- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എന്റെ നാഥനെയാണ് ഞാന്‍ സ്‌നേഹിച്ചത്
BY ajay G.A.G4 April 2018 10:14 AM GMT
X
ajay G.A.G4 April 2018 10:14 AM GMT
പ്രായപൂര്‍ത്തിയും വിദ്യാസമ്പന്നയുമായ ഒരു യുവതിക്ക് സ്വന്തം വ്യക്തിത്വം സ്ഥാപിക്കാന്‍ സുപ്രിംകോടതി വരെ പൊരുതേണ്ടി വന്ന ദുര്‍ഗതി എങ്ങനെയാണ് നാളെ ചരിത്രം രേഖപ്പെടുത്തുക എന്നറിയില്ല. നമ്മുടെ വ്യവസ്ഥിതിയുടെ മേന്മയാണോ പരിമിതിയാണോ ഹാദിയ കേസ് തെളിയിച്ചത് എന്നതും തീര്‍ച്ചയില്ല. ഹാദിയയുടെ ജീവിതത്തിലെ ഇരുട്ടറയിലേക്ക് സുപ്രിംകോടതി വിധിയിലൂടെ നീതിയുടെ കിരണങ്ങളും സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായുവും കടന്നുവന്നപ്പോഴും ഹാദിയയുടെ മുഖത്ത് നിഷ്‌കളങ്കമായ വിനയം മാത്രം.
മാധ്യമങ്ങളും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള സന്ദര്‍ശകരും ഇടതടവില്ലാതെ ഹാദിയയെ സമീപിച്ചുകൊണ്ടിരിക്കുമ്പോള്‍, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തങ്ങളുടെ സ്വകാര്യ നിമിഷങ്ങളെ കുറിച്ചുള്ള ആധികൊണ്ടാണോ എന്നറിയില്ല, ഷാഫിന്‍ ജഹാന്റെ വിരലുകളില്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് കോളജിലേക്ക് പുറപ്പെടുന്നതിനു മുമ്പുള്ള ഒരു മണിക്കൂറോളം സമയം ഔപചാരികതകള്‍ ഇല്ലാതെ അവര്‍ തേജസിനോട് സംസാരിച്ചു.
ഹാദിയ / സജ്ജാദ് വാണിയമ്പലം
ആറു മാസത്തോളം നീണ്ട വീട്ടുതടങ്കല്‍. പത്രമില്ല. ടി.വിയില്ല. ഫോണില്ല. മുറ്റത്തേക്ക് ഇറങ്ങി അല്‍പ്പം ശുദ്ധവായു ശ്വസിക്കാനോ പൂക്കളെ തലോടാനോ സ്വാതന്ത്ര്യമില്ല. ഈ അവസ്ഥ എത്രകാലം തുടരും എന്നറിയില്ല. എങ്ങനെ പിടിച്ചുനിന്നു? പുറംലോകത്ത് നടക്കുന്ന കോലാഹലങ്ങള്‍ എന്തെങ്കിലും ഹാദിയ അറിഞ്ഞിരുന്നോ? ഷഫിന്‍ ജഹാനോ പോപുലര്‍ ഫ്രണ്ടോ എന്തെങ്കിലുമൊക്കെ പരിഹാരം ഉണ്ടാക്കും എന്ന പ്രതീക്ഷകൊണ്ടാണോ ഇത്രയും സ്ഥൈര്യം കാണിക്കാന്‍ കഴിഞ്ഞത്?
