- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അണ്‍മേക്കിങ് ഓഫ് ഇന്ത്യ
BY TK tk2 Jan 2016 6:30 PM GMT
X
TK tk2 Jan 2016 6:30 PM GMT
2015 വിടപറയുമ്പോള്‍ ഇന്ത്യ ഓര്‍ക്കുകയും ഓര്‍മിക്കപ്പെടുകയും ചെയ്യുക ദുസ്സൂചകമായ ചില വിദ്വേഷപ്രവര്‍ത്തനങ്ങളും അവയ്‌ക്കെതിരേ സിവില്‍ സമൂഹത്തില്‍ നിന്നുയര്‍ന്നുവന്ന പ്രതിരോധപ്രകടനങ്ങളാലുമായിരിക്കും റഫീഖ് റമദാന്‍ ഒടുവില്‍ 'പശു'പാലന്‍മാര്‍ സത്യം അംഗീകരിച്ചിരിക്കുന്നു. ബീഫ് വീട്ടില്‍ സൂക്ഷിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ വര്‍ഗീയവാദികള്‍ അടിച്ചുകൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാഖ് എന്ന മധ്യവയസ്‌കന്റെ വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചിയായിരുന്നുവെന്ന്! ചീഫ് വെറ്ററിനറി ഓഫിസറുടെ റിപോര്‍ട്ട് വരാന്‍ മൂന്നു മാസമെടുത്തെങ്കിലും ഫാഷിസത്തിനെതിരായ തീ ഊതിക്കത്തിക്കാന്‍ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിനു സാധിച്ചു. അസഹിഷ്ണുതയ്‌ക്കെതിരായ പൊതുബോധത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് കണ്ട വര്‍ഷമായിരുന്നു 2015. ഭരണകൂടത്തിന്റെ ഫാഷിസ്റ്റ് മുഖം മറ നീക്കി കോമ്പല്ല് കാണിച്ചപ്പോള്‍ രക്തക്കറ വീണ പുരസ്‌കാരങ്ങള്‍ വേണ്ടെന്നുപറഞ്ഞ് സാഹിത്യകാരന്‍മാര്‍ പ്രിയപ്പെട്ട അവാര്‍ഡുകള്‍ തിരികെ നല്‍കി. നെഹ്‌റു കുടുംബാംഗവും പ്രമുഖ എഴുത്തുകാരിയുമായ നയന്‍താര സെഹ്ഗാളാണ് ഈ സമരമുറയ്ക്കു തുടക്കമിട്ടത്. എങ്കില്‍ പാകിസ്താനിലേക്കു പൊയ്‌ക്കൊള്ളൂ എന്നാക്രോശിച്ച ഫാഷിസ്റ്റുകളുടെ മാതൃകാപുരുഷന്‍ ഒടുവില്‍ പാകിസ്താനില്‍ പോയി ആരാണ് രാജ്യം വിടേണ്ടതെന്ന് കാണിച്ചുതന്നത് ക്ലൈമാക്‌സ്! ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിന്റെ മൂന്നു മക്കളില്‍ രണ്ടാമത്തെയാളാണ് നയന്‍താര സെഹ്ഗാള്‍. 88 വയസ്സായെങ്കിലും അവരുടെ പോരാട്ടവീര്യത്തിനു ക്ഷീണമില്ല. രാജ്യത്തിന്റെ വഴിവിട്ട പോക്കില്‍ പ്രതികരിക്കാതിരിക്കുന്നത് ശരിയല്ലെന്ന തിരിച്ചറിവു മൂലമാണ് അവര്‍ ധര്‍മസമരത്തിനിറങ്ങിയത്. 