Latest News

കൊവിഡ് പ്രതിരോധം: അമേരിക്ക ഫലസ്തീന് 15 കോടി ഡോളര്‍ നല്‍കും

മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളില്‍ നിന്നും വ്യത്യസ്തമായി ഫലസ്തീനോട് അനുകൂല സമീപനമാണ് ബൈഡന്‍ ഭരണകൂടം സ്വീകരിക്കുന്നത്

കൊവിഡ് പ്രതിരോധം: അമേരിക്ക ഫലസ്തീന് 15 കോടി ഡോളര്‍ നല്‍കും
X

ജനീവ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫലസ്തീന് 15 കോടി ഡോളര്‍ നല്‍കുമെന്ന് യുഎസ് അറിയിച്ചു. യുഎസ് അംബാസഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ പ്രതിമാസ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. വെസ്റ്റ് ബാങ്കിലും ഗാസയിലും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ അടിയന്തിര ഭക്ഷ്യവസ്തു വിതരണം നടത്താനും ഈ പണം ഉപയോഗിക്കാമെന്ന് അവര്‍ പറഞ്ഞു. 'അടിയന്തിരവും അത്യാവശ്യ കാര്യത്തിനുള്ളതുമായ ഈ സഹായം പലസ്തീന്‍ ജനതയോടുള്ള ഞങ്ങളുടെ പുതുക്കിയ പ്രതിബദ്ധതയുടെ ഒരു ഭാഗമാണ്,' തോമസ്ഗ്രീന്‍ ഫീല്‍ഡ് പറഞ്ഞു.

മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളില്‍ നിന്നും വ്യത്യസ്തമായി ഫലസ്തീനോട് അനുകൂല സമീപനമാണ് ബൈഡന്‍ ഭരണകൂടം സ്വീകരിക്കുന്നത്. ഇസ്രായേലിന് പിന്തുണ നല്‍കുന്ന നിലപാടായിരുന്നു ട്രംപ് സ്വീകരിച്ചിരുന്നത്. ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചു, ടെല്‍ അവീവില്‍ നിന്ന് യുഎസ് എംബസി ജറുസലേമിലേക്ക് മാറ്റി, ഫലസ്തീനികള്‍ക്കുള്ള സാമ്പത്തിക സഹായം വെട്ടിക്കുറച്ചു. ഫലസ്തീനികളുടെ ഭൂമി കൈയേറി ഇസ്രയേല്‍ നടത്തിയ കുടിയേറ്റങ്ങള്‍ നിയമവിരുദ്ധമല്ലെന്ന് നിലപാട് സ്വീകരിച്ചു തുടങ്ങി അധിനിവേശ അനുകൂല നിലപാടായിരുന്നു ട്രംപിനുണ്ടായിരുന്നത്. അധികാരമേറ്റ ഉടന്‍ തന്നെ ഫലസ്തീനികളുമായുള്ള ബന്ധം പുനസ്ഥാപിക്കുകയാണെന്നും ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് സഹായം പുതുക്കുകയാണെന്നും ബൈഡന്‍ പറഞ്ഞിരുന്നു.





Next Story

RELATED STORIES

Share it