നോക്കൂ. ഞാന്‍ ഇസ്‌ലാമിലേക്ക് വരുമ്പോള്‍ പോപുലര്‍ ഫ്രണ്ടോ ഷഫിനോ എന്റെ മുന്നില്‍ ഇല്ല. വീട്ടിലോ കോളജിലോ ഒട്ടും സുരക്ഷിതമല്ല എന്ന ഒരു അവസ്ഥയില്‍ സര്‍വലോക രക്ഷിതാവായ നാഥന്‍ എന്നെ ചിപ്പിയിലെ മുത്തുപോലെ സംരക്ഷിക്കും എന്ന ഉറച്ച വിശ്വാസത്തില്‍ മാത്രമാണ് വീട് വിട്ടത്. ആദ്യം കൂടെ പഠിച്ച കൂട്ടുകാരികള്‍, അവരുടെ പിതാവ്, സൈനബ ടീച്ചര്‍, സത്യസരണി, പോപുലര്‍ ഫ്രണ്ട്, ഷഫിന്‍ എല്ലാം എന്റെ നാഥന്‍ എനിക്കു വേണ്ടി ഒരുക്കിത്തന്ന അവന്റെ സഹായത്തിന്റെ നിമിത്തങ്ങള്‍ മാത്രമായിരുന്നു. വീട്ടുതടങ്കലില്‍ ആയിരുന്നപ്പോഴും മോചനത്തിന് അല്ലാഹുവിന്റെ സഹായം എത്തുന്നതു വരെയുള്ള കാത്തിരിപ്പ് എന്നേ ഞാന്‍ കരുതിയുള്ളൂ. എനിക്ക് താങ്ങാന്‍ കഴിയാത്ത ഒരു അവസ്ഥയെത്തുമ്പോഴേക്കും ആ സഹായം ഇങ്ങെത്തുമെന്ന് എനിക്ക് ഉറപ്പായിരുന്നു. പുറംലോകത്ത് നടക്കുന്നതിനെ കുറിച്ച് കാര്യമായി ഒന്നും അറിയാന്‍ അന്ന് വഴി ഉണ്ടായിരുന്നില്ല.
മറ്റു പല സംഘടനകളും കൂട്ടായ്മകളും ആക്റ്റിവിസ്റ്റുകളുമൊക്കെ ഹാദിയക്ക് അനുകൂലമായ അഭിപ്രായരൂപീകരണം സമാഹരിക്കാന്‍ സജീവമായി ഉണ്ടായിരുന്നു?
ഒരുപാട് നന്ദിയുണ്ട്. അതേക്കുറിച്ച് ഇപ്പോഴാണ് കൂടുതല്‍ അറിഞ്ഞത്. എല്ലാവരുടെയും ഫോണ്‍ നമ്പര്‍ ശേഖരിച്ചു വിളിച്ചു നന്ദി പറഞ്ഞുകൊണ്ടിരിക്കുന്നു. നാട്ടില്‍ അവധിക്കു വരുമ്പോള്‍ സാധിക്കുന്നവരെയൊക്കെ കാണണമെന്ന് ആഗ്രഹിക്കുന്നു.
വീട്ടുതടങ്കലില്‍ ശാരീരിക ഉപദ്രവം നേരിടേണ്ടി വന്നിട്ടുണ്ടോ?
അതേക്കുറിച്ച് മുഴുവന്‍ പറയാന്‍ ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. ഏതായാലും കടുത്ത മാനസിക പീഡനമായിരുന്നു ഉണ്ടായിരുന്നത്. പരിചയമില്ലാത്ത നാലഞ്ചു സ്ത്രീകളും പുരുഷന്മാരും നിത്യേന വളഞ്ഞുവച്ച് ചോദ്യം ചെയ്യുകയും ഉപദേശിക്കുകയും കയര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഒരു അവസ്ഥ ഒന്ന് ഓര്‍ത്ത് നോക്കൂ. ഒന്ന് ബാത്ത്‌റൂമില്‍ പോവാന്‍ വരെ നടപടിക്രമങ്ങള്‍ ഒരുപാട് ഫോളോ ചെയ്യണമായിരുന്നു.
അവരുടെ പീഡനം ഒന്ന് കുറയ്ക്കാന്‍ വേണ്ടി ഇടയ്ക്ക് ഞാന്‍ ഇസ്‌ലാമില്‍ എനിക്ക് താല്‍പ്പര്യം നശിച്ചതായി അഭിനയിക്കാന്‍ ശ്രമിച്ചു. തലയിലെ തട്ടമൊക്കെ ഒഴിവാക്കി. നമസ്‌കാരം കിടന്നുകൊണ്ട് ആരുടെയും ശ്രദ്ധയില്‍പ്പെടാതെ നിര്‍വഹിക്കാന്‍ ശ്രമിച്ചു. നിര്‍ബന്ധിത സാഹചര്യങ്ങളില്‍ ഇത്തരം ഒഴിവുകഴിവുകള്‍ സ്വീകരിക്കാം എന്ന് ഞാന്‍ നേരത്തേ മനസ്സിലാക്കിയിരുന്നു. പക്ഷേ, അതെനിക്ക് അതിലേറെ കടുത്ത മാനസിക സംഘര്‍ഷം സൃഷ്ടിക്കുകയാണ് ചെയ്തത്. തട്ടം പോയതോടെ ശരീരത്തില്‍ നിന്ന് ഒരു ഭാഗം വേര്‍പെട്ടപോലെ തോന്നി.