1986ല്‍ 'റിച്ച് ലൈക്ക് അസ്' എന്ന ഇംഗ്ലീഷ് നോവലിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ച ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരിയാണ് സെഹ്ഗാള്‍. ആ പുരസ്‌കാരമാണ് അവര്‍ തിരിച്ചുനല്‍കിയിരിക്കുന്നത്. രാജ്യത്തെ സാംസ്‌കാരിക വൈവിധ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടതായി 'അണ്‍മേക്കിങ് ഓഫ് ഇന്ത്യ' എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അവര്‍ പറഞ്ഞു. വിയോജിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും ഉറപ്പുനല്‍കുന്നുണ്ടെന്ന് പറഞ്ഞ സെഹ്ഗാള്‍ ഇന്ത്യയില്‍ ബഹുസ്വരതയും ആശയസംവാദവും കടുത്ത ആക്രമണത്തിന് വിധേയമാവുകയാണെന്നും അഭിപ്രായപ്പെട്ടു. ബീഫ് കഴിച്ചെന്നും സൂക്ഷിച്ചെന്നും ആരോപിച്ച് ഉത്തര്‍പ്രദേശില്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന മധ്യവയസ്‌കനെ അടിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചും ഇത്തരത്തിലുള്ള ഫാഷിസ്റ്റ് നയങ്ങളെ എതിര്‍ക്കുന്നവര്‍ക്കു പിന്തുണ പ്രഖ്യാപിച്ചുമാണ് തന്റെ തീരുമാനമെന്നും സെഹ്ഗാള്‍ വ്യക്തമാക്കി. വര്‍ഗീയഭ്രാന്തന്മാര്‍ അഴിഞ്ഞാടുമ്പോള്‍ പ്രധാനമന്ത്രി നിശ്ശബ്ധത പാലിക്കുന്നതിനെയും അവര്‍ വിമര്‍ശിച്ചു. ലളിതകലാ അക്കാദമി മുന്‍ അധ്യക്ഷനായ കവി അശോക് വാജ്പയിയും കന്നഡ സാഹിത്യകാരന്‍ ഉദയപ്രകാശും സാഹിത്യഅക്കാദമി പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ചിരുന്നു. എഴുത്തുകാര്‍ ഉറച്ച നിലപാടെടുക്കേണ്ട സമയമാണിതെന്നാണ് പുരസ്‌കാരം തിരിച്ചേല്‍പിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞത്. കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ പുരസ്‌കാരങ്ങള്‍ മടക്കിനല്‍കി ആറ് കന്നട എഴുത്തുകാരും ഈ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു. എം എം കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ സാഹിത്യഅക്കാദമി മൗനംപാലിക്കുന്നതില്‍ പ്രതിഷേധിച്ച് നോവലിസ്റ്റ് ശശി ദേശ്പാണ്ഡെയും സാഹിത്യഅക്കാദമി കൗണ്‍സലില്‍നിന്ന് രാജിവച്ചു. കേരളത്തിന്റെ ചെറുവിരല്‍ പുസ്‌കാരങ്ങളേക്കാള്‍ വിലപ്പെട്ടതാണ് സഹിഷ്ണുതയെന്നു പ്രഖ്യാപിച്ച് നയന്‍താരയുടെ പാതയിലിറങ്ങിയവരില്‍ മലയാളത്തിന്റെ പ്രിയ എഴുത്തുകാരുമുണ്ട്. സച്ചിദാനന്ദനെപ്പോലുള്ളവര്‍ കേന്ദ്ര സാഹിത്യഅക്കാദമി അംഗത്വം രാജിവച്ചപ്പോള്‍ സാറാ ജോസഫ് കേന്ദ്ര സാഹിത്യഅക്കാദമി പുരസ്‌കാരം തിരിച്ചുനല്‍കി. എം എം കല്‍ബുര്‍ഗിയുടെ കൊലപാതകത്തെ അപലപിച്ച് പ്രമേയം പാസാക്കാന്‍ പോലും കേന്ദ്ര സാഹിത്യഅക്കാദമി തയ്യാറാവാത്തതിനെ ചോദ്യംചെയ്ത