Latest News

കൊവിഡ് വാക്‌സിനേഷന്‍: ജൂലൈ നാല് മുതല്‍ പുതിയ ക്രമീകരണം

കൊവിഡ് വാക്‌സിനേഷന്‍: ജൂലൈ നാല് മുതല്‍ പുതിയ ക്രമീകരണം
X

കോട്ടയം: ജില്ലയില്‍ കൊവിഡ് വാക്‌സിനേഷന് ജൂലൈ നാല് മുതല്‍ പുതിയ ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ ഡോ.പി കെ ജയശ്രീ അറിയിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉള്‍പ്പെടെ അര്‍ഹരായ എല്ലാവര്‍ക്കും കൊവിഡിനെതിരേ സൗജന്യമായി നല്‍കുന്ന മൂന്ന് വാക്‌സിനുകളും ബുധന്‍, ഞായര്‍ ഒഴികെ എല്ലാദിവസവും പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാകും. കോട്ടയം, പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, ജനറല്‍ ആശുപത്രികളിലും വൈക്കം താലൂക്ക് ആശുപത്രിയിലുമാണ് സൗകര്യം ലഭിക്കുക.

60 വയസിനു മുകളിലുള്ളവര്‍ക്ക് സൗജന്യമായി നല്‍കുന്ന കരുതല്‍ ഡോസ് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ എല്ലാ ആശുപത്രികളിലും എല്ലാ ചൊവ്വാഴ്ചകളിലും നല്‍കും. 12 മുതല്‍ 18 വയസുള്ള കുട്ടികള്‍ക്കുള്ള വാക്‌സിന്‍ എല്ലാ ശനിയാഴ്ചകളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ എല്ലാ ആശുപത്രികളിലും നല്‍കും.

ബുധനാഴ്ച കുഞ്ഞുങ്ങളുടെ പതിവ് വാക്‌സിനേഷന്‍ ദിനമായതിനാല്‍ അന്ന് ഒരിടത്തും കൊവിഡ് വാക്‌സിനേഷന്‍ ഉണ്ടായിരിക്കില്ല. വാക്‌സിന്‍ എടുക്കാനുള്ളവരുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ ക്രമീകരണം ഏര്‍പ്പെടുത്തുന്നതെന്ന് കലക്ടര്‍ അറിയിച്ചു.

ജീവനക്കാരുടെ സേവനം കാര്യക്ഷമമായി ഉപയോഗിക്കുന്നതിനും വാക്‌സിന്‍ പാഴാവുന്നത് കുറയ്ക്കുന്നതിനും പുതിയ ക്രമീകരണം സഹായിക്കും. വാക്‌സിനേഷന്‍ നടക്കുന്ന കേന്ദ്രങ്ങള്‍ സംബന്ധിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ വ്യക്തതവരാനും ഇതു സഹായിക്കും. ജില്ലയില്‍ 18 വയസിനു താഴെയുള്ള 80 ശതമാനം കുട്ടികളും ഒരു ഡോസ് എങ്കിലും വാക്‌സിനെടുത്ത് കഴിഞ്ഞു. ഈ വിഭാഗത്തില്‍ ആകെ 25000 കുട്ടികള്‍ ആദ്യഡോസ് എടുക്കാനുണ്ടെന്നാണ് നിഗമനം. ഇവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ രക്ഷിതാക്കള്‍ മുന്‍കൈയെടുക്കണം.

Next Story

RELATED STORIES

Share it