ഇസ്‌ലാമിനെ കുറിച്ച് അവരുടേയൊക്കെ അജ്ഞത വിളമ്പിക്കൊണ്ടിരിക്കുമ്പോള്‍ എല്ലാം തലകുലുക്കി സമ്മതിക്കുന്ന അഭിനയം അധികം തുടരാന്‍ കഴിഞ്ഞില്ല. അതോടെ, ഒരു അഭിനയവും വേണ്ടെന്ന് വച്ചു. മരിക്കുകയാണെങ്കില്‍ തട്ടം ധരിച്ചു തന്നെ മരിച്ചോട്ടെ എന്ന് കരുതി അത് വീണ്ടും ധരിക്കാന്‍ തുടങ്ങി. നമസ്‌കാരം പൂര്‍ണ രൂപത്തില്‍ തന്നെ നിര്‍വഹിക്കാന്‍ ശാരീരിക ശേഷി ഉള്ളിടത്തോളം അതിനുള്ള ഒരു അവസരവും നഷ്ടപ്പെടുത്താതിരിക്കലാണ് ബുദ്ധി എന്ന് തോന്നി.
മാനസിക സംഘര്‍ഷവും സമ്മര്‍ദ്ദങ്ങളുമൊക്കെ എങ്ങനെ അതിജീവിച്ചു?
മാനസിക സംഘര്‍ഷം അതിജീവിക്കാന്‍ പ്രധാന വഴി നമസ്‌കാരം തന്നെയായിരുന്നു. ആ സമയത്ത് നമസ്‌കാരം എനിക്ക് നല്‍കിയ മാനസിക അനുഭൂതിയും ഊര്‍ജവും പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. എല്ലാവര്‍ക്കും അങ്ങനെ തന്നെയാണോ ഫീല്‍ ചെയ്യാറുള്ളതെന്ന് എനിക്കറിയില്ല. ഏതായാലും ആ അവസ്ഥയില്‍ കിട്ടുമായിരുന്ന നമസ്‌കാരത്തിന്റെ അനുഭൂതി എനിക്ക് ഇപ്പോള്‍ വല്ലാതെ മിസ് ചെയ്യുന്നു.
ഇപ്പോള്‍ ഈ തിരക്കും ബഹളവും സ്വാതന്ത്ര്യവുമൊക്കെ ആയപ്പോള്‍ അല്ലാഹുവുമായുള്ള അടുപ്പത്തിനെ അത് ബാധിക്കുന്നുണ്ടോ എന്നാണ് എന്റെ ആധി. രാത്രികളിലെ നമസ്‌കാരം, ദിക്‌റുകള്‍, പ്രാര്‍ഥനകള്‍. പ്രത്യേകിച്ചും ആയത്തുല്‍ കുര്‍സി ഓതുമ്പോള്‍ ലഭിക്കുന്ന നിര്‍വൃതി. എല്ലാം കൂടി നോക്കുമ്പോള്‍ വീട്ടുതടങ്കല്‍ സംഘര്‍ഷങ്ങളുടെ മാത്രം അവസ്ഥയല്ല.
മാതാവിന്റെ കാല്‍ചുവട്ടിലാണ് സ്വര്‍ഗം എന്ന് പഠിപ്പിച്ച മതം സ്വീകരിക്കാന്‍ മാതാപിതാക്കളെ ഒരുപാട് വേദനിപ്പിക്കേണ്ടി വന്നത് ശരിയാണോ?