സച്ചിദാനന്ദന്‍, സാഹിത്യഅക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗത്വത്തില്‍നിന്ന് എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അംഗത്വത്തില്‍നിന്നും രാജിവച്ചു കത്ത് നല്‍കിയപ്പോള്‍ 2003ല്‍ അലാഹയുടെ പെണ്‍മക്കള്‍ എന്ന നോവലിന് ലഭിച്ച അക്കാദമി പുരസ്‌കാരമാണ് സാറാ ജോസഫ് തിരികെ നല്‍കിയത്. അഭിപ്രായസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ഹനിക്കുന്ന സംഭവങ്ങളില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നയങ്ങള്‍ വര്‍ഗീയതയെ പിന്തുണയ്ക്കുന്നതാണെന്ന് രാജിവച്ചവര്‍ അറിയിച്ചു. സാഹിത്യനിരൂപകരായ സി ആര്‍ പ്രസാദും കെ എസ് രവികുമാറും അക്കാദമി അംഗത്വം രാജിവച്ചവരില്‍ പെടുന്നു. സ്വാതന്ത്ര്യ ധ്വംസനത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് പദവി രാജിവയ്ക്കുന്നതെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു. അടിയന്തരാവസ്ഥയ്ക്കു സമാനമായ സംഭവങ്ങളാണ് രാജ്യത്തു നടക്കുന്നത്. എന്ത് ഭക്ഷിക്കണം, ചിന്തിക്കണം, എഴുതണം എന്ന് ചിലര്‍ തീരുമാനിക്കുന്നു. അല്ലാത്തവരെ ഹീനമായി കൊലപ്പെടുത്തുന്നു. ഫാഷിസ്റ്റ്‌വല്‍കരണത്തിന്റെ ഭാഗമായാണ് ഭരണകൂടത്തിന്റെ നീക്കമെന്നും സച്ചിദാനന്ദന്‍ ചൂണ്ടിക്കാട്ടി. രാജ്യം ഏറ്റവും ഭയജനകമായ അവസ്ഥയിലൂടെയാണ് കടന്നുപോവുന്നതെന്നാണ് സാറ ജോസഫ് അഭിപ്രായപ്പെട്ടത്. തുടര്‍ച്ചയായി നടക്കുന്ന സംഭവങ്ങള്‍ ഇന്ത്യയുടെ മതേതരത്വത്തെയും ബഹുസ്വരതയെയും തകര്‍ക്കും. അത്തരത്തില്‍ വിസ്‌ഫോടനകരമായ ഒരന്തരീക്ഷം ഭാവിയില്‍ വരാതിരിക്കാനുള്ള ചെറുത്തുനില്‍പ്പും പ്രതിരോധവും എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും സാറാ ജോസഫ് പറഞ്ഞു. അതേസമയം അവാര്‍ഡുകള്‍ തിരികെ കൊടുത്തല്ല പ്രതിഷേധിക്കേണ്ടതെന്ന അഭിപ്രായമുള്ളവരും ഉണ്ടായിരുന്നു. പുരസ്‌കാരം തിരികെ നല്‍കുന്നതിനേക്കാള്‍ ക്രിയാത്മക നടപടികളാണ് ആവശ്യമെന്നും അക്കാദമികളെ ഉപേക്ഷിക്കുന്നതിനേക്കാള്‍ പ്രവര്‍ത്തിപ്പിക്കുകയാണ് വേണ്ടതെന്നുമുള്ള അഭിപ്രായക്കാരനാണ് പ്രമുഖ സാഹിത്യകാരന്‍ ആനന്ദ്. അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര സാഹിത്യഅക്കാദമിക്ക് കത്തയച്ചു. സുഗതകുമാരിയും എം ടി വാസുദേവന്‍ നായരും പുരസ്‌കാരം തിരികെ നല്‍കില്ലെന്നു പ്രഖ്യാപിച്ചു. കേന്ദ്രത്തിന്റെ വര്‍ഗീയനയങ്ങളില്‍ പ്രതിഷേധിക്കാന്‍ പുരസ്‌കാരം തിരികെ നല്‍കിയിട്ട് ഫലമില്ലെന്നായിരുന്നു സുഗതകുമാരിയുടെ പ്രതികരണം. ബോളിവുഡ് നടന്മാര്‍ക്കുള്ള ജനപ്രീതി രാഷ്ട്രീയക്കാര്‍ക്ക് ഉണ്ടാവുക അപൂര്‍വമാണ്. തിരശ്ശീലയില്‍ കാണുന്നതൊന്നും സത്യമല്ലെന്നറിയാമെങ്കിലും പ്രിയ താരത്തിന് നെഞ്ചകത്ത് ഒരിടം ഒരുക്കിവച്ചവരാണ് ഭൂരിപക്ഷവും. അതുകൊണ്ടാണ് അവര്‍ ഒരു കാര്യം ഏറ്റെടുത്താല്‍ അതൊരു സംഭവമായി മാറുന്നത്. മോദി സര്‍ക്കാരിന്റെ അസഹിഷ്ണുത ലോകത്തിനുമുന്നില്‍ രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതില്‍ രോഷംകൊണ്ടവരില്‍ മികച്ച അഭിനേതാക്കളുമുണ്ട്. ഷാരൂഖ് ഖാനാണ് ആദ്യ വെടി പൊട്ടിച്ചത്. ഇന്ത്യയില്‍ കടുത്ത അസഹിഷ്ണുതയാണ് നിലനില്‍ക്കുന്നതെന്ന് ഷാരൂഖ് പ്രസ്താവിച്ചു. മുസ്‌ലിം പേരുകാരനായതിന്റെ പേരില്‍ പലപ്പോഴും അവഗണന നേരിട്ട താരം വിവാദ പ്രസ്താവന നടത്തിയത് ദാദ്രി കൊലപാതകത്തില്‍ പ്രധാനമന്ത്രി മൗനം പാലിച്ച പശ്ചാത്തലത്തിലാണ്. അതു കഴിഞ്ഞ് രണ്ടാഴ്ചയ്ക്കു ശേഷമാണ് രാജ്യത്തെ ന്യൂനപക്ഷങ്ങളില്‍ ഭീതിയും അരക്ഷിതാവസ്ഥയും നിലനില്‍ക്കുന്ന കാര്യം ആമിര്‍ ഖാന്‍ ഒരു പൊതുചടങ്ങില്‍ ചൂണ്ടിക്കാട്ടിയത്. തന്റെ പത്‌നി കിരണ്‍ ജീവിതത്തിലാദ്യമായി 'നാം ഇന്ത്യ വിട്ടു പോവേണ്ടിവരുമോ' എന്നു ചോദിച്ച കാര്യവും അദ്ദേഹം പങ്കുവച്ചു. എഴുത്തുകാര്‍ പുരസ്‌കാരം മടക്കിനല്‍കുന്നത് പ്രതിഷേധത്തിന്റെ ഒരു രൂപമാണെന്നു പറയാനും അദ്ദേഹം ധൈര്യം കാണിച്ചു. അതേസമയം അനുപംഖേറിനെ പോലുള്ളവര്‍ അവാര്‍ഡുകള്‍ തിരികെ നല്‍കുന്നതിനെതിരേ പ്രസ്താവനയിറക്കി. പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുന്നത് പ്രതീകാത്മകമായ പ്രതിഷേധമാണെന്ന് അറിയാമെങ്കിലും തനിക്കുലഭിച്ച അവാര്‍ഡുകള്‍ തിരികെ കൊടുക്കുന്നില്ലെന്ന നിലപാടിലായിരുന്നു കമല്‍ഹാസന്‍. അവാര്‍ഡ് നല്‍കുന്നത് ജൂറിയാണ് സര്‍ക്കാരല്ല- അദ്ദേഹം വ്യക്തമാക്കിയത് ഇങ്ങനെ! അസഹിഷ്ണുത വളരുന്നുണ്ടെങ്കില്‍ അതിനെതിരേ ശബ്ദമുയര്‍ത്തേണ്ടതുണ്ടെന്നും അതിനു താന്‍ തയ്യാറാണെന്നും പറയാന്‍ കമല്‍ഹാസന്‍ തയ്യാറായി. എന്നാല്‍, അനുപംഖേറും കൂട്ടരും അസഹിഷ്ണുത ഇല്ലെന്ന നിലപാടിലുറച്ചുനിന്നു. അവാര്‍ഡ് തിരികെ കൊടുക്കുന്നത് രാജ്യത്തെ അപമാനിക്കലാണെന്നു വരെ അദ്ദേഹം പറഞ്ഞു. ഒടുവില്‍ ഇന്ത്യക്കു വേണ്ടിയുള്ള മാര്‍ച്ച് എന്ന പേരില്‍ വലതുപക്ഷ കലാകാരന്മാരെ സംഘടിപ്പിച്ച് ഇന്ത്യാഗേറ്റില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താനും