമുഖത്തു നിന്നു മാറ്റുന്നതാണ് അവരുടെ മാനസിക ആരോഗ്യത്തിനും രക്ഷാപ്രവര്‍ത്തനത്തിന് പ്രൊഫഷനലിസത്തിനും നല്ലത്. അല്ലെങ്കില്‍ ഇരു കൂട്ടരും മാനസിക സമ്മര്‍ദ്ദത്തിലാവും, അക്രമം വരെ ഉണ്ടാവാം.
10. ദുരന്തത്തില്‍ എത്രപേര്‍ പെട്ടിട്ടുണ്ട് എന്നതിനെ പറ്റി ആദ്യമേ കിട്ടുന്ന വിവരങ്ങള്‍ പൊതുവെ തെറ്റും പെരുപ്പിച്ചതും ആയിരിക്കും. ഈ വിവരങ്ങള്‍ ഏറ്റവും കൃത്യമായി ശേഖരിക്കാന്‍ ആ നാട്ടിലെ പഞ്ചായത്ത് മെമ്പറും പോലിസും ഉള്‍പ്പെട്ട ഒരു ചെറിയ ഗ്രൂപ്പ് വേണം. അപകടത്തില്‍പെടാത്ത ആളുകളെ തിരഞ്ഞു സമയം കളയുകയും ദുരന്തസാധ്യത കൂട്ടുകയും ചെയ്യരുതല്ലോ.
11. രക്ഷാ പ്രവര്‍ത്തനത്തിനിടക്ക് മഴ കനക്കുകയോ അപകട സാധ്യത കൂടുകയോ ചെയ്യുന്നതായി തോന്നിയാല്‍ രക്ഷാ റിക്കവറി പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ ഉന്നത ഉദ്യോഗസ്ഥന്‍ തീരുമാനിക്കണം. ഈ തീരുമാനം മറ്റുള്ളവര്‍, ജനപ്രതിനിധികള്‍ ഉള്‍പ്പടെ, അംഗീകരിക്കുകയും വേണം.
12. ആദ്യമേ പറഞ്ഞതുപോലെ മണ്ണിടിച്ചിലിന്റെ സാഹചര്യത്തില്‍ ആളുകള്‍ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. പലപ്പോഴും മരിച്ചയാളുടെ മൃതശരീരം പോലും ലഭ്യമായില്ലെന്ന് വരാം. ഇക്കാര്യം എല്ലാവരും മനസ്സിലാക്കണം, നാട്ടുകാരേയും ബന്ധുക്കളേയും പറഞ്ഞു മനസ്സിലാക്കുകയും വേണം.
ഒരു വര്‍ഷത്തെ പ്രളയവും അടുത്ത വര്‍ഷത്തെ പ്രളയവും തമ്മില്‍ പരസ്പര ബന്ധമില്ല. പക്ഷേ, മണ്ണിടിച്ചിലിന്റെ കാര്യം അങ്ങനെയല്ല. ഒരു വര്‍ഷം മണ്ണിടിഞ്ഞ് അസ്ഥിരമായ സ്ഥലത്ത് അടുത്ത വര്‍ഷവും മണ്ണിടിയാനുള്ള സാധ്യതയുണ്ട്, പലപ്പോഴും കൂടുതലുമാണ്. കഴിഞ്ഞ വര്‍ഷത്തെ പെരുമഴ ഈ വര്‍ഷം മണ്ണിടിച്ചിലിന്റെയും ഉരുള്‍പൊട്ടലിന്റെയും സാധ്യത വളരെ വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം ചെറിയ മഴയില്‍ പോലും ഇനിയും വലിയ മണ്ണിടിച്ചില്‍ ഉണ്ടാവാം, വരും വര്‍ഷങ്ങളില്‍ ഇത് തുടരും. മുന്‍കരുതലുകള്‍ എടുക്കുക എന്നത് പ്രധാനമാണ്.
എങ്ങനെയാണ് മണ്ണിടിച്ചില്‍ അല്ലെങ്കില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത്? അത് എങ്ങനെ കുറക്കാം? എന്നൊക്കെ ഈ ദുരന്തകാലത്തിന് ശേഷം എഴുതാം.
സുരക്ഷിതരായിരിക്കുക
മുരളി തുമ്മാരുകുടി
പെരുമ്പാവൂര്‍, ആഗസ്ത് 11, 10 മണി
RELATED STORIES
യുവനടിയെ പീഡിപ്പിച്ച കേസിന്റെ വിചാരണ തുറന്ന കോടതിയില്‍ വേണമെന്ന്...
12 Dec 2024 3:21 AM GMTപാളയത്തെ സിപിഎം ഏരിയാ സമ്മേളനം: റോഡില്‍ സ്റ്റേജ് കെട്ടിയ ഇതരസംസ്ഥാന...
12 Dec 2024 3:13 AM GMTരാജസ്ഥാനില്‍ 55 മണിക്കൂര്‍ കുഴല്‍ക്കിണറില്‍ കുടുങ്ങിയ അഞ്ച് വയസുകാരനെ...
12 Dec 2024 12:42 AM GMTകണ്ണൂര്‍ ജില്ലയില്‍ നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്യു
11 Dec 2024 4:52 PM GMT2034 ലോകകപ്പ് സൗദിയില്‍; ഔദ്യോഗിക പ്രഖ്യാപനം വന്നു
11 Dec 2024 4:29 PM GMTപൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന് സ്വര്‍ണം...
11 Dec 2024 4:21 PM GMT