എന്റെ മാതാപിതാക്കള്‍ക്ക് ഞാന്‍ ഏക മകളാണ്. ഞാന്‍ അവര്‍ക്കും അവര്‍ എനിക്കും എന്നും പ്രിയങ്കരരായിരുന്നു. നോക്കൂ, മാതാപിതാക്കള്‍ക്കു വേണ്ടി ഏതെങ്കിലും വ്യക്തിയോടുള്ള തീവ്ര പ്രണയമാണ് ഉപേക്ഷിക്കാന്‍ അവര്‍ ആവശ്യപ്പെട്ടതെങ്കില്‍ ഞാന്‍ രണ്ടുവട്ടം ആലോചിക്കാതെ അതിനു തയ്യാറാവുമായിരുന്നു. കാരണം, എനിക്ക് അതിനേക്കാള്‍ വിലപ്പെട്ടത് എന്റെ മാതാപിതാക്കളുടെ സ്‌നേഹമായിരിക്കും. എന്റെ മാതാപിതാക്കളുടെയും എന്റെയും മനസ്സില്‍ ഇത്രമാത്രം സ്‌നേഹമുണ്ടാക്കിയ എന്റെ റബ്ബിനെ തിരസ്‌കരിക്കണമെന്നു മാതാപിതാക്കള്‍ പറഞ്ഞാല്‍ എനിക്കെങ്ങനെയാണ് അതിനു കഴിയുക. ആ കാര്യത്തില്‍ മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങരുതെന്നു തന്നെയല്ലേ ഇസ്‌ലാം പഠിപ്പിക്കുന്നതും.
മാതാപിതാക്കളുടെ ഭാഗത്തുനിന്ന് ആലോചിച്ചു നോക്കൂ. ഹാദിയ ഏതോ ഒരു ഭീകര സംഘടനയുമായി ബന്ധം സ്ഥാപിച്ചിരിക്കുന്നു, ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളുമായി വിവാഹം കഴിച്ചിരിക്കുന്നു എന്നൊക്കെ കേള്‍ക്കുമ്പോള്‍ അവരുടെ ആശങ്ക സ്വാഭാവികമല്ലേ?
ഉത്തരം: മുസ്‌ലിംവിരുദ്ധ കേന്ദ്രങ്ങളില്‍ നിന്നു പടച്ചുവിടുന്ന അത്തരം മാധ്യമ കഥകള്‍ വായിച്ചു വിലയിരുത്തുന്നവര്‍ക്ക് അങ്ങനെ തോന്നുന്നത് സ്വാഭാവികമാണ്. പക്ഷേ, അത്തരം കഥകള്‍ക്ക് ഒന്നും ഒരു അടിസ്ഥാനവുമില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുഴുവന്‍ വ്യക്തമായതാണ്. പാസ്‌പോര്‍ട്ട് പോലും ഇല്ലാത്ത ഞാന്‍ രാജ്യം വിടുന്നുവെന്നു പ്രചരിപ്പിക്കുന്നവര്‍ ജനങ്ങളുടെ സാമാന്യബുദ്ധിയെ അല്ലേ പരിഹസിക്കുന്നത്. പിന്നെ ഞാന്‍ സാമാന്യം വിദ്യാഭ്യാസമുള്ള 24 വയസ്സുള്ള ഒരു യുവതിയല്ലേ. കാര്യങ്ങളെ വകതിരിച്ചു മനസ്സിലാക്കാനുള്ള വിവേകം എനിക്കില്ലേ. എന്തു താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍.ഐ.എ പോലും ഇത്തരം കഥകള്‍ പ്രചരിപ്പിക്കുന്നത്. ഇക്കാര്യങ്ങളിലൊക്കെ പുറത്തുള്ളവര്‍ക്ക് ദുരൂഹത തോന്നുന്നുവെന്നു പറഞ്ഞാല്‍ മനസ്സിലാക്കാം. പക്ഷേ, ഇതിനകം കാര്യങ്ങളെ വ്യക്തമായി മനസ്സിലാക്കാന്‍ സാധിച്ച എന്റെ മാതാപിതാക്കള്‍ക്കോ എല്ലാം മുടിനാരിഴ കീറി പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കോ ഒന്നും ഇക്കാര്യത്തില്‍ ഇനി കടുകുമണിയോളം സംശയം ബാക്കിനില്‍ക്കുന്നുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നില്ല.
പിന്നെ മതവിശ്വാസി പോലും അല്ലാത്ത പിതാവ് എന്തിന് ഇത്ര രൂക്ഷമായി എതിര്‍ക്കണം?