അദ്ദേഹം മുതിര്‍ന്നു. കമല്‍ഹാസന്‍, വിദ്യാബാലന്‍, വിവേക് ഒബ്‌റോയ് തുടങ്ങി90 പേര്‍ ഒപ്പുവച്ച നിവേദനം അവര്‍ രാഷ്ട്രപതിക്കു സമര്‍പ്പിക്കുകയും ചെയ്തു. ഫലത്തില്‍ ബോളിവുഡ് രണ്ടു തട്ടിലായി അസഹിഷ്ണുതയുടെ കാര്യത്തില്‍. അസഹിഷ്ണുതയ്‌ക്കെതിരേ മൂല്യങ്ങളെ തിരികെ പിടിക്കാന്‍ ആഹ്വാനംചെയ്‌തെങ്കിലും വിവാദ പ്രസ്താവനകള്‍ നടത്താതിരിക്കാന്‍ ശ്രദ്ധിച്ചു അമിതാബ് ബച്ചന്‍. മൂന്നു കൊലപാതകങ്ങള്‍ രാജ്യത്ത് ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വ തീവ്രവാദശക്തികളുടെ ഇരയായി എഴുത്തുകാരനായ കല്‍ബുര്‍ഗി കൊല്ലപ്പെട്ടതും ദാദ്രി സംഭവവുമാണ് രാജ്യത്ത് അസഹിഷ്ണുത പരിധിവിട്ട വാര്‍ത്ത ലോകമെങ്ങും ചര്‍ച്ച ചെയ്യാനിടയാക്കിയത്. അല്‍ജസീറ, സിഎന്‍എന്‍ തുടങ്ങിയ മാധ്യമങ്ങള്‍ ഇത് ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു. കന്നഡ എഴുത്തുകാരനായ ഡോ. എംഎം കല്‍ബുര്‍ഗി 2015 ആഗസ്ത് 30നാണ് വെടിയേറ്റു മരിച്ചത്. കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം അപ്പോള്‍. കൊലയാളിയെന്നു സംശയിക്കുന്നയാളെ ബെലഗാവിയിലെ ഖനാപൂര്‍ വനത്തില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. വിഗ്രഹാരാധനയ്ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരേ ശക്തമായ നിലപാടെടുത്തതാണ് കല്‍ബുര്‍ഗിയെ ഹിന്ദുത്വസംഘടനകളുടെ കണ്ണിലെ കരടാക്കിയത്. ദൈവകോപമുണ്ടാകുമോ എന്നു പരീക്ഷിക്കാന്‍ വിഗ്രഹങ്ങളിലും ദൈവത്തിന്റെ ചിത്രങ്ങളിലും ചെറുപ്പകാലത്തു മൂത്രമൊഴിച്ചിട്ടുണ്ടെന്ന എഴുത്തുകാരന്‍ യുആര്‍ അനന്തമൂര്‍ത്തിയുടെ വാക്കുകള്‍ അടുത്തിടെ ഒരു ചടങ്ങില്‍ കല്‍ബുര്‍ഗി പരാമര്‍ശിച്ചിരുന്നു. ഇതും തീവ്രവാദികളെ പ്രകോപിപ്പിച്ചു. മഹാരാഷ്ട്രയിലെ തീവ്രവാദവിരുദ്ധ സ്‌ക്വാഡിന്റെ തലവന്‍ ഹേമന്ത് കാര്‍ക്കരെയുടെ വധത്തിന്റെ ഉള്ളറകള്‍ തുറന്നുകാണിക്കുന്ന ഹു കില്‍ഡ് കാര്‍ക്കറെ എന്ന പുസ്തകം ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിനു മുന്‍കൈയെടുത്തതും വര്‍ഗീയ തീവ്രവാദികള്‍ക്ക് അദ്ദേഹത്തോട് ശത്രുതയുണ്ടാക്കി. 2015 ഫെബ്രുവരി 16നാണ് പ്രഭാതസവാരിക്കിറങ്ങിയ സിപിഐ നേതാവ് ഗോവിന്ദ് പന്‍സാരെയെയും ഭാര്യ ഉമയെയും ബൈക്കിലെത്തിയ സംഘം വെടിവച്ചത്. സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകന്‍ സമീര്‍ ഗെയ്ക്ക്‌വാദ് എന്നയാളെ പന്‍സാരെ വധക്കേസില്‍ പോലിസ് പിടികൂടിയെങ്കിലും നടപടിയുണ്ടായില്ല. പന്‍സാരെ പതിനേഴാം നൂറ്റാണ്ടിലെ മഹാരാഷ്ട്ര ഭരണാധികാരിയായിരുന്ന ശിവജിയെക്കുറിച്ച് വസ്തുനിഷ്ഠമായി രചിച്ച 'ആരായിരുന്നു ശിവജി' എന്ന പുസ്തകം ജനപ്രീതി നേടിയിരുന്നു. ശിവജിയെ കുറിച്ച് ഹിന്ദുത്വര്‍ കെട്ടിപ്പൊക്കിയ നുണക്കഥകള്‍ പിച്ചിച്ചീന്തിയ ഈ പുസ്തകം രചിച്ചതിന് വര്‍ഗീയ തീവ്രവാദികളില്‍നിന്ന് അദ്ദേഹം ഭീഷണി നേരിട്ടിരുന്നു. പ്രമുഖ യുക്തിവാദിയും എഴുത്തുകാരനുമായ നരേന്ദ്ര ധബോല്‍ക്കര്‍ കൊല്ലപ്പെട്ടത് 2013 ആഗസ്ത് 20ന് പൂനെയില്‍ വച്ചാണ്. ദുര്‍മന്ത്രവാദവും അനാചാരങ്ങളും നിരോധിക്കുന്ന ബില്ലിനായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിവരുകയായിരുന്നു അദ്ദേഹം. കല്‍ബുര്‍ഗി വധത്തിന് പന്‍സാരെ, ധബോല്‍ക്കര്‍ വധവുമായി സാമ്യമുണ്ടെന്നാണ് ബംഗളൂരു സിഐഡി റിപോര്‍ട്ടില്‍ പറയുന്നത്. ദൃക്‌സാക്ഷി മൊഴികളും സാഹചര്യത്തെളിവുകളും പരിശോധിച്ചാണ് കര്‍ണാടക സിഐഡി ഈ നിഗമനത്തിലെത്തിയത്. എന്നാല്‍, മൂന്നു പേരുടെയും കൊലപാതകങ്ങള്‍ തമ്മില്‍ സാമ്യമില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തരവകുപ്പ് നേരത്തേ പറഞ്ഞിരുന്നത്. നിരപരാധികള്‍ക്കെതിരേ അഭ്യൂഹങ്ങള്‍ പടച്ച് ഫാഷിസം നിയമം നടപ്പാക്കുമ്പോള്‍ മൗനം വെടിയാന്‍ സമയമായെന്നു വിളിച്ചുപറയുകയാണ് ചലച്ചിത്രതാരങ്ങളും സാഹിത്യകാരന്മാരും ചെയ്തിരിക്കുന്നത്. ഈ ജാഗ്രത നാം തുടര്‍ന്നില്ലെങ്കില്‍ പന്‍സാരെ, കല്‍ബുര്‍ഗി മോഡല്‍ കൊലപാതകങ്ങള്‍ കേരളത്തിലും അരങ്ങേറും. അതിന് ഇട നല്‍കിക്കൂടാ. പുതുവര്‍ഷം സഹിഷ്ണുതയുടേതാവട്ടെ. |
Next Story
RELATED STORIES
ഫലസ്തീന് ജനതയുടെ സ്ഥിരോല്‍സാഹത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും...
15 Jan 2025 7:35 PM GMTഗസയിലെ വെടിനിര്‍ത്തല്‍ 19 മുതല്‍ ; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 7:13 PM GMTഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 6:32 PM GMTമണിയന്റെ കല്ലറ വ്യാഴാഴ്ച തുറക്കും
15 Jan 2025 6:16 PM GMTപി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യണം; മുസ് ലിം കോഡിനേഷന്‍ കമ്മിറ്റി...
15 Jan 2025 5:50 PM GMTപത്തനംതിട്ട പീഡനം: മൊത്തം 60 പ്രതികള്‍; 49 പേര്‍ പിടിയില്‍, ഇതില്‍...
15 Jan 2025 5:42 PM GMT