എന്തുകൊണ്ട് എന്റെ മാതാപിതാക്കള്‍ക്ക് എന്നെ മനസ്സിലാവുന്നില്ല എന്നത് എനിക്കു തന്നെ ഒരു പ്രഹേളികയാണ്. സത്യത്തില്‍ ചില വര്‍ഗീയശക്തികളുടെ നിരന്തരമായ സഹവാസം എന്റെ മാതാപിതാക്കളെയും അവരുടെ മനസ്സാക്ഷിയെയും അവര്‍ക്കു തന്നെ നഷ്ടപ്പെടുത്തുകയായിരുന്നു. സ്വന്തമായി നിലപാട് സ്വീകരിക്കാനോ ഊരിപ്പോരാനോ കഴിയാത്തവിധം വര്‍ഗീയ താല്‍പ്പര്യക്കാര്‍ അവരെ വരിഞ്ഞുമുറുക്കി നിയന്ത്രിക്കുന്നു എന്നതാണ് നിലവിലുള്ള അവസ്ഥ.
ഹൈക്കോടതിയില്‍ കേസ് നടക്കുമ്പോള്‍ ഒരു പ്രാവശ്യം മാത്രമാണ് അമ്മ കാണാന്‍ വന്നത്. 2016 ജനുവരിക്കും ആഗസ്തിനുമിടയില്‍ ഞാന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും അച്ഛന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. മിക്കവാറും ദിവസങ്ങളില്‍ ഞാന്‍ അങ്ങോട്ടു തന്നെയായിരുന്നു ഫോണ്‍ ചെയ്തിരുന്നത്. അമ്മ ആദ്യമേ കടുത്ത ഹിന്ദുമത വിശ്വാസിയാണ്. പക്ഷേ, എന്റെ പിതാവ് മതനിഷേധിയായിരുന്നു. എന്റെ റൂമിനു പുറത്ത് പലതരം പൂജകളോ കൂടോത്രങ്ങളോ ഒക്കെ നടത്തുന്ന രീതിയിലേക്ക് അദ്ദേഹം ഇപ്പോള്‍ മാറി.
മകളുടെ വിവാഹജീവിതത്തെ കുറിച്ചും പ്രൊഫഷനെ കുറിച്ചുമൊക്കെ ഏതു മാതാപിതാക്കള്‍ക്കും ചില പ്രതീക്ഷകളൊക്കെ ഉണ്ടാവില്ലേ?
വിദ്യാസമ്പന്നനും ഗള്‍ഫില്‍ ഉയര്‍ന്ന ജോലിയും ശമ്പളവുമൊക്കെയുള്ള ദുശ്ശീലങ്ങള്‍ ഒന്നുമില്ലാത്ത ഷഫിന്‍ ജഹാനു നാട്ടില്‍ വേറെ പെണ്‍കുട്ടികള്‍ ഇല്ലാത്തതുകൊണ്ടല്ല എന്നെ കല്യാണം കഴിച്ചത് എന്ന് ഉറപ്പല്ലേ. അദ്ദേഹത്തിന്റെ ആദര്‍ശനിഷ്ഠയും മൂല്യങ്ങളും ഇത്ര വലിയ പ്രതിസന്ധിയിലും ഭീഷണിയിലും ഉറച്ചുനിന്നതുമൊക്കെ ഞാന്‍ മാതാപിതാക്കളുടെ പ്രതീക്ഷ തെറ്റിച്ച ഒരു തിരഞ്ഞെടുപ്പല്ല വിവാഹക്കാര്യത്തില്‍ നടത്തിയതെന്ന് അവര്‍ക്കു തന്നെ ബോധ്യപ്പെട്ടിട്ടുണ്ടാവണമല്ലോ. പിന്നെ മതം. അക്കാര്യത്തില്‍ അമ്മയ്ക്ക് ആവലാതി ഉണ്ടായാലും അച്ഛന് ഉണ്ടാവാന്‍ നിര്‍വാഹമില്ലല്ലോ. മതത്തിലൊന്നും വലിയ കാര്യമില്ല എന്നായിരുന്നില്ലേ അദ്ദേഹത്തിന്റെ നിലപാട്. ചുരുക്കത്തില്‍ മാതാപിതാക്കളുടെ പ്രതീക്ഷയെയോ എന്നെ കുറിച്ചുള്ള സ്വപ്‌നങ്ങളെയോ ഒന്നും ഞാന്‍ നശിപ്പിച്ചിട്ടില്ല. അവര്‍ എന്ത് കരുതിയാലും ഞാന്‍ അവരെ വെറുക്കുകയില്ല. കാര്യങ്ങള്‍ ബോധ്യപ്പെട്ട് അവര്‍ ഞങ്ങളെ ഇരുകൈ നീട്ടി സ്വീകരിക്കും. എനിക്കും മാതാപിതാക്കള്‍ക്കുമിടയില്‍ മതില്‍ തീര്‍ക്കാനാണ് സംഘപരിവാരം ശ്രമിക്കുന്നത്.
ഇസ്‌ലാമിനോട് ആകര്‍ഷണീയത തോന്നാന്‍ എന്തായിരുന്നു കാരണം..?
സേലത്ത് എത്തുന്നത് വരെ എനിക്ക് ഇസ്‌ലാമിനെയോ മുസ്‌ലിംകളെയോ അടുത്തറിയാന്‍ അവസരം കിട്ടിയിട്ടുണ്ടായിരുന്നില്ല. മുസ്‌ലിംകളെ കുറിച്ച് അവരെ അടുത്തറിയാത്തവര്‍ക്കൊക്കെ ഉള്ള എല്ലാ തെറ്റിദ്ധാരണകളും എനിക്കും ഉണ്ടായിരുന്നു. പര്‍ദ്ദയെ കുറിച്ചൊക്കെ വളരെ മോശം കാഴ്ചപ്പാട് തന്നെയായിരുന്നു.
റൂം മേറ്റുകളായ മുസ്‌ലിം കുട്ടികളുടെ ധാര്‍മികതയും മൂല്യബോധവുമൊക്കെയായിരുന്നു ഞാന്‍ ആദ്യം കണ്ട ഇസ്‌ലാം. അവരുടെ നമസ്‌കാരം ഞാന്‍ നോക്കിനില്‍ക്കുമായിരുന്നു. തെറ്റുകളില്‍ നിന്നു തടയാനും നന്മകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കാനും അഞ്ചു നേരം ആവലാതി പറയാനും അവരോടൊപ്പം അവര്‍ക്ക് എപ്പോഴും കൂട്ടായി ഒരു ദൈവം. ആ ദൈവത്തെ കുറിച്ച് അറിയാന്‍ ഖുര്‍ആന്‍ വായിച്ചു. ധാരാളം പുസ്തകങ്ങള്‍ വായിച്ചു. അല്ലാഹു അവര്‍ക്ക് മാത്രമുള്ളതല്ല ഈ ലോകത്തെ സര്‍വ ചരാചരങ്ങള്‍ക്കും ഉള്ളതാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അവന്‍ അവന്റെ സന്മാര്‍ഗം കാണിച്ച് എന്നെ അനുഗ്രഹിച്ചു.
തൃപ്പൂണിത്തറയിലുള്ള ശിവശക്തി കേന്ദ്രത്തില്‍ നിന്നുള്ള ആളുകള്‍ സന്ദര്‍ശിച്ചിരുന്നോ?
പല പ്രാവശ്യം. എന്റെ വിശ്വാസത്തില്‍ നിന്ന് എന്നെ അകറ്റാനുള്ള എല്ലാ വഴികളും അവര്‍ സ്വീകരിച്ചു. ഞാന്‍ കൊല്ലപ്പെട്ടേക്കും എന്നുതന്നെ സംശയിച്ചു. ആശയപരമായി എന്നെ കീഴ്‌പ്പെടുത്താന്‍ കഴിയില്ലെന്നു വന്നപ്പോള്‍ രണ്ടു മാസത്തോളം ഒരു യുവാവ് എന്നെ നിത്യേന സന്ദര്‍ശിച്ചു. എന്നെ വിവാഹം കഴിക്കുമെന്നൊക്കെ പറഞ്ഞുകൊണ്ടുള്ള പ്രണയ ചേഷ്ടകളുമായി അറപ്പുളവാക്കുന്ന പെരുമാറ്റം. വിവാഹിതയും രണ്ടു ദിവസം ഷഫിന്റെ കൂടെ കഴിയുകയും ചെയ്ത ഞാന്‍ ഇത്തരം സാഹചര്യത്തെ നേരിടേണ്ടി വരുമ്പോഴുള്ള എന്റെ ഒരു മാനസികാവസ്ഥ ഒന്ന് ഓര്‍ത്തുനോക്കൂ.
എങ്ങനെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്?
രണ്ടു വര്‍ഷമായി ഞാന്‍ ഇസ്‌ലാം പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നല്ലോ. അതിനിടെയാണ് മുത്തച്ഛന്റെ മരണം സംഭവിക്കുന്നത്. വീട്ടില്‍ വച്ചും രഹസ്യമായി നമസ്‌കാരവും മറ്റു ആരാധനകളുമൊക്കെ നിര്‍വഹിച്ചിരുന്ന എനിക്ക്, മുത്തച്ഛന്റെ മരണാനന്തര കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടത് വലിയ മാനസികാഘാതമുണ്ടാക്കി. അത് വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കി. ഞാന്‍ കോളജില്‍ തല മറച്ചുകൊണ്ടാണ് നടക്കുന്നതെന്ന് അതിനു ശേഷം ആരൊക്കെയോ വീട്ടില്‍ വിളിച്ചറിയിച്ചു. വീട്ടില്‍ ആര്‍.എസ്.എസുകാര്‍ പലരും ഇടപെട്ടുകൊണ്ടിരിക്കുന്നത് വലിയ അരക്ഷിതാവസ്ഥ ഉണ്ടാക്കി. മാതാപിതാക്കള്‍ പൂര്‍ണമായും അവരുടെ നിയന്ത്രണത്തിലേക്കു മാറി. എന്റെ ഇസ്‌ലാം സ്വീകരണത്തിനു നിയമപരിരക്ഷ കിട്ടുന്ന രൂപത്തിലുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ട ഒരു നിര്‍ബന്ധ സാഹചര്യം ഉരുണ്ടുകൂടിയത് അങ്ങനെയാണ്.
രാഹുല്‍ ഈശ്വറിനെതിരേയുള്ള സത്യവാങ്മൂലത്തിലെ പരാമര്‍ശം പിന്‍വലിച്ചോ?
കോടതിയില്‍ ബോധിപ്പിച്ചത് സത്യം മാത്രമാണ്. അതില്‍ ഞാന്‍ ഉറച്ചുനില്‍ക്കുകയാണ്. രാഹുല്‍ ഈശ്വര്‍ വളരെ തന്ത്ര പൂര്‍വമായ സമീപനമാണ് സ്വീകരിച്ചത്. അയാള്‍ എന്നെ മൂന്നു പ്രാവശ്യം കണ്ടിട്ടുണ്ട്. എന്നെ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിക്കാനായിരുന്നു വന്നത്. മൂന്നാമത്തെ തവണയും ഞാന്‍ വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ എനിക്ക് അനുകൂല ഭാവം നടിക്കുകയായിരുന്നു.
ഞാന്‍ കൊല്ലപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ടപ്പോള്‍ ഇസ്‌ലാമിക രീതിയില്‍ വേണം എന്റെ മരണാനന്തര ചടങ്ങുകള്‍ നിര്‍വഹിക്കാന്‍ എന്ന് ഞാന്‍ വസിയ്യത്ത് നല്‍കിയത് അദ്ദേഹത്തിനായിരുന്നു. എന്റെ വിശ്വാസം പിടിച്ചുപറ്റുന്ന രീതിയില്‍ അനുഭാവത്തോടെ പെരുമാറി തുറന്ന ആശയവിനിമയത്തിനുള്ള ഓപണിങ് കിട്ടിയതിനു ശേഷം എന്നെ ഘര്‍വാപസി നടത്താന്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ശ്രമവും. ഘര്‍വാപസിക്കാരുടെ മറ്റൊരു ടൂള്‍ ആണ് അദ്ദേഹമെന്ന് എനിക്ക് വൈകാതെ ബോധ്യമായി. ഞാന്‍ അമ്മയെ മതംമാറ്റാന്‍ ശ്രമിക്കുന്നു എന്ന് ട്വീറ്റ് ചെയ്ത് വര്‍ഗീയത പടര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചതൊക്കെ പിന്നീട് അറിഞ്ഞു.
പോലിസിന്റെ സമീപനം?
ഒട്ടും സൗഹാര്‍ദപരമായിരുന്നില്ല. വൈക്കം ഡിവൈ.എസ്.പി ഒക്കെ ഭീഷണിയുടെ സ്വരത്തില്‍ മാത്രമാണ് സംസാരിച്ചത്. എനിക്ക് സദാ കാവലുണ്ടായിരുന്ന വനിതാ പോലിസുകാര്‍ നിസ്സഹായരായിരുന്നു. അവരുടെ ജോലി പോവുന്ന കാര്യമല്ലേ. അവര്‍ക്ക് അങ്ങനെ പെരുമാറാനേ കഴിയൂ.
ഹാദിയയുടെ മതംമാറ്റത്തില്‍ എ.എസ് സൈനബയ്ക്കുള്ള ബന്ധം എന്താണ്?
മതംമാറ്റം എന്റെ മാത്രം തീരുമാനമായിരുന്നു. അവര്‍ക്ക് അതില്‍ യാതൊരു പങ്കുമില്ല. എന്റെ ആവശ്യപ്രകാരം ബഹു. ഹൈക്കോടതിയാണ് ഗാര്‍ഡിയനായി അവരെ നിശ്ചയിച്ചത്. സത്യസരണിയിലെ പഠനത്തിനു ശേഷം ടീച്ചറുടെ കുടുംബത്തോടൊപ്പമാണ് ഞാന്‍ താമസിച്ചത്. അവര്‍ എന്താണെന്ന് എനിക്കു നന്നായി അറിയാം. സ്വന്തം മകളെ പോലെ എന്നെയും പരിഗണിച്ചു. ഞാന്‍ വീട്ടുതടങ്കലിലായിരുന്ന സമയത്ത് പലരും അവരെ കുറിച്ചു മോശമായി ചിത്രീകരിച്ച് എന്നെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അവരെ ദേശീയ മാധ്യമങ്ങളും സംഘപരിവാര കേന്ദ്രങ്ങളും സോഷ്യല്‍ മീഡിയകളും നിരന്തരം അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു. ക്രൈംബ്രാഞ്ചും എന്‍.ഐ.എയുമടക്കം അന്വേഷണ ഏജന്‍സികള്‍ നിരന്തരം ചോദ്യം ചെയ്തു. പുറത്തിറങ്ങിയപ്പോഴാണ് ടീച്ചറും കുടുംബവും അനുഭവിച്ച പീഡനത്തിന്റെ ഭീകരത എനിക്കു മനസ്സിലായത്.
നിരവധിയാളുകള്‍ എന്റെ അവകാശത്തിനു വേണ്ടി ശബ്ദിച്ചിട്ടുണ്ട്. മുസ്‌ലിം സമുദായം സംഘടനാ ഭേദമന്യേ എനിക്കു വേണ്ടി പ്രാര്‍ഥിച്ചു, ഉമ്മമാരുടെയും സഹോദരിമാരുടെയും എന്തിനേറെ കൊച്ചു കുട്ടികളുടെ വരെ കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനകള്‍ എനിക്കുവേണ്ടി ഉയര്‍ന്നിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മാത്രമല്ല ന്യൂയോര്‍ക്കില്‍ വരെ നിരവധി കൂട്ടായ്മകളും പ്രതിഷേധങ്ങളും ഉയര്‍ന്നത് നന്ദിയോടെ സ്മരിക്കുകയാണ്. നിരവധി കാംപയിനുകള്‍ നടത്തപ്പെട്ടു. എനിക്കു വേണ്ടി വാദിച്ച അഭിഭാഷകര്‍, സഹായിച്ചവര്‍, മാധ്യമങ്ങള്‍, എന്റെ അവകാശസംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി.
Next Story
RELATED STORIES
ഫലസ്തീന് ജനതയുടെ സ്ഥിരോല്‍സാഹത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും...
15 Jan 2025 7:35 PM GMTഗസയിലെ വെടിനിര്‍ത്തല്‍ 19 മുതല്‍ ; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 7:13 PM GMTഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 6:32 PM GMTമണിയന്റെ കല്ലറ വ്യാഴാഴ്ച തുറക്കും
15 Jan 2025 6:16 PM GMTപി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യണം; മുസ് ലിം കോഡിനേഷന്‍ കമ്മിറ്റി...
15 Jan 2025 5:50 PM GMTപത്തനംതിട്ട പീഡനം: മൊത്തം 60 പ്രതികള്‍; 49 പേര് പിടിയില്‍, ഇതില്‍...
15 Jan 2025 5:42 PM GMT